കസവ് ചുറ്റിയ ഗ്രാമത്തിൽ .... കുത്താമ്പുള്ളി
ശ്രീ വില്വാദ്രിനാഥക്ഷേത്രം സ്ഥിതിചെയുന്ന തിരുവില്വാമലയിൽ നിന്നും 4 കി. മി. അകലെയാണ് കേരളത്തിന്റെ നെയ്ത്തുഗ്രാമമായ കുത്താമ്പുള്ളി. പ്രകൃതിനെയ്ത മനോഹരമായ കസവുപോലെ ഗായത്രിപുഴ അതിരിടുന്ന ഗ്രാമം. ഗായത്രി പുഴയും ഭാരതപുഴയും സംഗമിക്കുന്ന ഇടം കൂടിയാണ് കുത്താമ്പുള്ളി. തിരുവില്വാമലയിൽനിന്നും പട്ടിന്റെ പിറവിതേടി കുത്താമ്പുള്ളിയിലേക്കുള്ള യാത്രയിൽ വഴിയിലുടനീളം വ്യാപാരശാലകൾ കാണാം. സ്വർണ്ണനൂലിൽ തീർത്ത വർണ്ണ വിസ്മയങ്ങളുമായി കുത്താമ്പുള്ളി സാരികൾ നിറഞ്ഞു നില്ക്കുന്ന കടകൾ. പരമ്പരാഗത രീതിയിൽ, രാപ്പകലുകളുടെ അദ്ധ്വാനം കൊണ്ട് നെയ്തെടുക്കുന്ന ആറര മീറ്ററിൽ തീർത്ത വിസ്മയങ്ങളാണ് ഓരോ കടയുടെയും മുഖമുദ്ര. തിരുവില്വാമലയിൽനിന്നുള്ള ബസ് യാത്ര കുത്താമ്പുള്ളി സൌഡേശ്വരി അമ്മൻകോവിൽ ക്ഷേത്രത്തിനു സമീപമാണ് അവസാനിച്ചത്. തെരുവിനിരുവശവും മുഖാമുഖം നോക്കി നിൽക്കുന്ന വീടുകൾക്ക് പലതിനും ഒരേ രൂപഭാവമാണ്. അരിപ്പൊടി കോലമെഴുതിയ അഗ്രഹാര തെരുവുകൾ. ചാറ്റൽ മഴയേറ്റ് തെരുവിലൂടെ നടക്കുമ്പോൾ വീടുകളുടെ ഇരുളടഞ്ഞ മൂലകളിൽ നിന്ന് തറിയൊച്ച കേൾക്കാമായിരുന്നു. ആസമയമത്രയും ഈ ഗ്രാമത്തിന്റെ ചര...