നെല്ലിയാമ്പതിയുടെ ഹൃദയത്തിലൂടെ
നെല്ലിയാമ്പതി എന്നാല്‍ സീതാര്‍കുണ്ട്, മാന്‍പാറ തുടങ്ങിയ ചുരുക്കം ചില പ്രദേശങ്ങള്‍ ഉള്‍പെട്ടതാണ് എന്ന മിഥ്യധാരണ വച്ചു പുലര്‍ത്തുന്ന, എന്നെ പോലുള്ള ചിലരെങ്കിലുമുണ്ട് എന്ന് എനിക്ക് ബോധ്യപെട്ടത് ഈ യാത്രയിലൂടെയാണ്. മുന്‍പ് പോയിട്ടുള്ളതിനാല്‍ ചില മുന്‍വിധികളോടെയാണ് യാത്രയ്ക്ക് തയ്യാറെടുത്തത്. എന്‍റെ സങ്കല്പങ്ങള്‍ക്കും, കരുതലുകള്‍ക്കും ഉപരിയായി, കാഴ്ചകളുടെ മായാജാലം ഒരുക്കി, യാത്രികന്‍ എന്ന നിലയില്‍ ഏതൊരാളുടെയും മനസ്സിലേക്ക് അനുഭവങ്ങളുടെ കുളിര്‍മഴ പെയ്യിക്കാന്‍ നെല്ലിയാമ്പതിക്ക് കഴിയും എന്ന സത്യം ഉള്‍കൊള്ളാന്‍ ഈ യാത്രയിലൂടെ കഴിഞ്ഞു. ശനിയാഴ്ച രാവിലെ എറണാകുളത്തു നിന്നും പുറപ്പെട്ട ഞങ്ങള്‍ ആറംഗ സംഘം( എന്നെ കൂടാതെ അനൂപ്, സാഗര്‍, ഉണ്ണി, ബിനോയ്, അനീഷ് ) ട്രെയിനിലും ബസിലുമായി നെന്മാറ എത്തിയപ്പോള്‍ സമയം ഏതാണ്ട് 10.30 ആയിരുന്നു. സാഗറിന്‍റെ ഏട്ടന്‍ "പ്രശസ്ത സാഗര്‍ AVT. യില്‍ മാനേജര്‍ ആയി നെല്ലിയാമ്പതിയില്‍ ജോയിന്‍ ചെയ്തപ്പോള്‍ മുതല്‍ പ്ലാന്‍ ചെയ്തതാണ് ഈ യാത്ര. നെന്മാറയ...