Wednesday, 18 February 2015

മാസ്മരികം പർവ്വതവാസം

പ്രകൃതിയുടെ അപാര വിസ്തൃതിയിൽ വിഹരിക്കുക എന്ന സ്വപ്നത്തോടെ ഉത്തരഖണ്ടിലേക്ക് ഒരിക്കൽക്കൂടി യാത്ര തിരിച്ചു. ആ സംസ്ഥാനത്തിന്റെ പ്രകൃതി ഭംഗി അതിന്റെ അപാരമായ ശക്തിയോടെ എന്നെ വശീകരിക്കുകയും മത്തുപിടിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. സ്വന്തം നാടായ കേരളത്തിലേക്കെന്നപോലെ  ഞാൻ പലപ്പോഴും അവിടേക്ക് ഓടിയണയുന്നത്‌ ആ പ്രദേശത്തിന്റെ ആകർഷണം തടയാനാവാത്തവിധം അത്രമേൽ എന്നിൽ വ്യാപിക്കുന്നത്കൊണ്ടാണ്. നിറവാർന്ന  പ്രകൃതി പകരുന്ന വിചിത്രാനുഭൂതികൾ ഞാൻ പോലുമറിയാതെ എന്റെ ഹൃദയം കവരുന്നു. ഉത്തരഖണ്ടിനെ പിടിച്ചു കുലുക്കിയ പ്രളയം വീണ്ടും എന്റെ യാത്രാപഥം തിരുത്തിവരച്ചു. പൂക്കളുടെ താഴ്വരയിലെക്കുള്ള യാത്ര തുങ്ങ്നാഥ്, ബദരിനാഥ്- എന്നിവിടങ്ങളിലേക്കായി മാറ്റേണ്ടി വന്നു.

നിറഞ്ഞ പകലിലാണ് ഹരിദ്വാറിൽ വണ്ടിയിറങ്ങിയത്. ഹരിദ്വാർ എനിക്ക് തീർത്തും അപരിചിതമായ പട്ടണമാണ്. ഈ പട്ടണത്തെ മുഴുവൻ അറിയുന്നതിനും കണ്ടു തീർക്കുന്നതിനുമുള്ള എന്റെ ആഗ്രഹത്തെ സമയ പരിമിതിമൂലം നിയന്ത്രിക്കേണ്ടി വന്നതിനാൽ ഞാൻ അല്പം സങ്കടത്തിലുമായിരുന്നു. പ്രഭാത ഭക്ഷണത്തിനുശേഷം ഋഷികേശിലേക്കുള്ള ബസ്സിൽ കയറി. റെയിൽവേ സ്റ്റെഷനു സമീപമുള്ള ബസ് സ്റ്റാൻഡിൽ നിന്നും ഋഷികേശിലേക്ക് ഏതു സമയത്തും ബസ് ലഭിക്കും. 24 കി.മി. ആണ് ഹരിദ്വാറിൽ നിന്നും ഋഷികേശിലേക്കുള്ള ദൂരം.  ഹരിദ്വാർ എന്നാൽ ദൈവത്തിലേക്കുള്ള കവാടം എന്നർത്ഥം. പുണ്യം തേടിയെത്തിയവരെ മോക്ഷപ്പെടുത്തി ഒഴുകുന്ന ഗംഗയേയും ക്ഷേത്രങ്ങളെയും പിന്നിലുപേക്ഷിച്ച് ബസ് നീങ്ങി. ഋഷികേശിൽ നിന്നും രുദ്രപ്രയാഗ് വഴി ചോപ്ത എന്ന ഗ്രാമത്തിലേക്ക് പോവുകയായിരുന്നു എന്റെ ലക്‌ഷ്യം. തിരക്കേറിയ ഹരിദ്വാർ പട്ടണത്തിൽനിന്നും ഋഷികേശിൽ എത്തിയപ്പോൾ ഏതാണ്ട് പതിനൊന്നു മണിയോടടുത്തിരുന്നു. ചുട്ടുപൊള്ളുന്ന വെയിൽ നാളങ്ങലേറ്റ് അസ്പഷ്ടതയോടെയാണ് പട്ടണം കാണപ്പെട്ടത്. വിയർപ്പ് മുഖത്തുനിന്നും ചാലുകളായി ഒഴുകിയിറങ്ങുന്നുണ്ടായിരുന്നുവെങ്കിൽകൂടി കാലാവസ്ഥയിൽ ഞാൻ സന്തുഷ്ടനായിരുന്നു. ഉത്തരാഖണ്ടിലൂടെ സഞ്ചരിക്കുമ്പോൾ ഞാൻ ഏറ്റവും ഭയക്കുന്നത് മഴയെ ആണ്. മൃദുവായ പാറകൾ നിറഞ്ഞ മലമ്പാതകളിൽ ചെറിയ മഴ പോലും വലിയ മണ്ണിടിച്ചിലായി പരിണമിക്കാറുണ്ട് എന്നതിനാൽ ഈ പ്രദേശങ്ങളിലൂടെയുള്ള യാത്രയിൽ മഴയൊഴിഞ്ഞ കാലാവസ്ഥയ്ക്ക് വേണ്ടിയാണ് ഞാൻ പ്രാർത്ഥിക്കാറുള്ളത്.  രുദ്രപ്രയഗിലെക്കുള്ള ബസ്സിനായി അധിക സമയം കാത്തുനില്ക്കേണ്ടി വന്നില്ല.
ഋഷികേശിൽനിന്നും 140 കി. മി. അകലെയുള്ള രുദ്രപ്രയാഗ് പട്ടണത്തിലേക്കുള്ള തുടർയാത്ര കീഴ്ക്കാംതൂക്കായി കിടക്കുന്ന മലകളെ ചുറ്റിയുള്ള ചുരം പാതയിലൂടെയാണ്. 74 കി.മി അകലെയുള്ള ദേവപ്രയാഗ് ആണ് യാത്രയിലെ പ്രധാന ആകർഷണം. ഗംഗ എന്ന മഹാനദിയുടെ ഉത്ഭവം അവിടെയാണ്.   പുണ്യനദികളായ അളകനന്ദയും ഭാഗീരഥിയും ഇവിടെ വച്ച് സംഗമിച്ചു ഗംഗയായി രൂപാന്തരപ്പെടുന്നു. എന്റെ യാത്രാപഥത്തിൽ ഉൾപ്പെട്ടിരുന്നില്ല എന്നതിനാൽ അവിടെ ഇറങ്ങി സമയം നഷ്ടപ്പെടുത്താതെ യാത്ര തുടർന്നു. ചുരം പാതയിലൂടെയുള്ള യാത്രയിൽ താഴെ അപാരമായ ആഴങ്ങളിൽ മഹാ പ്രവാഹമായി അളകനന്ദ ഒഴുകുന്നത്‌ കാണാം. അത്ഭുതപ്പെടുത്തുന്ന കാഴ്ച. ഐതീഹ്യങ്ങൾ കെട്ടുപിണഞ്ഞു കിടക്കുന്ന ദേവഭൂമിയിലൂടെ സഞ്ചരിച്ച് രുദ്രപ്രയാഗിൽ എത്തിയപ്പോൾ മൂന്നു മണിയോടടുത്തിരുന്നു. തുടർയാത്ര  ഭക്ഷണത്തിന് ശേഷമാവാം എന്ന കണക്കുകൂട്ടലിൽ അടുത്ത് കണ്ട ഭക്ഷണ ശാലയിലേക്ക് കയറി.

 തിരക്കേറിയ കൊച്ചുപട്ടണമാണ് രുദ്രപ്രയാഗ്. ഷെയർ വാഹനങ്ങളും ചെറിയ ബസ്സുകളുമാണ് പ്രധാന യാത്രാ മാർഗ്ഗം. ഭക്ഷണത്തിനു ശേഷം ഷെയർ വാഹനങ്ങൾ നിരന്നു കിടക്കുന്ന തെരുവിലേക്ക് നടന്നു. വാഹനങ്ങളുടെ ശബ്ദം കൊണ്ട് പരിസരമാകെ മുഖരിതമായിരുന്നു. അവിടെയെത്തി വാഹനത്തെ കുറിച്ച് അന്വേഷിച്ച ഞാൻ വല്ലാത്ത നിരാശയിലാഴ്ന്നുപോയി. മൂന്നു മണിക്കുശേഷം ചോപ്തയിലേക്ക് പോകുവാൻ മാർഗ്ഗമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഉഗിമത് എന്ന ഗ്രാമത്തിലെത്തി അവിടെ നിന്നും മറ്റൊരു വാഹനത്തിൽ സഞ്ചരിച്ചാലേ ചോപ്തയിൽ  എത്തിച്ചേരൂ. അവിടെക്കുള്ള അവസാന വാഹനവും  മൂന്നുമണിക്ക് പോയിരിക്കുന്നു.
ഭക്ഷണം കഴിക്കാൻ കയറിയ നിമിഷത്തെ ശപിച്ചുകൊണ്ട് അവജ്ഞതയോടെ അവിടെ ഇരുന്നുകൊണ്ട് ഞാൻ എന്റെ ചിന്തകൾക്ക് രൂപം നല്കി. ഗ്രാമത്തിലേക്കുള്ള ഏതെങ്കിലും യാത്രക്കാർ എത്താതിരിക്കില്ല എന്ന് എനിക്കുറപ്പുണ്ടായിരുന്നു.  അല്പം കഴിഞ്ഞപ്പോൾ സൈനികരായ രണ്ടു യുവാക്കൾ അവിടെയെത്തി ഉഗിമത് ലേക്കുള്ള വാഹനം അന്വേഷിക്കുന്നത് കണ്ടതോടെ തിടുക്കത്തിൽ ഞാൻ അവർക്കരികിലെക്ക് പാഞ്ഞു. ഒടുവിൽ അവരോടൊപ്പം ഞാനും ഒരു വാഹനത്തിൽ കയറിപ്പറ്റി. മറ്റൊരു ഗ്രാമത്തിലേക്കുള്ള വാഹനമായിരുന്നു അതെങ്കിലും ഉഗിമത് എന്ന ഗ്രാമത്തിനുമുൻപുള്ള കുണ്ട് എന്ന പ്രദേശം വരെ ആ വാഹനത്തിൽ യാത്ര ചെയ്യാം എന്ന് അവരിൽനിന്നും മനസ്സിലാക്കി. അവിടെനിന്ന് ഏതെങ്കിലും വാഹനം കിട്ടാതിരിക്കില്ല എന്ന അവരുടെ വിശ്വാസത്തിന്റെ ബലത്തിൽ ചിരപരിചിതരെപോലെ ഞാനും അവർക്കൊപ്പം ചേർന്നു.  ലഡാക്കിൽ നിന്നും അവധി ആസ്വദിക്കാൻ എത്തിയിരിക്കുന്ന രണ്ട് സൈനികരും ഉഗിമത്‌ സ്വദേശികളാണ്.

കർഷകരെന്നു തോന്നിക്കുന്ന നിറം മങ്ങി, ഉന്മേഷ രഹിതമായ കണ്ണുകളോടെ കാണപ്പെട്ട ഏതാനും ഗ്രാമീണരും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. മനോഹരങ്ങളായ മലയോരങ്ങളിലൂടെയായിരുന്നു യാത്ര. യാത്രയിലുടനീളം നദി കാണാം. പച്ചനിറത്തിൽ കുത്തിയൊഴുകുന്ന നദിയുടെകരയിലെ  ഒറ്റപ്പെട്ട ഗ്രാമങ്ങൾ അവയുടെ പിന്നിലെ ദേവദാരു മരങ്ങളുടെ കാടുവരെ വ്യാപിച്ചു കിടക്കുന്നു. ഒരു മണിക്കൂറിലേറെ നീണ്ട യാത്രയ്ക്കൊടുവിൽ, പ്രധാനപാത രണ്ടായി തിരിയുന്ന ഒരു കവലയിൽ ഞങ്ങളെ ഇറക്കിയശേഷം ഇടത്തേക്ക് നീളുന്ന പാതയിലൂടെ വാഹനംഅപ്രത്യക്ഷമായി. സായഹ്നമായിരിക്കുന്നു. കുങ്കുമാഭമായ സൂര്യ രശ്മികൾ ചുറ്റുമുള്ള ദേവദാരു മരങ്ങളുടെ ഇരുണ്ട തലപ്പിൽ പ്രതിഫലിക്കുന്നു. ഇനി എന്ത് എന്ന ഭാവത്തിൽ ഞാൻ അവരെ നോക്കി. ആളൊഴിഞ്ഞ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കയറി ബാഗെല്ലാം അടുക്കി വച്ച് കാത്തിരിപ്പായി. അര മണിക്കൂർ കാത്തിരുന്നിട്ടും ഒരു വാഹനം പോലും ആവഴി എത്തിയില്ല. ഞങ്ങൾ പരസ്പരം നിശബ്ദരായി തുറിച്ചുനോക്കി. ഉഗിമത്തിലെ താമസ സൌകര്യത്തെ കുറിച്ച് ഞാൻ അവരോടു തിരക്കി. ആശ്രമങ്ങളും ലോഡ്ജുകളും ധാരാളം ഉള്ള പ്രദേശമാണെന്നുള്ള അവരുടെ മറുപടി എനിക്ക് ആശ്വാസമേകി.

അസ്തമയ സൂര്യൻ ജ്വലിച്ചു താഴ്ന്നു കഴിഞ്ഞു. നേരിയ വെളിച്ചത്തിൽ മിന്നികൊണ്ട് ഒരു വാഹനം ആ വഴി വന്നു. മൂന്നുപേരും വഴിയിലേക്ക് ചാടിയിറങ്ങി. ടിപ്പർ ലോറിയോടു സാദൃശ്യമുള്ള ഒരു വാഹനം. മുന്പിലായി ഡ്രൈവറുടെയും സഹായിയുടെയും സമീപത്തെ ഇരിപ്പിടത്തിൽ ഒരാൾക്ക് ഇരിക്കാം. എനിക്ക് ആ സീറ്റ് നല്കികൊണ്ട് അവർ വാഹനത്തിന്റെ പിറകിലേക്ക് കയറാൻ തുടങ്ങി. എന്നിരുന്നാലും അവരുടെ നല്ല മനസ്സിന് നന്ദി പറഞ്ഞുകൊണ്ട് ഞാനും അവരോടൊപ്പം ചരക്കു ലോറിയുടെ പിറകിലേക്ക് കയറി. അരികുകളിലെ കമ്പികളിൽ പിടിച്ചുനിന്നുകൊണ്ട് ഒരു സാഹസിക യാത്രയായിരുന്നു അത്. പടിഞ്ഞാറ് മേഘങ്ങൾ നിറം മങ്ങി ലയിച്ചു. കുത്തനെയുള്ള കയറ്റങ്ങളിൽ   പിടിച്ചു നില്ക്കാൻ അല്പം പ്രയാസപ്പെടേണ്ടി വന്നു. രാത്രി വന്നു കഴിഞ്ഞു.  ദൂരെ വൈദ്യുത ദീപങ്ങൾതെളിഞ്ഞ വീടുകളുടെ നീണ്ട നിരയോടെ ഗ്രാമം ദൃശ്യമായി. തലയ്ക്കു മുകളിൽ ആകാശത്തെ മങ്ങിയ നീലവർണ്ണങ്ങളിൽ നക്ഷത്രങ്ങൾ സ്പഷ്ടമായ ദീപങ്ങൾ തെളിച്ചുകൊണ്ട്‌ അപാരമായ സൌന്ദര്യം മുഴുവൻ തുറന്നുകാണിക്കുന്നു. ഗ്രാമത്തിലേക്ക് പ്രവേശിച്ചു അല്പം കഴിഞ്ഞതോടെ വഴിയരികിലുള്ള സേവാശ്രമത്തിനു മുന്നിൽ അവർ വാഹനം നിർത്തിച്ചു. എനിക്കുള്ള താമസ സൗകര്യം അവിടെ ലഭിക്കും എന്ന് അവർ പറഞ്ഞതനുസരിച്ച് അവരോടു നന്ദി പറഞ്ഞുകൊണ്ട് ആശ്രമത്തിനു മുന്നിൽ വണ്ടിയിറങ്ങി. കടും ചുവപ്പ് നിറത്തിൽ ഛായം പൂശിയ ഒരു ബഹുനില കെട്ടിടം. മുന്നിലുള്ള തെരുവ് വിളക്കിന്റെ വെളിച്ചം കൊണ്ട് പ്രകാശിക്കുന്ന പ്രവേശന വാതിലിലൂടെ അകത്തേക്ക് കയറി. ആരെയും കാണാനില്ല, ഒരു ശബ്ദവും കേൾക്കാനില്ല. മുകളിലേക്കും താഴേക്കും നീണ്ടു കിടക്കുന്ന പടികൾ നേർത്ത വെളിച്ചത്തിൽ ആണ്ടു കിടക്കുന്നു. ഒരു നിമിഷം ആലോചിച്ച ശേഷം ഞാൻ മുകളിലേക്കുള്ള പടികൾ കയറാൻ തുടങ്ങവേ തിടുക്കത്തിലുള്ള കാൽവയ്പ്പുകളോടെ ചെറിയ ആണ്‍കുട്ടി പടികളിറങ്ങി വന്നു. റിസപ്ഷൻ മുകൾ നിലയിലാണെന്നു അവനിൽനിന്നും മനസിലാക്കിയ ഞാൻ അവിടേക്ക് നടന്നു. ഹൈന്ദവ പുരാണങ്ങളിലെ ദേവന്മാരുടെ ചിത്രങ്ങൾ തൂക്കിയിരിക്കുന്ന വലിയൊരു മുറിയുടെ മുൻപിലാണ് പടികൾ അവസാനിച്ചത്‌.  അതിലാകെ ഭാസ്മത്തിന്റെയും ചന്ദനത്തിന്റെയും ഗന്ധം നിറഞ്ഞിരുന്നു. പുസ്തകങ്ങൾ നിറഞ്ഞ  അലമാരകൾക്കിടയിലെ മേശയിലേക്ക്‌ മുഖം പൂഴ്ത്തിവച്ച് കാവി വസ്ത്രധാരിയായ ഒരു സന്യാസി എന്തോ വായിച്ചു കൊണ്ടിരിക്കുന്നു. നീട്ടി വളർത്തിയ മുടിച്ചുരുളുകൾ തോളറ്റം വരെ നീണ്ടു കിടക്കുന്നു. കാൽപ്പെരുമാറ്റം കേട്ടതോടെ എനിക്കുനേരെ നോക്കി പുഞ്ചിരിയോടെ കണ്ണുകൾ ചിമ്മികൊണ്ട് സ്വാഗതം ചെയ്തു. ഒരു രാത്രി കഴിച്ചു കൂട്ടുന്നതിനായി  മുറി ചോദിച്ചപ്പോൾ യാതൊരു ആലോചനയും കൂടാതെ മുഖത്തെ പുഞ്ചിരിയോടും കണ്ണുകളിലെ അടക്കപ്പെട്ട തേജസ്സോടുംകൂടി പൂർണ്ണമനസ്സോടെ സമ്മതിച്ചു. എനിക്കിരിക്കാനായി ഒരു കസേര ഒരുക്കിതന്നു. എന്റെ തിരിച്ചറിയൽരേഖ അദ്ദേഹത്തിന് നൽകുമ്പോൾ അസ്വാസ്ഥ്യകരമായ ഒരു ചിന്ത എന്നിലുടലെടുത്തു. അന്യമതസ്ഥനായ എനിക്ക് മുറി നൽകുന്നതിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെന്നു വരുമോ എന്നുള്ള ശങ്ക എന്റെ ഉള്ളിലുണ്ടായി. ആക്കാര്യം അദ്ദേഹത്തോട് ഞാൻ തുറന്നു പറയുകയും ചെയ്തു.  അതു കേട്ടതോടെ ചുമലോന്നു കുലുക്കി കൊണ്ട് " നീ എന്തൊരു വിഡ്ഢിയാണ്" എന്ന മട്ടിൽ എന്നെ നോക്കി ചിരിച്ചു. വ്യസനമയമായ ഊഹങ്ങൾ നീങ്ങിയതോടെ, ഞാനും അദ്ദേഹത്തിന്റെ ചിരിയിൽ പങ്കുകൊണ്ടു. മുറിക്ക് കൃത്യമായ വാടകയൊന്നുമില്ല, തീർത്ഥാടകർ നല്കുന്ന സംഭാവനയായി സ്വീകരിക്കുകമാത്രമേ ചെയ്യുന്നുള്ളൂ. അത് എത്രമാത്രം ചെറുതോ എത്രമാത്രം വലുതോ ആയിരുന്നാൽപോലും സന്തോഷത്തോടെ സ്വീകരിക്കും എന്ന് രാംദേവ് എന്ന് പേരായ ആ സന്യാസി അറിയിച്ചു. ആംഗലേയ ഭാഷ അദ്ദേഹം ഒഴുക്കോടെ സംസാരിച്ചിരുന്നു. മുകൾ നിലയിലെ മുറിയിലേക്ക് അദ്ദേഹത്തെ അനുഗമിച്ച് നടന്നപ്പോഴാണ് ആ കെട്ടിടത്തിന്റെ വ്യക്തമായ രൂപം എനിക്ക് ലഭിച്ചത്. കുന്നിൻചെരിവിലെ വലിയൊരു താഴ്ചയിൽനിന്നും ആരംഭിക്കുന്ന എട്ടു നിലകളുള്ള കെട്ടിടമാണത്. നാലാമത്തെ നിലയിലേക്കാണ് റോഡിൽ നിന്നും പ്രവേശിക്കുന്നത്. മൂന്ന് നിലകൾ താഴേക്കും നാല് നിലകൾ മുകളിലേക്കും നീണ്ടു കിടക്കുന്നു.

ലളിതമായ സൌകര്യങ്ങളോടെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന മുറി എനിക്കായി തുറന്നുതന്നു. ആരതി പൂജയ്ക്കുള്ള സമയമായി എന്നും ഒരു മണിക്കൂറിനുശേഷം രണ്ടാം നിലയിലെ ഭക്ഷണശാലയിൽ വച്ച് കാണാം എന്നും അറിയിച്ചുകൊണ്ട്‌ അദ്ദേഹം മുറി വിട്ടിറങ്ങി. ഇരുട്ടിന്റെ വിശാലതയിലേക്ക്‌ തുറന്നു കിടക്കുന്ന ബാൽകണിയിലൂടെ കടന്നുവന്ന ശബ്ദത്തിൽ നിന്നുമാണ് വളരെ അടുത്തായി നദി ഒഴുകുന്നുണ്ടെന്ന് മനസ്സിലായത്‌. പുറത്ത് കൂരിരുട്ട്. ഒന്നും വേർതിരിച്ചറിയാൻ വയ്യാത്തവിധം എല്ലാം ഇരുണ്ടിരിക്കുന്നു. നദിയുടെ ഒഴുക്കുത്തുകളുടെ മന്ത്രിക്കൽ നേർത്തും വീണ്ടും മുറുകിയും കൊണ്ടിരുന്നു. കുളി കഴിഞ്ഞ് അല്പസമയം വിശ്രമിച്ച ശേഷം താഴെയുള്ള ഭക്ഷണ ശാലയിലേക്ക് നടന്നു. ഏതാണ്ട് അഞ്ചോ ആറോ ആണ്‍കുട്ടികൾ ബഞ്ചിൽ നിരന്നിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു അവിടെ. രാംദേവ് ആണ് അവർക്കെല്ലാം ഭക്ഷണം വിളമ്പുന്നത്. പച്ചിരി ചോറും പേരറിയാ പച്ചക്കറികളും ചേർത്തുണ്ടാകിയ വിഭവങ്ങളും. പത്തു പന്ത്രണ്ട് വയസ്സെത്തിയ കുട്ടികളാണ് എല്ലാവരും. ഗ്രാമത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നതോ, ഈശ്വര സേവ ചെയ്യാൻ തല്പര്യമുള്ളതോ ആയ കുട്ടികളെ അവിടെ താമസിപ്പിച്ചു വിദ്യാഭ്യാസം നല്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ആശ്രമം വൃത്തിയായി സൂക്ഷിക്കുന്നത് ഈ കുട്ടികൾ ആണ്. കുട്ടികൾക്ക് മാത്രം അവകാശപ്പെട്ട നിഷ്കളങ്കത നിറഞ്ഞ ചിരിയോടെ അവർ എന്നെ സ്വാഗതം ചെയ്തു. ഞാനും അവർക്കൊപ്പം ഭക്ഷണത്തിനിരുന്നു. അൽപ സമയം കാത്തു നില്ക്കണം എന്നാവശ്യപ്പെട്ട് രാംദേവ് അടുക്കളയിലേക്ക് പോയി. ഏതാനും നിമിഷങ്ങൾക്കകം ഒരുപാത്രവുമായി പ്രത്യക്ഷീഭവിച്ചു. പാത്രത്തിലെ പ്രത്യേകമായ വിഭവത്തിലേക്ക് അപ്പോഴാണ് എന്റെ ദൃഷ്ടിപതിച്ചത്. വഴുതനങ്ങ മുറിച്ച് പ്രത്യേക മസാലകൾ പുരട്ടി തീയ്യിൽ ചുട്ടെടുത്തതായിരുന്നു അത്. ആവിശേഷ വിഭവത്തിന്റെ രുചി നാവിലെ രസമുകുളങ്ങളെ കുറച്ചൊന്നുമല്ല ഉദ്ധീപിപ്പിച്ചത്.  ഭക്ഷണത്തെകുറിച്ചുള്ള എന്റെ പ്രശംസ അദ്ദേഹത്തെ കൂടുതൽ സന്തോഷിപ്പിച്ചു. ദക്ഷിണേന്ദ്യയിൽനിന്നുള്ള ഒരു സന്യാസി കഴിഞ്ഞ ദിവസം അവിടെ എത്തിചേർന്നിട്ടുണ്ടെന്നും അദ്ദേഹത്തെ പരിചയപ്പെടുത്തി തരാമെന്നും രാംദേവ് അറിയിച്ചു.   മുറിയുടെ ബാൽകണിയിൽ ചെന്നിരുന്ന് എന്തൊക്കെയോ മനോരാജ്യം വിചാരിച്ചിരിക്കുന്നതിനിടയിൽ വാതിലിൽ മുട്ടുകേട്ടു. രാംദേവ് കാവി വസ്ത്ര ധാരിയായ മറ്റൊരു വ്യക്തിക്കൊപ്പം വാതില്ക്കൽ പ്രത്യക്ഷീഭവിച്ചു. മുനിസാമി എന്ന തമിഴ്നാട്ടുകാരനെ എനിക്ക് പരിചയപ്പെടുത്തിയശേഷം രാംദേവ് മുറി വിട്ടിറങ്ങി. മുനിസാമി കസേരയിൽ നിവർന്നിരുന്നു. അൻപതു വയസ്സോളം പ്രായം ചെന്ന വ്യക്തിയാണ്. സൗമ്യമായ മുഖം. എപ്പോഴും പുഞ്ചിരികൊള്ളുന്ന ചുണ്ടുകൾ. ഒരനിർവച്ചനീയമായ തെളിവ് മുഖത്ത് കാണുന്നുണ്ട്. ഞാൻ കേരളത്തിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ ഒരപാരമായ ആഹ്ലാദം അദ്ദേഹത്തിൻറെ മുഖത്ത് നിഴലിച്ചു. നാലുവർഷം കേരളത്തിലെ വിവിധ ഹോട്ടലുകളിൽ അടുക്കള ജോലി ചെയ്തിരുന്നതുൾപ്പെടെയുള്ള  അദ്ദേഹത്തിന്റെ ഭൂതകാലം എനിക്ക് മുൻപിൽ വെളിപ്പെടുത്തി. തമിഴ്നാട്ടിലെ നാഗർകോവിൽ സ്വദേശിയായ മുനിസാമി ജോലിതേടി കേരളത്തിലൂടെ ഒരുപാട് അലഞ്ഞുതിരിഞ്ഞിട്ടുണ്ടെന്നും കൊച്ചിയിലും തൃശ്ശൂരുമെല്ലാം ഹോട്ടെലിൽ പച്ചക്കറി അരിയുന്നതുൾപ്പെടെയുള്ള ജോലികൾ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.  അതെല്ലാം കേട്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ വീർത്തുവന്നിരുന്നതെല്ലാം പൊട്ടിപ്പുറപ്പെടുകയാണെന്ന് തോന്നി. തമിഴും മലയാളവും ഇടകലർത്തിയാണ് അദ്ദേഹം സംസാരിച്ചിരുന്നത്. എന്നോ മറന്നു തുടങ്ങിയ ഭാഷ വീണ്ടും സംസാരിക്കാനായാതിന്റെ സന്തോഷം അദ്ദേഹം മറച്ചുവച്ചില്ല. ഏഴു വർഷമായി വീടും നാടും ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ച് അലയുകയാണ് അദ്ദേഹം. അമ്മ മാത്രമേ സ്വന്തമായുള്ളൂ. നാട്ടിൽ അമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അമ്മയെ ആരുനോക്കുമെന്നും കാണണമെന്ന് ഒരിക്കൽപോലും ആഗ്രഹം തോന്നിയിട്ടില്ലേ എന്നുമുള്ള  എന്റെ ചോദ്യം കേട്ടതോടെ അദ്ദേഹത്തിൻറെ മുഖം വിളർക്കുകയുണ്ടായി. സംസാരത്തിലുടനീളം ചുണ്ടിൽ കാണപ്പെട്ടിരുന്ന പുഞ്ചിരി ഒരു നിമിഷത്തേക്ക് മാഞ്ഞു. അവിടെ മറ്റെന്തോ ആയിത്തീർന്നു. ആ ചോദ്യം വേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി. ഞാൻ സംഭ്രമത്തോടെ അദ്ദേഹത്തെ സൂക്ഷിച്ചുനോക്കി. ഉരുണ്ടുകൂടി വന്ന കണ്ണീർ താഴേക്കു വീഴാതിരിക്കാനായി കണ്ണുചിമ്മികൊണ്ട്‌ വിളർത്ത മുഖത്തോടെ ദൂരേ ആകാശത്തേക്ക് നോക്കിയിരിക്കുകയാണ് അദ്ദേഹം. ദൂരത്തു നിന്നും വരികയാണെന്നപോലെ നേർത്ത ശബ്ദത്തിൽ അവ്യക്തമായി എന്തോ പറഞ്ഞു. ഞാൻ വിഷയം മറ്റൊന്നിലേക്കു തിരിച്ചുവിടാൻ ശ്രമിച്ചത്‌ മനസിലായിട്ടെന്നവിധം എന്നെ നോക്കി വാത്സല്യപൂർവ്വം പുഞ്ചിരിയിട്ടു.  എന്റെ യാത്രാനുഭവങ്ങളെ കുറിച്ചും പോയിട്ടുള്ള സ്ഥലങ്ങളെ കുറിച്ചുമെല്ലാം സംസാരിച്ച് ഒരുപാട് സമയം ചെലവഴിച്ചു. പിറ്റേന്ന് ഗോപെശ്വർ എന്ന തീർത്ഥാടന കേന്ദ്രത്തിലേക്ക് പോവുകയാണ് എന്നും ചോപ്തയിലേക്കുള്ള എന്റെ ബസിൽ അദ്ദേഹവും ഉണ്ടാവും എന്ന് അറിയിച്ചു. മുറിയിൽനിന്നിറങ്ങാൻ നേരം പുഞ്ചിരിച്ചുകൊണ്ട് എന്റെ കവിളിൽ തലോടി.  പുണ്യത്തിന്റെ വഴിത്തിരിവിൽ നിന്നും ഒരിക്കൽക്കൂടി, കഴിഞ്ഞുപോയ ജീവിത ഘട്ടങ്ങളിലെക്കും, കടന്നുവന്ന വഴികളിലൂടെയും  സഞ്ചരിക്കാൻ കഴിഞ്ഞതിലുള്ള കൃതജ്ഞതയായിരുന്നു അതെന്ന് എനിക്ക് തോന്നി.

രാവിലെ ഏഴുമണിക്ക് ബസ് എത്തിച്ചേരും എന്ന് രാംദേവ് അറിയിച്ചിരുന്നതിനാൽ അതിനുമുൻപ് തന്നെ ഞാൻ എന്റെ വലിയ ബാഗുമായും മുനിസാമി അദ്ദേഹത്തിൻറെ ചെറിയ ഭാണ്‍ഡവുമായും ആശ്രമത്തിനുമുൻപിൽ കാത്തിരിപ്പ് തുടങ്ങിയിരുന്നു. മേഘങ്ങൾക്കപ്പുറത്ത് സൂര്യൻ ഉയർന്നുവന്നു. മൂടൽമഞ്ഞിൽ മുങ്ങിയിരുന്ന താഴ്വരയിലൂടെ ബസ്‌ നിരങ്ങിനിരങ്ങി കുന്നുകൾ കയറുന്നത് കാണാമായിരുന്നു. ചെറിയൊരു ബസ്സിന്റെ  ഏറ്റവും പിൻനിരയിലായി ഞങ്ങൾക്ക് ഇരിപ്പിടം കിട്ടി. വിദൂരസ്ഥങ്ങളായ ഹിമാലയ നിരകൾകാണാം. അവയിലേക്കുള്ള ദൂരങ്ങൾക്കിടയിൽ പച്ചപുതച്ച കുന്നുകളും താഴ്വരകളും തരംഗങ്ങൾ പോലെ നീണ്ടു കിടക്കുന്നു. വാഹനം വനപാതയിലേക്ക് തിരിഞ്ഞു. ഇനിയുള്ള യാത്ര മുഴുവൻ വനത്തിലൂടെയാണെന്ന് മുനിസാമി പറഞ്ഞുതന്നു. വനത്താൽ ചുറ്റപെട്ടു കിടക്കുന്ന ഗ്രാമമാണ് ചോപ്ത. അഗാധമായ താഴ്വരകളും പൈൻമരങ്ങൾ നിറഞ്ഞ നിബിഡ വനവും പകരുന്ന അതിമനോഹരമായ കാഴ്ചകൾ. എല്ലായിടത്തും മഹത്തായ ശാന്തത. വിഷവായുവോ, ചെവിട് തുളക്കുന്ന വാഹന ശബ്ദമോ ഇല്ല. മുഖത്തേക്ക് വീശിയ പരിശുദ്ധമായ കാറ്റേറ്റ്, അപാരതകളുടെ എല്ലാ മനോഹാരതകളെയും ആസ്വദിച്ച് യാത്ര തുടർന്നു. ഒടുവിൽ ഒൻപതു മണിയോടെ ചോപ്തയിൽ എത്തിച്ചേർന്നപ്പോൾ മുനിസാമിയെ പിരിയേണ്ടി വന്നു. കുറച്ചു രൂപ അദ്ദേഹത്തിന്റെ കൈകളിൽ വച്ചുകൊടുത്ത ശേഷം യാത്ര പറഞ്ഞപ്പോൾ പ്രസന്നമായ കൃഷ്ണമണികളുടെ പ്രഭ വ്യക്തമായി കാണപ്പെട്ടു. ആവേശ നിർഭരമായ മന്ദഹാസം നിറഞ്ഞ ചുണ്ടുകളോടെ  അനുഗ്രഹിക്കനായി നീട്ടിയ അദ്ധേഹത്തിന്റെ നേർത്ത കൈവിരലുകൾ എന്റെ തലയിൽ ഇരുന്നു വിറയ്ക്കുന്നത് ഞാൻ അറിഞ്ഞു.

വന നിബിഡമായ മലയിൽ നേർത്ത അരഞ്ഞാണം പോലെ നീണ്ടു കിടക്കുന്ന പാതയുടെ വീതിയേറിയ ഒരിടത്താണ് വണ്ടി ഇറങ്ങിയത്‌.  ചെറിയ ഒരു കവല എന്ന് വിളിക്കാവുന്നയിടം. ഇരുവശത്തും ഏതാനും ചെറിയ ഭക്ഷണശാലകളുണ്ട്. ഭക്ഷണശാലകളല്ലാതെ മറ്റൊരു കടയും ഇല്ലതാനും. പാതയുടെ ഇരുവശത്തും വനമാണ്. ഇടതുവശത്ത്‌ മല മുകളിലേക്കും എതിർവശത്ത്‌  ചെരിവിലെക്കും വ്യാപിച്ചു കിടക്കുന്നു. റോഡിന്റെയും വനത്തിന്റെയും അതിരുകൾക്കുള്ളിൽ പരന്നു  കിടക്കുന്ന പുൽമേടുകളിൽ ഏതാനും കൊച്ചു കൊച്ചു വീടുകൾ കാണാം. യാത്രക്കാരെല്ലാം ഭക്ഷണം കഴിക്കാനായി വണ്ടിയിൽ നിന്നിറങ്ങി. 20 മിനിട്ട് കഴിഞ്ഞേ വാഹനം പുറപ്പെടുകയുള്ളു എന്ന് മുനിസാമി പറഞ്ഞിരുന്നു. പാതയുടെ വലതുഭാഗത്താണ് വാഹനം നിർത്തിയിരുന്നത് എന്നതിനാൽ അവിടെയുള്ള ഭക്ഷണശാലളെല്ലാം യാത്രികരെകൊണ്ട് നിറഞ്ഞിരുന്നു. ഞാൻ പ്രധാന പാത മുറിച്ചു കടന്ന് എതിർവശത്തുള്ള തിരക്കൊഴിഞ്ഞ ഒരു ഭക്ഷണശാലയിലേക്ക് കയറി. പഴയൊരു വട്ടമേശയാലും പൊട്ടി തുടങ്ങിയ ഏതാനും കസേരകളാലും അലംകൃതമാണെങ്കിലും എന്തുകൊണ്ടോ എനിക്കവിടം മനോഹരമായി തോന്നി. ആ വലിയ മുറിയുടെ മൂലയിലുള്ള കട്ടിലിൽ കരിമ്പടം പുതച്ച് പതിമയക്കത്തോടെ ഒരു വൃദ്ധ ഇരിക്കുന്നുണ്ടായിരുന്നു.
എന്റെ കാൽവയ്പ്പ്‌ ശബ്ദം കേട്ട് അടഞ്ഞ കണ്‍പോളകൾ ഞെട്ടി തുറന്നുകൊണ്ട് അവർ എന്നെ നോക്കി. പുഞ്ചിരിച്ചുകൊണ്ട് എന്നെ സ്വാഗതം ചെയ്തശേഷം അടുക്കളയിലേക്ക് നോക്കി ആരെയോ ഉറക്കെ വിളിച്ചു. ജനാലയുടെ തിരശ്ശീലയ്ക്കിടയിലൂടെ സൂര്യപ്രകാശം മേശയിൽ വീണു ചിതറി തെറിക്കുന്നതുനോക്കി ഞാനിരുന്നു. അങ്ങനെ പല നിമിഷം കഴിഞ്ഞതോടെ കനത്ത കാൽവയ്പ്പുകളോടെ സുമുഖനായ യുവാവ്‌ ഊഷ്മളവും സുഹൃത്ത്ഭാവേനയുള്ളതുമായ ചിരിയോടെ എനിക്കരികിലെത്തി. അടുക്കളയിൽ നിന്നുള്ള മസാല ഗന്ധവും അയാളോടൊപ്പം അവിടെക്കെത്തി. തവിട്ടു നിറത്തിലുള്ള, പ്രകാശിക്കുന്ന  കണ്ണുകളോട് കൂടിയ  ആ ചെറുപ്പകാരൻ, പൂരി ഒഴികെ മറ്റെല്ലാ വിഭവങ്ങളും കാലിയായതായി അറിയിച്ചു. എനിക്ക്  ഒട്ടും തന്നെ താല്പര്യ കുറവ് ഉണ്ടായിരുന്നില്ല എന്നതിനാൽ പൂരിയും മസാലയും അടുക്കളയിൽ നിന്നെത്തി  എനിക്ക് മുന്നിൽ നിരന്നു. വിക്രം എന്ന് പേരുള്ള ആ യുവാവുതന്നെയാണ്   ഹോട്ടെലിന്റെ ഉടമസ്ഥൻ. ഭക്ഷണം പാചകം ചെയ്യുന്നതും  വിളമ്പുന്നതുമുൾപ്പെടെ എല്ലാ ജോലികളും യാതൊരു ഉന്മേഷക്കുറവും കൂടാതെ അയാൾ ചെയ്യുന്നു. സഹായിക്കാൻ വൃദ്ധയായ അമ്മയുമുണ്ട്‌. കേരളത്തിൽ നിന്നും ഒറ്റയ്ക്ക് എത്തിയതാണെന്നും മറ്റും എന്നിൽ നിന്നും മനസിലാക്കിയ വിവരങ്ങൾ തന്റെ അമ്മയ്ക്ക് ഗട്‌വാളി ഭാഷയിൽ പരിഭാഷപ്പെടുത്തികൊണ്ടിരുന്നു.
ഭക്ഷണം കഴിക്കുന്ന സമയത്തുടനീളം വൃദ്ധ, അവരുടെ ദന്തരഹിതമായ മോണമുഴുവൻ തുറന്നുകാട്ടി എന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. സത്യസന്ധതയും ലാളിത്യവും ദ്യോതിപ്പിക്കുന്ന മുഖം.
ചുളിവു വീണ മുഖവും അല്പം കുനിഞ്ഞ മെല്ലിച്ച ശരീരവും കൈകാലുകളും. എല്ലാറ്റിലുമുപരി ഒരു കുട്ടിയുടെതെന്നപോലെ നിഷ്കളങ്കതയാർന്ന അവരുടെ ചിരിയാണ് എന്നെ ആകർഷിച്ചത്.  താമസിക്കാനുള്ള മുറി ആവശ്യമുണ്ടോ എന്നവർ എന്നോട് ചോദിച്ചു. സത്യത്തിൽ ഞാൻ അത് ആഗ്രഹിച്ചതായിരുന്നു. ഒരു ദിവസം ഗ്രാമത്തിൽ തങ്ങി  കാഴ്ചകൾ കണ്ടശേഷം, പിറ്റേന്ന് ലക്ഷ്യസ്ഥാനമായ തുങ്ങ്നാഥിലേക്ക്‌ പോകുവാനാണ് ഞാൻ തീരുമാനിച്ചിരുന്നത്. ഗ്രാമത്തിൽ നിന്നും 4 കി. മി. ട്രെക്കിംഗ് നടത്തി വേണം ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവക്ഷേത്രം സ്ഥിതിചെയ്യുന്ന തുങ്ങ്നാഥിൽ എത്തിച്ചേരുവാൻ . വിക്രം, താമസ സൗകര്യം ഏർപ്പാടാക്കി തരാമെന്നേറ്റു. മുറി വാടക കേട്ടപ്പോൾ തെല്ല് അവിശ്വസനീയമായി തോന്നി. ഒരു ദിവസത്തെ താമസത്തിന് 200 രൂപ എന്നാണ് യുവാവ് എന്നോട് പറഞ്ഞത്. രുചിയേറിയ കൊഴുത്ത ചായ കുടിക്കുന്നതിൽ പൂർണ്ണമായും മുഴുകിയിരുന്നതിനാൽ, ഒരുപക്ഷെ തെറ്റായി കേട്ടതാവാനെ തരമുള്ളൂ എന്ന് ശങ്കിച്ച് കൊണ്ട് ഒരിക്കൽ കൂടി ചോദിച്ചു.  എന്റെ ചോദ്യം കേട്ട് പുഞ്ചിരിച്ചുകൊണ്ട് വിക്രം കാരണം വിശദീകരിച്ചു. വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൌകര്യങ്ങൾ ഗ്രാമത്തിൽ ഇന്നും അന്യമാണ്. ആധുനിക സൌകര്യങ്ങളുടെ ധാരാളിത്തത്തിൽ ജീവിക്കുന്ന മറ്റു മനുഷ്യരുടെ ആഗ്രഹങ്ങളിലും അഹങ്കാരങ്ങളിലും നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ് അവരുടെ ജീവിതം. അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയാണ് ഇത്രമേൽ കുറഞ്ഞ വാടകയ്ക്ക് കാരണഹേതു. വിവരങ്ങൾ മുഴുവൻ അറിഞ്ഞുകഴിഞ്ഞപ്പോൾ എന്റെ സന്തോഷം പതിന്മടങ്ങായി വർദ്ധിക്കുകയാണ് ഉണ്ടായത്. ആധുനികതയുടെ പുഴുക്കുത്തേൽക്കാത്ത, മലിനീകരണത്തിന്റെയോ കയ്യേറ്റത്തിന്റെയോ   അസ്വസ്ഥതയാർന്ന നിഴൽ വീഴാത്ത ഈ ഗ്രാമം അതിന്റേതായ വിശുദ്ധി കാത്തു സൂക്ഷിച്ചുകൊണ്ട്‌ മഹത്തായ ശാന്തതയോടെ നിലകൊള്ളുകയാണ്. അതെന്നെ  വല്ലാതെ വശീകരിച്ചു കഴിഞ്ഞിരുന്നു.
ഭക്ഷണശാലയിൽ നിന്നും 100 മീറ്റർ അകലെ വനാതിർത്തിലായിരുന്നു താമസിക്കാനുള്ള മുറി.  അവിടവിടെയായി കാണുന്ന കൊച്ചു കൊച്ചു വീടുകളെല്ലാം സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളതാണെന്ന് വിക്രം പറഞ്ഞു തന്നു. ഭക്ഷണശാലകൾ നടത്തുന്നവർ തന്നെയാണ് ഭൂരിഭാഗം വീടുകളുടെയും ഉടമസ്ഥർ. ഏതാനും ഭക്ഷണശാലകൾ പിന്നിട്ട് അദ്ദേഹത്തോടൊപ്പം മുറിയിലേക്ക് നടന്നു. രണ്ടുമുറികൾ വീതമുള്ള ചെറിയ വീടുകളാണ് എല്ലാം. ബാത്ത്റൂം സൌകര്യമുള്ള ഓരോ മുറിക്കും 200 രൂപയാണ് വാടക. ഓരോ വീടിന്റെയും മുറ്റത്ത് സൌരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വലിയ ബാറ്ററികൾ സൂക്ഷിച്ചിടുണ്ട്. രാത്രിയോടെ അവ മുറിയിലേക്ക് ബന്ധിപ്പിച്ച് അത്യാവശ്യത്തിനുള്ള വൈദ്യുതി ലഭ്യമാക്കും. അതിലേറെ ഭേദപ്പെട്ട സൌകര്യങ്ങൾ പ്രതീക്ഷിക്കരുതെന്ന് ക്ഷമാപണം കലർന്ന ആതിഥ്യഭാവത്തോടെ അയാൾ പറഞ്ഞു. വാസ്തവത്തിൽ ഈ സൌകര്യങ്ങൾ തന്നെ എന്നെ സംബന്ധിച്ചിടത്തോളം ആവശ്യത്തിലധികമാണെന്നും ക്യാമെറ ചാർജ്ജ് ചെയ്യുന്നതൊഴികെ മറ്റൊന്നും ആവശ്യമില്ലെന്ന് പറഞ്ഞപ്പോൾ അവിശ്വസനീയതയോടുകൂടിയ പുഞ്ചിരിയായിരുന്നു മറുപടി. മുറിയുടെ വാതിൽ തുറന്ന് കയറിയത് ഒരു ഇരുൾക്കെട്ടിലെക്കാണ്. വാതിലിലൂടെ കടന്നുവന്ന പ്രകാശം, മുറിയുടെ മൂലകളും അതിലുള്ള സൗകര്യങ്ങളോരോന്നും വ്യക്തമാക്കികൊണ്ട് മുറിയിൽ വ്യാപിച്ചു. രണ്ടു കട്ടിലുകൾ ഒന്നിച്ചു ചേർത്തിട്ടിരിക്കുന്ന വലിയ കിടപ്പറയിൽ മെത്തയും കരിമ്പടവുമെല്ലാം വൃത്തിയായി സൂക്ഷിച്ചിരുന്നു. ജനലിനു സമീപമുള്ള ഒരു മൂലയിൽ ചാരു കസേരയും മെഴുതിരികൾ സൂക്ഷിച്ചിട്ടുള്ള മേശയും ഉണ്ട്. ആകപ്പാടെ കണ്ടപ്പോൾ എനിക്ക് രസം തോന്നി. ജനാല വനത്തിലേക്ക് അഭിമുഖമായിട്ടുള്ളതിനാൽ  അത് തുറക്കാൻ തുനിഞ്ഞ എന്നെ അദ്ദേഹം വിലക്കി. വാനരശല്യം രൂക്ഷമായതിനാൽ ജനൽ തുറക്കരുത് എന്നായിരുന്നു എനിക്ക് ലഭിച്ച നിർദ്ദേശം. വിക്രം കസേരയിലിരുന്ന് നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. എന്റെ യാത്രയെകുറിച്ചും കുടുംബത്തെ കുറിച്ചും ചോദിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും  എന്നോട് വിശദീകരിച്ചു. ഭാര്യയും രണ്ടു കുട്ടികളും താഴയുള്ള ഉഗിമത് ഗ്രാമത്തിലാണ് താമസം. അച്ഛന്റെ കാലശേഷം തനിക്കു അനുവദിച്ചു കിട്ടിയ ഭക്ഷണ ശാല നോക്കി നടത്തുന്നത് അദ്ദേഹവും, സീത എന്ന് പേരുള്ള വൃദ്ധയായ അമ്മയും ചേർന്നാണ്. നവംബർ മുതൽ മാർച്ച്‌ വരെയുള്ള മഞ്ഞുവീഴ്ച ശക്തമായ മാസങ്ങളിൽ ഹോട്ടൽ അടച്ച് അവരും മലയിറങ്ങി താഴെയുള്ള ഗ്രാമത്തിലേക്ക് പോവുമെന്ന് വിക്രം പറഞ്ഞു. സംസാരത്തിനിടെ പെട്ടെന്ന് വാച്ചിൽ നോക്കിയശേഷം യാത്ര പറഞ്ഞ് തിടുക്കത്തിൽ ഭക്ഷനശാലയിലേക്ക് പോയി.
ഏതാനും നിമിഷം വിശ്രമിച്ച ശേഷം വസ്ത്രം മാറി, ക്യാമെറയുമായി ഞാനും പുറത്തിറങ്ങി. ഉത്തരാഖണ്ടിന്റെ സംസ്ഥാന പക്ഷിയായ മോണാലിനെ ക്യാമെറയിലാക്കുകയായിരുന്നു എന്റെ ലക്‌ഷ്യം. ഭക്ഷണ ശാലയിലെക്കാണ് ആദ്യം പോയത്. പക്ഷി കാണപ്പെടുവാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളെ കുറിച്ച് വിക്രമിനോട് അന്വേഷിച്ചു.  പുൽമേടുകളിൽ അവ സാധാരണമാണെന്ന് അയാൾ പറഞ്ഞു. മൊബൈൽ ഫോണിൽ എടുത്ത ചില ചിത്രങ്ങളും കാണിച്ചുതരികയുണ്ടായി. അത് ആണ്‍പക്ഷിയുടെ ചിത്രമായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന വർണ്ണ ഭംഗിയാണ് ആണ്‍ പക്ഷികൾക്ക്. അവയെ കണ്ടുപിടിക്കുക എന്നതും അല്പം ബുദ്ധിമുട്ടേറിയതാണ്. എന്നാൽ നമ്മുടെ കാട പക്ഷിയോട് സാമ്യമുള്ളതാണ് പെണ്‍ പക്ഷിയുടെ രൂപഘടന. അവയെ കണ്ടെത്താൻ യാതൊരു ബുദ്ധിമുട്ടുമില്ല എന്ന് അയാൾ പറഞ്ഞു. ഹോട്ടെലിൽ നിന്നിറങ്ങി, പുൽമേട് ലക്ഷ്യമാക്കി നടന്നു. അതി മനോഹരമായ ആ ഗ്രാമത്തിന്റെ കിടപ്പ് വീക്ഷിച്ചുകൊണ്ടാണ് നടന്നത്. മലയുടെ മദ്ധ്യഭാഗത്തായാണ്‌ ഈ ഗ്രാമം. എതിർഭാഗത്ത് പൈൻ, ദേവദാരു മരങ്ങൾ നിറഞ്ഞ വനപ്രദേശങ്ങൾ ഉൾപ്പെട്ട മലനിരകളുടെ ശൃംഖലയാണ്.  അവയിലെങ്ങും ആൾതാമസമുള്ളതിന്റെ യാതൊരു സൂചനയുമില്ല. കാടിന്റെ ഇരുണ്ട നീലിമ മാത്രം. അകലെ പഞ്ചസാരപോലെ വെളുത്ത മഞ്ഞ് പുതച്ചു കിടക്കുന്ന ഹിമ നിരകൾ. അവ മറ്റു മലകളെക്കാൾ എത്രയോ ഉയരത്തിൽ തല ഉയർത്തി നില്ക്കുന്നു. ഗ്രാമത്തിൽ നിന്നും നോക്കിയാൽ വനത്തിനു താഴെയായി കുതിരകളും ചെമ്മിരിയാടുകളും മേയുന്ന പുല്മേട്‌ കാണാം. വിക്രം പറഞ്ഞതനുസരിച്ച് മോണാലിനെ തേടി വനത്തിലൂടെ താഴേക്ക്‌ ഇറങ്ങി. കുത്തനെ കിടക്കുന്ന വന പ്രദേശത്തിലൂടെ അല്പം സാഹസപ്പെട്ടാണ് ഇറങ്ങിയത്‌. മുന്നോട്ടു പോവുന്തോറും പാത കൂടുതൽ ദുഷ്കരമായി തോന്നി എനിക്ക്. പാറകളിൽ തട്ടി എന്റെ കാൽവിരലുകൾ ചതഞ്ഞു. യാതനാ പൂർണ്ണമായിരുന്നെങ്കിലും വനത്തിലെ പക്ഷികൾ എന്റെ ക്യാമറയ്ക്ക് നല്ലൊരു വിരുന്നൊരുക്കി തന്നു. ഹിമാലയൻ പാഗ്പൈ മുതൽ അതിമനോഹരങ്ങളായ പല പക്ഷികളെയും ക്യാമറയിലാക്കാൻ കഴിഞ്ഞതിനാൽ അതുത്സാഹത്തോടെയാണ് പുല്മേടിലെക്ക് നീങ്ങിയത്. അത് അത്ര അകലെയല്ലായിരുന്നു. പക്ഷെ കുത്തനെയുള്ള വനപ്രദേശത്തൂടെയുള്ള ഇറക്കവും കാലിലെ മുറിവും എന്നെ  വല്ലാതെ ക്ഷീണിപ്പിച്ചു.  ചിത്രങ്ങളെടുത്ത് വളരെ സാവധാനത്തിലാണ് കാടിറങ്ങിയത്. പാറയിൽ തട്ടിയുള്ള വീഴ്ചയിൽ ബൂട്സിനുള്ളിൽ വിരലുകൾ ഞെരിഞ്ഞമർന്നു. എനിക്ക് അബദ്ധം പറ്റിയോ എന്ന് ഒരു നിമിഷം ചിന്തിച്ചു. ഞാൻ ഗ്രാമത്തിനു നേർക്കും തുടർന്ന് പുൽമേട്ടിലെക്കും നോക്കി. പക്ഷെ മരങ്ങളുടെ ധാരാളിത്തം രണ്ടു കാഴ്ചകളും എന്നിൽ നിന്നും മറച്ചു. ഒടുവിൽ പുൽമേട്ടിൽ എത്തിയപ്പോഴേക്കും സൂര്യൻ ഉച്ചിയിലെത്തിയിരുന്നു. ശൂന്യവും വിശാലവുമായ പുൽപ്രദേശം. ഗ്രാമത്തിൽ നിന്നും നോക്കിയപ്പോൾ കണ്ട, മേഞ്ഞു നടന്നിരുന്ന കുതിരകളും ചെമ്മിരിയാടുകളും കത്തി ജ്വലിക്കുന്ന സൂര്യനിൽ നിന്നും രക്ഷതേടി വന പ്രദേശത്തെ മരങ്ങളുടെ തണലിലേക്ക്‌ അഭയം തേടിയിരിക്കുന്നു. ഈ കത്തുന്ന വെയിലിൽ മൊണാലിനെ കണ്ടെത്തുക ദുഷ്കരമായിരിക്കും എന്നെനിക്ക് ബോദ്ധ്യമായി. പുല്മേടിനു ചുറ്റും അലസമായി നീങ്ങി. മുകളിൽ ഗ്രാമം കാണാം. വെയിലിൽ അത് മിന്നി മിന്നി കാണപ്പെട്ടു. അല്പ സമയം വനത്തിൽ വിശ്രമിച്ചിട്ട്, ഗ്രാമത്തെ ലക്ഷ്യമാക്കി കുന്നിൻ മുകളിലേക്ക് നടന്നു നീങ്ങി. കിതച്ചു ശ്വാസം വിട്ടുകൊണ്ടാണ് മല കയറിയത്. കാടിന്റെ അവസാന ഭാഗമെത്തിയിരിക്കുന്നു എന്ന് മനസ്സിലായപ്പോൾ ആശ്വാസമായി. ഗ്രാമത്തിൽ നിന്നിറങ്ങി വരുന്ന പാതയിലൂടെ സീതമ്മ കന്നുകാലികളുമായി  വരുന്നുണ്ടായിരുന്നു. അവര്ക്കു 5 എരുമകളും അതിലധികം പശുക്കളുമുണ്ട്. ഹൊട്ടെലിലെക്ക് ആവശ്യമായ പാലിനും പാലുല്പന്നങ്ങൾക്കും മറ്റാരെയും ആശ്രയിക്കേണ്ടതില്ല. കന്നുകാലികളെ മേയാൻ കൊണ്ടുപോവുന്നതും, അവയ്ക്കുള്ള പുല്ല് അരിയുന്നതും, ഹോട്ടെലിലെ പാചകത്തിനുള്ള വിറക് വനത്തിൽ നിന്നും ശേഖരിക്കുന്നതുമെല്ലാം 70 വയസ്സായ ഈ വൃദ്ധയാണ്. ഞാൻ പാതയിലേക്ക് കടന്നപ്പോൾ അവർ മിഴികളുയർത്തി പുഞ്ചിരിയോടെ എന്നെ അഭിവാദ്യം ചെയ്തു. അവർ എല്ലായിപ്പോഴും പുഞ്ചിരിക്കുകയും പ്രകാശം പ്രസരിപ്പിക്കുകയും ചെയുന്നു. തീർത്തും അവശനായ ഞാൻ പാറയുടെ മൂലയിൽ തളർന്നിരിക്കുകയായിരുന്നു. അവർ എനിക്കരികിലെത്തിയപ്പോൾ അവരുടെ നരച്ച മുടിയും, ചുളിവു വീണ ചുവന്ന മുഖവും, കാതിലും മൂക്കിലും കൈകാലുകളിലുമുള്ള വലിയ ആഭരണങ്ങളും എന്റെ ശ്രദ്ധ പിടിച്ചുനിർത്തി. മോണാലിനെ കാണുവാൻ സാധിച്ചോ എന്ന  ചോദ്യത്തിന് ഞാൻ വിപരീതാർത്ഥത്തിൽ തലയാട്ടുക മാത്രം ചെയ്തു. സംസാരിക്കുമ്പോൾ അവരുടെ നീണ്ടു കൂർത്ത മൂക്കിനുകീഴെ നേർത്ത ചുണ്ടുകൾ വിറച്ചുകൊണ്ടിരുന്നു.  പുലർച്ചെ പക്ഷിയെ കാണുന്നതിനുള്ള സാദ്ധ്യത അധികമാണെന്നും  തുങ്ങ്നാഥിലേക്കുള്ള യാത്രയിൽ അവയെ തീർച്ചയായും കാണുവാൻ കഴിയും എന്ന് ആശ്വസിപ്പിച്ചുകൊണ്ടും, പിറ്റേന്ന് പുലർച്ചെ മല കയറേണ്ടതിനാൽ ഭക്ഷണം കഴിച്ച്  വിശ്രമിക്കാൻ ഉപദേശിച്ചുകൊണ്ടും അവർ നടന്നുനീങ്ങി. പാതയോരത്ത് വളർന്ന പുല്ലുകളും പൂക്കളും തിന്നുകൊണ്ടിരുന്ന കാലികളെ പ്രത്യേക ശബ്ദത്തിൽ വിളിച്ചതോടെ, അവ മുക്രയിട്ടുകാണ്ട് അനുസരണയോടെ അവർക്കൊപ്പം നടന്നു.


വിക്രമിന്റെ കടയ്ക്കുമുന്നിൽ ചെറിയൊരു ആൾക്കൂട്ടം കാണപ്പെട്ടിരുന്നു. ബഞ്ചും ഏതാനും കസേരകളും തെരുവിൽ നിരത്തിയിട്ടുകൊണ്ട് ചീട്ടുകളി നടക്കുകയായിരുന്നു. സമീപത്തെ മറ്റു ഹോട്ടലുകളിലെ സുഹൃത്തുക്കളാണ് ചീട്ടുകളി സദസ്സിലുണ്ടായിരുന്നത്. ബഹിർലോകവുമായുള്ള അവരുടെ നിയതമായ ഇടപാടിനുള്ളിൽ, വിരസകരവും ഏകാന്തവുമായ ജീവിതത്തിലെ ചുരുങ്ങിയ വിനോദങ്ങളാണ് ചീട്ടുകളിയും റേഡിയോ സംഗീതവും. നേരം പുലരുന്നത് മുതൽ രാത്രിയേറുംവരെ ഗഡ് വാളി  സംഗീതം ഓരോ കടയിലും മാറ്റൊലി കൊള്ളും. ബഞ്ചിനുമെൽ വിതറിയ ശീട്ടിനുചുറ്റും വൃത്താകൃതിയിൽ വെടിവെട്ടവും നേരമ്പോക്കുകളുമായി കൂടിയിരിക്കുകയാണ് എല്ലാവരും. എന്നെ കണ്ടതോടെ ചീട്ടുകളിയിൽ മുഴുകിയിരുന്നിരുന്ന വിക്രം, തിടുക്കത്തിൽ ഭക്ഷണം തയ്യാറാക്കാനായി എഴുന്നേറ്റു. കളി പൂർത്തിയായിട്ടുമതി എന്ന് പറഞ്ഞെങ്കിലും എന്നെ നിർബന്ധിച്ച് ഭക്ഷണശാലയിലേക്ക് കൊണ്ടുപോയി. ഭക്ഷണം കഴിച്ചു കഴിഞ്ഞശേഷം, കാലിലെ അസ്വസ്ഥത കാരണം ബൂട്ട്സ് ഊരിമാറ്റി പരിശോധിച്ചു. ചോര കുടിച്ചു തടിച്ചു വീർത്ത വലിയൊരു അട്ട കാൽ വിരലുകൾക്കിടയിൽ നിന്നും പുറത്തു ചാടി. ഒരു നാരിനോളം നേർത്ത ചോരകുടിയനായ ജീവി, പന്തിന്റെ ആകൃതിയിലേക്ക് രൂപാന്തരപ്പെട്ടിരിക്കുന്നു. ഞാൻ അതിനെ തുറിച്ചു നോക്കിയിരിക്കുനതിനിടയിൽ വിക്രം അടുക്കളയിൽനിന്ന് ചില പൊടികൾ കൂട്ടികലർത്തി ചോരയോലിച്ചുകൊണ്ടിരുന്ന വിരലുകൾക്കിടയിലേക്ക് തിരുകി വച്ചു.  എനിക്ക് ഏറെ പരിചിതമായ അനുഭവമാണെങ്കിൽകൂടി ഇത്രമേൽ അസാധാരണ വലിപ്പമുള്ള അട്ടയെ ഞാൻ മുൻപൊരിക്കല്പൊലും കണ്ടിട്ടുണ്ടായിരുന്നില്ല. കുറച്ചു സമയം അവരുടെ ചീട്ടുകളി കണ്ടിരുന്നു.
സന്ധ്യാ വെളിച്ചം നേർത്തു വരികയും അധികം അധികം കനംപിടിച്ച ഇരുട്ട് പതിയെ വ്യാപിക്കുകയും ചെയ്തപ്പോൾ ബൂട്ട്സും കയ്യിലെടുത്ത് മുറിയിലേക്ക് നടന്നു. മുറിയിലേക്കുള്ള വൈദ്യുതി ഉടൻതന്നെ ഏർപ്പടാക്കം എന്ന് വിക്രം പറഞ്ഞു. ഇരുട്ട് കട്ട പിടിച്ചിരുന്ന മുറിയിൽ ഞാനൊരു മെഴുതിരി കൊളുത്തിവച്ചു. അതിന്റെ  വിലർത്ത ശാഖാ ദീപങ്ങൾ മുറിയുടെ മൂലകളിൽ വെളിച്ചത്തിന്റെയും നിഴലുകളുടെയും മടക്കുകൾ സൃഷ്ട്ടിച്ചു. കരിമ്പടത്തിനുള്ളിൽ കയറി കിടന്നുകൊണ്ട് , തളംകെട്ടിയ ഇരുട്ടിലേക്ക് നീളുന്ന വെളിച്ചത്തിന്റെ കീറുകളെ നോക്കി കിടക്കുന്നതിനിടയിൽ ക്ഷീണം കൊണ്ട് ഞാൻ മയങ്ങിപ്പോയി. അല്പം കഴിഞ്ഞ് ഒരു സഹായിയോടൊപ്പം വിക്രം എത്തിയപ്പോഴാണ് ഉണർന്നത്‌ . രണ്ടുപേരും ചേർന്ന് വലിയൊരു ബാറ്ററി ചുമന്നുകൊണ്ടുവന്ന് മുറിയുടെ പുറത്ത് വച്ചു. മുറിയിലെയും ബാത്ത്റൂമിലെയും വൈദ്യതി വിളക്കുകൾ അങ്ങനെ സൌരോർജ്ജത്തിൽ പ്രകാശിച്ചു. അത്താഴം കഴിക്കാനായി വിക്രം വിളിച്ചപ്പോൾ ഞാൻ ഒഴിഞ്ഞുമാറാൻ വിഫല ശ്രമം നടത്തി. എനിക്ക് തീരെ വിശപ്പുണ്ടായിരുന്നില്ല. ഹൊട്ടെലിലെക്കു ചെന്നില്ലെങ്കിൽ മുറിയിലേക്ക് ഭക്ഷണം എത്തികാനുള്ള ഏർപ്പാട് ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയതോടെ ഞാൻ പോവാൻ തീരുമാനിച്ചു. ഒന്പത് മണിയോടെ ഹോട്ടലിലെക്ക്‌ നടന്നു.  തണുപ്പ് കഠിനമായിരുന്നു. ഇരിപ്പിടങ്ങളെല്ലാംതന്നെ ശൂന്യമായികിടന്നിരുന്നു. വിക്രമും അമ്മയും അടുപ്പിനു സമീപം ഇരുന്നു തീ കായുന്നു. ഞാനും അടുക്കളയിലേക്ക് കയറി ചെന്ന്. സീതമ്മ ഒരു കസേരയെടുത്ത്‌ എനിക്കായി അടുപ്പിനരികിലേക്ക് ചേർത്ത് ഇട്ടുതന്നു. തുംഗ് നാഥിലെ മലമുകളിൽ നിന്ന് സൂര്യോദയം ദർശിക്കണമെങ്കിൽ പുലർച്ചേ  3 മണിക്കെങ്കിലും ഗ്രാമത്തിൽ നിന്ന് യാത്ര തിരിക്കണം എന്ന് വിക്രം പറഞ്ഞു. പക്ഷെ അസമയത്ത് വനത്തിലൂടെ ഏകനായി പോവുന്നതിനോട് സീതമ്മ യോജിച്ചില്ല. കടുവയെയും  കരടിയെയുമെല്ലാം പലതവണ കണ്ടെത്തിയിട്ടുള്ള വനമാണ് എന്നതിനാൽ നേരം പുലർന്നിട്ട് മതി യാത്ര എന്നായിരുന്നു അവരുടെ പക്ഷം. വിക്രമും അതിനോട് യോജിച്ചു. നാലു കി. മി. നീളുന്ന ട്രെക്കിംഗ് പാതയിൽ ആദ്യത്തെ 1 കി.മി. വനത്തിനുള്ളിലൂടെയാണ്. പക്ഷെ എന്തുകൊണ്ടോ എനിക്ക് ഭയം ഒട്ടും തന്നെ അനുഭവപ്പെട്ടില്ല. അവയൊന്നുംതന്നെ എന്നെ പിന്തിരിപ്പിക്കാൻ പര്യാപ്തമായിരുന്നില്ല. ഒടുവിൽ എന്റെ അപ്രതിരോദ്ധ്യമായ ആഗ്രഹം അവരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിൽ ഞാൻ വിജയിച്ചു.  ഇറങ്ങാൻ നേരം സീതമ്മ മേശയ്ക്കകത്തുനിന്നും ഒരു ടോർച് എടുത്തു എടുത്ത് എനിക്ക് തന്നു.  മുറിയിലെത്തി യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്തു. കുപ്പി വെള്ളത്തിൽ ഗ്ലൂക്കോസ് കലർത്തി, കുറച്ചു ഉണക്ക പഴങ്ങളോടൊപ്പം ക്യാമറ ബാഗിൽ എടുത്തു വച്ചശേഷം അലാറം തയ്യാറാക്കി ഉറങ്ങാൻ കിടന്നു. യാത്രയുടെ ക്ഷീണം നിദ്രയുടെ അഗാധതയിലേക്ക്‌ എന്നെ തള്ളിയിട്ടു.

പുലർച്ചെ മൂന്ന് മണിക്ക് മുൻപേ ഉണർന്നെഴുന്നേറ്റു. ഇരുട്ടിൽ ആണ്ടുകിടന്നിരുന്ന പാതയിലേക്ക് ഇറങ്ങിയപ്പോൾ തണുപ്പുകൊണ്ട് ഞാൻ മരവിച്ചുപോയി. പാതിമാഞ്ഞ ചന്ദ്രന്റെയും ചിതറിയ നക്ഷത്രങ്ങളുടെയും വെളിച്ചം വീണു കിടക്കുന്ന ഗഹനമായ പാതയിലൂടെ കവലയിലേക്ക് നടന്നു. വിക്രമിന്റെ ഭക്ഷണശാലയ്ക്ക് സമീപത്തുനിന്നുമാണ് തുങ്ങ് നാഥിലേക്കുള്ള മലകയറ്റം ആരംഭിക്കുന്നത്. ഭക്ഷണശാലകൾ സ്ഥിതിചെയ്യുന്ന കവലയിൽ തെരുവ് വെളിച്ചമുണ്ടായിരുന്നു. പക്ഷെ ഇരുട്ടിനോട്‌ പൊരുതി അണയാൻ തുടങ്ങുന്ന മട്ടിലാണ് അത് പ്രകാശിച്ചുകൊണ്ടിരുന്നത്.  തുങ്ങ് നാഥിലേക്കുള്ള പടികൾ കയറുന്നിടത്ത് വലിയൊരു മണി തൂക്കിയിട്ടിട്ടുണ്ട്. മല കയറുന്നവരും ഇറങ്ങുന്നവരും ആ മണി മുഴക്കുകയാണ് പതിവ്. അല്പം ഉയരത്തിൽ കെട്ടി തൂക്കിയിരിക്കുന്നതിനാൽ ഞാൻ വലിഞ്ഞു ചാടി മണി മുഴക്കി. അല്പം ശക്തിയേറിപ്പോയതായി തോന്നി. ശാന്തമായ രാത്രിയിലേക്ക്‌ വലിയൊരു മുഴക്കത്തോടെ അത് പ്രതിധ്വനിച്ചു. തെരുവിൽ കിടന്നിരുന്ന കുറെ നായ്ക്കൾ ഉടനെ ഞെട്ടി എഴുന്നേറ്റ് കുരയ്ക്കാൻ തുടങ്ങി. ഏതാനും നിമിഷം ഭയന്ന് അനക്കമറ്റ് നിന്ന ശേഷം ഇരുട്ടിൽ തപ്പി തടഞ്ഞ് വേഗത്തിൽ പടികൾ കയറി. ഏതാനും ചുവടുകൾ പിന്നിട്ടപ്പോൾ തന്നെ വനത്തിനുള്ളിലായി. കോണ്ക്രീറ്റ് ചെയ്തും വലിയ കല്ലുകൾ പാകി നിരപ്പാക്കിയും നിർമ്മിച്ചിട്ടുള്ളതാണ് പാത. വനത്തിനു നടുവിലൂടെയുള്ള ഭാഗം മുഴുവൻ കോണ്ക്രീറ്റ് ചെയ്തിരിക്കുന്നതിനാൽ പരിചയമില്ലാത്തവർക്ക്പോലും വഴിതെറ്റുമോ എന്ന് ഭയപ്പെടെണ്ടതില്ല. കാടിനകത്ത് പൂർണ്ണ നിശബ്ദതയായിരുന്നു. രാക്കിളികളുടെയോ ചീവീടുകളുടെയോ ശബ്ദം പോലും കേൾക്കാനുണ്ടായിരുന്നില്ല. ഇരുവശവും ഇടതൂർന്ന് വളർന്നു നില്ക്കുന്ന മരങ്ങൾ. പാതയുടെ ഇടതുവശം താഴ്ചയേറിയതാണ്. കുത്തനെയുള്ള പാതയുടെ പ്രത്യേകത എന്തെന്നാൽ ഒരിടത്തുപോലും അത് താഴെക്കിറങ്ങുന്നില്ല. ഉയരത്തിൽനിന്നും ഉയരത്തിലേക്ക് മാത്രം നീളുന്ന പാത. ചന്ദ്രന്റെ അരണ്ട വെളിച്ചത്തിൽ ഇരുവശവുമുള്ള വന്മരങ്ങളുടെ നിഴലുകൾമ ഭയാനകമായ വിധത്തിൽ പാതയിലേക്ക് വീണുകിടന്നിരുന്നു. ഒരു കാരാഗൃഹത്തിലെ ഇരുംബഴികളെ ഒർമ്മിപ്പിക്കുന്നതുപൊലെ അവ ഒന്നിനോട് ഒന്ന് ചേർന്ന് കിടന്നു. ചന്ദ്രൻ മേഘങ്ങൾക്കിടയിലേക്ക് അന്തർദ്ധാനം ചെയ്യുമ്പോൾ പാത കൂടുതൽ ദുസ്സഹമായി. സീതമ്മ നല്കിയ ടോർച് ആണ് അപ്പോഴെല്ലാം എന്റെ സഹായി ആയത്. അല്പം മുകളിലേക്ക് കയറിയ ശേഷം ക്ഷീണവും ദാഹവും കാരണം, പാതയോരത്തുള്ള കല്കെട്ടിൽ ഞാൻ ഇരുന്നു. ബാഗിൽ നിന്നും വെള്ളമെടുത്ത് കുടിച്ചശേഷം കുപ്പി അശ്രദ്ധമായി കല്ക്കെട്ടിനു മീതെവച്ചു. ബാഗ് ഭദ്രമായി അടയ്ക്കുക യായിരുന്നു ഉദ്ദേശ്യം. പക്ഷെ എന്റെ ഒരുനിമിഷത്തെ അശ്രദ്ധയ്ക്ക് ഇത്രമേൽ വില നല്കേണ്ടി വരുമെന്ന് ഒരിക്കൽപോലും വിചാരിച്ചിരുന്നില്ല. നിമിഷനേരം കൊണ്ട് കല്കെട്ടിലെ നിരപ്പില്ലാത്ത പ്രതലത്തിൽ നിന്നും വഴുതി കുപ്പി താഴ്ചയിലേക്ക് വീണു. ഇനി എന്ത് എന്നോർത്തപ്പോൾ കടുത്ത നിരാശ തോന്നി.  ഇനിയും 3 കി. മി ൽ അധികം കയറാനുണ്ട്‌. ജലപാനമില്ലാതെ അത്രയും ദൂരം താണ്ടുക  കാഠിന്യമേറിയതാണ്. കൂടുതലൊന്നും ആലോചിച്ചു നില്ക്കാതെ കയറ്റം തുടങ്ങി. വനത്തിനുള്ളിൽ അഴുകുന്ന ഇലകളുടെ ഗന്ധം. ഇടയ്ക്ക് ഒരു കാട്ടുപക്ഷിയുടെ അവ്യക്തമായ കരച്ചിൽ, പിന്നീട് വീണ്ടും നിശബ്ദത. ഇടയ്ക്ക് പെട്ടെന്നുള്ള ചിറകടി ശബ്ദം. അങ്ങനെ വനത്തിന്റെ ശബ്ദവും നിശബ്ദതയും ആസ്വദിച്ച് ഞാൻ കയറ്റം തുടർന്നു. വനം പിന്നിട്ട് പുല്മേട്ടിൽ എത്തിയതോടെ തലയ്ക്കു മുകളിൽ നീണ്ടുകിടക്കുന്ന താരാപഥം വ്യക്തമായി കാണപ്പെട്ടു. പാതയിൽ മരങ്ങളുടെ ബീഭത്സമായ നിഴലുകൾ ചിത്രം വരയ്ക്കതെയായി. പക്ഷെ മലമുകളിൽ നിന്നുള്ള പരുഷമായ കാറ്റിന്റെ ശക്തിയേറി. എന്റെ തൊണ്ട വരണ്ട് ഞാൻ ദാഹിച്ചു തളർന്നു. വനത്തിൽ ഇടയ്ക്കിടെ ഉണ്ടായിരുന്ന കല്ക്കെട്ട് പുൽമേട്ടിൽ എത്തിയതോടെ അപ്രത്യക്ഷമായതിനാൽ ഇരിക്കാൻ ഇടംതേടി എന്റെ കണ്ണുകൾ പരതി. കട്ടപിടിച്ച ഇരുട്ടിൽ നിഴൽപ്പാടുകൾ അല്ലാതെ മറ്റൊന്നും കണ്ടറിയാൻ നിവൃത്തിയില്ലായിരുന്നു. വളരെ വേഗത്തിലോ മന്ദഗതിയിലോ അല്ല ഞാൻ നടന്നത്. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവിലുള്ള താഴ്ച ചെറിയരീതിയിൽ തല ചുറ്റലുണ്ടാക്കിയതോടെ വിശ്രമം അനിവാര്യമാണെന് ബോധ്യമായി. വരണ്ട ചുണ്ടുകളും തൊണ്ടയുമായി കയറ്റം തുടർന്നു. കുറച്ചു ദൂരെയായി ചാര നിറത്തിലുള്ള, മരതടികളാൽ തീർത്ത ഒരു കുടിൽ കാണപ്പെട്ടതോടെ അതിനു നേരെയുള്ള എന്റെ നടത്തം തിടുക്കത്തിലായി.  കാലത്തിന്റെ കരവിരുത് അതിൽ ഭംഗിയായി പ്രതിഫലിക്കുന്നുണ്ടായിരുന്നു. പലകകൾ പലതും പൊളിഞ്ഞുതുടങ്ങിയിരുന്നു. ഒരു ചായകടയുടെ മട്ടുണ്ട്. അടഞ്ഞു കിടക്കുന്ന ആ ചെറിയ കുടിലിനുപുറത്തായി പ്ലാസ്റ്റിക്‌ കൊണ്ട് മറച്ച ചായ്പ്പിൽ ഒന്നുരണ്ടു ബഞ്ചുകളും ഏതാനും കസേരകളും കിടപ്പുണ്ടായിരുന്നു.അല്പം വെള്ളം കിട്ടാൻ മാർഗ്ഗമുണ്ടോ എന്ന് ദാഹിച്ചു വരണ്ട തൊണ്ടയുമായി അവിടെയെല്ലാം സൂക്ഷിച്ചു നോക്കി. രക്ഷയില്ലെന്നു കണ്ടപ്പോൾ കാറ്റിൽ നിന്നും രക്ഷതേടി അൽപനേരം വിശ്രമിക്കാനായി ചായ്പ്പിലേക്ക് കയറി. പെട്ടെന്ന് അസാധാരണമായ മുരൾച്ച കേട്ട് ഞാൻ ഞെട്ടി തരിച്ചുപോയി. ബഞ്ചിനടിയിൽ ചുരുണ്ടുകൂടി കിടന്നിരുന്ന കറുത്ത, വലിപ്പമേറിയ ഒരു നായ, അപ്പോഴാണ്‌ എന്റെ കണ്ണിൽപ്പെട്ടത്. അത് എന്നെ നോക്കി മുരണ്ടുകൊണ്ട് എണീറ്റു. ഒരു നിമിഷം സ്തബ്ധനായി നിന്നുപോയ ഞാൻ, കണ്ണുകളടച്ച്‌ പ്രാർത്ഥിക്കാൻ തുടങ്ങി. അതിനിടയിൽ കൈകൊണ്ടു അതിനു അടുത്തേക്ക് വിളിച്ചു അനുനയിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു.  എന്റെ ദയനീയാവസ്ഥ ഒരുപക്ഷെ ആ മിണ്ടാപ്രാണി മനസ്സിലാക്കിയിരിക്കണം. അത് കുര നിർത്തി ശാന്തനായികൊണ്ട്‌ എന്റെ കാലുകളിൽ ഉരുമ്മുകയും വാലാട്ടുകയും ചെയ്തു. ഞാൻ അൽപനേരം ബഞ്ചിലിരുന്നു. നായ ബഞ്ചിനടിയിൽ എനിക്ക് താഴെയും. അതിനകത്ത് ഇരിക്കുമ്പോൾ കാറ്റിന്റെ ശക്തി തീരെ അറിയുന്നുണ്ടായിരുന്നില്ല. പക്ഷെ പുറത്ത് ചന്ദ്രൻ കൂടുതൽ വിളറി വിളറി വന്നു. പ്രഭാതം അത്ര അകലെയല്ലെന്ന് മനസ്സിലായി. സൂര്യൻ ഉദിച്ചുയരന്നുന്നതിന് മുന്പ് എനിക്ക് മലമുകളിൽ എത്തേണ്ടതുണ്ട്. അലെങ്കിൽ എന്റെ ഈ കഷ്ടപാടുകളൊക്കെ വെറുതെയാവും എന്ന് മനസ്സിലാക്കി എഴുന്നേററ് മഞ്ഞു വീണു നനഞ്ഞ പുല്മേട്ടിലൂടെ യാത്ര തുടർന്നു.

ശരിയായ വഴിയിലൂടെയാണോ സഞ്ചരിക്കുന്നത് എന്നതിനെക്കുറിച്ച് എനിക്ക് തീരെ ആശങ്ക ഉണ്ടായിരുന്നില്ല, കാരണം മലമുകളിലേക്കുള്ള ഏക പാത, കോണ്ക്രീറ്റ് ചെയ്തും കല്ലുകൾ പാകിയും സൗകര്യപ്പെടുത്തിയിട്ടുണ്ട്. അതിനോട് അനുബന്ധമായോ അഭിമുഖമായോ മറ്റു പാതകളൊന്നും അവിടെയില്ല. കിഴക്കേ ചക്രവാളത്തിലേക്ക് നോക്കികൊണ്ടാണ്‌ ഞാൻ കയറികൊണ്ടിരുന്നത്. സൂര്യോദയത്തിനു മുൻപ് അവിടെ എത്തിച്ചേരണം എന്ന ചിന്ത തലച്ചോറിനുള്ളിൽ വട്ടം ചുറ്റികൊണ്ടിരുന്നതിനാൽ എന്റെ ദാഹവും ക്ഷീണവുമെല്ലാം എവിടെയോ പോയി മറഞ്ഞിരുന്നു. ഒടുവിൽ തുങ്ങ് നാഥ് എന്ന ലോകത്തിലെ എറ്റവും ഉയരമുള്ള ശിവക്ഷേത്രത്തിൽ എത്തിയപ്പോൾ 5.30 കഴിഞ്ഞിരുന്നു. ഏതാനും തീർത്ഥാടകർ ക്ഷേത്രത്തിനു സമീപമുണ്ടായിരുന്നു. ക്ഷേത്രത്തിനു ചുറ്റും പൂജാ സാമ്രഗ്രികൾ വില്ക്കുന്ന നിരവധി കടകളും, ഭക്ഷണ ശാലകളും, താമസിക്കാനുള്ള ചെറിയ മുറികളും മറ്റുമുണ്ട്. സൂര്യോദയം കൂടുതൽ വ്യക്തമായി കാണണമെങ്കിൽ ചന്ദ്രശില എന്ന മറ്റൊരു മല കൂടി കയറണം. ഒരു കി. മി ദൂരം മുകളിലേക്ക് കൂടുതൽ കുത്തനെയുള്ള കയറ്റമാണത്. ഞാൻ കിഴക്കേ ചക്രവാളത്തിലേക്ക് ഒന്ന് പാളിനോക്കി. അരണ്ട വെട്ടം അന്തരീക്ഷത്തിൽ വ്യാപിച്ചിട്ടുണ്ട്. പക്ഷെ സൂര്യോദയത്തിനു ഇനിയും സമയമുണ്ട്. സൂര്യൻ ആർക്കുവേണ്ടിയും കാത്തുനില്ക്കില്ല, എന്ന് എന്നെ തന്നെ പറഞ്ഞു ബോധ്യപ്പെടുത്തികൊണ്ട് ചന്ദ്രശിലയിലേക്കുള്ള കയറ്റം ആരംഭിച്ചു. അവിടെ വ്യക്തമായതോ, നിരപ്പാക്കിയതോ ആയ പാതയില്ല. പകരം കുത്തനെയുള്ള പാറയിടുക്കുകളിലൂടെ പിടിച്ചു തൂങ്ങിയും പാറയിൽ നിന്ന് മറ്റൊരു പാറയിലേക്ക്‌ ചാടിയും അല്പം സാഹസമേറിയതാണ് വഴി. മുൻപേ കടന്നുപോയവർ അവശേഷിപ്പിച്ച അടയാളങ്ങൾ നോക്കി പിന്തുടർന്ന് കയറവേ കിഴക്ക് ഭാഗത്ത് വെളിച്ചം ഉദിച്ചു. മുകളിലേക്ക് ഇനിയും അല്പദൂരം കൂടി ഉണ്ടെങ്കിലും തുറസ്സായ ഒരു ഭാഗത്തേക്ക് നീങ്ങി ചക്രവാളം വ്യക്തമായി കാണാൻ കഴിയുന്ന ഒരിടതെത്തി ക്യാമറ തയ്യാറാക്കി നിന്നു. സൂര്യൻ ഉദിക്കാൻ തുടങ്ങുകയായിരുന്നു. മലയിടുക്കിൽ നിന്നും മൂടൽമഞ്ഞിനിടയിലൂടെ ചുവന്നു തുടുത്ത് സൂര്യൻ ഉയർന്നുപൊങ്ങി. ചുറ്റുമുള്ള മഞ്ഞുമൂടിയ ഗിരിനിരകളിൽ ആ ചുവപ്പുരാശി പ്രതിഫലിച്ചു. ഉദയപ്രഭയിൽ താഴ്വരകൾ മുഴുവനും വെട്ടിത്തിളങ്ങി. സൂര്യൻ കൂടുതൽ വലിപ്പമേറിയും കൂടുതൽ ചുവപ്പാർന്നും കാണപ്പെട്ടു. അനിർവചനീയമായ ഈ കാഴ്ച അനുഭവിച്ചാസ്വദിക്കാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറയുകയായിരുന്നു ഞാൻ ആ നിമിഷം. സൂര്യൻ ഉദിച്ചു കഴിഞ്ഞിരിക്കുന്നു. ഞാൻ ചുറ്റുപാടും നോക്കി. സൂര്യ പ്രകാശത്തിൽ കുളിച്ചു നിന്നിരുന്ന സ്വർണ്ണ നിറമാർന്ന കുന്നുകൾ വെള്ളി നിറത്തിലേക്കു രൂപാന്തരപ്പെടുന്നു. ഞാൻ അത്ഭുതത്തോടെ അവസാന കുന്നുകളുടെയും നിറമാറ്റം നോക്കി നിന്നശേഷം മുകളിലേക്കുള്ള കയറ്റം തുടർന്നു. ഏറെ ദൂരെയല്ലാതെ മലയുടെ നെറുകയിൽ എത്തി. 360 അക്ഷാംശത്തിൽ പ്രകൃതിയെ ആസ്വദിക്കാം എന്നതാണു ചന്ദ്രശിലയുടെ പ്രധാന പ്രത്യേകത. വിഷവായു ഇല്ലാത്ത പരിശുദ്ധമായ കാറ്റ് നാലുവശത്തുനിന്നും ഏറ്റുവാങ്ങി.  ആകാശം മുട്ടെ ഉയർന്നുനില്ക്കുന്ന മഞ്ഞുമൂടിയ മലനിരകൾ. വിദൂരസ്ഥവും അവ്യക്തവുമായ ഗ്രാമങ്ങളും താഴ്വരകളും കാണാം. താഴ്വരകളിൽ മൂടൽമഞ്ഞ് നിശ്ചലമായി കിടക്കുന്ന കടൽപോലെ തോന്നിച്ചു. അതൊരു സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നെനിക്ക് സംശയമുണ്ടായി. ഹിമനിരകളുടെ മുകൾഭാഗം ഉദയസൂര്യൻറെ കിരണങ്ങൾ തട്ടി അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു. അവിശ്വസനീയതയോടെ താഴെയുള്ള കാഴ്ചകളിലേക്കും ചുറ്റുമുള്ള മലകളിലെക്കും നോക്കിനിന്നു. മലമുകളിൽ  ചെറിയൊരു ശിവ പ്രതിഷ്ഠയുമുണ്ട്. പൂർണ്ണ നിലാവുള്ള രാത്രികളിൽ   മലമുകളിൽ ചിലവഴിക്കുന്ന നിമിഷങ്ങൾ മറ്റൊരിക്കൽ പോലും അനുഭവഭേദ്യമാകാത്ത അത്ര മനോഹരങ്ങളായിരിക്കും എന്നാണ് അനുഭവസ്ഥർ പറയുന്നത്.   അതുകൊണ്ട് തന്നെയാണ് ചന്ദ്രശില എന്ന പേര് വരുവാനുള്ള കാരണവും. ഞാൻ കാഴ്ചയിൽ മതി മറന്നുകൊണ്ട് പാറയുടെ മുകളിൽ മലർന്നു കിടന്നു. സുഖദായകമായ കാറ്റേറ്റ് അങ്ങനെ കിടക്കുമ്പോൾ മലനിരകളിലേക്ക് പതുക്കെ ഒഴുകി കൊണ്ടിരുന്ന മേഘങ്ങൾ എന്നെ അമ്പരപ്പിച്ചുകൊണ്ട് കയ്യെത്തും ദൂരത്തൂടെ കടന്നുപോയി.

പ്രഭാത ഭക്ഷണത്തിന് നേരമായെന്ന് ശരീരം ഓർമ്മപ്പെടുത്താൻ തുടങ്ങിയപ്പോഴേക്കും വെയിലിനു ചൂട് അനുഭവപ്പെടാൻ തുടങ്ങി. അൽപനേരം കൂടി അവിടെ ചെലവഴിച്ച ശേഷം മനസ്സില്ലാ മനസ്സോടെ മലയിറങ്ങി. കുത്തനെ കിടക്കുന്ന പ്രദേശത്തിലൂടെ ആദ്യമൊക്കെ ഇറക്കം നല്ല എളുപ്പത്തിലായിരുന്നു. എന്നാൽ പാറയിടുക്കുകളും ഗർത്തങ്ങളും പിന്നീട് ദുഷ്കരമായി തോന്നി. മൂടൽമഞ്ഞ് ഇടയ്ക്ക് താഴേക്കിറങ്ങി വരികയും ചിലപ്പോൾ മുകളിലേക്കുയരുകയും ചെയ്യുന്നു. മഞ്ഞിനടിയിൽ മറഞ്ഞു കിടക്കുകയാണ് പാത. തുങ്ങ് നാഥിൽ നിന്ന് ഒന്നുരണ്ടാളുകൾ മലകയറി വരുന്നത് കാണാമായിരുന്നു. മൂടൽമഞ്ഞിനിടയിലൂടെ നീങ്ങുന്ന കട്ടുറുമ്പുകളെ പോലെ തോന്നിച്ചു അവർ. ഭൂമി എല്ലായിടത്തും അതി സുന്ദരമായിരിക്കുന്നു.  പുല്മേടുകളും പാതയരികിൽ വിടർന്നുനില്ക്കുന്ന കാട്ടുപൂക്കളുമെല്ലാം മറ്റേതു ചെടികളെയും പുഷ്പങ്ങളെയുമപേക്ഷിച്ച് വിശേഷപ്പെട്ടതാണെന്ന് എനിക്ക് തോന്നി.  ഒരു ചെറിയ പുല്ക്കൊടിക്കോ കാട്ടുപൂവിനുപോലുമോ സവിശേഷമായ ഭംഗി കൊണ്ട് അത്ഭുതപ്പെടുത്താൻ കഴിയുന്നു. എതിർവശത്തെ കുത്തനെയുള്ള മലയിടുക്കുകളിലൂടെ കൂട്ടമായി നീങ്ങിയിരുന്ന ഹിമാലയൻ  വരയാടുകൾ എന്നെ വിസ്മയിപ്പിച്ചു. യാതൊരു ആയാസവും കൂടാതെ അവ കുത്തനെ കിടക്കുന്ന പാറയിടുക്കുകളിലൂടെ നീങ്ങികൊണ്ടിരുന്നു. തുങ്ങ് നാഥിൽ എത്തിയപ്പോൾ എന്റെ ഒരു സുഹൃത്തിനുവേണ്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നതനുസരിച്ച് ചില പൂജാസാമഗ്രികൾ വാങ്ങി പൂജാരിയെ ഏൽപ്പിക്കുകയുണ്ടായി. പട്ടുതുണിയിൽ പൊതിഞ്ഞ തേങ്ങയും, എണ്ണയും ചന്ദനതിരികളും പൂക്കളുമെല്ലാം അടങ്ങിയ പൂജാദ്രവ്യങ്ങൾ ഒരു താലത്തിലാക്കി കടകളിൽ നിരത്തി വച്ചിട്ടുണ്ട്. 100 മുതൽ 500 രൂപവരെ വിലവരുന്നതാണ് ഇവ. വിലയനുസരിച്ച് താലത്തിലെ സാമഗ്രികൾ കുറയുകയോ കൂടുകയോ ചെയ്യും. പ്രഭാത ഭക്ഷണമായി പൂരിയും കിഴങ്ങുകറിയും അകത്താക്കിയശേഷം അൽപനേരം കൂടി ക്ഷേത്ര പരിസരത്ത് ചുറ്റി നടന്നു. കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത കാഴ്ചകളാണ് ചുറ്റുപാടും. വെള്ളവും കുറച്ച് ബിസ്കറ്റ് പൊതികളും വാങ്ങി ബാഗിൽ ഭദ്രമാക്കി വച്ചു. ഏതാനും മണിക്കൂറുകൾ മുൻപ് ഞാൻ ഏകനായി കടന്നുവന്ന ശാന്തമായ പാതയിലൂടെ അപ്പോൾ അനേകം തീർത്ഥാടകർ കയറിവരുന്നുണ്ടായിരുന്നു. ചിലർ കുതിരപ്പുറത്താണ്‌ മലകയറുന്നത്. ധാരാളം വിദേശികളും ചന്ദ്രശിലയിലേക്ക് ട്രെക്കിങ്ങിനായി എത്തുന്നുണ്ട്. കുന്നിറങ്ങാൻ നേരം എന്റെ കണ്ണുകൾ പുൽമേടുകളിലൂടെ മോണാലിനെ തേടി പരതുകയായിരുന്നു. പക്ഷെ ഒന്നിനെ പോലും കണ്ടില്ല.

നടന്ന് നടന്ന്  ഞാൻ രാവിലെ കണ്ട ചായകടയുടെ സമീപമെത്തി. ഒരു ശവക്കല്ലറ പോലെ ശാന്തവും നിശ്ചലവുമായി കിടക്കുകയായിരുന്നു അതപ്പോഴും. ഞാൻ ബഞ്ചിനടിയിലേക്ക് നോക്കി. ഭയങ്കരത്വമാർന്ന രൂപത്തോടെ നായ അപ്പോഴും അവിടെ കിടന്നുറങ്ങുന്നുണ്ട്‌. ഞാൻ അതിനെ വിളിച്ചുണർത്തി. വേട്ടപ്പട്ടിയുടെ രൂപമാർന്ന അസാമാന്യ വലിപ്പമുള്ള നായ ഒരു നിമിഷം കണ്ണ് ചിമ്മി എന്നെ നോക്കിയശേഷം എഴുന്നേറ്റ് വാലാട്ടികൊണ്ട് എനിക്കരികിലേക്ക് വന്നു. നായയ്ക്ക്‌ വേണ്ടി വാങ്ങിയ ബിസ്കറ്റ് ഞാൻ ബാഗിൽ നിന്നെടുത്തു നല്കി. അത് നന്ദിയോടെ എന്റെ കാലുകളിൽ ഉരുമ്മുകയും വാലാട്ടുകയും ചെയ്ത ശേഷം ബിസ്കറ്റ് മുഴുവൻ അകത്താക്കി. കൊടും തണുപ്പിൽ എനിക്ക് അഭയം നല്കിയതിനു നന്ദി പറഞ്ഞുകൊണ്ട് ഞാൻ അതിന്റെ തലയിൽ തഴുകി യാത്ര പറഞ്ഞു. വാലാട്ടികൊണ്ട് സ്നേഹപൂർവ്വം കുറച്ചുദൂരം അതെന്നെ പിന്തുടർന്നു. പിന്നീട് കണ്ണുചിമ്മികൊണ്ട് വഴിയരികിൽ ഇരിപ്പായി. പാതയിലെ ഒരുതിരിവ് പിൻകാഴ്ചകൾ മറയ്ക്കുന്നത് വരെ ആ നായ എന്നെ നോക്കി ഇരിക്കുന്നത് കാണാമായിരുന്നു. വിദൂരഭാവിയിൽ എന്നെങ്കിലും ഞാൻ വീണ്ടും ഇവിടെ എത്തുമ്പോൾ ഒരിക്കൽക്കൂടി അതെന്നെ തിരിച്ചറിയുമായിരിക്കും എന്ന ചിന്തയോടെ ഞാൻ മലയിറങ്ങി. വനപാതയിൽ അൽപനേരം വിശ്രമിച്ചശേഷം വീണ്ടും ഇറക്കം. ഭക്ഷണശാലയിലെത്തിയപ്പോൾ വിക്രമും സീതമ്മയും സന്തോഷത്തോടെ സ്വീകരിച്ചിരുത്തി. മോണാലിനെ ഒന്നിനെപോലും കണ്ടില്ല എന്ന് നിരാശയോടെ അവരോടു വെളിപ്പെടുത്തിയപ്പോൾ സീതമ്മ ഒരു പരിഹാര മാർഗ്ഗം നിർദ്ദേശിച്ചു. വൈകിട്ട് പുല്ല് അരിയാൻ പോവുമ്പോൾ കൂടെ വന്നാൽ മോണാലിനെ കാണിച്ചുതരാം എന്ന് അവർ പറഞ്ഞപ്പോൾ അത്യാഹ്ലാദം തോന്നി. അവർക്ക് നന്ദി പറഞ്ഞുകൊണ്ട് മുറിയിലേക്ക് നടന്നു. അൽപനേരം വിശ്രമിച്ചശേഷം  വീണ്ടും വിക്രമിന്റെ ഭക്ഷനശാലയിലേക്ക് ചെന്നു. ക്യാമറയുടെ ബാറ്റെറി കടയിൽ ചാർജ് ചെയാൻ വച്ച ശേഷം അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന അയാളോടൊപ്പം വാചകമടിച്ച് ഇരിക്കുന്നതിനിടെ മുതുകിൽ വലിയൊരു കൊട്ടയും കയ്യിൽ അരിവാളുമേന്തി സീതമ്മ പ്രത്യക്ഷപ്പെട്ടു. പോക്കുവെയിൽ ഗ്രാമത്തെ കൂടുതൽ സുന്ദരമാക്കിയിരുന്ന സമയത്ത് ഞാൻ അവരോടൊപ്പം പുല്മേട്ടിലേക്ക് നടന്നു. കുത്തനെയുള്ള കുന്ന് കയറിയശേഷം കാട്ടിലൂടെ വെട്ടിയുണ്ടാക്കിയ നടപാതയിലൂടെയായിരുന്നു പുല്മെട്ടിലേക്ക് എത്തേണ്ടിയിരുന്നത്.  ഞാൻ ഒരു വലിയ മരകമ്പ് സംഘടിപ്പിച്ച്‌ അത് കുത്തികൊണ്ട് കുത്തനെയുള്ള കുന്ന് ആയാസപ്പെട്ട്‌ കയറാൻ തുടങ്ങിയപ്പോഴേക്കും, തന്റെ മെലിഞ്ഞ കാലുകൾക്കവുന്നത്ര വേഗതയോടെ സീതമ്മ മുകളിലെത്തി കഴിഞ്ഞിരുന്നു. കുന്നിൻ മുകളിൽ നിന്നാരംഭിക്കുന്ന വനപാതയിൽ മാനുകളുടെയും ചെന്നായ്ക്കളുടെയും കാലടിപാടുകൾ കാണപ്പെട്ടിരുന്നു. മരച്ചില്ലകൾക്കിടയിലൂടെ പറന്നകന്ന ചിറകടി ശബ്ദം മോണാലിന്റെതാണെന്ന് സീതമ്മ പറഞ്ഞുതന്നു. വനത്തിലൂടെ അല്പദൂരം നടന്നപ്പോഴേക്കും അസ്തമയ സൂര്യന്റെ പൊൻ വെളിച്ചം പ്രശോഭിപ്പിച്ചു കൊണ്ടിരുന്ന പുൽമേട്ടിൽ എത്തിച്ചേർന്നു. മലനിരകളുടെ നിഴലുകൾ പുൽമേട്ടിൽ പരന്നുകിടന്നിരുന്നു. ഞങ്ങളുടെ കാല്പെരുമാറ്റം കേട്ട് പുൽമേട്ടിൽ നിന്നും രണ്ടു മോണാൽ പക്ഷികൾ പറന്നുയർന്നു. കണ്ണഞ്ചിപ്പിക്കുന്ന വർണ്ണ ഭംഗിയോടു കൂടിയ ആണ്‍പക്ഷിയും  നമ്മുടെ കാട പക്ഷിയോട് സാദൃശ്യമുള്ള പെണ്പക്ഷിയും. വ്യക്തമായി കണ്ടെങ്കിലും ക്യാമറ തയ്യാറാക്കുന്നതിനു മുൻപേ അവ പുല്ലുകൾക്കിടയിൽ മറഞ്ഞിരുന്നു.  കാറ്റിൽ പുല്ലുകൾ ചായുകയും പരസ്പരം ഉരഞ്ഞ് ശബ്ദം ഉണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു. അല്പം ദൂരെ മാറി മറ്റൊരു പെണ്‍പക്ഷിയെ സീതമ്മ എനിക്ക് കാണിച്ചു തന്നു. നിഗൂഢമായ കുറുകലോടെ ആ പക്ഷി എന്റെ ക്യാമറയ്ക്ക് മുന്നിൽ ഒരുപാട് സമയം നിന്നുതന്നു. എന്നെ അത് വല്ലാതെ ആകർഷിച്ചു. കാരണം അതുപോലൊന്ന് ഞാൻ ആദ്യമായി കാണുകയായിരുന്നു. ഞാൻ മതിയാവോളം ചിത്രങ്ങൾ  പകർത്തികഴിഞ്ഞപ്പോഴേക്ക് താളാത്മകമായി ചിറകടിച്ചുകൊണ്ട് ആ പക്ഷി പറന്നുപോയി. ഞാൻ ചിത്രങ്ങൾ പകർത്തുന്നതിനിടെ സീതമ്മ പുല്ലരിയുന്നതിൽ വ്യാപൃതയായിരുന്നു. ചുമലിൽ ഒരു വലിയ പുൽകെട്ടുമേന്തി വളരെ ആയാസപ്പെട്ട്‌ അവർ എനിക്കരികിലെത്തി. ഞാൻ എത്ര നിർബന്ധിച്ചിട്ടും ആ ഭാരം ഞാനുമായി പങ്കുവയ്ക്കുവാൻ അവർ തയ്യാറായില്ല. ഇരുട്ട് പരക്കുന്നതിനുമുൻപ് വനപ്രദേശം പിന്നിടാനായി പുൽകെട്ടുമായി അവർ എനിക്ക് മുൻപിലായി വേഗത്തിൽ നടന്നുനീങ്ങി. രാത്രിയുടെ നിശബ്ദതയ്ക്ക് മുന്നോടിയായുള്ള പക്ഷികളുടെ ബഹളം വനത്തിൽ നിന്നുയർന്നുകേട്ടു. വായുവിൽ പുല്ലിന്റെയും കാടിന്റെയും ഗന്ധം വ്യാപിച്ചു. വനപ്രദേശം പിന്നിട്ടശേഷം ചുമലിലെ പുൽക്കെട്ട് താഴെവച്ച് കുന്നിൻ മുകളിൽ അൽപനേരം വിശ്രമിക്കാനിരുന്നപ്പോൾ ഞാൻ അവരെ കേരളത്തിലേക്ക് ക്ഷണിച്ചു. അവിടെ എന്താണ് കാണാനുള്ളത് എന്ന് ചോദിച്ച് അവർ ജിജ്ഞാസയോടെ എന്നെനോക്കി. കായലും കടലുമൊക്കെ ഉണ്ടെന്നു പറഞ്ഞപ്പോൾ അതെന്താണെന്നായിരുന്നു മറുചോദ്യം. ഞാൻ വിശദീകരിചെങ്കിലും കടലിനെ മനസ്സിൽ രൂപപ്പെടുത്താൻ അവർക്ക് കഴിയില്ല എന്ന് തോന്നി. വൈദ്യുതിയോ ടെലിവിഷനോ ഇതുവരെ കടന്നുചെല്ലാത്ത അവരുടെ ജീവിതത്തിൽ അത് സംഭാവ്യമായിരിക്കാം. ഈ സത്യങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം പുതിയ തിരിച്ചറിവുകളായിരുന്നു  അവരുടെ ജീവിതത്തിലെ നീണ്ട വർഷങ്ങൾ നിയതമായ വൃത്തത്തിനുള്ളിലെ ഏതാനും ഗ്രാമങ്ങളിലായി കഴിച്ചുകൂട്ടിയിരിക്കുന്നു. വർഷങ്ങൾക്കിടയിൽ ഏറിയാൽ ഹരിദ്വാർ വരെയുള്ള തീർത്ഥാടനം, അതിനപ്പുറമുള്ള ലോകം കാണണമെന്നുള്ള ചിന്തകൾപോലും അവർക്കില്ലെന്ന് തോന്നി. അവർക്ക് സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഉണ്ടോ? അറിയില്ല  പക്ഷെ അവർ പരിഭവങ്ങളേതുമേ ഇല്ലാതെ നിസ്വാർത്ഥമായി പകലന്തിയോളം പണിയെടുക്കുന്നു. അതായിതീർന്നിരിക്കുന്നു അവരുടെ ജീവിതചര്യ. സന്തോഷം നിറഞ്ഞ ചിരിയും സംസാരവും മാത്രമേ അവരിൽ നിന്ന് കേൾക്കാൻ കഴിയു. ഈ സത്യങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം പുതിയ തിരിച്ചറിവുകളായിരുന്നു. എന്റെ മനസ്സിൽ അവരോട് എന്തെന്നില്ലാത്ത സ്നേഹം വന്നു നിറഞ്ഞു.
ദൂരെ മഞ്ഞുമലകൾക്കപുറത്ത് സൂര്യൻ മറഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇരുട്ട് കാടിന്റെ ഓരോ മൂലയിൽ നിന്നും വ്യാപിച്ചു തുടങ്ങിയതോടെ ഞങ്ങൾ വേഗത്തിൽ കുന്നിറങ്ങി ഗ്രാമത്തിലേക്ക് നടന്നു. ഇരുണ്ട നിഴലുകൾ പാതയിലെങ്ങും വീണിരിക്കുന്നു. ആകാശത്തിന്റെ  ഭാഗത്ത് മാത്രം നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെട്ടു. കറുത്തിരുണ്ട മേഘങ്ങൾ ആകാശകാഴ്ചകൾ വിഴുങ്ങികഴിഞ്ഞിരുന്നു. ആകാശത്തേക്ക് നോക്കിയശേഷം രാത്രി മഴ പെയ്തേക്കും എന്ന് സീതമ്മ മുന്നറിയിപ്പ്തന്നു. ഗ്രാമത്തിൽ എത്തിയതോടെ അവർ പുൽകെട്ടുമായി, കാലിതൊഴുത്തിന്റെ ഇടുങ്ങിയ വാതിലിലൂടെ അതിനകത്തേക്ക് അപ്രത്യക്ഷയായി. അവരുടെ സാമീപ്യം തിരിച്ചറിഞ്ഞ കന്നുകാലികൾ മുരളുകയും നീട്ടികരയുകയും ചെയ്യുന്നുണ്ടായിരുന്നു. അവർ മൃഗങ്ങളോട് സംസാരിക്കുന്നത് പുറത്ത് തെരുവിൽ നിന്നും വ്യക്തമായി കേൾക്കാമായിരുന്നു. ഞാൻ ക്യാമറ മുറിയിൽ വച്ചശേഷം ഭക്ഷണശാലയിലെത്തി. ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായിരുന്നു വിക്രം. ചപ്പാത്തി ഉണ്ടാക്കാൻ ഞാനും അയാളോടൊപ്പം കൂടി.  സേവാശ്രമത്തിൽ നിന്നും കഴിച്ച വഴുതനങ്ങ ചുട്ടത്തിന്റെ രുചിയെ കുറിച്ച് വിക്രമിനോട് പറഞ്ഞപ്പോൾ, അതിലും രുചിയേറിയ വിഭവം ഉണ്ടാക്കിതരാം എന്ന് വിക്രം വാക്കുതന്നു. സീതമ്മ കുളി കഴിഞ്ഞ്‌ കട്ടിലിലിരുന്നു കൊണ്ട്, പ്രായവും അദ്ധ്വാനവും ശോഷിപ്പിച്ച തന്റെ നേർത്ത കാലുകളിൽ വേദനയ്ക്കുള്ള എണ്ണ പുരട്ടുകയാണ് ആരോടും പരിഭവമില്ലാതെ. അല്പ സമയത്തിനുള്ളിൽ ചുട്ട വഴുതനങ്ങ കൊണ്ടുണ്ടാക്കിയ രുചിയേറിയ കറിയും ചപ്പാത്തിയും തയ്യാറായി. വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടിരുന്നതിനാൽ ഭക്ഷണം കഴിച്ചശേഷം മുറിയിലേക്ക് നടന്നു. രാത്രിയുടെ നിശ്ചലത ഗ്രാമത്തെ ആവരണം ചെയ്തിരിക്കുന്നു. മേഘങ്ങളുടെ കറുത്ത ചിറകുകളിൽനിന്നും മഴത്തുള്ളികൾ ഭൂമിയിലേക്ക്‌ ചാറാൻ തുടങ്ങിയതോടെ ഞാൻ മുറിയിലേക്ക് ഓടി. ഇരുട്ട് നിറഞ്ഞ മുറിയുടെ ജാലകചില്ലിൽ മഴത്തുള്ളികൾ ചിത്രങ്ങൾ വരയ്ക്കുന്നത് കണ്ടുകൊണ്ടു എപ്പോഴോ നിദ്രയിലേക്ക് വീണു.

രാവിലെ ഒൻപതു മണിക്ക് ഗ്രാമത്തിലെത്തുന്ന ബസ്സിൽ ബദ്രിനാഥിലേക്ക് പോവാനായി തയ്യാറായിനിന്നു. പ്രഭാതഭക്ഷണം കഴിച്ചശേഷം അതുവരെയുള്ള താമസത്തിന്റെയും ഭക്ഷണത്തിന്റെയും തുക വിക്രമിനെ ഏല്പ്പിച്ചു. അധികമായി നല്കിയ തുക സ്വീകരിക്കാൻ സീതമ്മയൊ വിക്രമോ കൂട്ടാക്കിയില്ല. ബസിൽ കയറാൻ ഒരുങ്ങവേ സീതമ്മ പുഞ്ചിരിച്ചുകൊണ്ട് എന്റെ തലയിൽ  കൈവച്ച് അനുഗ്രഹിച്ചു. മാതൃത്വത്തിന്റെ സകല നന്മകളും ആ പുഞ്ചിരിയിൽ പ്രകടമായിരുന്നു. ഗാഢമായ ഒരാലിംഗനത്തോടെ അവരോടു യാത്രപറയവേ മിഴികളിൽ ഉരുണ്ടുകൂടിയ കണ്ണീർ മറ്റാരും കാണാതിരിക്കാനായി ശ്രദ്ധിച്ചു. ഊഷ്മളമായ ആലിംഗനത്താൽ വിക്രമിനോട് യാത്ര പറഞ്ഞ് വാഹനത്തിൽ കയറി. ദുഖത്തിന്റെ നിഴല്പാട് അവശേഷിപ്പിച്ചുകൊണ്ട്‌,  നിഷ്കളങ്ക സ്നേഹത്തിനാൽ ദൂരത്തെയും കാലത്തെയും കീഴടക്കുന്ന ആ മനുഷ്യരെ പിന്നിട്ട് വാഹനം മുന്നോട്ട് നീങ്ങി. ഗ്രാമവും ഗ്രാമവാസികളും ഓർമ്മ മാത്രമായി പിറകിൽ മാഞ്ഞു.

യാത്രകൾ പകരുന്ന വിശദീകരിക്കാൻ കഴിയാത്ത സന്തോഷത്തിൽ അഭിരമിച്ചുകൊണ്ട് വണ്ടിയിൽ ഇരിക്കവേ, നീലാകാശവും കുന്നുകളും ഇഴചേർന്ന പുതിയ കാഴ്ചകൾ കണ്മുന്നിലേക്ക് ഓടിയെത്തി. പുതിയ തീരത്തേക്കുള്ള മറ്റൊരു യാത്ര. പ്രഭാതത്തിലെ കാറ്റ് ശുദ്ധവായു വഹിച്ചുകൊണ്ടുവന്ന് മുഖത്തടിച്ചു. ശാന്തമായ മലനിരകൾക്കിടയിലൂടെ വാഹനം നീങ്ങി കൊണ്ടിരുന്നു. ചമോലി എന്ന സ്ഥലെത്തെത്തിയശേഷം മറ്റൊരു വാഹനത്തിലാണ് ബദ്രിനാഥിലേക്ക്  പോവേണ്ടത്. മല മടക്കുകളെ ചുറ്റിയുള്ള വൻ കയറ്റങ്ങൾ നിറഞ്ഞതാണ്‌ വഴി. വളരെ സാവധാനത്തിലാണ് വാഹനം നീങ്ങിയിരുന്നത്. ചുറ്റുമുള്ള മനോഹര പ്രപഞ്ചത്തിലേക്ക് , അനിർവചനീയമായ തെളിമയോടെ നിലകൊള്ളുന്ന കാഴ്ചകളിലേക്ക് അത്ഭുതാദാരങ്ങളോടെ നോക്കിയിരിക്കുകയായിരുന്നു ഞാൻ. ചില സ്ഥലങ്ങളിൽ റോഡുകൾ തകർന്ന് കൊക്കയിലേക്ക് വീണിരിക്കുന്നു. ഇത്തരം സ്ഥലങ്ങളിൽ വലിയ വാഹനം എതിർദിശയിൽ നിന്നും വരുമ്പോഴുള്ള ഗതാഗത കുരുക്ക് പതിവാണ്. എതിർ ദിശയിൽ നിന്നും വരുന്ന വാഹനത്തിനു കടന്നുപോവാനുള്ള സ്ഥലം പോലുമില്ലാത്തത്ര ഇടുങ്ങിയതാണ് പാത. കമാനം പോലെ പാതയിലേക്ക് തള്ളിനില്ക്കുന്ന പാറകൾ ഒരുവശത്തും മറുവശത്ത്‌ താഴെ അഗാധതയിലൂടെ ഇരമ്പിയൊഴുകുന്ന നദിയും. ബദ്രിനാഥിലേക്കുള്ള യാത്രയിൽ കണ്ട മനോഹരമായ പ്രദേശമാണ് ഗോവിന്ദ്ഘട്ട്. പൂക്കളുടെ താഴ്വരയിലെക്കുള്ള യാത്ര ആരംഭിക്കുന്നത് അവിടെ നിന്നാണ്. യാത്രയിലെ പതിവ് കാഴ്ചകളുടെ പരിചിത മാനങ്ങൾക്കപ്പുറമായിരുന്നു ആ അനുഭവം. മലയിടുക്കുകളും , ദേവദാരു മരങ്ങളും മനോഹരങ്ങളായ താഴ്വരകളും, കൂർത്ത മുനയുള്ള പർവ്വതങ്ങളും ഒന്നിച്ചു ചേർന്ന ദേവഭൂമി. ഗോവിന്ദ്ഘട്ടിൽ നിന്ന് 25 കി.മി. ദൂരം പിന്നിട്ടാൽ ബദ്രിനാഥിലെത്തിചേരാം. പക്ഷെ പാത കൂടുതൽ അപകടം പിടിച്ചതാണ്. ഭയപ്പെട്ടതുപോലെതന്നെ വലിയൊരു ഗതാഗത കുരുക്കിൽ അകപ്പെട്ടു. വാഹനങ്ങളുടെ നീണ്ട നിര ദൂരെ നിന്നുതന്നെ കാണപ്പെട്ടിരുന്നു. റോഡ്‌ ഇടിഞ്ഞ് താഴേക്ക് പതിച്ചിരിക്കുകയാണെന്ന് ഡ്രൈവർ പറഞ്ഞു. ഒരു സമയം ഒരു വശത്ത്‌ നിന്നുള്ള വാഹനങ്ങൾ മാത്രമേ കടത്തി വിടുന്നുണ്ടായിരുന്നുള്ളൂ. ഒരുപാട് സമയമെടുത്താണ് അപകട സ്ഥലത്ത് എത്തിച്ചേർന്നത്. ആ സ്ഥലം പിന്നിടുമ്പോൾ ഞാൻ ജാലകത്തിലൂടെ താഴേക്ക് നോക്കി. വാഹനത്തിന്റെ ചക്രങ്ങളോട് വളരെ ചേർന്ന് റോഡ്‌ അഗാധതയിലേക്ക്‌ ഇടിഞ്ഞു പോയിരിക്കുന്നു. താല്കാലികമായി നിർമ്മിച്ചിരിക്കുന്ന ഭാഗത്തെ കല്ലുകൾ ചക്രങ്ങളിൽ തട്ടി ആയിരകണക്കിന് അടി താഴ്ചയിലേക്ക് പതിക്കുന്നു. . ശ്വാസമടക്കിപിടിച്ചാണ് ആ ഭാഗം പിന്നിടുന്നത് വരെ ഞങ്ങൾ വണ്ടിയിൽ കഴിച്ചുകൂട്ടിയത്. വൈകിട്ട് അഞ്ചുമണിയോടെ ബദരിനാഥ് ബസ്സ്‌ സ്റ്റെഷനിൽ എത്തിച്ചേർന്നു. അളകനന്ദയുടെ ശബ്ദ പ്രവാഹത്തിലെക്ക് തുറക്കുന്ന ഹോട്ടലിൽ തന്നെ  മുറിയെടുത്ത് യാത്രയുടെ ക്ഷീണമെല്ലാം കഴുകി കളഞ്ഞു. ക്ഷേത്ര ദർശനത്തിനു യോജിച്ച സമയം പുലർച്ചെയാണ്. പ്രധാന പൂജകളൊക്കെയും ആസമയത്താണ് നടക്കുക. പുലർച്ചെ നാലുമണിക്ക് മുൻപുതന്നെ ക്ഷേത്ര ദർശനത്തിനുള്ള നീണ്ട നിര രൂപപ്പെട്ടു തുടങ്ങും എന്ന് ബസ്സിലുണ്ടായിരുന്ന എന്റെ സഹയാത്രികൻ പറഞ്ഞിരുന്നു. പക്ഷെ  വൈകുന്നേരം തന്നെയാണ് ക്ഷേത്ര സന്ദർശനത്തിനായി ഞാൻ തിരഞ്ഞെടുത്തത്. നിതാന്ത മൌനത്തിലൂടെയുള്ള സ്വച്ഛമായ ഈശ്വര ധ്യാനമാണ് ഞാൻ എപ്പോഴും ആഗ്രഹിക്കാറുള്ളത്‌. വിശ്വാസം ഏതായാലും മനുഷ്യനെ പോള്ളയായിട്ടുള്ള ഭ്രമകല്പനകൾ നിറഞ്ഞ ഈ ലോകത്തിൽനിന്നും അടർത്തിമാറ്റി ഈശ്വരനിലേക്ക് അനായാസം വഴിയൊരുക്കാൻ ദേവാലയങ്ങൾക്ക് കഴിയും. അതിൽ കൂടുതൽ പ്രാധാന്യം വിഗ്രഹങ്ങൾക്കോ മതപരമായ ആചാരങ്ങൾക്കോ ഞാൻ ഒരിക്കലും നല്കിയിട്ടില്ല. ഇത്തരം മഹത്തായ മനുഷ്യ സൃഷ്ടികൾ കണ്ടാസ്വദിക്കുക എന്നതിലുപരി വിശ്വാസപരമായ ലക്ഷ്യങ്ങൾ കണ്ടെത്തുക എന്റെ യാത്രകളിൽ സംഭവ്യമല്ല.

ഇരംബിയൊഴുകുന്ന അളകനന്ദ നദിക്ക് കുറുകെയുള്ള പാലം കടന്നു ചെന്നത് ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടിലേക്കാണ്. 10585 അടി ഉയരത്തിൽ, മഞ്ഞുമൂടി കിടക്കുന്ന നീലകണ്‌ഠ പർവ്വതത്തിന്റെ വിശാലമായ താഴ്വരയിൽ കാലഭേദങ്ങളെ ഉലംഘിച്ച് നിലകൊള്ളുകയാണ് ക്ഷേത്രം. ആകാശം മുട്ടി നില്ക്കുന്ന നീലകണ്‌ഠ ശൃംഗവും ചുറ്റുമുള്ള വിശാലമായ താഴ്വര കാഴ്ച്ചകളുമെല്ലാം സന്ധ്യാ മൂകതകളിലും ഇരുളിലും ആഴ്ന്നുപോയിരുന്നു. ചിതറി കിടക്കുന്ന ചെറിയ ചെറിയ കെട്ടിടങ്ങളെയും കടകളെയും തൊട്ടുകിടക്കുന്ന നിലയിലാണ് ക്ഷേത്രം. പുറമേ നിന്നുള്ള ദൃശ്യ ഭംഗിക്ക് അത് കുറവ് വരുത്തുന്നുണ്ട്. പടവുകൾ കയറി ചെല്ലുന്നത് കടും നിറങ്ങളാലും കൊത്തുപണികളാലും അലങ്കരിച്ചിട്ടുള്ള മനോഹരമായ പ്രവേശന കവാടത്തിലേക്കാണ്. കടുത്ത നിറങ്ങളും കൊത്തുപണികളുമെല്ലാം തന്നെ ബുദ്ധമത ക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്നു. അപ്പോഴാണ്‌ സങ്കല്പാതീതങ്ങളായിട്ടുള്ള ചില കഥകൾ  സ്മൃതിപഥത്തിലേക്ക് ഓടിയെത്തിയത്.
യഥാർഥത്തിൽ ബുദ്ധക്ഷേത്രമായിരുന്നു ഇതെന്നും, ആദിശങ്കരൻ ഇവിടെ എത്തി ബുദ്ധ പ്രതിമ അളകനന്ദയിലേക്കെറിഞ്ഞുകളഞ്ഞു  എന്നുമാണ് കഥ. സങ്കല്പ കഥയോ ചരിത്രമോ എന്നറിയില്ല, പ്രജ്ഞയുടെ അഗാധ താഴ്വരകളിൽ ഇതിന്റെ  വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും തേടി അലഞ്ഞുകൊണ്ട് ക്ഷേത്ര കവാടത്തിലൂടെ അകത്തേക്ക് പ്രവേശിച്ചു.
വൈദ്യുത ദീപങ്ങളുടെ പ്രഭയിൽ കൂടുതൽ മനോഹരമായിരിക്കുകയാണ് ക്ഷേത്രത്തിന്റെ ഉൾഭാഗം. പത്മാസനത്തിൽ ഉപവിഷ്ടനായ മഹാവിഷ്ണുവിന്റെ മനോഹരമായ വിഗ്രഹമാണ്‌ അവിടെ നമ്മെ സ്വാഗതം ചെയ്യുക. കറുത്ത് തിളങ്ങുന്ന കല്ലുകൊണ്ടാണ് അത് നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിനകത്ത് നിന്നും മണിയടികളും മന്ത്രോച്ചാരണങ്ങളും മുഴങ്ങി കേട്ട് കൊണ്ടിരിന്നു. അവിസ്മരണീയമായ അനുഭവമാണത്. ആരാധനാ മൂർത്തിയെയും, അതിഗഹനമായ അതിന്റെ സങ്കൽപ്പത്തെയും കുറിച്ച് ചിന്തിച്ചുകൊണ്ട് ധ്യാന തീപ്തമായ മനസ്സുമായി അവിടെ ചെലവഴിക്കുന്ന നിമിഷങ്ങൾ വിശ്വാസികളുടെ ഇന്ദ്രിയങ്ങളെ ഉദ്ധീപിപ്പിച്ചിരിക്കും.

ക്ഷേത്രത്തിനു പുറത്ത് അളകനന്ദയുടെ കോലാഹലങ്ങളാണ്. വല്ലാത്തൊരു ശബ്ദത്തോടെയാണ് നദി ഒഴുകുന്നത്‌. ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ ചിത്രങ്ങൾ എടുക്കുന്നവരുടെ തിരക്ക് മറ്റൊരു വശത്ത്. ക്ഷേത്രത്തിനും നദിക്കുമിടയിലായാണ് തപ്ത കുണ്ഡ് എന്ന നീരുറവ. ഭക്തർക്ക്‌ കുളിക്കാനായി കെട്ടിയുണ്ടാക്കിയ ജല സംഭരണിയിലേക്ക് ചൂട് നീരുറവയിൽ നിന്നുള്ള ജലം പൈപ്പ് വഴി എത്തിക്കുകയാണിവിടെ. അവിടെയും തീർഥാടകരുടെ വൻ തിരക്കാണ്. ഏതൊക്കെയോ കാരണങ്ങൾകൊണ്ട് ആ തിരക്കിൽ നിന്നും രക്ഷപെടാൻ മനസ്സ് വെപ്രാളപ്പെട്ടുകൊണ്ടിരുന്നു. ക്ഷേത്രമുറ്റത്ത് ഭിക്ഷയാചിക്കുന്ന സന്യാസിമാരെ പിന്നിട്ട് പുറത്തേക്ക് നടന്നു. അസഹനീയമായ തണുപ്പിൽ ദേഹം കിടുകിടാ വിറയ്ക്കാൻ തുടങ്ങി. ഭക്ഷണശേഷം വേഗത്തിൽ മുറിയിലേക്ക് നടന്നു. ജാലകത്തിലൂടെ നോക്കിയാൽ  മഞ്ഞുമൂടികിടക്കുന്ന നീലകണ്‌ഠ മല കാണാം. ഇരുളും നിഴലുകളും നിറഞ്ഞ് മൌനതിലാണ്ട് കിടക്കുകയാണ് അത്. പുലരിയിലെ നീലകണ്‌ഠ കാഴ്ച അതിമനോഹരമാണെന്ന് കേട്ടിട്ടുണ്ട്. അതിനായി സൂര്യോദയത്തിനു മുൻപ് തന്നെ ഉണരാൻ തീരുമാനിച്ച് പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടി. വസ്‌ത്രങ്ങൾ പലതു ധരിച്ചിട്ടും തണുപ്പുമൂലം ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. അളകനന്ദയുടെ ആരവം കേട്ട് കിടക്കുന്നതിനിടയിൽ എപ്പോഴോ ഉറക്കത്തിലേക്ക് വീണു.
അഞ്ചരയ്ക്ക് അലാറം അടിച്ചതോടെ തിടുക്കത്തിൽ എഴുന്നേറ്റ് ക്യാമറയുമായി ജനലരികിൽ നില്പ്പായി. നീലകണ്‌ഠ മലയ്ക്കു അപ്പോഴും നീല നിറം തന്നെ ആയിരുന്നു. കിഴക്ക് നിന്നും പ്രകാശ രേണുക്കൾ തെളിഞ്ഞു വരാനായി ഞാൻ കാത്തുനിന്നു. അല്പനേരത്തെ കാത്തിരിപ്പിനൊടുവിൽ കിരണങ്ങൾ നീലകണ്‌ഠ ശൃംഗത്തിലെ ഉറഞ്ഞു കിടക്കുന്ന മഞ്ഞിൽ പറ്റിപിടിക്കാൻ തുടങ്ങി. ശുഭ്രമായ മഞ്ഞുമലകളിൽ സൂര്യകിരണങ്ങൾ വീഴുമ്പോൾ അത് കണ്ടു നില്ക്കുക ഏറെ ഹൃദ്യമാണ്. ഈ കാഴ്ച എനിക്ക് ഒട്ടും തന്നെ അപരിചിതമല്ല. പക്ഷെ ഓരോ തവണയും ഈ വിസ്മയകാഴ്ച അതിന്റെ പാരമ്യതയിൽ  എന്റെ ഉള്ളിലുള്ള സകലതിനെയും ഉദ്ധീപിപ്പിക്കുന്നു.


രാവിലെ കാപ്പി കുടിച്ചതിനു ശേഷം മനാ ഗ്രാമത്തിലേക്ക് നടന്നു. ബദ്രിനാഥിൽ നിന്നും ഏതാണ്ട് 4 കി. മി. ദൂരെയാണ് മനാ എന്ന ഗ്രാമം. ചൈനീസ് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഇന്ത്യയിലെ അവസാന ഗ്രാമമാണ് മനാ. ധ്യാന നീലിമയാർന്ന ഗിരി ശൃംഗങ്ങളെ പിന്നിട്ട് അളകനന്ദയുടെ തീരത്തൂടെ ഗ്രാമത്തിലേക്ക് നടക്കുമ്പോൾ മംഗോളിയൻ മുഖച്ഛായയുള്ള ഗ്രാമവാസികൾ ഉരുള കിഴങ്ങ് പാടങ്ങളിൽ അദ്ധ്വാനം തുടങ്ങി കഴിഞ്ഞിരുന്നു. ചെമ്മരിയാടും ഉരുളകിഴങ്ങുമാണ് ഗ്രാമ വാസികളുടെ പ്രധാന വരുമാന മാർഗ്ഗം. ഗ്രാമത്തിൽ എത്തുന്നതിനു തൊട്ടുമുൻപായി ഇന്ത്യൻ പട്ടാളത്തിന്റെ ബേസ് ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. സ്വരാജ്യത്തിനു വേണ്ടി രാവെന്നോ പകലെന്നോ ഇല്ലാതെ, മഞ്ഞെന്നോ വെയിലെന്നൊ ഇല്ലാതെ ജാഗ്രതയോടെ നിലകൊള്ളുന്ന
സൈനികരെ പിന്നിട്ട് ഗ്രാമത്തിലെത്തി. കരിങ്കൽ പാളികളും മണ്ണും ഉപയോഗിച്ച് നിർമ്മിച്ച ചെറിയ വീടുകളാണ് ഗ്രാമം മുഴുവൻ. ഗ്രാമത്തിലെ വ്യാസ ഗുഹ ആയിരുന്നു  ലക്ഷ്യം. 5300 ലേറെ വർഷം പഴക്കമുള്ള ഈ ഗുഹയിലാണ് വ്യാസമുനി ജീവിച്ചിരുന്നത് എന്ന് വിശ്വസിക്കപ്പെടുന്നത്. വ്യാസമുനിയുടെതായ ഒരു കല്പ്രതിമയും അതിനകത്ത് ഉണ്ട്. ഗുഹയുടെ പുറംഭാഗം കോണ്ക്രീറ്റ് ചെയ്തു രൂപമാറ്റം വരുത്തിയിരിക്കുകയാണ്. എന്നെ കോരിത്തരിപ്പിച്ചത് ഗുഹയ്ക്കുള്ളിലെ തണുപ്പും നിശബ്ദതയുമായിരുന്നു. പുറത്തെ ശബ്ദാധിക്യത്തെ മുഴുവനായി വിഴുങ്ങാൻ മാത്രം എന്ത് പ്രത്യേകത യാണ് ഇതിനുള്ളത് എന്നായിരുന്നു എന്റെ ചിന്ത. വിശ്രാന്തിയുടെ അപാരതകളിലേക്ക്‌ ആഴ്ന്ന് പോവുന്നതായിരുന്നു അവിടെ ചെലവഴിച്ച ഓരോ നിമിഷവും. പെട്ടെന്ന് നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് കാലൊച്ചകൾ കേൾക്കായി. പത്തോളം പേരടങ്ങുന്ന സൈനികരുടെ ഒരു കൂട്ടം അവിടെ എത്തിചേർന്നു. ഒഴിവാക്കാനാവുമായിരുന്ന അവരുടെ ഉച്ചത്തിലുള്ള സംസാരവും ബഹളവുമെല്ലാം ഗുഹയുടെ എല്ലാ ഭിത്തികളെയും ഭേദിച്ചുകൊണ്ട് പ്രതിധ്വനിച്ചു. അസ്വസ്ഥമായ ചുറ്റുപാടിൽനിന്നു രക്ഷപെടാൻ മനസ്സ് വെപ്രാളപ്പെടുകയായിരുന്നു. പുറത്തിറങ്ങി അഴിച്ചുവച്ച ഷൂസ് ധരിക്കുന്നതിനിടയിൽ സൈനികർ എനിക്കരികിലെത്തി കുശലാനേഷ്വണം നടത്തി. എന്റെ ഏകാന്ത യാത്രകളുടെ അനാദ്യന്ത പ്രവാഹത്തെ കുറിച്ച് വളരെ ചെറിയൊരു വിശദീകരണം നല്കവേ അവരെല്ലാംതന്നെ രസംപിടിച്ചുകൊണ്ട് എനിക്ക് ചുറ്റുംകൂടി. അവരുടെ നിത്യേനെ ഉള്ള പരിശീലനത്തിന്റെ ഭാഗമായി വസുധാര വെള്ളച്ചാട്ടത്തിനു സമീപത്തേക്ക് ട്രെക്കിംഗ് നടത്തുകയാണവർ. എന്നെയും യാത്രയ്ക്ക് ക്ഷണിച്ചതോടെ നൊടിയിടയിൽ യാത്രയ്ക്കിടയിൽ മറ്റൊരു അന്തർയാത്ര രൂപപ്പെട്ടു. ഗ്രാമത്തിൽ നിന്നും 3 കി.മി. മലകയറി വേണം വസുധാര വെള്ളച്ചാട്ടത്തിനു സമീപം എത്തിച്ചേരുവാൻ. അംബര ചുംബികളായ പർവ്വതങ്ങൽക്കിടയിലെ കല്ലുകൾ പാകിയ ഒറ്റയടിപാതയിലൂടെ യാത്ര ഏറെ ഹൃദ്യമാണ്. ഹരിത സാന്ദ്രതയും മഞ്ഞിന്റെ വെണ്മയും ചേർന്ന ദൃശ്യ ഭംഗിയാണ് ചുറ്റിലും. പലതരം പൂക്കളും പുല്ലുകളും നിറഞ്ഞ ഹിമാലയൻ താഴ്വരകൾ. ഞങ്ങൾ വളരെ വേഗത്തിലാണ് നടന്നത്. തമാശകളും പൊട്ടിച്ചിരികളുമായി രസകരമായിരുന്നു യാത്ര. കയറ്റത്തിനിടെ പല സ്ഥലത്തും ഇരിക്കേണ്ടി വന്നു എനിക്ക്. പക്ഷെ കൂടെയുള്ള സൈനികർക്ക് കിതപ്പൊന്നുമുണ്ടായിരുന്നില്ല. അവർ യാത്ര ആരംഭിച്ചതുപോലെ തന്നെ ഊർജ്ജസ്വലരായിരുന്നു. ഇടയ്ക്കൊരിടത്ത് വിശ്രമിക്കാനിരിക്കുന്നതിനിടെ ഞാൻ ബാഗിൽ നിന്നും ഗ്ലുകോസ് കലർത്തിയ വെള്ളവും ബാദാമും പുറത്തെടുത്തതോടെ അവർ എനിക്ക് ചുറ്റുംകൂടി. ഉണക്ക പഴങ്ങൾ നിറഞ്ഞ പൊതി പുറത്തെടുത്ത ശേഷം എന്താണ് അവിടെ സംഭവിച്ചത് എന്ന് മനസ്സില്ലാക്കുന്നതിനു മുൻപേ കാലിയായ കവറും വെള്ളകുപ്പിയും എന്നെ തിരിച്ചേൽപ്പിച്ചു. പ്ലാസ്റ്റിക്‌ വഴിയിലെങ്ങും ഉപേക്ഷിക്കരുത് എന്ന ഉപദേശവും ലഭിച്ചു. വസുധാരയിലെ ഔഷധ ഗുണമുള്ള ജലത്തെ ലക്ഷ്യമാക്കി വരണ്ട തൊണ്ടയുമായി അവരോടൊപ്പം കയറ്റം തുടർന്നു.

കാൽകീഴിൽനിന്നും തെന്നിമാറുന്ന ഉരുളങ്കല്ലുകൾ നിറഞ്ഞ പാത ചിലയിടങ്ങളിൽ ദുർഘടമാണ്. താഴെ അലറി കുതിച്ചൊഴുകുന്ന അളകനന്ദ നമ്മെ വിസ്മയിപ്പിക്കും. വെള്ളച്ചാട്ടം ദൂരെനിന്നേ ദൃശ്യമാണെങ്കിലും അടുത്തെത്തിയതോടെ  ഹിമാലയത്തിന്റെ വൈരുധ്യ വിസ്മയങ്ങളാർന്ന ആ അനുസ്യൂത പ്രവാഹത്തിലേക്ക് നോക്കിയിരുന്നുപോയി.  400 അടി ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടം താഴെ അളകനന്ദയിൽ ലയിക്കുന്നു. വെറുതെ പ്രവാഹത്തിലേക്ക് നോക്കിയിരിക്കുന്നതിൽ ഏറെ രസം തോന്നി. തിരികെ പോവാൻ സമയമായി എന്ന് സൈനികർ ഓർമ്മിപ്പിച്ചു. പക്ഷെ അവരോടൊപ്പം പോവാതെ അൽപനേരം കൂടി അവിടെ ഇരിക്കാൻ ഞാൻ തീരുമാനിച്ചു. ആ നിർമ്മല പ്രവാഹത്തിൽ നിന്നും മതിയാവോളം ജലം കോരികുടിച്ചു. അളകനന്ദ, ദേവ്പ്രയാഗിൽ വച്ച് ഭാഗീരഥിയുമായി ചേർന്നാണ് ഗംഗ രൂപം കൊള്ളുന്നത്‌. ഭാഗീരഥി വളരെ ശാന്തയായി ഒഴുകുമ്പോൾ വല്ലാത്ത ശബ്ദാധിക്യത്തോടെ വേഗത്തിൽ പ്രവഹിക്കുന്ന അളകനന്ദ എന്നെ അത്ഭുതപ്പെടുത്തുന്നു. വിശ്രാന്തി തീരങ്ങളിലേക്കുള്ള രൂപാന്തരപ്പെടലിനു വേണ്ടിയാണോ ഈ തിടുക്കം. മൌനത്തിന്റെ ഗഹന സാന്ദ്രതയിലാഴ്ന്ന്  ആ പ്രവാഹത്തിനു മുന്നിൽ കണ്ണുകളടച്ചുകൊണ്ട് അൽപനേരം ഇരുന്നു. തിരികെ ഗ്രാമത്തിലെത്തിയപ്പോൾ ഉച്ച കഴിഞ്ഞിരുന്നു. ഭക്ഷണം കഴിച്ചശേഷം ബദ്രിനാഥിലേക്ക് നടന്നു.

തീഷ്ണമായ ഉച്ചവെയിലിലും അന്തരീക്ഷത്തിൽ തണുപ്പ് നിറഞ്ഞു നിന്നിരിന്നു. വൈകുന്നേരം ക്ഷേത്രത്തിലും സമീപത്തെ തെരുവുകളിലും പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാതെ അലഞ്ഞു നടന്നു. പിറ്റേന്ന് പുലർച്ചെ ഹരിദ്വാറിലേക്കുള്ള ബസ്സിൽ കയറി. സഞ്ചാരത്തിന്റെ ക്ഷീണവും വിശ്രാന്തിയും ഏറ്റുവാങ്ങിയ ഒരു യാത്ര അവസാനിക്കുമ്പോൾ ഞാൻ ഒരിക്കൽക്കൂടി കണ്ണുകളടച്ചിരുന്നു.  ഏറെ വിദൂരതയിൽ ഘനമേറിയ ഭാവ പ്രവാഹങ്ങളോടെ ഒരു നദി കുതിച്ചു പായുകയാണ് എന്നിലേക്ക്‌ . എന്റെ എല്ലാ വിചാരങ്ങളുടെയും ഭിത്തികൾ ഭേദിച്ചുകൊണ്ട് അത് കടന്നുപോവുന്നു. അതെ ആ നദി ഇപ്പോൾ ഒഴുകുന്നത്‌ എന്നിലൂടെയാണ്. 

ലളിത സുന്ദരം... സിക്കിം

കല്കട്ടയിലെ ഹൌറ സ്റ്റെഷനിലേക്ക് വണ്ടി അടുക്കുമ്പോൾ നട്ടുച്ചയുടെ ആലസ്യതയിലായിരുന്നു ഞാൻ. ചിറാപുഞ്ചിയിലേക്കുള്ള യാത്ര മദ്ധ്യേ ആണ് ഇന്ത്യയിലെ ഏറ്റവും വലുതും, പുരാതനവുമായ ഹൌറ സ്റ്റെഷൻ സന്ദർശിക്കാൻ അവസരമുണ്ടായത്. സ്വപ്നങ്ങളുടെ പാത പിന്തുടർന്ന എന്റെ യാത്രകളിലെ അത്രമേൽ അസാധാരണമായ ഒന്നായിരുന്നു ഈ യാത്ര. ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശത്തേക്കുള്ള എന്റെ ആദ്യ യാത്രയായിരുന്നു അത്. രണ്ടു ദിവസം ചിറാപുഞ്ചിയിലും മൂന്നു ദിവസം സിക്കിമിലും ചിലവഴിക്കാൻ തീരുമാനിച്ചാണ് യാത്ര പുറപ്പെട്ടത്‌. ഹൗറയിൽ നിന്നും ഉച്ചയ്ക്ക് 2.30ന് ആണ് ഗുവാഹട്ടിയിലെക്കുള്ള തീവണ്ടി. രാവിലെ ഏഴുമണിയോടെ ആസാമിലെ ഗുവാഹട്ടിയിൽ എത്തിയശേഷം അവിടെനിന്ന് റോഡ്‌ മാർഗ്ഗം മേഘാലയയുടെ തലസ്ഥാനമായ ഷില്ലൊങ്ങിലെക്കു പോകുവനാണ് തീരുമാനിച്ചിരുന്നത്. (മേഘാലയയിലെ ഈസ്റ്റ്‌ ഖാസി ഹിൽസ് ജില്ലയിലെ ഒരു പട്ടണമായ ചിറാപുഞ്ചി ഇന്ന് സോഹ്ര എന്നാണ് അറിയപെടുന്നത്).  ഒരുമണിയോടെ ഹൌറയിലെത്തിയശേഷം സ്റ്റെഷനിൽതന്നെയുള്ള ഭക്ഷണശാലയിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച് കാത്തിരിപ്പ്‌ തുടങ്ങി. 23 പ്ലാറ്റ്ഫൊമുകൾഉള്ള വലിയൊരു കെട്ടിടസമുച്ചയമാണ് ഹൌറ സ്റ്റെഷൻ. പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്റെ തലസ്ഥാനവും, തുറമുഖ നഗരവുമായ  കല്കട്ടയിലെ പ്രധാനപെട്ട സ്റ്റെഷൻ ആണ് ഹൌറ. ഇന്ത്യയിലെ പ്രധാനവും അപ്രധാനവുമായ ഒട്ടുമിക്ക നഗരങ്ങളുമായി റയിൽ മാർഗ്ഗം ബന്ധിക്കപ്പെട്ടിട്ടുള്ളതാണ് ഹൌറ. വൃത്തിയുള്ള ഭക്ഷണശാലയുണ്ടെന്നുള്ളതാണ് എല്ലാറ്റിലുമധികം എന്നെ ആകർഷിച്ചത്. ദക്ഷിണേന്ത്യൻ വിഭവങ്ങൾ ഉൾപ്പെടെ വിവിധതരം ഭക്ഷണം ലഭിക്കുന്ന ഫുഡ്‌ പ്ലാസ വൃത്തിയേറിയതാണ്.

കാത്തിരിപ്പ് തുടരുന്നതിനിടെ പലവണ്ടികളുടെ സമയവും പ്ലാട്ഫോം നമ്പരുകളും ബോർഡിൽ തെളിയുന്നുണ്ടായിരുന്നു. പക്ഷെ എനിക്കുപോവേണ്ട വണ്ടിയെ കുറിച്ച് അറിയിപ്പൊന്നും ഇല്ലാതായതോടെ ആശങ്കയോടെ അന്വേഷണ വിഭാഗത്തിലേക്ക് നടന്നു. അവിടെ എഴുതി തയ്യാറാക്കി വച്ചിരിക്കുന്ന അറിയിപ്പ് എന്നെ വലിയൊരു ദൈന്യാവസ്ഥയിലേക്കാണ് എത്തിച്ചത്. ഉച്ചയ്ക്ക് 2.30നു പുറപ്പെടേണ്ട ട്രെയിൻ രാത്രി 11 മണിയോടെ പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് അറിയിപ്പ്. ഒരു വിചിത്ര സ്വപ്നത്തെ അഭിമുഖീകരിക്കുന്നത്പോലെ കണ്ണ് തിരുമ്മികൊണ്ട് പലയാവർത്തി ആത് വായിച്ചുതീർത്തു. ഏറെ പ്രയാസപ്പെട്ടാണ് എന്നിലേക്ക്‌തന്നെ ഉൾവലിഞ്ഞുകൊണ്ട് ശാന്തത വീണ്ടെടുത്തത്. പിറ്റേന്ന് രാവിലെ ഗുവാഹട്ടിയിൽ എത്തിച്ചേരേണ്ട ഞാൻ, പുതിയ സമയമനുസരിച്ച്  രാത്രിയോടെ മാത്രമേ  എത്തുകയുള്ളൂ. ഒരുപകൽ മുഴുവൻ വീണ്ടും വണ്ടിയിൽ ചിലവഴിക്കാൻ ഞാൻ താല്പര്യപ്പെട്ടിരുന്നില്ല. മിനിട്ടുകൾ നീണ്ട കൂട്ടികുറക്കലുകൾക്കും ആലോചനകൾക്കും ശേഷം ഒരു തീരുമാനത്തിലെത്തിചേർന്നു. ചിറാപുഞ്ചിയിലേക്കുള്ള യാത്ര റദ്ദാക്കികൊണ്ട് സിക്കിം മാത്രമായി എന്റെ യാത്രാപഥം തിരുത്തി എഴുതി. അതേ തീവണ്ടിയിൽ തന്നെ യാത്ര തുടരുന്നപക്ഷം, ഗുവാഹട്ടിയിൽ എത്തേണ്ടിയിരുന്ന സമയത്ത് എനിക്ക് ബംഗാളിലെ സിലിഗുരിയിൽ എത്തിച്ചേരാം.  അവിടെനിന്ന് റോഡ്‌ മാർഗ്ഗം സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ങ്ടോക്കിൽ എത്താൻകഴിയും. എന്റെ അനന്തമായ അലച്ചിലിനിടയിലെ അഞ്ചു ദിവസംകൊണ്ട്  സിക്കിം എന്ന കൊച്ചുസംസ്ഥാനത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ കഴിയും എന്നെനിക്കുതോന്നി.

അങ്ങനെ ഒരു പകലിന്റെ പാതി കല്കട്ടയിലെ ഹൌറ നഗരത്തിൽ ചിലവഴിക്കാൻ തീരുമാനിച്ചുകൊണ്ട്, സ്റ്റെഷനു സമീപമുള്ള ഹോട്ടെലോ ലോഡ്ജോ ലക്ഷ്യമാക്കി പുറത്തേക്ക് നടന്നു. കുറച്ചകലെ ഹൂഗ്ലി നദിക്ക് കുറുകെ ഹൌറ പാലം പ്രതാപത്തോടെ തലയുയർത്തി നില്ക്കുന്നത് കാണാം. ഹൂഗ്ലി നദിയുടെ മറുകരയിലാണ് യഥാർത്ഥ കല്കട്ട നഗരം. മേയ് മാസത്തിലെ കനത്ത സൂര്യവെളിച്ചത്തിനുകീഴിൽ ഉരുകുന്ന പട്ടണത്തിലെ തിരക്കേറിയ തെരുവിലൂടെ എന്നെ ഇവിടേയ്ക്ക് നയിച്ച അവസ്ഥകളിലും ചിന്തകളിലും ആഴ്ന്നിറങ്ങി നടക്കുമ്പോൾ, ഞാൻ എത്തിപ്പെട്ട അത്രമേൽ മാലിന്യമേറിയ തെരുവ് വിചിത്രമായ ഒരു പട്ടണത്തിലേക്ക് പ്രവേശിക്കുന്ന പ്രതീതിയാണ് ഉണർത്തിയത്. മാലിന്യങ്ങളും വിസർജ്ജ്യങ്ങളും നിറഞ്ഞ തെരുവുകൾ, പൊട്ടിയൊലിക്കുന്ന ഓടകൾ, അവയ്ക്ക് സമീപം ഈച്ചയാർക്കുന്ന ഭക്ഷണശാലകളിൽ ഭക്ഷണം കഴിക്കുന്നവർ തുടങ്ങി മനം മടുപ്പിക്കുന്ന കാഴ്ചകളാണ് ചുറ്റുപാടും. ഇവയെല്ലാംതന്നെ എന്റെ ഉള്ളിൽ കല്കട്ട എന്ന മഹാ നഗരത്തിന്റെ കാലചരിതത്തിന്റെ പ്രാധാന്യം കുറച്ചുകൊണ്ട് വരികയും ദുർഗ്രഹമായ ചുറ്റുപാടിനെ കുറിച്ചുള്ള ചിന്ത വർദ്ധിപ്പിക്കുകയും ചെയ്തു. അസ്വസ്ഥമായ മനസ്സുമായി കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയാതെ തെരുവിന് സമീപം കണ്ട ചെറിയൊരു ലോഡ്ജിലേക്ക് കയറി. പുരാതനമെന്ന് തോന്നിക്കുന്ന  ഒരു കെട്ടിടം. നരച്ച മിഴികലുള്ള ഒരു മനുഷ്യൻ എന്നെ അകത്തേക്ക് ക്ഷണിച്ചു. മഞ്ഞനിറം ബാധിച്ച കണ്ണുകളുള്ള പ്രായമേറിയ ആ മനുഷ്യനാണ് മുറി സൂക്ഷിപ്പുകാരൻ. അയാൾ എന്നെ മുകൾനിലയിലെ മുറിയിലേക്ക് നയിച്ചു. തണുത്തതും ഇരുണ്ടതുമായ മുറി സാമാന്യം വൃത്തിയുള്ളതായിരുന്നു.  ആവശ്യങ്ങളുടെ പട്ടിക ചുരുക്കികൊണ്ട് പകലിന്റെ പാതി അതിൽ കഴിച്ചുക്കൂട്ടാൻ തീരുമാനിച്ചു. തേഞ്ഞ പല്ലുകളും ഉമിനീരൊലിക്കുന്ന ചുണ്ടുകളുമായി അയാൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് മുറിയിൽ തന്നെ നില്പ്പായി. "ടിപ് " പ്രതീക്ഷിച്ചായിരിക്കും എന്ന കരുതലിൽ  അത് നല്കിയെങ്കിലും പതുക്കെ ശങ്കയോടെ അവ്യക്തമായി എന്തോ ചിലത് പിറുപിറുത്തുകൊണ്ട് നില്പ്പ് തുടർന്നു. എനിക്കരികിലെത്തികൊണ്ട്  പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചപ്പോഴാണ് അയാളുടെ ഉള്ളിലിരുപ്പ് വെളിപ്പെട്ടത്. വിശ്രമവേള ആനന്ദകരമാക്കുവാൻ ആളെ ഏർപ്പടാക്കലാണ് ഉദ്ദേശം എന്ന് മനസ്സിലായതോടെ അയാളെ ഉടൻ പുറത്തേക്ക് നയിച്ച്‌ കതകടച്ചു. മിനിട്ടുകൾക്കുള്ളിൽ വാതിലിൽ മുട്ടികൊണ്ട്‌ അയാൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇക്കുറി കൈയ്യിൽ ഒരു മൊബൈൽ ഫോണ്‍ ഉണ്ട്. രസമെന്തെന്നാൽ ചില യുവതികളുടെ ചിത്രങ്ങളും മൊബൈലിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് എനിക്കരികിലെത്തിയത്. "300 രൂപ മുതൽ ഉണ്ട് സാർ" കൌശലപൂർവ്വമുള്ള ഒരു പകുതി ചിരിയും ആ വാക്കുകളിൽ ഉണ്ടായിരുന്നു. അത്രമേൽ വെറുപ്പുളവാക്കുന്നതും പ്രകോപിപ്പിക്കുന്നതുമായിരുന്നു വാക്കുകൾ. അയാളോടുള്ള വെറുപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട് തന്നെ, എന്റെ വിശ്വാസത്തിൽ ഇതിനെക്കാൾ ആക്ഷേപകരമോ അപകടകരമോ ആയ മറ്റൊന്നും തന്നെയില്ലെന്ന് തുറന്നു പറഞ്ഞുകൊണ്ട് കതക് വലിച്ചടച്ചു. എത്തിപ്പെട്ട സ്ഥലം കൊള്ളാം. എവിടെയാണ് ആയിരിക്കുന്നതെന്ന്പോലും ഞാൻ മറന്നിരുന്നു. നിഗൂഡവും കേട്ടുകേൾവി ഇല്ലാത്തതുമായ പലകാര്യങ്ങളും ഈ നഗരത്തെ ബന്ധപ്പെടുത്തി കേട്ടിടുണ്ട്. എന്റെ ആന്തരിക ദർശനത്തിൽ  പട്ടണവും ആളുകളും എല്ലാം തന്നെ അസാധാരണവും  ദുരൂഹവും അപകടം പിടിച്ചതുമായാണ് അനുഭവപ്പെട്ടത്.
കുളികഴിഞ്ഞ് അൽപനേരം വിശ്രമിച്ചശേഷം പുറത്തിറങ്ങി. ഹൌറ പാലം ലക്ഷ്യമാക്കികൊണ്ടായിരുന്നു നടത്തം. പട്ടണം വൃത്തിയായി സൂക്ഷിക്കാനുള്ള നടപടികളോ ഏർപ്പാടുകളോ ഇവിടെ തീർത്തും അന്യമാണ്. അല്പമെങ്കിലും വൃത്തിബോധമുള്ള ആരെയും ആലോസരപ്പെടുത്തുന്നതാണ് കാഴ്ചകൾ. മാലിന്യങ്ങളും വിസർജ്യങ്ങളും നിറഞ്ഞ തെരുവുകൾ പിന്നിട്ട് പാലത്തിലേക്ക് നടക്കവേ പാലത്തിനെ ബന്ധിച്ചുകൊണ്ട് ഉയർന്നു നില്ക്കുന്ന ഉരുക്ക് തൂണുകൾ ദൂരെ നിന്നുതന്നെ ദൃശ്യമായിരുന്നു. ആകാശത്തിലേക്ക് തലയുയർത്തി നില്ക്കുന്ന ഉരുക്ക് കമ്പികളിൽ തൂങ്ങി നില്ക്കുകയാണ് അനുപമ സൌന്ദര്യമുള്ള പാലം. കൽകട്ടയെയും ഹൌറയെയും ബന്ധിപ്പിക്കുന്ന ആ ഉരുക്കുപാലം മഹത്തായ ഒരു നിർമ്മിതി തന്നെയാണ്. തൂണുകളില്ലാതെ ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ട് ഹൂഗ്ലി നദിക്ക് കുറുകെ 829 മീറ്റർ നീളത്തിൽ നിലകൊള്ളുന്ന മനോഹര നിർമ്മിതി.  വാഹനങ്ങളുടെ തിരക്കായിരുന്നു പാലത്തിൽ. പാലത്തിനു മുകളിലെ 70 അടി വീതിയുള്ള 8 വരിപാതയിലൂടെ ഒരു ലക്ഷത്തോളം വാഹനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്ക്.
താഴെ കലങ്ങിയൊഴുകുന്ന ഹൂഗ്ലി നദി ഗംഗയുടെ ഒരു കൈവഴിയാണ്. മൂർഷിബാദ് ജില്ലയിൽവച്ച് ഒരു കനാലായി ഗംഗയിൽ നിന്നും വേർപിരിയുന്ന നദി 260 കി.മി നീണ്ട പ്രവാഹത്തിനൊടുവിൽ നർപർ എന്ന പ്രദേശത്ത്‌വച്ച് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. ചെളി നിറത്തിൽ കലങ്ങിയൊഴുകുന്ന നദിയുടെ ഇരുകരകളിലും ധാരാളം തീർത്ഥാടകർ മുങ്ങി കുളിക്കുന്നുണ്ട്. പാലത്തിനുമറുകരെ, അതായത് നദിയുടെ കിഴക്ക് ഭാഗത്തായാണ്‌ കല്കട്ട നഗരം. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന ആ മഹാനഗരത്തിലേക്ക്‌ സഞ്ചരിക്കാൻ സമയപരിമിതി എന്നെ അനുവദിക്കുന്നുണ്ടായിരുന്നില്ല. അലസമായി പാലത്തിന്റെ മറുകരയിലേക്ക് നടക്കുമ്പോൾ അങ്ങ് ദൂരെ അവ്യക്തമായി കല്ക്കട്ട തുറമുഖം കാണാം. ബ്രിട്ടീഷ് ഭരണകാലത്ത്,  കല്ക്കട്ട ഇന്ത്യയുടെ തലസ്ഥാനമായിരുന്ന ആ നാളുകളിൽ ഇന്ത്യയുടെ കടൽവഴിയുള്ള കച്ചവടങ്ങളിൽ പകുതിയിലധികവും ഈ തുറമുഖം വഴിയായിരുന്നു. പാലത്തിന്റെ മറുകര ലക്ഷ്യമാക്കി നീങ്ങുമ്പോൾ, പത്തൊമ്പതാം നൂറ്റാണ്ടിൽ കിഴക്കിന്റെ സെയിന്റ് പീറ്റേഴ്സ് ബർഗ് എന്നും കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെട്ടിരുന്ന മഹാനഗരത്തിന്റെ നഷ്ടപ്രതാപത്തെക്കുറിച്ചായിരുന്നു എന്റെ ചിന്തകൾ.
പാലം കരയുമായി ബന്ധിക്കുന്നതിന്റെ ഇരുവശവുമായി വ്യാപിച്ചു കിടക്കുന്ന വലിയൊരു ചന്തയിലേക്കാണ് എത്തിച്ചേർന്നത്. വലതുഭാഗത്ത്‌ പൂക്കളുടെ വലിയ വിപണന കേന്ദ്രമാണ്.  നീണ്ടുകിടക്കുന്ന പാതയുടെ ഇരുവശത്തുമായി പുഷ്പ കച്ചവടക്കാരുടെ ഒരു ശൃംഖല തന്നെ അവിടെയുണ്ട്‌. മൊത്തവില്പനക്കാരും ചില്ലറ വില്പനക്കാരും വാങ്ങുന്ന ജനങ്ങളും ഉൾപ്പെടുന്ന വലിയൊരു ജനസഞ്ചയം.   പലതരം പൂക്കൾ, കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങൾ അവയ്ക്കിടയിലൂടെ അലസമായി നടന്നു. പാതയോരങ്ങളിൽ പൂക്കൾ കൊണ്ടുള്ള മാലകളും, കുന്നുകൂട്ടിയിട്ട പൂക്കളും വിൽക്കുന്നവരെ മറികടന്ന് പ്രധാന പാതയിലേക്ക് എത്തിയശേഷം സമീപത്തെ കടയിൽനിന്ന് ആവിപറക്കുന്ന കൊഴുത്ത ചായയും അകത്താക്കി തിരികെ നടന്നു.
തിരികെയുള്ള യാത്രയിൽ ഇരുട്ട് വീണുതുടങ്ങിയിരുന്നു. പാലത്തിലൂടെ വെളിച്ചം പരത്തികൊണ്ട് തെരുവ് വിളക്കുകൾനിരന്നുകഴിഞ്ഞിരുന്നു.  സായാഹ്നം ആസ്വദിക്കാൻ എത്തിയവർ പാലത്തിന്റെ കൈവരികളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നക്ഷത്രങ്ങളുടെയോ നിലാവെളിച്ചത്തിന്റെയോ കീഴിൽ പ്രകാശിക്കുന്ന പാലത്തിൽ നിന്നുകൊണ്ട് ചിന്തകളിലോ സംസാരത്തിലൊ അഭിരമിച്ച് താഴെ പുളഞ്ഞൊഴുകുന്ന നദിയെ നോക്കി നിൽക്കുന്നവർ. അവർക്കിടയിൽ ഒരാളായി ഞാനും നൂഴ്ന്നുകയറി. ജലാശയത്തിൽ നിന്നും വീശുന്ന തണുത്ത സുഖകരമായ കാറ്റേറ്റ്, ചിന്തകളിൽ ലയിച്ച്, അതിവേഗം പ്രവഹിക്കുന്ന നദിയിലേക്ക്  മിഴികളെറിഞ്ഞുകൊണ്ട്‌ അൽപനേരം നിന്നു. വൈദ്യുത വിളക്കുകൾ പ്രകാശിക്കുന്ന പ്രധാനപാതയിലൂടെ തിരികെ മുറിയിലേക്ക്. ഗതാഗത കുരുക്ക് നിറഞ്ഞ പാത ഒഴിവാക്കികൊണ്ട് അണ്ടർപാസിലേക്ക് കയറി. റെയിൽവേ സ്റ്റെഷനു സമീപത്തേക്ക് നീളുന്നതാണ് തുരങ്കപാത. ക്യാമറയുമായി അതിനകത്തേക്ക് പ്രവേശിച്ചപ്പോഴാണ് എന്റെ തീരുമാനം അപകടം പിടിച്ചതും വിലക്ഷണവുമാണ് എന്ന് ബോധ്യമായത്. ഇരുട്ടിന്റെ പാടുകൾ നീണ്ടുകിടക്കുന്ന, മലിനജലം കെട്ടികിടക്കുന്ന പാത. പാതയിൽ അങ്ങിങ്ങായി ചിലർ നില്പ്പുണ്ട്. എന്നിലേക്കും ക്യാമറയിലേക്കും നീളുന്ന മിഴികൾ ദുരൂഹമായാണ് എനിക്ക് അനുഭവപ്പെട്ടത്. പുറമേക്ക് ഞാൻ ശാന്തനായിരുന്നെങ്കിലും ആഴത്തിലുള്ള പരിഭ്രമം എന്നെ ബാധിച്ചിരുന്നു. മുന്നോട്ട് നടക്കാൻ തന്നെ തീരുമാനിച്ചു. ഒന്ന് രണ്ടു സ്ത്രീകളെ കൂടി അവിടെ കാണപ്പെട്ടിരുന്നു. രാത്രിയിലെ വികാരങ്ങൾ ഇരുട്ട് കനത്ത പാതയിൽ അഴിച്ച് വിടുന്ന തെരുവ് വേശ്യകൾ. അസാധാരണവും ആശ്ചര്യജനകവുമായ കാഴ്ചയായിരുന്നു എനിക്കത്. എത്രയും പെട്ടെന്ന് മുറിയിലെത്താനായി വേഗമേറിയ കാലടികളോടെ നടന്നു. അത്താഴം കഴിച്ചശേഷം മുറിയിലെത്തി ബാഗുമായി പുറത്തിറങ്ങവേ, മഞ്ഞകണ്ണുകളും, ഉമിനീരൊലിക്കുന്ന ചുണ്ടുകളുമായി ഇരുണ്ട മുഖത്ത് ചിരി വിടർത്തികൊണ്ട്നിന്നിരുന്ന മുറി സൂക്ഷിപ്പുകാരനെ കണ്ടിലെന്ന് നടിച്ച് പടികളിറങ്ങി. പതിനൊന്ന് മണിക്കുതന്നെ വണ്ടി പുറപ്പെട്ടു. അങ്ങനെ ദുർഗ്രഹമായ ഒരു ചുഴിപോലെ എന്നെ ഏറെ കഷ്ടപ്പെടുത്തുകയും അതിശയിപ്പികുകയും ചെയ്ത  ഒരു ദിവസത്തിനു സ്വാഭാവികമായ പരിസമാപ്തി വന്നിരിക്കുന്നു. എന്റെ ആന്തരിക ദർശനത്തിൽ, ഈ ഒരുദിവസം ഞാൻ നേരിട്ടതെല്ലാം തന്നെ- ഈ പട്ടണവും ജനങ്ങളുമെല്ലാം തന്നെ- അസാധാരണവും അപകടം പിടിച്ചതുമായാണ് അനുഭവപ്പെട്ടത്. മഹത്തായ ആവിഷ്കാരത്തിന്റെ ഉദാഹരണമായി തലയുയർത്തി നില്ക്കുന്ന പാലമൊഴികെ ഒന്നും തന്നെ എനിക്ക് പൂർണ്ണമായി ഉൾകൊള്ളാനോ വ്യക്തമായി മനസ്സിലാക്കാനോ കഴിഞ്ഞിരുന്നില്ല. ഒരുപക്ഷെ, ചിറാപുഞ്ചിയിലേക്കുള്ള യാത്ര റദ്ധാകേണ്ടി വന്നപ്പോൾ മുതൽ വിരാമമില്ലാതെ മനസ്സിനെ കുടഞ്ഞിരുന്ന ചിന്തകളുടെ അനന്തരഫലമായിരിക്കാം അത്. വണ്ടി പുറപ്പെട്ടപ്പോൾ മഹത്തായ നിർമ്മിതിയായി, അപകടംപിടിച്ച എല്ലാത്തിലുംനിന്ന് വേർപ്പെട്ട് നിലകൊള്ളുന്ന പാലത്തിന്റെ ഉരുക്ക് തൂണുകൾ ആകാശത്തിലേക്ക് തലയുയർത്തി നില്ക്കുന്നത്കാണാമായിരുന്നു. പകലിലും സന്ധ്യയിലും നിലാവിലും ഒരുപോലെ സുന്ദരമായ പാലത്തിന്റെ കാഴ്ചയിൽനിന്നും പിൻവാങ്ങി ഞാൻ ഉറങ്ങാൻ കിടന്നു.
സുഖനിദ്രയും, പകലിന്റെ ഉണർവും ഒന്നുചേർന്ന് ആനന്ദം പകർന്ന പുലരിയിലേക്കാണ് കണ്‍തുറന്നത്. വണ്ടിയിൽ യാത്രികർ തീരെ കുറവാണ്. സമയമാറ്റം കാരണം റിസർവ് ചെയ്തിരുന്നവർ റദ്ധാക്കിയിരിക്കാനാണ് സാദ്ധ്യത. ഞാൻ ബുക്ക്‌ ചെയ്യുമ്പോൾ വളരെ ചുരുങ്ങിയ സീറ്റുകൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. രാത്രിയുറക്കത്തിന്റെ അനായാസതയും ചൂട് പ്രാതലും എനിക്ക് ഊഷ്മളത നല്കിയിരുന്നു. പശ്ചിമ ബംഗാളിലൂടെയുള്ള എന്റെ ആദ്യ യാത്രയായിരുന്നു അത്. മഞ്ഞുകൊണ്ടു നനഞ്ഞ കൃഷിയിടങ്ങളും വിദൂരമായ മേച്ചിൽപ്പുറങ്ങളും പകർന്നു നല്കിയ അനിർവചനീയമായ അനുഭൂതിയിൽ യാത്ര തുടർന്നു. പ്രഭാതം കൃഷിയിടങ്ങളെ സ്പർശിച്ച് അധികനേരം കഴിഞ്ഞിട്ടില്ലെങ്കിൽ കൂടി കർഷകർ പണിയിൽ വ്യാപൃതരായി കഴിഞ്ഞിരുന്നു. ഒരു തുണ്ട് ഭൂമിപോലും പാഴാക്കാതെയുള്ള അവരുടെ അത്യദ്ധ്വാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന കൃഷിയിടത്തിൽ നെല്ലും ഗോതമ്പും ചോളവുമടക്കം നിരപ്പായ ഇടങ്ങളിൽ തേയിലയും കൃഷി ചെയ്യുന്നു. പാട ശേഖരങ്ങളോട് ചേർന്ന് നിരപ്പായ ഇടങ്ങളിലെ തേയില കൃഷി എനിക്ക് പുതുമയുള്ള കാഴ്ചയായിരുന്നു.
പത്തുമണിയോടെ ബംഗാളിലെ സിലിഗുരി പട്ടണത്തിലെ ന്യൂജല്പൈഗുരി എന്ന സ്റെഷനിൽ വണ്ടിയിറങ്ങി. ഇന്ത്യയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളെ രാജ്യത്തെ മറ്റു മേഖലകളുമായി ബന്ധപ്പെടുത്തുന്ന പ്രധാന സ്റ്റെഷൻ ആണിത്. ഡാർജിലിംഗ് ജില്ലയിൽ സ്ഥിതിചെയ്യുന്ന സിലിഗുരി പട്ടണം, പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമാണ്.  റെയിൽ ഗതാഗതം ഇല്ലാത്ത സിക്കിം എന്ന സംസ്ഥാനത്തെക്കുള്ള പ്രവേശന കവാടം കൂടിയാണ് ഈ പട്ടണം. 124 കി.മി ആണ് സിലിഗുരിയിൽനിന്നും സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ങ്ടോക്കിലേക്കുള്ള ദൂരം. മലനിരകൾക്കിടയിലെ കുത്തനെയുള്ള പാതയിലൂടെ ഏറ്റവും ചുരുങ്ങിയത് 4 മണിക്കൂർ യാത്ര ചെയ്താലേ അവിടെ എത്തിച്ചേരൂ. നിരവധി ബസുകളും ഷെയർ വാഹനങ്ങളും അവിടേക്ക് ലഭ്യമാണ്. സ്റ്റെഷനു മുന്നിൽ തന്നെ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. തിരക്കൊഴിഞ്ഞ ഒരു വാഹനത്തിലെ മുൻനിരയിൽ തന്നെ ഞാൻ സ്ഥാനംപിടിച്ചു. നാന്നൂറ് രൂപയാണ് ഒരാൾക്ക്‌ ഗാങ്ങ്ടോക്കിലേക്കുള്ള നിരക്ക്. വാഹനത്തിൽ എട്ടുപേർ തികയുന്നതിനുള്ള കാത്തിരിപ്പ് പൂർത്തിയായതോടെ വിസ്മയം നിറച്ചുകൊണ്ട് യാത്രയുടെ ആനന്ദം കടന്നുവന്നു. പട്ടണം പിന്നിട്ടതോടെ പൊടുന്നനെ പച്ചപ്പിലേക്കാണ് എറിയപ്പെട്ടത്‌. ഡാർജിലിംഗ് ജില്ലയിലെ മഹാനന്ദ വന്യജീവി സാങ്കേതത്തിലൂടെയാണ് പിന്നീടുള്ള യാത്ര. പാതയുടെ ഇരുവശവും വ്യാപിച്ചു കിടക്കുന്ന നിബിഡ വനമല്ലാതെ മറ്റൊന്നും തന്നെ കാഴ്ച്ചയിൽ ഉണ്ടാവില്ല. കാടിന്റെ മർമ്മരങ്ങളും ഇളക്കങ്ങളും, മൂക്കിലേക്ക് അരിച്ചുകയറുന്ന തണുപ്പും അനുഭവിച്ചുകൊണ്ട്‌ യാത്ര തുടരുമ്പോൾ കാഴ്ചകളിൽ രൂപാന്തരം വരുത്തികൊണ്ട് ദൂരെ ഇരുണ്ട പച്ചപ്പ്‌ പുതച്ച മലനിരകൾ പ്രത്യക്ഷപ്പെട്ടു. വനാതിർത്തി പിന്നിട്ട് എത്തുന്നത് ചെങ്കുത്തായ മലനിരകൾക്കു കീഴെയുള്ള വീതികുറഞ്ഞ പാതയിലേക്കാണ്. എതിരെ മറ്റൊരു വാഹനം വന്നാൽ കടന്നുപോവാൻ ബുദ്ധിമുട്ടുള്ളയത്ര ഞെരുങ്ങിയ പാതയാണ്. പാതയുടെ കീഴെ കുത്തനെയുള്ള ചെരിവിലൂടെ റ്റീസ നദി പുളഞൊഴുകുന്നു. മറ്റൊരു വാഹനത്തിനെ മറികടക്കുംബോഴോ, എതിരെയുള്ള വാഹനത്തിനു സ്ഥലം കൊടുക്കുമ്പോഴോ, വാഹനത്തിന്റെ ചക്രത്തിൽ തട്ടി ഉരുളൻകല്ലുകൾ താഴെ അഗാധതയിലേക്ക് വീഴുന്നത് കാണാം. സാഹസികത പകരുന്ന സന്തോഷവും ഭയവും ഇടകലരുന്ന ആ മുഹൂർത്തങ്ങളിൽ ഇടയ്ക്ക് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചിരുന്നു. മലകളുടെ ചെരിവുകളിൽ നിന്നുള്ള അനേകം നീരൊഴുക്കുകൾചേർന്ന് നദിയെ പുഷ്ടിപ്പെടുത്തുന്നു.
മലനിരകളുടെ വിശാലതയിലൂടെ സഞ്ചരിക്കവേ വലിയൊരു പാലത്തിനു സമീപമെത്തി. പതഞ്ഞൊഴുകുന്ന നദിക്കു കുറുകെ വലിയ കമാനങ്ങളുമായി നിലകൊള്ളുന്ന മനോഹരമായ പാലം. ഭൂട്ടാനിലെക്കും ഗുവാഹട്ടിയിലേക്കും നീളുന്ന പാതകൾ ആ പാലത്തിൽ നിന്നുമാണ് ആരംഭിക്കുന്നത്. പാലത്തിലേക്ക് കയറാതെ ഞങ്ങളുടെ യാത്ര തുടർന്നു. ഹരിയാന സ്വദേശികളായ രണ്ട് കുടുംബമാണ് എന്റെ സഹയാത്രികർ. നാല് മുതിർന്നവരും നാല് കുട്ടികളും. ഇതിൽ സ്ത്രീകളും കുട്ടികളും യാത്ര സഹജമായ ചർദ്ദിൽ തുടങ്ങിയിരുന്നു. അവരുടെ ആവശ്യപ്രകാരം വണ്ടി നിർത്തേണ്ടി വരുന്നതിലുള്ള അസ്വസ്ഥത ഡ്രൈവറുടെ മുഖത്ത് സ്പഷ്ടവും പ്രകടവുമായിരുന്നു. സ്വതവേ കർക്കശ ഭാവമുള്ള അയാൾ, എത്രയുംപെട്ടെന്ന് ഞങ്ങളെ ഗാങ്ങ്ടോക്കിൽ എത്തിച്ചു തിരികെ മടങ്ങാനുള്ള വ്യഗ്രതയിലാണ്. സ്ഥലങ്ങളെപറ്റിയും അതിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളെ പറ്റിയുമുള്ള എന്റെ ചോദ്യങ്ങൾ അദ്ദേഹത്തെ അലോസരപ്പെടുത്തുന്നു എന്ന് തോന്നിയതിനാൽ ഞാൻ നിശബ്ദനായി. പശ്ചിമ ബംഗാളിലെ അവസാന പട്ടണമായ മെല്ലിയും പിന്നിട്ട് സിക്കിം സംസ്ഥാനത്തിലെ ആദ്യ പട്ടണമായ റാങ്ങ്പോ യിൽ എത്തിയതോടെ ഉച്ചഭക്ഷണം കഴിക്കാനായി വണ്ടി നിർത്തി.
ഭക്ഷണശാലകളും ചെറിയ കടകളുമുള്ള കൊച്ചുപട്ടണമാണ് റാങ്ങ്പോ.
ഞങ്ങൾക്ക് മുൻപേ എത്തിയ വാഹനങ്ങളിലെ യാത്രികർ ഭക്ഷണശാലകളിൽ ഇടം പിടിച്ചിരിക്കുന്നു. വൃത്തിയുള്ള ഭക്ഷണശാലയായിരുന്നു അത്. പതിഞ്ഞ മൂക്കും ചെറിയ കണ്ണുകളുമുള്ള ഉയരം കുറഞ്ഞ സുന്ദരികളാണ് ഭക്ഷണം വിളമ്പുന്നത്. ഡ്രൈവറുടെ ഗൌരവഭാവമെല്ലാം എവിടെയോ അപ്രത്യക്ഷമായിരിക്കുന്നു. തരുണീമണികളുമായി സരസ സല്ലാപം നടത്തുകയാണ് കക്ഷി. ഒടുവിൽ എനിക്ക് സമീപമുള്ള കസേരയിലേക്ക് ഇരുന്നുകൊണ്ട് അക്ഷമയോടെ വാച്ചിലേക്ക് നോക്കുകയും യാത്ര വൈകിയതിനെ കുറിച്ച് വേവലാതിപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. 90 കി.മി. ദൂരം ഞങ്ങൾ പിന്നിട്ടിരിക്കുന്നു, പക്ഷെ കൂടുതൽ ദുർഘടമായ തുടർയാത്രയിൽ മണ്ണിടിച്ചിലോ ഗതാഗത കുരുക്കോ ഉണ്ടാവാനുള്ള സാദ്ധ്യതയേറെയാണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു സുന്ദരി എനിക്ക് മുന്നിൽ പ്രത്യക്ഷീഭവിച്ചുകൊണ്ട് അവിടെത്തെ പ്രത്യേകതയാർന്ന ചിക്കൻ വിഭവങ്ങളെ കുറിച്ച് വിവരിക്കാൻ തുടങ്ങി. പക്ഷെ പരിസമാപ്തി മുൻകൂട്ടി പ്രവചിക്കനാവാത്ത ദീർഘയാത്രയെ കരുതി ഞാൻ തല്ക്കാലത്തേക്ക് സസ്യാഹാരിയായി.  പച്ചിരി ചോറും ഇലക്കറികളും എനിക്ക് മുൻപിൽ നിരന്നു. ഏതാനും സ്ത്രീകൾ ചേർന്ന് നടത്തുന്ന ഭക്ഷണ ശാലയാണത്. പതിവായി  യാത്രികരോടൊപ്പം എത്തുന്നതിനാൽ ഡ്രൈവർക്ക് ഭക്ഷണം സൌജന്യമാണ്.മുന്നിലെ ഭക്ഷണപാത്രത്തിനിടയിലേക്ക് നൂഴ്ന്നിറങ്ങുന്നതിനിടയിലാണ് എന്നെ അതിശയിപ്പിച്ച ഒരു കാഴ്ച കണ്ടത്. എതിർവശത്ത്‌ ഭക്ഷണം കഴിക്കുന്ന യുവാക്കളുടെ ഗ്ലാസ്സിലേക്ക്‌, ഒരു സുന്ദരി പതഞ്ഞൊഴുകുന്ന ബിയർ പകർന്നു നല്കുന്നു. അത്രമേൽ സാധാരണമായ ഒന്നെന്നവിധം കഴിക്കുന്നവർക്കൊ പകർന്നുനല്കുന്നവൾക്കോ ഭാവവ്യതിയാനമില്ല. ഞാൻ വീണ്ടും സൂക്ഷിച്ചുനോക്കി മദ്യം തന്നെയെന്ന് ഉറപ്പ് വരുത്തി. കുടിയന്മാരുടെ കൂട്ടത്തിനിടയിലൂടെ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് ഒരു വിചിത്ര യന്ത്രം കണക്കെ നീങ്ങുന്ന പെണ്‍കുട്ടിയെ നോക്കികൊണ്ട്‌ അതിശയത്തോടെ തുറന്ന വായയുമായി മിഴിച്ചിരുന്ന എന്നോട് ഡ്രൈവറാണ് കാര്യങ്ങൾ വ്യക്തമാക്കിയത്. മദ്യത്തിന് നികുതിയില്ലാത്ത സംസ്ഥാനമാണ് സിക്കിം. അതിനാൽ തന്നെ ഏതു പെട്ടികടയിലും ലഭിക്കത്തക്കവിധം അത് സുലഭമാണ് താനും. ഔപചാരികവും ഹാനികരമല്ലാത്തതുമായ ആ കാഴ്ച വാസ്തവത്തിൽ എന്നെ ഏറെ ആശ്ചര്യപ്പെടുത്തി.

ഭക്ഷണശേഷം യാത്ര തുടർന്നു. യാത്രയിലുടനീളം ടീസ നദി, അതിന്റെ സാന്നിദ്ധ്യം പ്രകടിപ്പിച്ചുകൊണ്ട് നമ്മെ പിന്തുടരും. ഇടുങ്ങിയ പാതയുടെ വലതുവശത്ത്‌ ചെങ്കുത്തായ മലനിരകളും ഇടതുവശത്തെ ശൂന്യതയ്ക്കു താഴെ അതിവേഗം പ്രവഹിക്കുന്ന നദിയും. നദിയുടെ മറുകരയിൽ മലന്ജെരുവുകളിൽ ഒറ്റപ്പെട്ട തുറസ്സായ ഗ്രാമങ്ങൾ ഉണ്ട്. അവിടെ കൃഷിയിടങ്ങളും പുൽത്തകിടികളും പൂന്തോട്ടങ്ങളും കാണാം. അവയ്ക്കിടയിലൂടെ ആട്ടിടയന്മാർ മലനിരകളിലെ മേച്ചിൽപ്പുറങ്ങളിലേക്ക് തങ്ങളുടെ കന്നുകാലികളുമായി കയറിപ്പോവുന്നു. കാഴ്ചകളിൽ വ്യാപൃതനായി ഇരിക്കെ മൂന്നുമണിയോടെ ഗാങ്ങ്ടോക്കിൽ എത്തിച്ചേർന്നു. മറ്റുള്ളവർക്ക് അതൊരു കൊച്ചു പട്ടണമായി തോന്നുമെങ്കിലും സിക്കിം എന്ന ചെറിയ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമാണ്, ബുദ്ധമതത്തിലെ ഒരു പ്രധാനതീർത്ഥാടന കേന്ദ്രം കൂടിയായ ഗാങ്ങ്ടോക്. ചുറ്റും പച്ചപ്പ്‌ നിറഞ്ഞ മലനിരകളാൽ തടവിലാക്കപ്പെട്ട മനോഹര പട്ടണം. വാഹനങ്ങളുടെ ബാഹുല്യം മൂലം വീർപ്പുമുട്ടുന്ന ടാക്സി സ്റ്റാന്റിലേക്കാണ് എത്തിയത്. എം. ജി . മാർകെറ്റ് എന്ന പ്രധാനതെരുവിന് ചുറ്റുമായി പരന്നുകിടക്കുന്ന കൊച്ചു പട്ടണത്തിന്റെ വൃത്തിയാണ്, എന്നെ അതിശയിപ്പിച്ച പ്രധാന സംഗതി. മാലിന്യമോ കടലാസ്തുണ്ട് പോലുമോ കാണാൻ കഴിയാത്ത പ്രധാനതെരുവുകളിൽ ശുചിത്വം പ്രകടവും സ്പഷ്ടവുമായിരുന്നു. ഇതും ഒരു ഇന്ത്യൻ പട്ടണമാണല്ലോ എന്ന തിരിച്ചറിവ് വരുമ്പോൾ, മറ്റിടങ്ങളെ അപേക്ഷിച്ച് ഇത് ഇന്ത്യയ്ക്ക് തന്നെ ഒരു 'അപമാനം' ആണെന്ന് തീർച്ചപ്പെടുത്തേണ്ടിവരും.
സ്റ്റാന്റിൽ നിന്നും അധികം ദൂരെയല്ലാതെ കണ്ട ഒരു ഹോട്ടലിൽതന്നെ മുറിയെടുത്തു. 1000 രൂപമുതലാണ് മുറിവാടക തുടങ്ങുന്നത്.  നീണ്ട യാത്രയുടെ ക്ഷീണമെല്ലാം കഴുകികളഞ്ഞ്, അത് നല്കിയ മധുരതരമായ ഉന്മേഷത്തോടെ, വൃത്തിയായി കാണപ്പെട്ട പട്ടണത്തിലെ കാഴ്ചകളിലേക്ക് ഇറങ്ങി.
വൈദേശിക ഭാവത്തോടെ നിലകൊള്ളുന്ന മനോഹരമായ തെരുവാണ് എം.ജി. മാർകെറ്റ്. തിരക്കും സമ്പന്നതയുമുള്ള ഇന്ത്യയിലെ മറ്റു തെരുവുകൾക്ക്‌ അവകാശപ്പെടാൻ കഴിയാത്ത അനുപമ സൌന്ദര്യം ഇതിനുണ്ടെന്നു എനിക്ക് തോന്നി. ടൈലുകൾ പാകി മനോഹരമാക്കിയിരിക്കുന്ന പാതയെ രണ്ടായി തിരിച്ചുകൊണ്ട് നടുവിൽ വിദേശമാതൃകയിലുള്ള തെരുവ് വിളക്കുകളും അവയ്ക്ക് താഴെ പൂച്ചെടികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയ്ക്ക് ഇരുവശവും രണ്ടു ദിശയിലേക്കും അഭിമുഖീകരിക്കുന്ന ഇരിപ്പിടങ്ങൾ ഉണ്ട്.  പൂച്ചെടികളാലും ജലധാരകളാലും സുന്ദരമാക്കിയിരിക്കുന്ന പാതയിലെ ഇരിപ്പിടങ്ങളിൽ ഇരുന്നുകൊണ്ട് വിനോദ സഞ്ചാരികളാലും പട്ടണവാസികളാലും പുഷ്പിക്കുകയും വളർച്ച പ്രാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പട്ടണത്തെ നോക്കിയിരിക്കുക രസകരമാണ്. വാഹാനങ്ങളും പ്ലാസ്റ്റിക്കും അനുവദനീയമല്ല എന്നതാണ് ആ തെരുവിൽ ഏറ്റവും എന്നെ കൂടുതൽ ആകർഷിച്ചത്. ഇരുവശവും വലുതും ചെറുതുമായ വ്യാപാര സ്ഥാപനങ്ങളാലും ഭക്ഷണ ശാലകളാലും സമ്പന്നമാണിവിടം. എടുത്തുപറയേണ്ടത് മദ്യശാലകളെ കുറിച്ചാണ്. പട്ടണത്തിൽ ഒരു ആശുപത്രിയോ, മരുന്ന് കടയോ കണ്ടുപിടിക്കാൻ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം, പക്ഷെ ഒരു മദ്യശാല കണ്ടുപിടിക്കാൻ, ഒരാൾക്ക്‌ , അയാൾ പട്ടണത്തിൽ പുതിയതാണെങ്കിൽകൂടി യാതൊരുവിധ പരിശ്രമവും ആവശ്യമായിവരില്ല. എങ്കിൽപോലും മദ്യത്തിന്റെ അസാധാരണമായ ഈ ധാരാളിത്തത്തിലും,  മദ്യപിച്ച് സന്തുലനം നിലനിർത്താൻ കഴിയാതെ ആടിയുലഞ്ഞ് നടക്കുന്നവരെയോ, ബോധം നശിച്ചു വഴിയിൽ കിടന്നുറങ്ങുന്നവരെയോ കാണാൻ കഴിയില്ല. അതൊക്കെ എന്റെ നാടിനു മാത്രം അവകാശപ്പെട്ട അസുലഭ കാഴ്ചകളാണ്.
പിറ്റേന്നത്തെ യാത്രയ്ക്കായി ചില ട്രാവൽ ഏജെൻസികളിൽ കയറി അന്വേഷണം നടത്തി. നഗരത്തിനു ചുറ്റുമുള്ള കാഴ്ചകളായിരുന്നു പിറ്റെന്ന് ലക്ഷ്യമിട്ടത്. മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിലൂടെ, ഒരുപകൽ നീളുന്ന യാത്രയ്ക്ക് രണ്ടായിരം രൂപ മുതലാണ്‌ പല ഏജെൻസികളും ആവശ്യപ്പെട്ടത്. പട്ടണത്തിൽനിന്നുള്ള ദൂരം താരതമ്യം ചെയ്‌താൽ അത് അന്യായമാണ് താനും. അതിനാൽ വാഹനം ബുക്ക്‌ ചെയ്യാൻ എന്ന വ്യാജേനെ പല ഓഫിസുകളിലും കയറിയിറങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളും അവയുടെ പ്രത്യേകതകളും അവിടെക്കുള്ള വഴികളുടെ രേഖാചിത്രങ്ങളും ശേഖരിക്കുകയുണ്ടായി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഭാവനാത്മകമായ  ഒരു യാത്ര പദ്ധതിയും രൂപപ്പെടുത്തികൊണ്ട്  ടാക്സി സ്റ്റാന്റിലെത്തി. അൽപനേരം നീണ്ട വിലപേശലിനൊടുവിൽ 1300 രൂപയ്ക്ക് എനിക്കൊരു സാരഥിയെ കിട്ടി. ബിരെൻ എന്ന് പേരുള്ള ഒരു മധ്യവയസ്കൻ. ഇരുപത്തിയഞ്ചു വർഷമായി ടാക്സി ജീവിതമാർഗ്ഗമാക്കിയ ഒരു മനുഷ്യൻ. ഉയരം കുറഞ്ഞ ശരീരവും പതിഞ്ഞ മൂക്കുകളും നരച്ചതെങ്കിലും പ്രകാശമാനമായ മിഴികളുമുള്ള ടിബറ്റൻ മുഖച്ഛായയുള്ള   ഒരു സാധു മനുഷ്യൻ. എല്ലാറ്റിലുമുപരി ഊഷ്മളമായ മഞ്ഞു കണിക പോലുള്ള അദ്ദേഹത്തിന്റെ പുഞ്ചിരി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. രാവിലെ 8 മണിക്ക് യാത്ര ആരംഭിക്കാം എന്ന വ്യവസ്ഥയിൽ ഞങ്ങൾ പിരിഞ്ഞു.

ചക്രവാളത്തിൽ സന്ധ്യയുടെ നിറവിശേഷങ്ങൾ പ്രകടമായിരുന്നു. വിദേശികളും സ്വദേശികളുമായ സഞ്ചാരികളോടൊപ്പം പട്ടണവാസികളും തെരുവിൽ നിറഞ്ഞുകഴിഞ്ഞു. വിനോദസഞ്ചാരം തന്നെയാണ് ആ പട്ടണത്തെയും അവിടെത്തെ ജനങ്ങളുടെ ജീവിതത്തെയും വൈവിദ്ധ്യമാർന്നതും, സമ്പുഷ്ടപൂർണ്ണമാക്കി മാറ്റുന്നതും.  ബുദ്ധമതത്തിൽ അധിഷ്ഠിതമാണെങ്കിൽപോലും, വൈദേശികമായ പരിതസ്ഥിതികളുടെ സ്വാധീനം ഉപേക്ഷിക്കാത്ത തലമുറയാണ് ഗാങ്ങ്ടോക്കിൽ ഇന്നുള്ളത്.  സന്ധ്യയോടെ, കാണാനും കാണപ്പെടാനുമാഗ്രഹിക്കുന്ന യൌവ്വന യുക്തങ്ങളായ തലമുറ തെരുവിൽ പ്രത്യക്ഷപ്പെട്ടു. മലകളിലൂടെ കയറിമറിഞ്ഞെത്തിയ തണുത്ത കാറ്റ് തെരുവുകൾക്കിടയിലെ ഇടം മുഴുവൻ നിറച്ചതോടെ തണുപ്പിന്റെ ശക്തി പെരുകിവന്നു. കൈകൾ കോട്ടിനുള്ളിൽ തിരുകി, തണുപ്പിനാൽ ശരീരം മുന്നോട്ടാഞ്ഞുകൊണ്ടാണ് ഞാൻ നടന്നുനീങ്ങിയത്.

തിരക്കിന്റെ അസാധാരണമായ ലയാനുഭൂതിയിൽനിന്നും വലിയൊരു കെട്ടിട സമുച്ചയത്തിലേക്ക് കയറി. പല നിലകളിലായി വസ്ത്രങ്ങളും പഴങ്ങളും പച്ചക്കറികളും, നിത്യജീവിതത്തിൽ ആവശ്യമുള്ളതെല്ലാം ലഭിക്കുന്ന വലിയൊരു വ്യാപാര സമുച്ചയമായിരുന്നു അത്. അൽപനേരം അവിടെ ചുറ്റി നടന്നു. അതിന്റെ ഏറ്റവും മുകൾനിലയിൽ കയറിയാൽ പട്ടണം മുഴുവൻ വ്യക്തമായി കാണാം. ഇരുട്ടിന്റെ ബീജങ്ങൾ പൊട്ടിമുളച്ച് തഴച്ചു വളർന്നുകിടക്കുന്ന ടെറസ്സിൽനിന്ന് നോക്കിയപ്പോൾ ചെറുതും വലുതുമായ വെളിച്ചങ്ങളിൽ ആണ്ടുകിടക്കുന്ന പട്ടണം മനോഹരമായി കാണപ്പെട്ടു. ശാന്തമായ മലനിരകളെ വീക്ഷിച്ച് അൽപനേരം നിന്നപ്പോഴാണ്, രാത്രിയുടെ ഊഷ്മളത നുകർന്നുകൊണ്ട് പ്രണയ ചേഷ്ടകളിൽ ഏർപ്പെട്ടിരിക്കുന്ന യുവത്വങ്ങളെ ശ്രദ്ധയിൽപ്പെട്ടത്. ഇരുട്ടിലെ വികാരങ്ങളിൽ നിറഞ്ഞുനില്ക്കുന്ന അവരെ അവരുടെ വഴിക്കുവിട്ട് ഞാൻ പുറത്തേക്ക് നടന്നു. അത്താഴശേഷം, ലഹരിനുരയുന്ന തെരുവിലൂടെ ശാന്തമായ രാത്രിയിലേക്ക്‌ പെയ്യുന്ന നിലാവിന്റെ നേർത്ത രേഖകളിലൂടെ മുറിയിലേക്ക് നടന്നു.


ഇരുട്ടിൽ നിന്നും അടർന്നുവീഴാൻ തുടങ്ങുന്ന ശാന്തമായ പുലരിയിൽ പട്ടണം നിർജനമായിരുന്നു. പുകമഞ്ഞിന്റെ മേഘങ്ങൾ തെരുവുകളിലേക്ക്‌ ഇറങ്ങിയിരിക്കുന്നു. തൊട്ടടുത്തുള്ള ആളുകളെപോലും അദൃശ്യമാക്കികൊണ്ട് മൂടൽമഞ്ഞ് തെരുവിൽ നിറഞ്ഞു. ചായയും കുടിച്ച് വിറച്ചുകൊണ്ട് തിരികെ മുറിയിലെത്തി യാത്രയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങി.  ക്യമെറയുമായി ടാക്സി സ്റ്റാൻഡിൽ എത്തിയപ്പോൾ പ്രകാശിക്കുന്ന കണ്ണുകളും പ്രദീപ്തമായ പുഞ്ചിരിയുമായി ബിരെൻ തയ്യാറായിരുന്നു. സന്തോഷത്തിന്റെ പ്രസരണ കേന്ദ്രമാണ് ആ മനുഷ്യൻ എന്നെനിക്ക് തോന്നി. കടും പച്ച കുന്നുകൾക്ക് ഇടയിലൂടെ മേഘങ്ങളെ മുട്ടിയുരുമ്മുന്ന പാതയിലൂടെ ആ യാത്ര ആരംഭിച്ചു.
സസ്യജാലങ്ങൾ ആർത്തുല്ലസിച്ച് വളരുന്ന കാടിനും അഗാധമായ താഴ്വരയ്ക്കും ഇടയിലുള്ള ചുരം പാതയിലൂടെയാണ് യാത്ര. അനേകമടി താഴ്ചയിൽ പടർന്നുകിടക്കുന്ന താഴ്വരയും ഗ്രാമങ്ങളും. അവയ്ക്ക്മേൽ മൂടൽമഞ്ഞിന്റെ പുതപ്പ് വീണുകിടക്കുന്നു.


താഷി വ്യൂ പോയിന്റിലേക്കായിരുന്നു ആദ്യ യാത്ര. 6000 അടി ഉയരത്തിൽ നിന്നും ചുറ്റുപാടുമുള്ള പ്രകൃതിയിലേക്ക് മിഴിനീട്ടുമ്പോൾ കാഴ്ചകൾക്കെന്നപോലെ അവ ആത്മാവിൽ സൃഷ്ടിക്കുന്ന വികാരങ്ങൾക്കും അതിരുകളില്ല എന്ന് നാം തിരിച്ചറിയും. ചുറ്റും നീണ്ടു കിടക്കുന്ന പച്ച പുതച്ച കുന്നുകളെയും താഴ്വരകളെയും മറച്ചുകൊണ്ട്‌ മഞ്ഞിന്റെ കനത്ത മേഘങ്ങൾ ഒഴുകുന്നു. വിടരുന്ന പുലരിയിൽ മഞ്ഞിൽ അമർന്നുകിടക്കുന്ന പ്രകൃതിയിലേക്ക് നോക്കിനിന്നുകൊണ്ട് ശാന്തതയുടെ പ്രതാപത്തിൽ അഭയം പ്രാപിക്കുക രസകരമാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ മൂന്നാം സ്ഥാനമുള്ള  കാഞ്ചൻ ജംഗ പർവ്വതം ഇവിടെ നിന്നും ദൃശ്യമാണ്. പക്ഷെ പുലർകാലത്തെ കനത്ത മൂടൽമഞ്ഞ്  ആ കാഴ്ച എനിക്ക് അപ്രാപ്യമാക്കി തീർത്തു. വ്യൂ പോയിന്റിൽ പ്രവേശിക്കുന്നതിന് പ്രത്യേകം ഫീസോ മറ്റു ചാർജുകളോ ഒന്നുംതന്നെയില്ല. സൂര്യോദയമാണ് ഇവിടെ നിന്നുള്ള ഏറ്റവും മനോഹരമായ കാഴ്ച എന്ന് ബിരേൻ പറഞ്ഞു. പുലർച്ചെ അഞ്ചു മണിക്കെങ്കിലും എത്തിയെങ്കിൽ മാത്രമേ ചക്രവാളത്തിന്റെ അതിരുകൾക്ക് പിന്നിൽ നിന്നും പ്രവഹിക്കുന്ന ആദ്യ കിരണങ്ങളുടെ സുന്ദരകാഴ്ച കാണാൻ കഴിയുകയുള്ളൂ. കാഴ്ചയിൽ ലയിച്ചുനിൽക്കെ തൊട്ടടുത്തുള്ള ബിരേനെനെ പോലും അവ്യക്തമാക്കികൊണ്ട് കനത്ത മൂടൽമഞ്ഞ് ഞങ്ങളെ വലയം ചെയ്തു. തരംഗങ്ങൾ പോലെ കിടക്കുന്ന മലനിരകൾ ഇടയ്ക്ക് മഞ്ഞിനിടയിലൂടെ പ്രത്യക്ഷമായിരുന്നു. നിമിഷങ്ങൾക്കിടയിൽ അവ വീണ്ടും മഞ്ഞിൽ മറഞ്ഞു. കൂടുതൽ സമയം കളയാതെ യാത്ര തിരിച്ചു.

ഗണേഷ് ടോക്  എന്ന ക്ഷേത്രത്തിലേക്കാണ് പിന്നീട് പോയത്. കുന്നിൻമുകളിലെ വൃക്ഷപടർപ്പുകൾക്കിടയിൽ അഗാധമായ താഴ്വരയെ നോക്കിനില്ക്കുന്ന ഗണപതി ക്ഷേത്രമാണത്. മനോഹരമായി അലങ്കരിച്ചിരിക്കുന്ന ഗണപതി വിഗ്രഹം. ക്ഷേത്രത്തോട് ചേർന്ന് ഒരു ഗോപുരവുമുണ്ട്. 360 ഡിഗ്രിയിൽ താഴ്വര കാഴ്ചകളിലേക്ക് തുറക്കുന്ന ഗോപുരത്തിന് മുകളിലെത്തിയതോടെ സ്വർഗ്ഗീയമായ ആനന്ദമായിരുന്നു അനുഭവപ്പെട്ടത്. താഴെ ഗ്രാമങ്ങൾക്കുമേൽ പുതച്ചിരുന്ന മൂടൽമഞ്ഞു സൂര്യപ്രകാശമേറ്റ് ചിതറി തെറിക്കുന്നു.  അതോടെ താഴ്വരയിലെ കാഴ്ചകൾ കൂടുതൽ വ്യക്തമായി തീർന്നു. ക്ഷേത്രത്തിനു ചുറ്റും തഴച്ചുവളരുന്ന മരങ്ങളിൽ പക്ഷികളുടെ ധാരാളിത്തം. കാടിന്റെ നിഴലുകൾക്കും ഗന്ധത്തിനും ശബ്ദവീചികൾക്കുമിടയിൽ കുരുങ്ങി കിടക്കുകയാണ് ക്ഷേത്രം. വിശ്വാസം ഏതുമാവട്ടെ, അതിനാൽ വേർപെടുത്തപ്പെട്ട ഏതൊരു മനുഷ്യനും അത്രമേൽ ശാന്തതയാണ് ആ ക്ഷേത്രം പ്രദാനം ചെയ്യുന്നത്. സഞ്ചാരികളെ ലക്ഷ്യമാക്കികൊണ്ട് ഏതാനും കടകളും ഒരു ലഘുഭക്ഷണശാലയും അവിടെയുണ്ട്. പ്രഭാത ഭക്ഷണമായി ബ്രഡും ഓംലെറ്റും കട്ടൻ ചായയും കഴിച്ചു.  ഹിമാലയൻ സുവോളജിക്കൽ പാർക്കിലെക്കായിരുന്നു അടുത്ത യാത്ര. മൃഗശാല എന്ന പേരിൽ മൃഗങ്ങളെ ഇരുമ്പഴിക്കുള്ളിലാക്കി പീഡിപ്പിക്കുന്ന ഇടങ്ങളിലെക്കുള്ള യാത്രകൾ ഞാൻ ഒഴിവാക്കുകയാണ് പതിവ്. കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളുടെ അവസ്ഥയ്ക്കോ  അവകാശങ്ങൾക്കോ അവിടെ പ്രാധാന്യം ഇല്ല എന്നത് തന്നെയാണ് കാരണം. എന്നാൽ മൃഗശാലയെ കുറിച്ചുള്ള എന്റെ സങ്കല്പ്പങ്ങളെ തിരുത്തികുറിച്ച ഒരു പ്രദേശമാണ് ഗാങ്ങ്ടോക്കിലെ ഹിമാലയൻ സുവോളജിക്കൽ പാർക്ക്. സ്വാഭാവികമായ വനത്തിനുള്ളിൽ ഓരോ മൃഗങ്ങൾക്കും ആവശ്യമായ ആവാസ വ്യവസ്ഥ സൃഷ്ടിച്ചുകൊണ്ടാണ് അവയെ പാർപ്പിചിരിക്കുന്നത്. ഇരുമ്പ് കൂടുകൾ ഇല്ലാതെ കിടങ്ങുകളും വേലികളും കൊണ്ടാണ് സഞ്ചാരികളിൽ നിന്നും അവയെ വേർതിരിക്കുന്നത്. ഇവിടെ മനുഷ്യരാണ് പ്രദർശന വസ്തു എന്നെനിക്ക് തോന്നി. സ്വൈര്യമായി വിഹരിക്കുന്ന മൃഗങ്ങളെ വേലികൾക്ക് പുറമേ നിന്നും കണ്ടാസ്വദിക്കാം. ഹിമാലയൻ കരടികളും, മഞ്ഞു പുലിയും ടിബറ്റൻ ചെന്നായയും പുള്ളിപുലികളും മാനുകളും കൂടാതെ സിക്കിം സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമായ ചുവന്ന പാണ്ടയും അടക്കം പ്രകൃതി സ്നേഹികൾക്ക് ഒരു വിരുന്ന് തന്നെയാണവിടം. മുഴുവൻ കണ്ടുതീർക്കാൻ ഒരു ദിവസം വേണമെന്നിരിക്കെ ചുരുങ്ങിയ മണിക്കൂറിനുള്ളിൽ ഓട്ടപ്രദക്ഷിണം നടത്താൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ. അവസാന ദിവസത്തെ ഒരുപകൽ ഈ വന്യ ജീവി ഉദ്യാനത്തിന് വേണ്ടി മാറ്റി വയ്ക്കാം എന്ന കണക്കുകൂട്ടലിൽ അവിടെ നിന്നും അടുത്ത കാഴ്ചകയിലേക്ക് തിരിഞ്ഞപ്പോഴേക്കും ഉച്ചകഴിഞ്ഞിരിന്നു, സുവോളജിക്കൽ പാർക്കിൽ  2 മണിക്കൂർ ഞാൻ അധികം ചിലവഴിച്ചതിനാൽ യാത്ര പദ്ധതിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ആലോചിച്ച് തല പുകയ്ക്കുകയായിരുന്നു ബിരെൻ. അഞ്ചുമണിക്ക് പട്ടണത്തിൽ നിന്നും മറ്റൊരു യാത്ര  അദ്ദേഹം ഏറ്റെടുത്തതിനാൽ അതിനുമുന്പ് എന്നെ പട്ടണത്തിൽ എത്തിക്കുക അനിവാര്യമായിരുന്നു. എന്നാൽ എനിക്ക് കാണേണ്ട കാഴ്ചകൾ ഇനിയുമേറെ ഉണ്ട്‌താനും. കർത്തവ്യത്തിനും കൃത്യനിഷ്ടതയ്കും ജീവിതത്തിൽ ഒരുപാട് പ്രാധാന്യം നല്കുന്ന അദ്ദേഹത്തിന് അവയ്ക്കിടയിൽ രൂപപ്പെട്ട ഈ വൈരുദ്ധ്യത്തെ എങ്ങനെ മറികടക്കണം എന്ന് അറിയുമായിരുന്നില്ല.  കൂടുതൽ ചിന്തകളുടെ പിൻബലമില്ലാതെ 'ഫ്ലവർ ഷോ ' എന്റെ പട്ടികയിൽ നിന്നൊഴിവാക്കികൊണ്ട് ഞാൻ തന്നെ ആ അവസ്ഥയിൽനിന്നും അദ്ദേഹത്തിന് സ്വാതന്ത്യം നല്കി. തുറന്ന മനസ്സോടെയും ഉത്സാഹത്തോടെയുമായിരുന്നു അദ്ദേഹത്തിന്റെ സംസാരം. ഉച്ച ഭക്ഷണത്തിനായി ഇടയ്ക്ക് ഒരിടത്തിറങ്ങി. മലമുകളിലൂടെ നീളുന്ന തെരുവിന്റെ വക്കിൽ ഏകാന്തമായ കാവൽമാടം പോലെ നിലകൊള്ളുന്ന, മരപ്പലകകൾ കൊണ്ട് നിർമ്മിച്ച ചെറിയ ഭക്ഷണശാല. സിക്കിമിലെ ഉൾഗ്രാമങ്ങളിൽ വീടുകളും കടകളുമെല്ലാം കോണ്‍ക്രീറ്റ് ഒഴിവാക്കി മരപ്പലകകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഭക്ഷണശാലയുടെ പകുതിഭാഗം തെരുവിലേക്കും മറുപകുതി അഗാധമായ കൊക്കയിലെക്കും തള്ളി നില്ക്കുന്ന രീതിയിലാണ്. പാറ തുരന്ന് കുറ്റികൾനാട്ടി താങ്ങി നിർത്തിയിരിക്കുകയാണ് കെട്ടിടത്തിനെ. കുന്നിൻ ചെരുവിലൂടെ സദാ ചുറ്റിനടക്കുന്ന കാറ്റിന്, ഏകാന്തമായി നിലകൊള്ളുന്ന ഈ ഭക്ഷനശാലയെ, താഴെ അഗാധതയിലേക്ക്‌ ചുഴറ്റി എറിയാൻ വലിയ പരിശ്രമം ഒട്ടുംതന്നെ വേണ്ടിവരില്ല എന്നെനിക്ക് തോന്നി.  പച്ചിരി ചോറും ഇലക്കറികളും അടങ്ങിയ രുചിയേറിയ ഭക്ഷണത്തിനു മുന്നിൽ കെട്ടിടത്തിന്റെ നിലനില്പ്പിനെ കുറിച്ചുള്ള ഭയമെല്ലാം വീണുപോയിരിന്നു. സംതൃപ്തിയോടെ അവിടെനിന്നിറങ്ങി. പട്ടണത്തിൽ നിന്നും 22 കി.മി ദൂരെ സ്ഥിതി ചെയ്യുന്ന രുംതെക് ബുദ്ധ വിഹാരത്തിലേക്കാണ് പിന്നീട് പോയത്. എ. ഡി. 1700 ഇൽ സ്ഥാപിച്ച വിഹാരം സിക്കിമിലെ ഏറ്റവും പഴയതും പ്രധാനപ്പെട്ടതുമായ മൊണാസ്ട്രിയാണ്. ഉച്ചവെയിലിന്റെ നിശബ്ദതയിൽ മയങ്ങി കിടക്കുന്ന കുന്നിൻചെരുവിലാണ്‌ ബുദ്ധവിഹാരം സ്ഥിതിചെയുന്നത്‌. വേനൽക്കാലത്തെ കത്തുന്ന വെയിലിലും ഉഷ്ണത്തിന് അവിടം അപരിചിതമായിരുന്നു.  ഒഴുകിപ്പോകുന്ന മേഘങ്ങൾക്കും അവയ്ക്ക് താഴെ മാറ്റമില്ലാതെ തുടരുന്ന മലനിരയ്ക്കുമിടയിലുള്ള മൌന മേഖലയിൽ ചക്രവാളത്തെയും മലകളെയും ഭേദിച്ചുകൊണ്ട് ആകാശത്തേക്ക് തല ഉയർത്തിനില്ക്കുന്ന മനോഹര ദേവാലയം. ഹരിതാഭമായ മലനിരകൾക്കിടയിൽ വിസ്തൃതമായികൊണ്ട് അവയുടെ ഭാഗമെന്നോണം ഇഴുകി ചേർന്നുകിടക്കുകയാണത്. വിസ്താരമേറിയ മുറ്റം കഴിഞ്ഞാൽ പിന്നീട് അഗാധമായ താഴ്വരയാണ്. എതിർവശത്ത് ദൂരെയായി കാണുന്ന മലനിരകളിലൂടെ വളഞ്ഞു പുളഞ്ഞു നീളുന്ന പാതയും  അതിലൂടെ ഉറുംബിനെപോലെ നീങ്ങുന്ന വാഹനങ്ങളും കാണാം.  ബുദ്ധമന്ദിരം സ്തൂപാകൃതി കൈകൊണ്ടതാണ്. ബുദ്ധ സന്യാസിമാരും സഞ്ചാരികളും  തങ്ങളുടെ ലോകങ്ങളിൽ മുങ്ങി നടന്നു പോവുന്ന മുറ്റം പിന്നിട്ട് അകത്തേക്ക് കയറി. വശ്യമായ പുഞ്ചിരിയും നീട്ടിപിടിച്ച തൊഴുകൈയ്യുമായി കവാടത്തിൽ നിന്നിരുന്ന വിദ്യാർഥി ഭിക്ഷു അകത്തേക്ക് വഴികാണിച്ചശേഷം അടുത്ത സന്ദർശകനെ സ്വീകരിക്കാനായി കവാടത്തിലേക്ക് നടന്നു. എല്ലായിടത്തും അലഞ്ഞലഞ്ഞെത്തുന്ന നിശബ്ദതയിൽ മുങ്ങിമരിക്കുന്ന വലിയൊരു പ്രാർത്ഥനാമുറി. തണുപ്പ് തളം കെട്ടിയ മുറിയിൽ ഇരിക്കുമ്പോൾ ഭൂമിയുടെ ഹൃദയമിടിപ്പ് പോലും കാതുകളിൽ പതിക്കുന്നതായി തോന്നി. പദ്മാസനത്തിൽ ധ്യാനാവിഷ്ഠനായ ബുദ്ധന്റെ സുവർണ്ണ പ്രതിമയാണ് അവിടെ നമ്മെ സ്വാഗതം ചെയ്യുക.  ആഗ്രഹങ്ങൾ നിറഞ്ഞ ബാഹ്യപ്രപഞ്ചത്തിന്റെ വിശാലതയിൽനിന്നും ബോധി സത്വത്തിന്റെ ചൈതന്യാന്തർ ഭാഗത്തേക്ക് നയിക്കുന്ന അനവധി ബിംബങ്ങളും ചിത്രങ്ങളും നിറഞ്ഞ മുറിയിലൂടെ സ്വപ്നാടകനെപോലെ ഞാൻ നടന്നു.കമഴ്ന്ന് കിടന്ന് നിശബ്ദമായി ജപമാല ഉരുവിടുന്ന ഭക്തർ. കുറച്ചു സഞ്ചാരികളും അകത്തുണ്ട്. നിശബ്ദതയിൽ ആണ്ടിരിക്കുമ്പോൾ ബുദ്ധ തത്വങ്ങൾ ഒന്നൊന്നായി മുന്നിൽ തെളിഞ്ഞു. ചിന്തകളൊഴിഞ്ഞു ശാന്തമായ മനസ്സുമായി പ്രാർത്ഥനാ മുറിയിൽ  നിന്നും പുറത്തിറങ്ങി. സന്ദർശകരെ സഹായിക്കാനായി കവാടത്തിൽ നില്ക്കുന്ന നൊർബു യുവ ബുദ്ധസന്യാസിയെ പരിചയപ്പെട്ടു.  ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കുന്ന യുവാവ്. പത്തൊന്പത് വയസ്സായ  ആ ഭിക്ഷു തന്റെ ഏഴാമത്തെ വയസ്സിലാണ് സന്യാസിയാവനായി അവിടെ എത്തിച്ചേർന്നത്.  ദേവാലയത്തിന് പുറകിലായി ബുദ്ധതത്വങ്ങൾ പഠിപ്പിക്കുന്ന വിദ്യാലയവും വിദ്യാർഥി ഭിക്ഷുക്കൾക്ക് താമസിക്കുന്നതിനുള്ള വലിയൊരു കെട്ടിടവും ഉണ്ട്. ബുദ്ധമന്ദിരത്തിലെ പ്രദക്ഷിണ വഴികളിലൂടെ  യുവസന്യാസിയോടൊപ്പം അലഞ്ഞുനടന്നു. ഓരോ വിദ്യാർത്ഥിയും ഊഴം അനുസരിച്ച് പ്രാർത്ഥന മുറിക്കു പുറത്ത് സന്ദർശകരെ സഹായിക്കാനായി ഓരോ ദിവസം ചിലവിടുന്നു. തൃഷ്ണയെ കൈവെടിഞ്ഞുകൊണ്ട്, ഭൌതികമായ എല്ലാറ്റിൽനിന്നും അടർന്നുമാറാൻ ആവശ്യപ്പെടുന്ന നിർവാണ സിദ്ധാന്തത്തെ കുറിച്ച് അവനോടു സംസാരിച്ചു.  എന്നാൽ അത്  അഭ്യസിക്കുന്ന യുവതലമുറയിലെ ഭിക്ഷുക്കൾക്ക് മൊബൈൽഫോണ്‍ അടക്കമുള്ള കാര്യങ്ങൾ നിഷിദ്ധമല്ല എന്നത് എന്നെ ഏറെ അതിശയിപ്പിച്ചു. സുഖഭോഗങ്ങളുടെ കാര്യത്തിൽ സന്യാസികളുടെ ജീവിതം ഏറെ വിശാലവും സ്വാതന്ത്ര്യവുമാണ് ഇന്ന്. കൊച്ചു ബുദ്ധസന്യാസികളുടെ കയ്യിൽപോലും മൊബൈൽ ഫോണ്‍ അനിവാര്യമായ സംഗതി ആയിതീർന്നിരിക്കുന്നു. വാരാന്ത്യങ്ങളിൽ പട്ടണത്തിലെത്തി സിനിമ അടക്കമുള്ള വിനോദങ്ങളിലും ഏർപ്പെടുന്നുണ്ട് ഇന്നത്തെ തലമുറയിലെ ഭിക്ഷുക്കൾ. ഈ വൈരുദ്ധ്യത്തെ കുറിച്ച് സന്യാസിയോട് ചോദിച്ചെങ്കിലും ബുദ്ധിസത്തിലേക്ക് പുതുതലമുറയെ ആകർഷിക്കുവാനും തത്വചിന്തകളെ സ്വാദിഷ്ടമാക്കുവാനും, മായ മോഹങ്ങൾ നിറഞ്ഞ ഭൌതിക ലോകത്തിന്റെ ഘനാകർഷണത്തെ ഒഴിവാക്കാൻ കഴിയാതെ ആയിരിക്കുന്നു  എന്ന തിരിച്ചറിവിൽ കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കി. തത്വചിന്തയിൽ അധിഷ്ഠിതമായ ബുദ്ധമതത്തെ കുറിച്ചും ബുദ്ധനിൽ നിന്ന് ആ ചിന്തകൾ മനുഷ്യന്റെ സാംസ്കാരിക മണ്ഡലത്തിലേക്ക് എത്തിയപ്പോൾ സംഭവിച്ച മാറ്റങ്ങളെ കുറിച്ചും ആലോചിച്ചുകൊണ്ട്‌ അവിടെ നിന്നിറങ്ങി. യാത്ര തുടരവേ തിരിഞ്ഞുനോക്കി, മലനിരകൾക്കിടയിൽ ആകാശത്തേക്ക് ഉയർന്നുനില്ക്കുന്ന ബുദ്ധവിഹാരം ഒരിക്കൽകൂടി ദൃശ്യമായി. നിരർത്ഥകമായ ഈ ലോകത്തിനുനടുവിലും പ്രകൃതിയിൽ നിന്നുണ്ടായതാണെന്നും പ്രകൃതിയുടെ ഭാഗമാണെന്നും പ്രകടിപ്പിച്ചുകൊണ്ട്, തത്വചിന്തകൾ ഒന്നോന്നായി പെറുക്കി എടുത്ത് മറ്റുള്ളവരുടെ ഹൃദയത്തിൽപാകി നില കൊള്ളുകയാണ് ആ മഹാ ക്ഷേത്രം.
 സമയം മൂന്ന് മണിയോടടുത്തിരിക്കുന്നു. എന്റെ ഒരു ദിവസം നീണ്ട യാത്രയ്ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട്,  പട്ടണത്തിൽനിന്നും മൂന്ന് കി.മി. ദൂരെയുള്ള ബാക്തോന്ഗ് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടു. പച്ചപ്പിനാൽ ആവരണം ചെയ്യപ്പെട്ട മലനിരകളിൽ ഇടതൂർന്നു വളരുന്ന മരങ്ങൾക്കും പാറകൾക്കും ഇടയിലൂടെ കുത്തനെ പതിക്കുന്ന കനമേറിയ പ്രവാഹം. ഹിമാവൃതമായ താഴ്വരകളിൽ രൂപംകൊള്ളുന്ന ചെറിയ പ്രവാഹം, മലനിരകൾക്കു മുകളിലുള്ള കാടുകളിൽനിന്നും ഉറവകൊള്ളുന്ന നീർചാലിലേക്ക് ലയിക്കുമ്പോൾ ശക്തിയേറിയ പ്രവാഹമായി രൂപാന്തരപ്പെടുകയാണ്. ആഴങ്ങളെ പിളർന്നുകൊണ്ട് അത് താഴ്വരയിലേക്ക് പതിക്കുന്നു. കേരളത്തിലെ ചുരം പാതകളിൽ യാത്ര ചെയ്തിട്ടുള്ളഏതൊരാളും  ഇതിലും ശക്തിയേറിയ അനവധി നീർച്ചാലുകൾ കണ്ടിട്ടുണ്ടാവും. പക്ഷെ ജലത്തിന്റെ ധാരാളിത്തം ഇല്ലെങ്കിൽകൂടി സാന്ദ്രഗംഭീരമായ സൌന്ദര്യം ഈ ജലധാരയ്ക്ക് സ്വന്തമാണ്. ശക്തിയേറിയ പ്രവാഹത്തിനാൽ പാറക്കല്ലുകളെ മിനുസമേറിയ ഉരുളൻകല്ലുകളാക്കി മാറ്റികൊണ്ട് ഒഴുകുന്ന ഈ ജലശബ്ദം ഒഴിവാക്കിയാൽ അന്തരീക്ഷം തീർത്തും നിശബ്ദമാണ്. മലമുകളിൽനിന്നും കുത്തനെ പതിക്കുന്ന ജലപ്രവാഹമാണ് നിശബ്ദമായ പ്രകൃതിയുടെ രാവുകളെയും പകലുകളെയും ഒരുപോലെ ജീവിപ്പിക്കുന്നത്‌. വർഷങ്ങൾ നീണ്ട പ്രവാഹത്തിന്റെ പ്രഹരമേറ്റ്‌ മിനുസപ്പെട്ട ഉരുളൻകല്ലുകൾ സൂര്യപ്രകാശമേറ്റ് തിളങ്ങുന്നു. അല്പം ജലം കൈകുമ്പിളിലെടുത്ത് മുഖം കഴുകി. മരവിപ്പിക്കുന്ന തണുപ്പ്. ഹിമാവൃതമായ താഴ്വരകളിൽ ഉത്ഭവിച്ച്, വെളിച്ചം കടക്കാത്ത കാടുകളിലൂടെ പ്രവഹിച്ച്, പ്രകൃതിയെ ഉണർത്തിയും , താഴെ താഴ്വരകളിലെ കൃഷിയിടങ്ങൾക്ക് ഉണർവേകിയും തുടരുന്ന തീരാത്ത ജലയാത്രയുടെ വിസ്മയത്തിൽ ലയിച്ച് ഞാൻ ഇരുന്നു. സമയത്തിന്റെ കടന്നുകയറ്റത്തെ കുറിച്ച് സൂചന നല്കികൊണ്ട് നൊർബു എനിക്കരികിലെത്തി. ആഹ്ലാദവും നിരാശയും കൂടികലർന്നു നിറയപ്പെട്ട മനസ്സുമായി മടക്കയാത്ര.

പട്ടണത്തിൽ എത്തിയശേഷം ക്ഷണത്തിൽ മാർക്കെറ്റ് തെരുവിലേക്ക് നടന്നു. പ്രധാന തെരുവീഥിയിൽ ആളുകളെകൊണ്ട് നിറഞ്ഞു തുടങ്ങിയിരുന്നു. പിറ്റേ ദിവസത്തെ യാത്രയ്ക്കായി ചില ട്രാവൽ എജെൻസികളിൽ കയറി ഇറങ്ങി. യുംതങ്ങ് വാലി' എന്ന മനോഹര താഴ്വരയാണ് ലക്‌ഷ്യം. പട്ടണത്തിൽനിന്നും 150 കി. മി. ദൂരെ ടിബറ്റൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന താഴ്വരയിലേക്ക് ദുർഘടമായ മലമ്പാതയിലൂടെ ഒരു പകൽ മുഴുവൻ യാത്ര ചെയ്യണം. അവിടെക്കുള്ള യാത്ര അനുമതിക്കായി തിരിച്ചറിയൽ രേഖയും ഫോട്ടോയും മുൻകൂറായി ട്രാവൽ ഏജെന്റിനെ ഏൽപ്പിക്കേണ്ടതുണ്ട്. സിക്കിമിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുൻനിരയിലാണ് യുംതങ്ങ് വാലി. ഒട്ടനവധി ഷെയർ ടാക്സികൾ, ട്രാവൽ എജെൻസികൾ മുഖേനെ പട്ടണത്തിൽനിന്നും ദിനംപ്രതി സർവിസ് നടത്തുന്നുണ്ട്. യുംതങ്ങ് താഴ്വരയിൽ താമസ സൗകര്യം ലഭ്യമല്ലാത്തതിനാൽ, പട്ടണത്തിൽ നിന്നും രാവിലെ പുറപ്പെടുന്ന വാഹനങ്ങൾ വൈകുന്നേരത്തോടെ ലചുങ്ങ് എന്ന ഗ്രാമത്തിലെത്തി പിറ്റേന്ന് പുലർച്ചെ താഴ്വരയിലേക്ക് യാത്ര തുടരുകയാണ് പതിവ്. ലചുങ്ങ് ഗ്രാമത്തിൽ നിന്നും കൂടുതൽ ദുർഘടമായ പാതയിലൂടെ 2 മണിക്കൂർ യാത്ര ചെയ്ത് താഴ്വരയിലെത്താം. ഗ്രാമത്തിലെ താമസവും ഭക്ഷണവും, വാഹനകൂലിയും ഉൾപ്പെടെ 1500 രൂപയാണ് ഒരാൾ നല്കേണ്ടത്.
ഷെയർ വാഹനത്തിൽ ഡ്രൈവറുടെ സീറ്റിനോട് ചേർന്ന് മുൻ  നിരയിലെ യാത്രയാണ് ഞാൻ ആഗ്രഹിച്ചത്‌. പക്ഷെ ഏകനായ സഞ്ചാരിക്ക് മുൻനിരയിലെ സീറ്റ് നല്കാനാവില്ല എന്ന നിലപാടായിരുന്നു പല ട്രാവൽ എജെൻസികൾക്കും. ഡ്രൈവർക്കൊപ്പം രണ്ടു പേർക്ക് യാത്ര ചെയ്യാമെന്നിരിക്കെ, അത്  രണ്ടു പേരുൾപ്പെടുന്ന സഞ്ചാരികൾക്കോ ദമ്പതികൾക്കോ മാത്രം നല്കാൻ കഴിയുകയുള്ളൂ എന്നായിരുന്നു പലർക്കും. കൂടുതൽ തുക വാഗ്ദാനം ചെയ്തിട്ടും പ്രയോജനം ലഭിച്ചില്ല. നിരാശ കലർന്ന ഭാവത്തോടെ പല ഒഫിസുകളുടെയും പടിഇറങ്ങി. അതീവ ദുർഘടമായ പാതയിലൂടെ പിൻനിരയിൽ ഇരുന്നു യാത്ര ചെയ്യാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല എന്നത് മാത്രമല്ല കൂടുതൽ വ്യക്തമായും അനായാസമായും ചിത്രങ്ങൾ പകർത്താൻ വേണ്ടി കൂടിയാണ് മുൻനിരയിലെ യാത്രയ്ക്ക് മുൻ‌തൂക്കം നല്കിയത്.  ഒടുവിൽ എന്തുവേണ്ടു എന്നറിയാതെ നില്പ്പായി. എന്റെ തീരുമാനത്തിന് പരിവർത്തനം ഉണ്ടാക്കുന്നതിനുമുൻപുതന്നെ മറ്റുള്ളവരാൽ നിഷേധിക്കപ്പെട്ട എന്റെ ആഗ്രഹത്തെ അംഗീകരിക്കാൻ ഒരു ട്രാവൽ എജെൻസി ഉടമസ്ഥൻ സന്നദ്ധനായി. 300 രൂപ അധികം നല്കിയാണ് മുൻനിരയിലെ യാത്ര തരപ്പെടുത്തിയത്. തിരിച്ചറിയൽ രേഖയും ഫോട്ടോയും മുൻ‌കൂർ തുകയും നല്കിയതോടെ, രാവിലെ ഒൻപതു മണിക്ക് മാർക്കറ്റ്‌ തെരുവിൽനിന്നും 1 കി. മി. ദൂരെയുള്ള മറ്റൊരു ടാക്സി സ്റ്റാൻഡിൽ എത്താനുള്ള നിർദ്ദേശം ലഭിച്ചു.

പട്ടണത്തിനുമേൽ രാത്രി പടർന്നുകയറി അതിനെ വിഴുങ്ങി കഴിഞ്ഞിരിക്കുന്നു. അത്താഴം കഴിച്ചശേഷം വിശ്രമത്തിന്റെ ആഹ്ലാദത്തോടെ ഞാൻ മുറിയിലേക്ക് നടന്നു. രാത്രിയിലെ ഓരോ നിമിഷവും ഞാൻ ഒരു പുതു സന്തോഷത്തിലായിരുന്നു. പിറ്റേന്നത്തെ ദീർഘയാത്രയെ കുറിച്ചുള്ള ചിന്തകളിൽ അപാരമായി ആഹ്ലാദിതമായികൊണ്ടാണ്  ഉറങ്ങാൻ കിടന്നത്.


പുലർച്ചെ ഉണർന്നെഴുന്നേറ്റു. രണ്ടു ദിവസം കഴിഞ്ഞേ പട്ടണത്തിലേക്ക് തിരിച്ചെത്തു എന്നുള്ളതിനാൽ മുറിയൊഴിഞ്ഞ ശേഷം ക്യാമറയും അത്യാവശ്യ സാധങ്ങളും മാത്രം എടുത്ത് ബാഗ് ലോക്ക് ചെയ്ത് റിസപ്ഷനിൽ ഏല്പ്പിച്ചു. പ്രാതൽ കഴിച്ചശേഷം തണുത്ത പ്രഭാതത്തിലെ പരുക്കൻ തെരുവിലൂടെ  ടാക്സി സ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു.  വാഹനങ്ങളുടെ ചെകിടടപ്പിക്കുന്ന ഹോണ്‍ ശബ്ദമാണ് അവിടെ എന്നെ സ്വാഗതം ചെയ്തത്. രണ്ടു നിലയുള്ള കെട്ടിടത്തിന്റെ മുകളിലും താഴെയുമായി വാഹനങ്ങൾ നിരന്നു കിടക്കുന്നു. സഞ്ചാരികളുടെയും വാഹങ്ങളുടെയും ബാഹുല്യം മൂലം ശ്വാസം മുട്ടുന്ന ഒരിടം. തുളച്ചു കയറുന്ന ശബ്ദത്തോടെ യാത്രികരുമായി വാഹനം കടന്നു പോവുമ്പോഴേക്കും, മുകൾ നിലയിൽനിന്നും കാലിയായ മറ്റൊരു വാഹനം അവിടെ സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കും. നിരന്നു കിടക്കുന്ന വാഹനങ്ങൾക്കിടയിലൂടെ, ട്രാവൽ ഓഫീസിൽ നിന്നും ലഭിച്ച കടലാസുമായി നടന്നു. എനിക്ക് പോവേണ്ട വാഹനത്തിന്റെ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അതിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. പൊക്കമുള്ള അല്പം കൂനുള്ള ഒരു യുവാവ് യാത്രികരുടെ കയ്യിലെ കടലാസ് പരിശോധിച്ച് ഓരോരുത്തരെയും ഓരോ വാഹനങ്ങളിലേക്ക് കയറ്റുന്നത് കാണുകയുണ്ട്ടായി. അയാളുടെ സഹായത്താൽ എനിക്ക് കയറേണ്ട വാഹനത്തിനു സമീപമെത്തി.  ഏതാനും യാത്രികർ വാഹനത്തിലുണ്ട്. ഭാര്യയും ഭർത്താവും 2 കുട്ടികളുമുള്ള ഒരു കുടുംബം മധ്യ നിരയിലെ സീറ്റിൽ ഇടം പിടിച്ചിരിട്ടുണ്ട്. വ്യസനകരമായ സന്ദർഭമായിരുന്നു എനിക്കത്. പത്തുപേർക്ക് യാത്രചെയ്യാവുന്ന വാഹനത്തിലെ ഏറ്റവും പിന്നിലെ ഇരിപ്പിടമാണ് എനിക്കുള്ളത് എന്നാണ് യുവാവ് പറഞ്ഞത്. ദേഷ്യം കൊണ്ട് തികച്ചും ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു ഞാൻ. 300 രൂപ അധികം നല്കിയതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കപ്പെട്ടെങ്കിലും, യുവാവ് വഴങ്ങിയില്ല. വാദപ്രതിവാദങ്ങൾ നീണ്ടു. അനർഗളമായി സംസാരിക്കാൻ ഭാഷ തടസ്സമായിരുന്നു എങ്കിൽ കൂടി പരിമിതമായ ഭാഷ പരിജ്ഞാനത്തിൽ വാക്പോര് ഏറെ നേരം നീണ്ടുനിന്നു. മറ്റു യാത്രക്കാർ അക്ഷമാരാവാൻ തുടങ്ങി.  ട്രാവൽ എജെന്റിനെ ഫോണിൽ വിളിച്ചു ഉടനെ അവിടെ എത്താൻ ആവശ്യപ്പെട്ടു. അയാൾ വരാതെ വാഹനം മുന്നോട്ടെടുക്കാൻ അനുവദിക്കില്ല എന്ന് അറിയിച്ചുകൊണ്ട്‌ വാഹനത്തിനു മുന്നിൽ നിലയുറപ്പിച്ചു. കുടുംബസമേതം യാത്ര ചെയ്യുന്ന വ്യക്തി എനിക്കരികിലെത്തി അനുനയിപ്പിക്കാൻ ശ്രമം നടത്തി. അപ്പോഴാണ് അവർക്കും മുൻസീറ്റ്‌ വാഗ്ദാനം നല്കിയതും ഇവിടെ എത്തിച്ചേർന്നപ്പോൾ കബളിക്കപ്പെട്ടതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിഞ്ഞത്. പക്ഷെ വിട്ടുകൊടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. 10 മിനിട്ടുകൾക്കുള്ളിൽ എജെന്റ് സ്ഥലത്തെത്തി. തുടർന്ന്കൂടുതൽ തീഷ്ണമായ വാദ പ്രതിവാദങ്ങൾ അവർ തമ്മിലായി നടന്നു. അരമണിക്കൂർ നീണ്ട വാക്പോരിനു വിരാമമിട്ടുകൊണ്ട് മുൻസീറ്റിൽ ഇരിക്കാനുള്ള നിർദ്ദേശം എനിക്ക് ലഭിച്ചു.

കയ്പ്പേറിയ കടുത്ത പദങ്ങൾ യുവാവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞുകൊണ്ട് ഞാൻ വാഹനത്തിലേക്ക് കയറി. ഹൃദയത്തിൽ ഉറഞ്ഞുകൂടിയ രോഷത്തിന് മറ്റൊരു ബഹിർഗമന മാർഗ്ഗവും ഞാൻ കണ്ടില്ല. എതിർഭാഗത്തു നിന്നുള്ള പ്രതികരണം ബോധപൂർവ്വം പ്രതിരോധിച്ചുകൊണ്ട് മാതൃ ഭാഷയിലായിരുന്നു എന്റെ വാക്കുകൾ. ഉള്ളിലെ തീ അണഞ്ഞിട്ടില്ലെങ്കിൽകൂടി കണ്ണുകളിൽ പുഞ്ചിരിയുടെ വശ്യതയോടെ മിത സ്വരത്തിലുള്ള എന്റെ തെറിവാക്കുകൾ അവനു തീർത്തും അപരിചിതമായിരുന്നു. ഒരു സ്വപ്നത്തിലെന്നവണ്ണം മിഴിച്ചുകൊണ്ട്  എന്റെ വാക്കുകൾ കേട്ടുനിന്ന അവനെ കുറിച്ചോർത്ത് ഗൂഡമായി ആഹ്ലാദിച്ചുകൊണ്ട്  വല്ലാത്തൊരു ആത്മനിർവൃതിയോടെ ഞാൻ വാഹനത്തിൽ കയറി. പിൻ നിരയിലെ ഇരിപ്പിടത്തിൽ നിന്നും നീണ്ടുവന്ന കൈകൾ എന്റെ തോളിൽ തട്ടികൊണ്ട് ചോദ്യമെറിഞ്ഞു "കേരളത്തിൽ എവിടെയാണ് സ്ഥലം ?" മലയാളത്തിലുള്ള അപ്രതീക്ഷിതമായ ചോദ്യം കേട്ട് സന്തോഷത്തോടെ തിരിഞ്ഞു നോക്കിയെങ്കിലും ചോദ്യകർത്താവിന്റെ ഭാര്യയെയും കുട്ടികളെയും കൂടെ കണ്ടപ്പോൾ ആ വാക്കുകൾ  ഒരു പ്രഹരം പോലെയാണെനിക്ക് തോന്നിയത്. സ്ത്രീയുടെ സാമീപ്യത്തിൽ തെറി പറഞ്ഞതോർത്തു  ഞാൻ ലജ്ജിച്ചു. അവരോടു മലയാളത്തിൽ തന്നെ മാപ്പ് പറഞ്ഞു. ഡല്ഹി സ്വദേശിയായ ഭാര്യക്ക് മലയാളം തീരെ അറിയില്ല എന്ന വിവരം  എനിക്ക് കുറച്ചൊന്നുമല്ല ആശ്വാസമേകിയത്. കോഴിക്കോട് സ്വദേശിയായ ഹരികുമാർ മെർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്. കുടുംബസമേതം ആന്റമാനിൽ താമസിച്ച് ജോലി ചെയ്യുന്നു. അപ്രതീക്ഷിതമായി ലഭിച്ച സൌഹൃദത്തിന്റെ തുടിപ്പ് ഇരുവരിലും പ്രത്യക്ഷമായിരുന്നു. ഭാര്യയും അഞ്ചും ഏഴും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുമായാണ് അദ്ദേഹത്തിന്റെ ദീർഘയാത്ര. അഞ്ചു പേരടങ്ങുന്ന മറ്റൊരു ഉത്തരെന്ദ്യൻ സംഘവും ഞങ്ങൾക്കൊപ്പമുണ്ട്. അങ്ങനെ പത്തു സഞ്ചാരികളുമായി ഞങ്ങളുടെ യാത്ര ആരംഭിച്ചു.
പച്ച പുതച്ച കുന്നുകൾക്കിടയിലൂടെയുള്ള യാത്ര ഇടയ്ക്ക്  ഇരുണ്ട മഴക്കാടുകൾക്കിടയിലൂടെയായി. കേരളത്തേക്കാൾ ഹരിതാഭമായ മറ്റൊരു സംസ്ഥാനമില്ല എന്ന എന്റെ ചിന്തകളെ തിരുത്തിക്കുറിക്കുന്നതായിരുന്നു ആ യാത്ര. വസന്തകാലത്ത് എവിടെയും പച്ചപ്പ്‌ മാത്രമാണ് സിക്കിമിൽ കാണാൻ കഴിയുക. വളഞ്ഞുകൊണ്ട് മുകളിലേക്ക് നീളുന്ന പാതയുടെ ഒരുവശം ഇരുണ്ട മഴക്കാടുകളാണ്. എതിർവശത്ത്‌ താഴെയായി ടീസ നദി പുളഞ്ഞോഴുകുന്നു. മഴകാടുകളിൽനിന്നും ഉറവകൊള്ളുന്ന നീർച്ചാലുകൾ പാതയെ മുറിച്ചുകൊണ്ട് കുത്തനെയുള്ള പാറകളിലൂടെ ഒഴുകി, വെള്ളച്ചാട്ടമായി പരിണമിച്ചുകൊണ്ട് താഴെ നദിയിലേക്ക് പതിക്കുന്നു. ഇത്തരത്തിലുള്ള അനേകം വെള്ളച്ചാട്ടങ്ങൾ യാത്രയിലുടനീളം കാണാം. ഓർക്കിഡുകളാലും  അപൂർവ്വ പുഷ്പങ്ങളാലും സമ്പുഷ്ടമാണ് ഇവിടെത്തെ മഴകാടുകൾ. വനഗന്ധം പകർന്നുനല്കുന്ന ലഹരിയിൽ യാത്ര തുടരവേ ജനവാസം കുറഞ്ഞ ഗ്രാമങ്ങൾ കണ്ടുതുടങ്ങി. താഴ്വാരങ്ങൾക്കിടയിൽ ഒറ്റപ്പെട്ട വീടുകളും സമൃദ്ധിയുടെ അനുഗ്രങ്ങൾ ചൊരിയുന്ന കൃഷിയിടങ്ങളും.  മരം കൊണ്ടുള്ള വീടുകളാണ് ഭൂരിഭാഗവും. ലോകത്തിലെ മറ്റെല്ലാത്തിൽനിന്നും ഒറ്റപ്പെട്ട നിലയിലാണ് വീടുകൾ. ജീവിതത്തിന്റെ മാധുര്യവും കയ്പ്പും ലോകത്തിന്റെ മറ്റൊരു പുറംചട്ടയ്ക്കകത്ത്‌ ജീവിച്ച് തീർക്കുന്നവർ.
ഗോതമ്പും ചോളവും ബാർലിയുമെല്ലാം വിളയുന്ന ഓരോ ഉഴവുചാലിലും ഫലഭൂയിഷ്ഠതയുടെ നിശ്വാസങ്ങൾ പ്രകടമാണ്.
ഇന്ത്യ-ടിബറ്റ്‌ അതിർത്തിയിൽ പോലീസിന്റെ വാഹന പരിശോധനയുണ്ടായിരുന്നു. ഡ്രൈവറുടെ കൈവശമുള്ള യാത്രികരുടെ വിവരങ്ങൾ അടങ്ങിയ കടലാസ് പരിശോധിച്ചശേഷമേ യാത്രാനുമതി ലഭിക്കുകയുള്ളൂ. പത്തുമിനിട്ടിനകം ഞങ്ങളുടെ യാത്ര തുടർന്നു.
ഉച്ചഭക്ഷണത്തിനായി മംഗൻ എന്ന ഗ്രാമത്തിൽ വാഹനം നിർത്തി. പതിവുപോലെ ഭക്ഷണത്തോടൊപ്പം മദ്യവും സുലഭം. ഹരികുമാറിന്റെ ക്ഷണം ഞാൻ സ്നേഹപൂർവ്വം നിരസിച്ചു. കാഴ്ചകളിൽ സ്വയം നഷ്ടപ്പെട്ടുകൊണ്ട് യാത്ര തുടരവേ വൈകിട്ട് ആറുമണിയോടെ ലാചുങ്ങ് എന്ന  മനോഹര ഗ്രാമത്തിലെത്തിചേർന്നു. താഴ്വരയിലെക്കുള്ള യാത്രയിലെ അവസാന ഗ്രാമമാണ് ലാചുങ്ങ്.
രാത്രി അവിടെ താമസിച്ചശേഷം പിറ്റേന്ന് പുലർച്ചെയാണ് യുംതങ്ങ് താഴ്വരയിലേക്ക് പുറപ്പെടുന്നത്. ഗ്രാമത്തിൽ നിന്നും 24 കി. മി അകലെയാണ് യുംതങ്ങ് താഴ്വര. ആപ്രികൊട്ട് മരങ്ങൾ അതിരിടുന്ന അരുവിയുടെ തീരത്തുള്ള അതി സുന്ദരമായ പ്രദേശത്താണ് യാത്ര അവസാനിച്ചത്‌. മഞ്ഞു മൂടികിടക്കുന്ന ഹിമാലയം തന്നെയാണ് ഗ്രാമത്തിൽ നിന്നുള്ള എറ്റവും മനോഹരമായ കാഴ്ച. ചക്രവാളത്തിന്റെ അതിരുകൾക്ക് പിന്നിൽ സൂര്യൻ മറയാൻ തുടങ്ങുന്ന നിമിഷത്തിലാണ് ഞങ്ങൾ അവിടെ എത്തിയത്. വെളുത്ത് തിളങ്ങുന്ന മലനിരകളിൽ ആ കിരങ്ങൾ വിശ്രമിക്കുന്ന മനോഹരമായ കാഴ്ച കണ്ടുകൊണ്ടാണ് വാഹനമിറങ്ങിയത്. ബാഗുകളും ലഗ്ഗേജുകളും എടുക്കാതെ ആ കാഴ്ച ക്യാമറയിലും മൊബൈലിലും പകർത്തുന്ന തിരക്കിലായിരുന്നു ഏവരും. സൂര്യരശ്മികൾ പ്രതിഫലിച്ചു കടന്നുപോവുന്നത് നോക്കിനിന്നശേഷം ബാഗുകളുമായി താമസ സ്ഥലത്തേക്ക് നടന്നു. വലിയൊരു വേലിക്കെട്ടിനുള്ളിൽ മരത്തടികളാൽ തീർത്ത നാലുവീടുകൾ. പണ്ടെങ്ങോ കണ്ടുമറന്ന കലണ്ടർ ചിത്രം പോലെ സുന്ദരമായ പ്രകൃതിയും മനോഹരമായ വീടുകളും. വിശാലമായ മുറ്റം മുതൽ അരുവിയുടെ അരികു വരെ ആപ്രികൊട്ട് മരങ്ങൾ പൂവിട്ടുനില്ക്കുന്നു. യുംതങ്ങ് താഴ്വരയിലെക്കുള്ള സഞ്ചാരികളെ ലക്ഷ്യമിട്ട് നിരവധി വീടുകൾ ഗ്രാമത്തിൽ പണിതീർത്തിട്ടുണ്ട്. ടിബറ്റൻ മുഖച്ഛായയുള്ള സുമുഖനായൊരു യുവാവ് ഞങ്ങൾക്കരികിലെത്തി. വീടുകളുടെ ഉടമസ്ഥനാണ്. തോളറ്റം കഴിഞ്ഞു നീണ്ടുകിടക്കുന്ന സ്വർണ്ണ നിറമാർന്ന നീളൻ തലമുടി  സ്ത്രീകളുടേതെന്നപോലെ പിന്നിയിട്ടിരിക്കുന്നു. ചാരനിറമാർന്ന ചെറിയ കണ്ണുകളിൽ സഞ്ചാരികളെ കണ്ടതിന്റെ തിളക്കമുണ്ട്. സഞ്ചാരികളുടെ വിവരങ്ങളടങ്ങിയ കടലാസ് ഡ്രൈവറുടെ കയ്യിൽനിന്നും  വാങ്ങി പരിശോധിക്കുന്നതിനിടയിൽ  സഹായിയായ മറ്റൊരു ചെറുപ്പക്കാരനും എത്തി. വീടിനോട് ചേർന്നുള്ള  ഭക്ഷണശാലയും മദ്യശാലയും അപ്പോഴാണ്‌ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.  ഹരികുമാറിന്റെ കണ്ണുകളിൽ ഉത്സാഹത്തിന്റെ മിന്നലാട്ടം. കുട്ടികളെ സൂക്ഷിക്കാൻ ഭാര്യയ്ക്ക് നിർദ്ദേശം നല്കികൊണ്ട് ഹരികുമാർ തിടുക്കത്തിൽ അവിടെകയറി "നില്പ്പൻ" അടിച്ച് തിരിച്ചെത്തി.

ഓരോ സംഘത്തിനും ഏതൊക്കെ മുറി നല്കണമെന്ന് സ്വർണ്ണതലമുടിക്കാരൻ  നിർദേശിച്ചതനുസരിച്ച് സഹായി ഞങ്ങൾക്ക് മുൻപേ നടന്നു. മലമുകളിൽ നിന്നും തണുത്ത കാറ്റ് വീശിയിരുന്നതിനാൽ തണുപ്പ് അസഹ്യമായിരുന്നു. എത്രയും പെട്ടെന്ന് മുറിക്കുള്ളിൽ എത്തിപ്പെടാൻ തിടുക്കപ്പെട്ട് ഞങ്ങൾ ചെറുപ്പക്കാരനെ പിന്തുടർന്നു. രണ്ടു മുറികൾ വീതമുള്ള മനോഹരമായ വീട്. ആധുനിക ടോയിലെറ്റ്‌ സൌകര്യങ്ങൾ ഉൾപ്പെടെ എല്ലാം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. 8 മണിയോടെ അത്താഴം കഴിക്കാൻ ഭക്ഷണശാലയിൽ എത്തിച്ചേരണം എന്നറിയിച്ചുകൊണ്ട്‌ സഹായി മടങ്ങി.  ഹരികുമാറിനും എനിക്കും ഒരേ വീടുതന്നെയാണ് ലഭിച്ചത്.ചൂടുവെള്ളത്തിലെ കുളി ദീർഘയാത്രയുടെ ക്ഷീണമെല്ലാം കഴുകി കളഞ്ഞു. എട്ടുമണിയോടെ ഓരോരുത്തരായി ഭക്ഷനശാലയിലെത്തി. ചോറും ചിക്കൻ കറിയും മായിരുന്നു അത്താഴം. പുലർച്ചെ 6 മണിക്ക് താഴ്വരയിലേക്കുള്ള യാത്ര ആരംഭിക്കും എന്ന് ഡ്രൈവർ മുന്നറിയിപ്പ് തന്നിരുന്നു. ഓരോരുത്തരും അവരവരുടേതായ രീതിയിൽ തണുപ്പിനെ പഴിച്ചുകൊണ്ട് വിറയ്ക്കുന്ന കാലടികളോടെ മുറിയിലേക്ക് നടന്നു.
പുറത്ത് ശക്തമായ കാറ്റുണ്ട്. ജാലകത്തിൽ വന്നടിക്കുന്ന കാറ്റ് എന്തോ മന്ത്രിക്കുന്നത് കേൾക്കാം. ഇരുട്ട് നിറഞ്ഞ മുറിയുടെ ജാലക ചില്ലിലേക്ക് പുറത്തെ നിരത്തിൽ കത്തുന്ന തീനാളങ്ങൾ മങ്ങിയ വെളിച്ചമയച്ചിരുന്നതു കണ്ടാണ്‌ ജനൽ തുറന്നത്. അരുവിയുടെ തീരത്ത് തീകൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. സ്വർണ്ണതലമുടിക്കാരനും കൂടെ രണ്ടു ചെറുപ്പക്കാരും അതിനരികിലുണ്ട്. ഭക്ഷണശാലയിൽ വച്ച് കണ്ട സഹായികൾ ആണ് കൂടെയുള്ളതെന്ന് ഞാൻ ഊഹിച്ചു. ഞാൻ മുറി പൂട്ടി അവർക്കരികിലേക്ക് നടന്നു. മദ്യപാന സദസ്സ് ആയിരുന്നു എന്ന് വ്യക്തമായത് അവർക്കരികിൽ എത്തിയപ്പോഴാണ്. നിലാവെളിച്ചത്തിൽ അവരുടെ മുഖങ്ങൾ വ്യക്തമായി നിർവചിക്കപ്പെട്ടിരുന്നു. എന്നെ അവര്ക്കിടയിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്തു. എനിക്ക് നേരെ നീട്ടിയ ഗ്ലാസ് ഞാൻ പുഞ്ചിരിച്ചുകൊണ്ടുതന്നെ നിരസിച്ചു. ബിയർ എങ്കിലും കുടിക്കണമെന്നായി അവർ. ലഹരി കഴിക്കില്ലെന്നും ആണ്ടിലൊരിക്കലുള്ള വൈൻ സേവ മാത്രമാണ് ആകെയുള്ള ലഹരി എന്നും വെളിപ്പെടുത്തിയത് അവരെ ഒഴിവാക്കണമെന്ന ലക്ഷ്യത്തോടെ തന്നെയാണ്. ഉത്സാഹത്തള്ളിച്ചയാൽ മിന്നുന്ന കണ്ണുകളോടെ, സഹായിയായ ചെറുപ്പക്കാരൻ മദ്യശാലയിലേക്ക്‌ ഓടി. വെളുത്ത വൈൻ നിറഞ്ഞ കുപ്പിയും കയ്യിലേന്തി അവൻ തിടുക്കത്തിൽ തിരിച്ചെത്തി.

"ആപ്രികൊട്ട് കൊണ്ടുണ്ടാക്കിയതാണ് നാട്ടിൽ കിട്ടില്ല"  ഗ്ലാസിലേക്ക് പകർന്ന്  എനിക്ക് നേരെ നീട്ടികൊണ്ട് സ്വർണ്ണ തലമുടിക്കാരൻ പറഞ്ഞു. അത്രമേൽ രുചിയേറിയതും വീര്യം കൂടിയതുമായ വൈൻ മുൻപൊരിക്കലും ഞാൻ കഴിച്ചിട്ടില്ലായിരുന്നു. വൈൻ  നുണഞ്ഞു കൊണ്ട് അവർക്കൊപ്പമിരുന്നു.
ലഹരി തലയ്ക്കു പിടിച്ചതോടെ സ്വർണ്ണ തലമുടിക്കാരൻ പാട്ടുപാടാൻ തുടങ്ങി. പഴയ ഹിന്ദി ചിത്രത്തിലെ വിഷാദ ഗാനം അവൻ ഭംഗിയായി പാടി. ശാന്തമായ രാത്രിയിലേക്ക്‌ പെയ്തിറങ്ങിയ സംഗീതം ആസ്വദിച്ചുകൊണ്ട്‌ നിശ്ചലരായി ഞങ്ങൾ അവനുചുറ്റുമിരുന്നു. അരുവിയുടെ തീരത്തെ പാറയിൽ ചാരി ഇരിക്കുമ്പോൾ മലനിരകളിൽ നിന്നും വീശുന്ന മഞ്ഞുകാറ്റിന്റെ സീല്ക്കാരം വ്യക്തമായി കേൾക്കാം. രാത്രിയുടെ വിശാലതയിൽ മിന്നിത്തിളങ്ങുന നക്ഷത്രങ്ങളെ നോക്കികൊണ്ട്‌ വലിയപാറയിൽ കിടന്നു. സംഗീതവും വീഞ്ഞും പകരുന്ന ലഹരി. തണുത്ത കാറ്റിൽ വിറച്ചുകൊണ്ട്, ആളികത്തുന്ന തീയ്ക്കരികിലേക്ക് ഞങ്ങൾ ചേർന്നിരുന്നു. തീയ്ക്കു ചുറ്റും യുവാക്കളുടെ മുഖം ചുവന്നു തുടുത്തു. മുഖമില്ലാത്ത വിസ്മയകരമായ നൃത്തം പോലെ തീയാളികൊണ്ടിരുന്നു.  പുക ചുരുളുകൾ ഞങ്ങളെ വലയം ചെയ്തു. രാത്രിയേറെ വൈകുംവരെ ആപ്രികൊട്ട് മരങ്ങൾക്ക്കീഴെ മദ്യപാനം തുടർന്നു. യാത്രകളിൽ പുതിയ അനുഭവങ്ങൾ സുലഭമാണ്, പക്ഷെ മറ്റൊരിക്കൽപോലും അനുഭവഭേദ്യമാവാത്ത അത്ര മനോഹരമായ രാത്രി ഇനി ഉണ്ടാവുമോ എന്നറിയില്ല. നേരമ്പോക്കുകൾ നീണ്ടുപോയി. എനിക്ക് വിശ്രമിക്കാനുള്ള സമയം കഴിഞ്ഞിരിക്കുന്നു. ഊഷ്മളമായൊരു സൌഹൃദാലിംഗനത്തോടെ നല്ല രാത്രി നേർന്നുകൊണ്ട് ഞങ്ങൾ പിൻവാങ്ങിയപ്പോഴേക്കും ചന്ദ്രൻ ചക്രവാളത്തിന്റെ അതിരിലേക്ക്‌ നീന്തിയിറങ്ങിയിരുന്നു. ഒരുമണി കഴിഞ്ഞപ്പോഴാണ് മുറിയിലെത്തിയത്. നിദ്രയുടെ അഗാധതയിലേക്ക്‌ വഴുതി വീണു.
അഞ്ചുമണിക്ക് തന്നെ ഉണർന്നു. അഞ്ചരയോടെ ഞാൻ യാത്രയ്ക്ക് തയ്യാറായി പുറത്തിറങ്ങി. ഹരികുമാറിന്റെ മുറിയിൽ നിന്നും ആളനക്കമൊന്നും തന്നെ കേൾക്കുന്നില്ല. മറ്റുളവർ എത്തുന്നതിന് മുൻപ് ഗ്രാമത്തെ ആവുന്നത്ര നടന്നു കാണുക എന്ന ലക്ഷ്യത്തോടെ ഞാൻ [പുറത്തേക്ക് നടന്നു. അഞ്ചര മണി ആയിട്ടുള്ളൂ എങ്കിൽ പോലും രാവിന്റെ നിഴലുകളെ എല്ലാം അപ്രത്യക്ഷമാക്കികൊണ്ട് സൂര്യ രശ്മികൾ പടർന്നുകഴിഞ്ഞിരുന്നു. ഹിമം മൂടിയ മലനിരകളുടെ പശ്ചാത്തലത്തിൽ ശാന്തമായ ചെരിവുകളുള്ള സുന്ദരമായ ഗ്രാമം അപ്പോഴും ഉറക്കം വിട്ടുണർന്നിട്ടില്ലായിരുന്നു. ജലാശയത്തിനരികിലൂടെ കുന്നിൻമുകളിലേക്ക് നീളുന്ന പാതയിൽ നിന്നുകൊണ്ട് ചുറ്റിലുമുള്ള ഗ്രാമ ഭംഗി വീക്ഷിച്ചു. വെളുത്ത പൂക്കൾ നിറഞ്ഞു നില്ക്കുന്ന ആപ്രികൊട്ട് മരങ്ങളുടെ നീണ്ട നിരകൾക്കിടയിലൂടെ കുന്നിൻ മുകളിലേക്ക് നീളുന്ന മണ്‍പാത. ഫലഭൂയിഷ്ടതയാർന്ന ചുവന്ന മണ്ണിനെ പുണർന്നു കിടക്കുന്ന പച്ചപ്പ്‌. കോണ്ക്രീറ്റ് തൂണുകൾക്കുമേൽ ഉയർന്നു നില്ക്കുന്ന വിരലിലെണ്ണാവുന്ന മരവീടുകൾ. മരത്തടികളാൽ തീർത്ത ചെറിയ വീടുകളോരോന്നും ഗോതമ്പ് പാടങ്ങളാലും പൂന്തോട്ടങ്ങളാലും ചുറ്റപ്പെട്ടതാണ്. അത്രമേൽ സുഭിക്ഷതയോടും സന്തോഷത്തോടും കൂടിയ കൃഷീ വല ജീവിതം നയിക്കുന്ന ഗ്രാമീണർ. വിസ്മയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ട്‌ ഗ്രാമവീഥിയിലൂടെ നടക്കുന്നതിനിടെ താഴെ വാഹനത്തിൽ നിന്നും നിർത്താതെയുള്ള ഹോണ്‍ മുഴങ്ങുന്നത് കേട്ടപ്പോഴാണ് സമയ പരിമിതിയെ കുറിച്ച് ബോധവാനായത്. തിടുക്കത്തിൽ കുന്നിറങ്ങി താമസ സ്ഥലത്ത് എത്തി. ഹരികുമാറും കുടുംബവും വാഹനത്തിൽ ഇടംപിടിച്ചിട്ടുണ്ട്, ഉത്തരെന്ദ്യൻ സംഘം എത്തിയിട്ടില്ല. പത്തുമിനിറ്റ് നീണ്ട കാത്തിരിപ്പിനൊടുവിൽ അവരും എത്തിച്ചേർന്നതോടെ ഞങ്ങളുടെ യാത്ര ആരംഭിച്ചു.

പ്രകൃതി ദൃശ്യങ്ങൾ ചുറ്റും ചലിച്ചുകൊണ്ടിരിന്നു. കുന്നുകൾ കയറിയിറങ്ങിയുള്ള യാത്രയിൽ രണ്ടു മണിക്കൂർ കൊണ്ടാണ് 24 കി. മി. പിന്നിട്ട് കടൽനിരപ്പിൽ നിന്നും പതിനൊന്നായിരത്തി എണ്ണൂറ്  അടിഉയരത്തിൽ സ്ഥിതി ചെയുന്ന മനോഹര താഴ്വരയിൽ എത്തിയത്.

ഏതൊരു വിനോദസഞ്ചാര കേന്ദ്രത്തിലും കാണുന്നതുപോലെ, കച്ചവട സ്ഥാപനങ്ങളും ഭക്ഷണശാലകളും നിറഞ്ഞ തിരേക്കേറിയ തെരുവിലാണ് യാത്ര അവസാനിച്ചത്‌. സീറോ പോയിന്റ് എന്നറിയപ്പെടുന്ന മഞ്ഞുറഞ്ഞു കിടക്കുന്ന മലമുകളിലെക്കുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് സഞ്ചാരികൾ. മഞ്ഞിൽ ധരിക്കുവാനുള്ള കാലുറകളും, കൈയ്യുറകളും പ്രത്യേക കൊട്ടുകളും അവിടെ വാടകയ്ക്ക് ലഭിക്കും. യുംതങ്ങ് താഴ്വര കണ്ടശേഷം സീറോ പോയിന്റിലേക്ക് പോവാം എന്ന ധാരണയിൽ ഞങ്ങൾ പ്രാതൽ കഴിക്കാൻ കയറി. ബ്രഡും ഓംലെറ്റുമല്ലാതെ മറ്റൊന്നും ലഭ്യമായിരുന്നില്ല. ഭക്ഷണം കഴിച്ചശേഷം താഴ്വരയിലേക്ക് നടന്നു. കച്ചവട സ്ഥാപനങ്ങൾ നിറഞ്ഞ തെരുവ് അവസാനിക്കുന്നത് താഴ്വരയിലാണ്.
 ആകാശത്തെ തൊട്ടുരുമ്മി നില്ക്കുന്ന മഞ്ഞുമൂടിയ മലനിരകൾക്കുതാഴെ സദാസമയവും കാറ്റ് ഒഴുകിനടക്കുന്ന പുല്മേട്‌ അതാണ്‌ യുംതങ്ങ് താഴ്വര.  മലകൾക്ക് മുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന മേഘങ്ങൾ നിമിഷനെരത്തെക്ക് നമ്മെ മറച്ചുകളയും. സമതലം മുഴുവൻ മഞ്ഞ നിറത്തിലുള്ള പൂക്കളാൽ നിറയപ്പെട്ടിരുന്നു. വലിയ പാറക്കല്ലുകൾ ചിതറികിടക്കുന്ന, പുല്ലും പൂക്കളും നിറഞ്ഞ ശാന്തമായ താഴ്വരയിൽ അസംഖ്യം യാക്കുകൾ മേഞ്ഞു നടക്കുന്നു. പൂക്കളുടെ താഴ്വര എന്ന വിളിപേരുകൂടി ഈ താഴ്വരയ്ക്കുണ്ട്. ജൂണ്‍ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ താഴ്വാരം പൂക്കൾ കൊണ്ട് നിറയും. അപൂർവ്വങ്ങളായ അനേകം ഹിമാലയൻ പൂക്കൾ  അവിടെ കണ്ടെത്തിയതായി രേഘപ്പെടുത്തിയിട്ടുണ്ട്. മഞ്ഞു വീണുതുടങ്ങുമ്പോൾ അതിജീവനത്തിന്റെ ബീജം മണ്ണിൽ ഒളിപ്പിച്ചുകൊണ്ട് അവ മണ്ണടിയും, മറ്റൊരു പൂക്കാലത്തിനായി. താഴ്വരയെ വലതു വശത്തുള്ള മലനിരകളിൽ നിന്നും വേർതിരിച്ചുകൊണ്ട് വിശാലമായ നദി ഒഴുകുന്നുണ്ട്. ചുറ്റുപാടുമുള്ള പച്ച നിഴല്പാടുകളെ വ്യാപിപ്പിക്കുന്ന, നേർത്ത കണ്ണാടിപോലെ ശാന്തമായി ഒഴുകുന്ന നദി. താഴ്വരയെ തഴുകി കടന്നുപോവുന്ന, സ്ഫടികം പോലെ തെളിഞ്ഞ ജലാശയത്തിന് ആഴം തീരെ കുറവാണ്. നൂറ്റാണ്ടുകൾ നീണ്ട പ്രവാഹത്താൽ മിനുസപ്പെട്ട ഉരുളൻകല്ലുകൾ നിറഞ്ഞ നദിയുടെ അലകൾക്കിടയിലൂടെ, അതിനെ മുറിച്ചുകടന്നുകൊണ്ട് യാക്കുകൾ എതിർവശത്തെ മലഞ്ചെരുവിലേക്ക് നീങ്ങുന്നത്‌ ഞങ്ങൾ കൌതുകത്തോടെ നോക്കി നിന്നു. മരങ്ങൾക്കിടയിൽ മറഞ്ഞുപോയ ഒറ്റപ്പെട്ട മരവീടുകൾ കാണാം. ഹരികുമാറിന്റെ മുതിർന്ന മകൾ ഈ സമയം കൊണ്ട് ഞാനുമായി ചങ്ങാത്തത്തിലായി കഴിഞ്ഞിരുന്നു. എനിക്കൊപ്പം ഓടിക്കളിച്ചുകൊണ്ട് പൂക്കൾക്കിടയിലൂടെ, അവയുടെ ദളങ്ങൾ തട്ടി തെറിപ്പിച്ചുകൊണ്ടു പൂമ്പാറ്റയെ പോലെ ആകൊച്ചു പെണ്‍കുട്ടി പാറി നടന്നു.  ഉല്ലാസപൂർണ്ണമായ പ്രകൃതിയിൽ ചുറ്റും വിരിഞ്ഞുനില്ക്കുന്ന പലതരം പൂക്കളെ കണ്ടുനിൽക്കുമ്പോൾ പ്രകൃതിക്ക് മുൻപിൽ മനുഷ്യൻ എത്ര നിസ്സാരനാണ്‌ എന്ന സത്യം മനസിലാക്കി. എത്രവലിയ മഹാ സൌധങ്ങൾ പണികഴിപ്പിച്ചാലും ഇതുപോലൊന്ന് മനുഷ്യന് അസാധ്യമായിരിക്കും തീർച്ച. ആ പ്രകൃതി വിസ്മയത്തിനു മുന്നിൽ തലകുനിച്ചു നില്ക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ. കാറ്റിനു മുഖംകൊടുത്ത് ശാന്തമായ പ്രകൃതിയിലൂടെ നടക്കുമ്പോൾ എന്റെ വാക്കുകളും ചിന്തകളും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.


വസ്ത്രങ്ങൾ വാടകയ്ക്കു ലഭിക്കുന്ന കടയിലെത്തിയ ഞങ്ങളുടെ സംഘത്തിലുള്ളവരെല്ലാംതന്നെ തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാക്കെറ്റുകളും കാലുറകളും വാങ്ങി. ജാക്കെറ്റ്‌ ധരിക്കാതെ തണുപ്പിനെ ആവോളം  ആസ്വദിക്കാൻ തീരുമാനിച്ചുകൊണ്ട് ഞാൻ കാലുറകൾ മാത്രം ധരിച്ചു കടയിൽ നിന്നിറങ്ങി. ഏതു സാമഗ്രികൾക്കും  രണ്ടു മണിക്കൂർ നേരത്തേക്ക് 100 രൂപയാണ് വാടക. താഴ്വരയിൽ നിന്നും 20 കി. മി. അകലെയാണ് സീറോ പോയിന്റ്. അരമണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ഞങ്ങൾ അവിടെ എത്തിചേർന്നു. മഞ്ഞിന്റെ വിതാനമല്ലാതെ കണ്മുന്നിൽ മറ്റൊന്നുമില്ല. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മഞ്ഞിന്റെ വിശാലത.  വാഹങ്ങളും സഞ്ചാരികളും വേണ്ടതിലധികമുണ്ട്. മഞ്ഞു മൂടിയ മലനിരകളിലൂടെ മുകളിലേക്ക് കയറാൻ ശ്രമിച്ചു പരാജയപ്പെടുന്നവർ, മഞ്ഞുകൊണ്ടു ശില്പങ്ങളുണ്ടാകുന്നവർ, മുട്ടറ്റം താഴ്ന്നുപോയ മഞ്ഞിൽ നിന്നും പുറത്തുകടക്കാനാവാതെ വിഷമിക്കുന്നവർ ഇങ്ങനെ മഞ്ഞിനെ ആസ്വദിക്കാൻ എത്തിയവർ ഒരുപാടുണ്ട്. മലയിടുക്കളിലൂടെ മഞ്ഞ് ഉരുകി ഒലിച്ചുകൊണ്ടിരിക്കുന്നു. നദിയെ തേടിയെന്നവണ്ണം  അത് മഞ്ഞിനിടയിലൂടെ വേഗത്തിൽ പുളഞൊഴുകുകയാണ്. ആ തെളിനീർച്ചാലിന്റെ മർമര ശബ്ദം പ്രകൃതിയുടെ ശാന്തതയെ നോവിച്ചുകൊണ്ട് കാതുകളിലേക്കെത്തുന്നു. ഓക്സിജന്റെ അളവ് കുറവായതിനാൽ പ്രായംചെന്ന ചില സഞ്ചാരികൾക്ക് തലവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതായി പറഞ്ഞു. 15500 അടി ഉയരത്തിലുള്ള പ്രദേശത്ത് പലർക്കും ഹൈ ആൾറ്റിറ്റ്യൂഡ്‌ സിക്നെസ് പിടിപെടാനുള്ള സാധ്യതയുണ്ട് .ഹരികുമാറിന്റെ ഇളയ മകൾക്ക് ശ്വസിക്കുവാനുള്ള പ്രയാസം അനുഭവപ്പെട്ടതിനാൽ വാഹനത്തിൽ നിന്നും പുറത്തിറങ്ങാതെ അവർ അതിനുള്ളിൽതന്നെ കഴിച്ചുകൂട്ടി. ഒരുമണിക്കൂറോളം അവിടെ ചെലവഴിച്ചശേഷം ഞങ്ങളുടെ മടക്കയാത്ര ആരംഭിച്ചു. നീലാകാശത്തിലൂടെ വെളുത്ത മേഘങ്ങൾ അതിവേഗത്തിൽ പറക്കുന്നു. ലാച്ചുങ്ങിൽ എത്തിയപ്പോൾ രണ്ടു മണിയോടടുത്തിരുന്നു. ഉച്ച ഭക്ഷണം കഴിച്ചശേഷം സ്വർണ്ണതലമുടിക്കാരനോട് യാത്ര പറഞ്ഞുകൊണ്ട് വാഹനത്തിൽ കയറി. കാടുകളും പുൽമേടുകളും നീർച്ചാലുകളും താണ്ടി, സന്ധ്യയുടെ നിറവും മണവും അനുഭവിച്ചുകൊണ്ട്‌ മടക്കയാത്ര. രാത്രി ഏതാണ്ട് പത്തുമണിയോടുകൂടിയാണ് പട്ടണത്തിൽ എത്തിയത്. ദീർഘ യാത്രയുടെ ക്ഷീണത്തോടെ ഹോട്ടൽ മുറിയുടെ ഇരുട്ടിൽ കിടന്നുകൊണ്ട്  ഗ്രാമത്തിൽ ഞാൻ കാണുകയുണ്ടായ നിറങ്ങളും രൂപങ്ങളും, ഉൾകൊണ്ട അത്ഭുതകരമായ അനുഭവങ്ങളും അയവിറക്കി കിടക്കുന്നതിനിടയിൽ നിദ്രയിലേക്ക് വീണു . അതിന്റെ ഉള്ളിലേക്ക് ഊളിയിട്ടു.

നിറഞ്ഞ പകൽ. ബിരേനെ വിളിച്ചുകൊണ്ട് പട്ടണത്തിൽനിന്നും 20 കി.മി. അകലെയുള്ള ഫംബൊങ്ങ് എന്ന വന്യജീവി സങ്കേതത്തിലേക്ക് യാത്രതിരിച്ചു.  സിക്കിമിലെ എന്റെ അവസാന ദിനമായിരുന്നു അത്.  എന്നെ ജീവിപ്പിക്കുന്ന യാത്രകളിലെ മറ്റൊരു അദ്ധ്യായത്തിനുകൂടി വിരാമമാവുകയാണ്.  ചുവന്ന പാണ്ടയെ തേടിയുള്ള യാത്ര ദീർഘകാലമായി എന്റെ സ്വപ്നമായിരുന്നു. സ്വപ്നങ്ങളുടെ പാത പിന്തുടരുന്ന യാത്രകളിൽ ഒന്നുകൂടി സഫലമാവുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു ഞാൻ. സിക്കിമിന്റെ സംസ്ഥാന മൃഗമായ ചുവന്ന പാണ്ടയെ ഗാങ്ങ്ടോക്കിലെ ഹിമാലയൻ സുവോളജിക്കൽ പാർക്കിൽ എളുപ്പത്തിൽ കാണാൻ സാധിക്കുമെങ്കിൽകൂടി കാനനത്തിന്റെ ഹരിതരസങ്ങളിൽ അവയെ  കണ്ടുപിടിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് ഫാംബൊങ്ങ് വന്യജീവി സങ്കേതത്തിലേക്ക്  യാത്ര തിരിച്ചത്.  രാത്രി പെയ്ത മഴയുടെ അവശേഷിപ്പുകൾ  പ്രകടമായിരുന്നു.  മഴത്തുള്ളികൾ നനവുചാർത്തിയ വനവീഥിയിലൂടെ, ബിരെനുമൊന്നിച്ച്  വനത്തിനുള്ളിലേക്ക് കടക്കുമ്പോൾ സാന്ദ്രമായ നിശബ്ദത ശ്വസിച്ചു നില്ക്കുകയായിരുന്നു മരങ്ങൾ. മനുഷ്യരക്തത്തിന്റെ ഗന്ധമേറ്റ്‌ പാഞ്ഞടുക്കുന്ന അട്ടകളെ അവഗണിച്ചുകൊണ്ട് നടക്കുമ്പോൾ ഞങ്ങൾ പരസ്പരം കൂടുതൽ സംസാരിച്ചിരുന്നില്ല. വനനിയമങ്ങൾ പാലിച്ചുകൊണ്ട്‌ കാര്യമാത്ര പ്രസക്തങ്ങളായ വാക്കുകൾ മാത്രം പതിഞ്ഞ സ്വരത്തിൽ പങ്കുവച്ചുകൊണ്ട് നിഴലുകൾക്കിടയിൽ ചലിക്കുന്ന രണ്ടു നിഴലുകളായി നിശബ്ദതയിലേക്ക് അലിഞ്ഞു ചേർന്നു. ഏകാന്തതയിൽ നിന്നും ഏകാന്തതയിലേക്ക് നീളുന്ന പാതകൾ. തൊട്ടടുത്തു നടക്കുന്ന വ്യക്തിയെ പോലും അപ്രത്യക്ഷനാക്കികൊണ്ട് ഇടയ്ക്ക്‌ മൂടൽ മഞ്ഞിന്റെ ആക്രമണം ശക്തമായി. മുളങ്കാടിനുള്ളിലെ നേർത്ത അനക്കം ബിരെൻ എന്റെ ശ്രദ്ധയിൽപ്പെടുത്തി.  സന്തോഷ പാരവശ്യം കൊണ്ട് നിറഞ്ഞ ഹൃദയത്തോടെ ചുവന്ന പാണ്ടയെ ക്യാമെറയിൽ പകർത്തുമ്പോൾത്തുമ്പോൾ അത്രമേൽ ഓമനത്വം തുളുമ്പുന്ന ഒരുജീവിയെയും ഒരിക്കൽ പോലും കണ്ടിരുന്നില്ല എന്ന സത്യം ഞാൻ മനസ്സിലാക്കുകയായിരുന്നു. ജൈവ വൈവിദ്ധ്യത്താൽ സമ്പന്നമാണ് അവിടം. പുലി, റെഡ് പാണ്ട, കരടി ..മുതൽ അസംഘ്യം പക്ഷികളും അപൂർവ്വ സസ്യങ്ങളും വരെ അവിടെ കാണാം.  നടത്തം തുടരവേ പക്ഷെ അപ്രതീക്ഷിതമായി മഴ ചാറാൻ തുടങ്ങി. ക്യാമറ നനയുന്നതിനാൽ ഞാൻ അസ്വസ്ഥനായിരുന്നു. മുന്നോട്ട് പോവുന്തോറും മഴ അധികമധികം കനംവച്ചു. തുടർയാത്ര അസാധ്യമായി തീർന്നു. നിരാശയുടെ നിഴൽപ്പാട് അവശേഷിപ്പിച്ചുകൊണ്ട് ഞങ്ങൾ തിരികെ നടന്നു, അല്ല ഓടുകയായിരുന്നു. തിരികെ പട്ടണത്തിലേത്തി, മഴയിൽ കുതിർന്ന തെരുവിലൂടെ ഹോട്ടൽ മുറിയിലെത്തി വിശ്രമിച്ചു. നനഞ്ഞ പട്ടണത്തിലൂടെ സായാഹ്നത്തിൽ നടത്തിയ അലസനടത്തതോടെ എന്റെ യാത്ര അവസാനിച്ചു. പിറ്റേന്ന് രാവിലെ ഷെയർ വാഹനത്തിൽ ന്യൂ ജൽപായ്ഗുരി സ്റെഷനിലേക്ക്. ഒരു യാത്രയുടെ സാക്ഷാത്കാരം നല്കിയ മന:സംതൃപ്തി, ആത്മാവിന്റെ അഗാതതയിൽ കഴിയുന്ന എല്ലാ ചിന്തകളെയും വികാരങ്ങളെയും വിളിച്ചുണർത്തിയിരിക്കുന്നു.