ഇന്ദ്രിയാതീതം .. വാരണാസി
വാരാണസി, ആത്മീയത അലതല്ലുന്ന തീരം. കാശി എന്നും ബനാറസ് എന്നും പല പേരുകള്‍. വിശ്വാസമോ ആത്മീയതയോ അല്ല യാത്രികനെന്ന നിലയില്‍ അതി ന്‍റെ ചരിത്രപ്രാധാന്യവും പൈതൃകവുമാണ് അവിടെക്കുള്ള യാത്രയ്ക്ക് എന്നെ പ്രേരിപ്പിച്ചത്. യാത്രകള്‍ എന്നാല്‍ കേവലം കാഴ്ചകള്‍ മാത്രമല്ലല്ലോ, വ്യത്യസ്ഥ ദേശങ്ങളിലൂടെ പലതരം അനുഭവങ്ങളിലൂടെ പൈതൃകങ്ങളിലേക്കും സംസ്കൃതിയിലെക്കുംകൂടി നീളുന്നവയാണ് എന്റെ യാത്രകൾ. ഇന്ത്യയുടെ ആധ്യാത്മിക സാംസ്കാരത്തി ന്‍റെ പ്രതീകമായ വാരണാസിയിലേക്കുള്ള യാത്ര, ആഴമേറിയ ചിന്തോദ്ധീപകങ്ങളായ ഒരുപിടി അനുഭവങ്ങളാണ് എനിക്ക് നല്കിയത്. ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുക ഇന്ത്യയെ മുഴുവന്‍ അറിയുക എന്ന ലക്‌ഷ്യവുമായാണ് വാരാണസിയിലേക്കും യാത്ര തിരിച്ചത്. മുംബൈ-വാരണാസി-ലക്നൗ എന്നിങ്ങനെ ആയിരുന്നു സഞ്ചാരപാത. മുംബൈയില്‍ ഒട്ടനവധി തവണ പോയിട്ടുള്ളതാണെങ്കില്‍കൂടി, ഉത്തരേന്ദ്യയിലേക്കുള്ള യാത്രകളില്‍ അവിടെയെത്തി ആത്മസുഹൃത്ത് കൂടിയായ ഫാദര്‍ ഫ്രാന്‍സിസി ന്‍റെ അനുഗ്രഹം വാങ്ങിയശേഷമേ യാത്രതുടരുക പതിവുള്ളു. മുംബൈ പവായിലുള്ള കല്യാണ്‍രൂപത ബിഷപ്പ് ഹൗസിലെ ചാന്‍സലര്‍ ആണ് അദ്ദേഹം. ...