വന്യ സൗന്ദര്യം തേടി..ആനത്താരിയിലൂടെ..
തിരക്കുകളെ മറന്നുള്ള യാത്രകളോരോന്നും, ഓര്‍ക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നിടത്തെക്കായിരിക്കും. ചുട്ടുപൊള്ളുന്ന നഗരത്തില്‍നിന്ന് കാടിന്‍റെ കുളിരിലേക്കുള്ള പ്രയാണത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നിനുമാവില്ല. ജോലിത്തിരക്കിന്‍റെ മുള്‍മുനയില്‍ നിന്ന് വിടുതല്‍ വാങ്ങി, പുലര്‍ച്ചെ വീട്ടിലേക്കു പോവാന്‍ ഒരുങ്ങവേ, ഒരു നിമിത്തം എന്നോണം ആണ് ഇ-മെയില്‍ പരിശോധിക്കാന്‍ തോന്നിയത്. കുറച്ചു ദിവസമായി തുറക്കാതിരുന്ന ഇന്‍ബോക്സ് തുറന്നു നോക്കവേ കണ്ടു, സംസ്ഥാന വനം വകുപ്പിന്‍റെ വന്യജീവി കണക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ വോളന്‍റ്യര്‍ ആയി എന്നെ തെരഞ്ഞെടുത്തു കൊണ്ടുള്ള അറിയിപ്പ്. അവസാന ദിവസമായ അന്ന് പത്തു മണിക്കാണ് ഒരു ദിവസത്തെ പരിശീലനത്തിനായി മലയാറ്റൂര്‍ ഫോറെസ്റ്റ് റേഞ്ച് ഓഫീസില്‍ എത്തേണ്ടത്. അന്ന് തന്നെ ഇത് തുറന്നു വായിച്ചു നോക്കാന്‍ തോന്നിയതിനെ നിമിത്തം എന്നലാതെ മറ്റെന്താണ് പറയുക? രാത്രി ജോലി കഴിഞ്ഞു ആകെ ക്ഷീണിതന്‍ ആണ്, ഇനി പകല്‍ ഉറങ്ങാനും പറ്റില്ല, എന്നാലും രണ്ടാമതൊന്നു ആലോചിക്കാതെ പുറപെട്ടു. ഇ-മെയിലി...