നെല്ലിയാമ്പതിയുടെ ഹൃദയത്തിലൂടെ

നെല്ലിയാമ്പതി എന്നാല്‍ സീതാര്‍കുണ്ട്, മാന്‍പാറ തുടങ്ങിയ ചുരുക്കം ചില പ്രദേശങ്ങള്‍ ഉള്‍പെട്ടതാണ് എന്ന മിഥ്യധാരണ വച്ചു പുലര്‍ത്തുന്ന, എന്നെ പോലുള്ള ചിലരെങ്കിലുമുണ്ട് എന്ന് എനിക്ക് ബോധ്യപെട്ടത് ഈ യാത്രയിലൂടെയാണ്. മുന്‍പ് പോയിട്ടുള്ളതിനാല്‍ ചില മുന്‍വിധികളോടെയാണ്‌ യാത്രയ്ക്ക് തയ്യാറെടുത്തത്. എന്‍റെ സങ്കല്പങ്ങള്‍ക്കും, കരുതലുകള്‍ക്കും ഉപരിയായി, കാഴ്ചകളുടെ മായാജാലം ഒരുക്കി, യാത്രികന്‍ എന്ന നിലയില്‍ ഏതൊരാളുടെയും മനസ്സിലേക്ക് അനുഭവങ്ങളുടെ കുളിര്‍മഴ  പെയ്യിക്കാന്‍ നെല്ലിയാമ്പതിക്ക് കഴിയും എന്ന സത്യം ഉള്‍കൊള്ളാന്‍ ഈ യാത്രയിലൂടെ കഴിഞ്ഞു.
               ശനിയാഴ്ച രാവിലെ എറണാകുളത്തു നിന്നും പുറപ്പെട്ട ഞങ്ങള്‍ ആറംഗ സംഘം( എന്നെ കൂടാതെ അനൂപ്‌, സാഗര്‍, ഉണ്ണി, ബിനോയ്‌, അനീഷ്‌ ) ട്രെയിനിലും ബസിലുമായി  നെന്മാറ എത്തിയപ്പോള്‍ സമയം ഏതാണ്ട് 10.30 ആയിരുന്നു. സാഗറിന്‍റെ ഏട്ടന്‍ "പ്രശസ്ത സാഗര്‍ AVT. യില്‍ മാനേജര്‍ ആയി നെല്ലിയാമ്പതിയില്‍ ജോയിന്‍ ചെയ്തപ്പോള്‍ മുതല്‍ പ്ലാന്‍ ചെയ്തതാണ് ഈ യാത്ര. നെന്മാറയിലെത്തി പ്രാതല്‍  കഴിച്ചപ്പോഴേക്കും ഞങ്ങള്‍ക്കു പോവാനുള്ള ജീപ്പ് എത്തിയിരുന്നു. നെന്മാറ ആണ് നെല്ലിയാമ്പതിയുടെ ഹൃദയത്തിലേക്കുള്ള പ്രവേശനകവാടം. സമുദ്രനിരപ്പില്‍ നിന്നും 467 മുതല്‍ 1500 മീറ്ററിലധികം ഉയരത്തില്‍ ആണ് "പാവങ്ങളുടെ ഊട്ടി" എന്ന് അറിയപെടുന്ന നെല്ലിയാമ്പതി. പോത്തുണ്ടി ഡാം  പിന്നിട്ടാല്‍, ഹെയര്‍പിന്‍ വളവുകളോടെ ചുരം റോഡ്‌ നമ്മെ സ്വാഗതം ചെയ്യും. ചുരം കയറുമ്പോള്‍ തന്നെ കാട് എന്ന അനുഭവത്തിന്‍റെ ആഴം നമുക്ക് ബോധ്യപെടും. കാടിന്‍റെ തണുപ്പ് മൂക്കിലൂടെ അരിച്ചു കയറും. ഇടതൂര്‍ന്നു നില്‍ക്കുന്ന വന്‍മരങ്ങളില്‍ പടര്‍ന്നു കയറിയ കാട്ടുവള്ളികള്‍, അതില്‍ തൂങ്ങിയാടുന്ന കരിങ്കുരങ്ങുകളെയും കാണാം.  ഓഫീസിലെ ശീതികരിച്ച മുറിയിലെ മരവിച്ച തണുപ്പും, പ്രകൃതിയുടെ ആത്മാവായ കാടിന്‍റെ കുളിരും തമ്മിലുള്ള അന്തരം ഒരിക്കലെങ്കിലും അനുഭവിച്ചവര്‍ക്ക് മനസ്സിലാവും. മുകളിലേക്ക് ചെല്ലുന്തോറും അന്തരീക്ഷം  മാറികൊണ്ടിരുന്നു. ഉച്ചവെയില്‍ അപ്രത്യക്ഷമായിരിക്കുന്നു. താഴെ ഡാമിലെ ജലാശയത്തില്‍ വിളറിയ സൂര്യനെ കാണാം. ഇടയ്ക്ക് ചില വ്യൂ പോയിന്ററുകളില്‍ നിര്‍ത്തി ചിത്രങ്ങള്‍ എടുത്തിട്ടാണ് യാത്ര തുടര്‍ന്നത്. നെല്ലിയാമ്പതിയിലെ  പാടഗിരിയിലുള്ള AVT യുടെ എസ്റ്റേറ്റ്‌  ആണ് ഞങ്ങളുടെ ലക്‌ഷ്യം.  അവിടത്തെ മാനെജെരുടെ ബംഗ്ലാവില്‍ ആണ് രണ്ടു ദിവസത്തെ താമസം. ടീ ഫാക്ടറിയിലേക്കുള്ള സ്വകാര്യ വഴിയിലേക്ക് തിരിഞ്ഞപ്പോഴേക്കും കാഴ്ചകളുടെ ജാലകം തുറക്കുകയായി. തേയില കാടുകളുടെ ഇടയില്‍ ചുരുണ്ട് കിടക്കുന്ന പുഴുവിനെ പോലെ, വീതി കുറവെങ്കിലും മനോഹരമായ റോഡ്‌. വളഞ്ഞു പുളഞ്ഞു പോവുന്ന വഴിയിലൂടെ ജീപ്പ് മുകളിലേക്ക് കയറുകയാണ്. നട്ടുച്ചയ്ക്കും തണുപ്പിന്‍റെ കട്ടി കൂടി വരുന്നു. തേയില കാടുകള്‍ക്ക് ചുറ്റും തരംഗങ്ങള്‍  പോലെ സഹ്യനിരകളില്‍ മേഘങ്ങള്‍ ചുംബിക്കുന്നു. കാഴ്ചകള്‍ അവ പരിചിതമാണെങ്കില്‍ തന്നെയും, യാത്രയുടെ ഓരോ മുഹൂര്‍ത്തത്തിലും പുതുമകള്‍ കണ്ടെത്തുമ്പോഴാണ് അവ ഹൃദ്യമായി തീരുക.


12 മണിയോടെ ബംഗ്ലാവില്‍  എത്തി. തേയിലകാട് പുതച്ച കുന്നിന്‍ മുകളിലാണ് ബംഗ്ലാവ്.കുന്നിന്‍റെ ഒരു വശത്തു നിന്നും കാട് ആരംഭിക്കുകയാണ്. പറമ്പികുളം വന്യജീവി സങ്കേതവുമായി ബന്ധിക്കുന്ന  കൊടും വനം. കുളിച്ചു ഫ്രഷ്‌  ആയപോഴെകും ഉച്ചഭക്ഷണം തയ്യാറായിരുന്നു. പാചകത്തിനും  മറ്റു ആവശ്യങ്ങള്‍ക്കുമായി  സത്യന്‍ എന്ന സഹായി മാത്രമാണ് സാഗറിന്‍റെ ഏട്ടനെ കൂടാതെ ബംഗ്ലാവിലെ അന്തേവാസി. നാല്പതു വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്ന, വളരെ സാവധാനത്തില്‍ സംസാരിക്കുന്ന  കറുത്ത കുറിയ മനുഷ്യന്‍. ആദിവാസി ഗോത്ര വിഭാഗത്തില്‍പെട്ട അദ്ധേഹം പതിനഞ്ചു വര്‍ഷത്തോളമായി വിവിധ മേലുദ്യോഗസ്ഥരോടൊപ്പം അവിടെ ജോലി ചെയ്യുന്നു. പൂര്‍ത്തിയാവാതെ പാതിവഴിയില്‍ മാഞ്ഞു പോകുന്ന നേര്‍ത്ത പുഞ്ചിരി ഇടയ്ക്ക് ചുണ്ടില്‍ വിരിയും എന്നതൊഴിച്ചാല്‍ യാതൊരു വികാരവും ആ മുഖത്തു നിഴലിച്ചു കണ്ടില്ല. ഒരുപക്ഷെ പതിനഞ്ചു വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന്‍റെ സമ്മര്‍ദ്ദങ്ങള്‍ ആവാം ആ നിര്‍വികാരതയ്ക്ക് പിന്നില്‍. വേഗതയില്‍ സംസാരിക്കുന്ന എനിക്ക് തികച്ചും വിപരീത സ്വഭാവമുള്ള കക്ഷിയോടു സംസാരിക്കാന്‍ ആദ്യം അനുഭവപ്പെട്ട ബുദ്ധിമുട്ട് പതുക്കെ ഇല്ലാതെയായി.
ഭക്ഷണ ശേഷം ഞങ്ങള്‍ പുറത്തേക്കു ഇറങ്ങി,  മുറ്റത്തു ചെറുതെങ്കിലും മനോഹരമായ പുല്‍ത്തകിടിയും, പൂന്തോട്ടവും. കാറ്റാടി മരങ്ങള്‍ അതിരിടുന്ന മുറ്റം കഴിഞ്ഞാല്‍ പിന്നെ തേയില തോട്ടമാണ്. പ്രതീക്ഷയുടെ നിറമായ പച്ചയാണ്‌ ചുറ്റിലും. മനസ്സിന് സന്തോഷം നല്കാന്‍ ഇതിലേറെ കഴിവുള്ള മറ്റൊരു നിറമില്ല. ഏറ്റവും കൌതുകകരമായ മറ്റൊരു സംഗതി അവിടെ BSNL ഒഴികെയുള്ള മറ്റു സ്വകാര്യ ടെലിഫോണ്‍ കമ്പനികള്‍ക്ക് കവറേജ് ഇല്ല എന്നതാണ്. ബംഗ്ലാവിലെ ലാന്‍ഡ്‌ ഫോണില്‍ നിന്നും വീട്ടിലേക്ക് വിളിച്ചു  അത്യാവശ്യമുണ്ടെങ്കില്‍ വിളിക്കാനായി നമ്പര്‍ നല്‍കി. ഇനി എനിക്ക് മുന്നില്‍ മറ്റൊന്നുമില്ല, എല്ലാ തിരക്കുകളില്‍ നിന്നും വിടുതല്‍. ഇന്നലയെ കുറിച്ചുള്ള വ്യസനങ്ങളോ  നാളെയെ കുറിച്ചുള്ള ആശങ്കകളോ ഇല്ലാതെ "ഇന്ന് " എന്നതിനെ ആസ്വദിക്കുക.


എതിരെയുള്ള കുന്നിന്‍ മുകളില്‍ മറ്റൊരു ബംഗ്ലാവ്. ജി.എമ്മിന്‍റെതാണ്, ദശരഥം എന്ന മനോഹര ചിത്രത്തില്‍ മോഹന്‍ലാലും രേഖയും ചേര്‍ന്ന് അഭിനയിച്ച ഗാനരംഗത്തില്‍ കാണുന്ന അതെ ബംഗ്ലാവ് തന്നെയാണ് അത്. മറ്റു പല ചിത്രങ്ങളുടെയും ഷൂട്ടിംഗ് നടന്നിടുണ്ട് എന്ന അറിവ് നല്‍കിയത് സത്യേട്ടന്‍ ആയിരുന്നു. എവിടെന്നോ എത്തിയ നായയുമായി കളിക്കുകയാണ് സാഗര്‍. വൈകുന്നേരമായതോടെ ഞങ്ങള്‍ പുറത്തേക്കു നടക്കാന്‍ ഇറങ്ങി.  മുന്‍പിലുള്ള മറ്റൊരു കുന്നായിരുന്നു ലകഷ്യം. ദീര്‍ഘയാത്ര കഴിഞ്ഞതിനാലും രാത്രി ഷിഫ്റ്റ്‌ കഴിഞ്ഞു ഉറങ്ങിയിടില്ല എന്നതിനാലും അന്ന് മറ്റു യാത്രകള്‍ ഒന്നും പ്ലാന്‍ ചെയ്തിരുന്നില്ല. കുന്നിന്‍ മുകളില്‍ എത്തി. ദൂരെ മലയുടെ നെറുകയില്‍ നിന്നും അഴിഞ്ഞു വീണ മുടികെട്ടു പോലെ വെണ് മേഘങ്ങള്‍ താഴേക്ക്‌ ഒഴുകി വീണു. പതുക്കെ പതുക്കെ കോടമഞ്ഞ്‌ ഞങ്ങളെ വലയം ചെയ്തു. മുഖത്തെ താടി രോമങ്ങളില്‍ പോലും മഞ്ഞു കണങ്ങള്‍ ഉറഞ്ഞിരിക്കുന്നു. ഒരേസമയം പരിചിതവും അന്യവും ആയി തോന്നി കാഴ്ച്ചകള്‍. താഴെ വളഞ്ഞു പുളഞ്ഞു പോവുന്ന വഴിയിലൂടെ ഒറ്റപ്പെട്ട വാഹങ്ങള്‍ പോവുന്നുണ്ട്. ചുരുക്കം ചില K.S.R.T.C ബസ്സുകള്‍ ഇങ്ങോട്ട് സര്‍വീസ് നടത്തുനുണ്ട് എങ്കിലും സ്വകാര്യ എസ്റ്റേറ്റ്‌ ആയതിനാല്‍ വിനോദ സഞ്ചാരികള്‍ക്ക് എത്തിപെടാന്‍ പരിമിതികള്‍ ഉണ്ട്. പാട്ടും വാചകമടിയുമായി സമയമേറെ ചെലവഴിച്ചു. സന്ധ്യക്കുമേല്‍ ഇരുട്ടിന്‍റെ നേര്‍ത്ത പുതപ്പ്  വീണുതുടങ്ങിയതോടെ കുന്നിറങ്ങി തിരികെ ബംഗ്ലാവിലേക്ക്. രാത്രിയായാല്‍  കരടി അടക്കമുള്ള പല വന്യജീവികളും കാണപെടുന്ന സ്ഥലമാണ് എന്ന് സത്യേട്ടന്‍ പറഞ്ഞിരുന്നു. യാത്രയിലുടനീളം ഞങ്ങളോടൊപ്പം ഒരാളായി നായയും ഉണ്ടായിരുന്നു. തിരികെ ബംഗ്ലാവില്‍ എത്തും വരെ. പിന്നീട് എപ്പോഴോ അവന്‍ അപ്രത്യക്ഷനായി.
രാത്രി ആഘോഷങ്ങള്‍ക്കിടയില്‍ അടുക്കളയിലേക്കു ചെന്നു, സത്യേട്ടന്‍ തിരക്കിലാണ്. മദ്യപിക്കില്ല എന്ന് പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചില്ല എങ്കിലും "പിന്നെ എന്തോന്ന് വിനോദയാത്ര എന്നെ ചോദ്യം ആ മുഖത്തു കണ്ടു. സത്യെട്ടനോട് ചോദിച്ചത് മുഴുവന്‍ രാത്രി എത്താറുള്ള മൃഗങ്ങളെ കുറിച്ചായിരുന്നു.  പതിവായി കാണാറുള്ള മൃഗങ്ങളെ കുറിച്ചും പുറമേ സത്യേട്ടന്‍റെ വീടിലേക്ക്‌ പോവുന്ന കാട്ടുവഴിയില്‍ കാണാറുള്ള മാന്‍ കൂട്ടങ്ങളെ കുറിച്ചും, പുലി ഇറങ്ങുന്നതിനെ കുറിച്ചുമെല്ലാം കക്ഷി വിശദീകരിച്ചു തന്നു.





ആഘോഷങ്ങള്‍ കഴിഞ്ഞപോഴേക്കും പലരും ക്ഷീണിതരായിരുന്നു. ഭക്ഷണം കഴിച്ചു കിടന്നു. അനൂപിന്‍റെ കൂര്‍ക്കംവലി സഹിക്കവയ്യാതെ  ഞാന്‍ ഹാളിലെ സോഫയില്‍ ചെന്ന് കിടന്നു. ഉറക്കം വരാതെ പുറത്തിറങ്ങി നോക്കി, ഇല്ല മൃഗങ്ങളൊന്നും  വന്നിട്ടില്ല. നക്ഷത്രങ്ങള്‍ ഒന്നുമില്ലാത്ത ആകാശം. വിളറിയ ചന്ദ്രന് താഴെ വെളുത്ത നിഴല്‍പോലെ കുന്നിനു മുകളിലെ ബംഗ്ലാവ് കാണാം. മുറ്റത്തെ കാറ്റാടി മരങ്ങള്‍ സംസാരിക്കുന്നുണ്ട്. കാറ്റിനനുസരിച്ചു അവ പല ശബ്ദങ്ങളും ഉണ്ടാകുമത്രേ, ചിലപ്പോള്‍ നേര്‍ത്ത ചൂളം വിളിയായും ചിലപ്പോള്‍ പേടിപ്പെടുത്തുന്ന രീതിയില്‍ ഉറക്കെ നീട്ടിമൂളുകയും ചെയ്യുമത്രേ. കോടമഞ്ഞ്‌ നിലാവിനെ പുണര്‍ന്നു കിടക്കുന്നു. ദൂരെ ഏതൊക്കെയോ പക്ഷികളുടെ കരച്ചില്‍ കേള്‍ക്കാം. ഒരുപാട് സമയം അങ്ങനെ നിന്നു. വീണ്ടും  സോഫയിലേക്ക് പുതപ്പുമായി. രാത്രിയില്‍ സത്യേട്ടന്‍ തട്ടി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്. നോക്കിയപ്പോള്‍ ടോര്‍ച്ചുമായി സത്യേട്ടന്‍. അടുക്കളവാതില്‍ തുറന്നു പുറത്തിറങ്ങുന്നതിനിടയില്‍ ശബ്ദം ഉണ്ടാക്കരുതെന്നു ആഗ്യം കാണിച്ചു. മുറ്റത്തിറങ്ങിയപ്പോള്‍ എനിക്ക് കേട്ടു പരിചയമില്ലാത്ത ആ ശബ്ദം മാനിന്‍റെതാനെന്നു കക്ഷി പറഞ്ഞു തന്നു. മുറ്റത്തിനപ്പുറം തേയിലകാടിന്‍റെ അതിര്‍ത്തിയില്‍ നിന്നാണ് ശബ്ദം എന്ന് മനസിലായി. താഴെ ചാരിവച്ചിരുന്ന ഗോവണി എടുത്തു കക്ഷി ബംഗ്ലാവിന്‍റെ മുകളിലേക്ക് കയറി, പുറകെ ഞാനും. മുകളില്‍ കയറി ശബ്ദം കേട്ടിടതെയ്ക്ക് ടോര്‍ച്ചു അടിച്ചപ്പോള്‍ ഇരുട്ടില്‍ തിളങ്ങുന്ന കണ്ണുമായി  ഭയപെട്ട് നോക്കുന്ന മാന്‍. ടോര്ച്ചടിച്ചതോടെ അത് കുറ്റികാടിന്‍റെ പുറകില്‍ മറഞ്ഞു. ഒരുപാട് സമയം കാത്തു നിന്നെങ്കിലും അവിടെ നിന്ന് ശബ്ദം ഉണ്ടാക്കുനതല്ലാതെ പുറത്തേക്കു വരാന്‍ അത് കൂട്ടാകിയില്ല. കൂട്ടം തെറ്റിവന്നതാണ്, വന്യ മൃഗങ്ങളെ ഭയന്നു പലപ്പോഴും അവ മനുഷ്യാവാസമുള്ളിടത് അഭയം പ്രാപിക്കാറുണ്ടത്രെ. പുലിയും ചെന്നായ്ക്കളും ആക്രമിച്ച മാനുകളുടെയും കാട്ടാടുകളുടെയും അവശിഷ്ടങ്ങള്‍ ഒരുപാട് കാണാറണ്ടെന്നു പറയുന്നു. അങ്ങ് ദൂരെ കുന്നിന്‍ ചെരുവില്‍  കേട്ട ശബ്ദം കരടിയുടെതാണെന്ന് സത്യേട്ടന്‍ പറഞ്ഞു. ഭക്ഷണ അവശിഷ്ടങ്ങള്‍ കളയുന്ന മരച്ചുവട്ടില്‍ മരപ്പട്ടികളും മുള്ളന്‍ പന്നിയും. പേടികൊണ്ടാവം മാന്‍  നിര്‍ത്താതെ കരഞ്ഞു കൊണ്ടിരുന്നു. രാത്രി വളരെ വൈകിയതിനാല്‍ കിടക്കാന്‍ സത്യേട്ടന്‍ നിര്ദേശിച്ചു. ബംഗ്ലാവിനകത്തെക് കയറി. അനൂപും, ബിനോയും അനീഷും, കടുവയെ തോല്പിക്കുന്ന വിധത്തില്‍ മത്സരിച്ചു കൂര്‍ക്കം വലിക്കുകയാണ്‌, വെറുതെയല്ല ഇവരെ പേടിച്ചിട്ടാണ് ഒരു മാന്‍ പോലും തിരിഞ്ഞു  നോക്കാത്തത് എന്ന് എനിക്ക് തോന്നി. സോഫയില്‍ ചെന്ന് ഞാനും പുതപ്പിനടിയിലേക്കു ചുരുണ്ടു കൂടി. പുറത്തു മാനിന്‍റെ ശബ്ദം കേള്‍ക്കുനുണ്ട്. ഒറ്റപ്പെട്ടുപോയ, ഭീതി നിറഞ്ഞ കണ്ണുമായി നോക്കിയ മാനായിരുന്നു  മനസ്സില്‍,  പുലരും വരെ ജീവിക്കാന്‍ അവകാശമുണ്ടോ എന്ന് അറിയാത്ത, തനിക്കുമേല്‍ ഏതുനിമിഷവും പതിക്കാവുന്ന വന്യതയുടെ കൂര്‍ത്ത ദംഷ്ട്രങ്ങളെ ഭയന്നു നിസ്സഹായതയോടെ കരയുന്ന പാവം മൃഗം.
അലാറം വച്ചതനുസരിച്ചു 5.30 നു തന്നെ ഉണര്‍ന്നു, പല്ലുതേച്ചു ക്യാമറയുമായി പുറത്തിറങ്ങി. പുലര്‍വെളിച്ചം വീഴുന്നതെയുള്ളൂ. കാഴ്ച്ചയെ മറച്ചു കൊണ്ട് മഞ്ഞ്‌. മുറ്റതേക്ക്‌ നടക്കവേ കേട്ട് മാനിന്‍റെ കരച്ചില്‍.  അതിനു ഒന്നും സംഭവിചിട്ടില്ല. ശബ്ദം  കേട്ടിടത്തേക്ക് നടന്നു. തേയില ചെടികളില്‍ രാത്രി പെയ്ത മഞ്ഞു തുള്ളികള്‍, വസ്ത്രത്തിലേക്ക്‌ പടര്‍ന്നു. കാല്‍ പെരുമാറ്റം കേട്ടതിനാലാവണം അത്കാട്ടിലേക്ക് ഓടി മറഞ്ഞത്. തേയില കാട്ടില്‍ നിനും പുറത്തിറങ്ങിയപോഴേക്കും വസ്ത്രങ്ങള്‍ മഴയിലെന്നവണ്ണം നനഞ്ഞിരുന്നു. തിരികെ ബംഗ്ലാവില്‍ എത്തിയപോഴേക്കും ഉണ്ണിയും അനൂപും ഉണര്‍ന്നിരുന്നു, മറ്റുളവര്‍ ഉണര്നിടില്ല. മൂവരും കൂടി പുറത്തേക്കു നടക്കാനിറങ്ങി. മഞ്ഞു പുതപ്പു മാറ്റാന്‍ മടി പിടിച്ചു കിടക്കുകയാണ് പ്രകൃതി. മഞ്ഞു നിറഞ്ഞ വഴിയിലൂടെ ഏറെ ദൂരം നടന്നു.  വഴിയില്‍ കണ്ട ചായകടയില്‍ നിന്നും ചായ കുടിച്ച ശേഷം വീണ്ടും നടന്നു. തിരികെ ബംഗ്ലാവില്‍ എത്തിയപോഴേക്കും എല്ലാവരും ഉണര്‍ന്നിരുന്നു.
പ്രാതല്‍ കഴിച്ച ശേഷം അന്നത്തെ പരിപാടികള്‍ പ്ലാന്‍ ചെയ്തു,  കാരായിപാറ" വെള്ളച്ചാട്ടം ആയിരുന്നു ആദ്യത്തെ ലക്‌ഷ്യം. ടാറ്റസുമോയില്‍ പുറപെട്ടു. ഞാന്‍ പ്രശസ്ത സാഗറിന്‍റെ കൂടെ ബുളെറ്റിലും മറ്റുള്ളവര്‍ വണ്ടിയിലും. തേയില ചെടികള്‍ക്കിടയിലെ മനോഹരമായ റോഡിലൂടെ വണ്ടികള്‍ പാഞ്ഞു. മഞ്ഞിന്റെ പുതപ്പു നേരത്ത് നേരത്ത് ഇല്ലാതായികൊണ്ടിരുന്നു. കാരായിപാറ ഒരു വനഗ്രാമം ആണ്. തേയില തോട്ടങ്ങള്‍  പിന്നിട്ടു  പേരക്കയും ഓറന്ജും വിളയുന്ന തോട്ടങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ കാട് ആണ്. മരച്ചില്ലകളില്‍ കരിങ്കുരങ്ങുകളേയും, ബുള്ളെറ്റിന്‍റെ ശബ്ദംകേട്ട് ഓടി മറയുന്ന കാട്ടു മുയലുകളെയും, കാട്ടു കോഴികളെയും ധാരാളം കണ്ടു. വഴിമുടക്കി കിടന്നിരുന മരങ്ങളും ചില്ലകളും  എടുത്തുമാറ്റി യാത്ര തുടര്‍ന്നു. മഴനൂലുകള്‍ പെയ്തു തുടങ്ങിയപ്പോള്‍ പെരുമഴയായി തീരുമോ എന്ന് ശങ്കിച്ചു. മഴക്കാട് ആയതിനാല്‍ ഇത് പതിവാണെന് സാഗര്‍ പറഞ്ഞു.  ഒടുവില്‍ കാടിന്‍റെ നടുവിലെ വെള്ളച്ചാട്ടത്തിനരികെ..ആരാലും അശുദ്ധമാക്കപ്പെടാതെ കന്യകയുടെ വിശുദ്ധിയുമായി വനത്തിലൂടെ ഒഴുകുന്ന ഒരു കൊച്ചരുവി. പാറക്കൂട്ടങ്ങളില്‍ തട്ടി താഴോട്ട് പതിക്കുകയാണ്. സഞ്ചാരികള്‍ക്ക് ഇവടെ എത്തിപെടാന്‍ എളുപ്പമല്ല. കാട്ടിലൂടെയുള്ള യാത്രയ്ക്ക് വനംവകുപ്പിന്‍റെ അനുവാദം ആവശ്യമാണ്. ഒരു വിധത്തില്‍ അത് നന്നായി എന്ന് എനിക്ക് തോന്നി. അല്ലെങ്കില്‍ പല ദേശക്കാരുടെ മാലിന്യവും പേറി, ജരാനരകള്‍ ബാധിച്ചു, ശോഷിച്ചു ശോഷിച്ചു ഈ ചെറിയ അരുവിയും മരിച്ചേനെ. എത്രസമയം നിന്ന് എന്നോര്‍മയില്ല, ചുറ്റുമുള്ള മരങ്ങളില്‍ നിറയെ കുരങ്ങന്മാരും പക്ഷികളും. കാടിന്‍റെ  സ്വച്ഛതയില്‍ നിനും മോചിതനാകാന്‍ മനസ്സ് അനുവദിക്കുന്നുണ്ടായിരുനില്ല.





ഇനിയും യാത്ര തുടരേണ്ടതുണ്ട്, ബ്രിടിഷ്കാര്‍  കാടിനു നടുവില്‍ പണിതീര്‍ത്ത  വിക്ടോറിയ ചര്ച്ച് എന്ന  ചെറിയ കുരിശുപള്ളി ആണ് അടുത്ത ലക്‌ഷ്യം. 6 കി .മി.ദൂരെയുള്ള വിക്ടോറിയയില്‍ എത്തി, കൊടും കാട്ടിലൂടെ 2 കി.മി. നടന്നു വേണം അവിടെ എത്തിചെരാന്‍. വനം വകുപ്പിന്‍റെ അനുവാദമില്ലാതെ അവിടെ പ്രവേശിക്കാന്‍ കഴിയില്ല. കാട്ടിലെത്തി നടത്തം തുടങ്ങി.മനുഷ്യ രക്തത്തിന്‍റെ ഗന്ധമേറ്റ്‌, വാലില്‍ കുത്തി പാഞ്ഞു വരുന്ന അട്ടകള്‍ ആരെയും വെറുതെ വിട്ടില്ല. പുകലപൊടിയും ഡെറ്റോള്‍ ഉം കൊണ്ട് നേരിട്ട് എങ്കിലും ഒടുവില്‍ അട്ടകള്‍ തന്നെയാണ് വിജയിച്ചത്. പിന്നീട് അവയെ വകവയ്ക്കാതെ വേഗത്തില്‍ നടന്നു.


 തണുത്ത നിഴലുകള്‍ വീണ വഴിത്താരയിലൂടെ കാടിനെ അനുഭവിച്ചു നടന്നു. ഞങ്ങള്‍ക്ക് മുന്നില്‍ വനപാത നീണ്ടു കിടക്കുന്നു . മര കൊമ്പുകളില്‍ സാന്നിധ്യമറിയിക്കുന്ന അസംഖ്യം പക്ഷികളും കുരങ്ങന്മാരും. ഞാനും സാഗറുമാണ്  മുന്നില്‍ നടന്നത്. ഒരുമിച്ചാണ് യാത്ര തുടങ്ങിയതെങ്കിലും പിന്നീടു എപ്പോഴോ, യാത്രയുടെ കഠിനതയില്‍  മറ്റുള്ളവര്‍ ഞങ്ങളില്‍ നിന്ന് അടര്‍ന്നു മാറിയിരുന്നു, തിരിഞ്ഞു നോക്കിയാല്‍ കാണാത്ത വിധം. വഴിമുടക്കി കിടന്ന കൂറ്റന്‍ മരച്ചില്ലകള്‍ക്കിടയിലൂടെ ഊര്ന്നിരങ്ങിയും, ചാടി കടന്നും വേഗത്തില്‍ നടന്നു. കാല്പെരുമാറ്റം കേട്ട് ഓടി മറയുന്ന കാട്ടു കോഴികള്‍. ഇടയ്ക്ക് കുറച്ചു ദൂരം ചെന്നപ്പോള്‍ ആനച്ചൂര് മൂക്കിലേക്ക് കയറി. തൊട്ടരികില്‍ മുളങ്കബുകള്‍ ഒടിയുന്ന ശബ്ദം കേള്‍ക്കാം, മുന്‍പിലായി ആനപിണ്ടവും. വകവയ്കാതെ വേഗത്തില്‍ നടന്നു. ഞങ്ങളേറെ  നടന്നിരിന്നു.



ഒടുവില്‍ കുന്നിന്‍ ചെരിവില്‍ എത്തി. മരച്ചില്ലകള്‍ക്കിടയിലൂടെ കുന്നിന്‍ മുകളിലെ വിസ്മയം കണ്ടു. പറന്നു നടക്കുന്ന മേഘങ്ങള്‍ക്കിടയില്‍  നഷ്ട പ്രതാപത്തിന്‍റെ  വിശുദ്ധ സ്മാരകമായി സ്വര്‍ഗത്തിലേക്ക് എന്നവണ്ണം ഉയര്‍ന്നു നില്ക്കുന്ന ചെറിയ കുരിശുപള്ളി. മുകളിലേക്ക് ആവേശത്തോടെ ഓടികയറി. മുട്ടിയുരുമുന്ന മേഘങ്ങള്‍ക്കിടയില്‍ കരിങ്കല്‍ പാളികള്‍ കൊണ്ട് പടുത്തുയര്‍ത്തിയ,  ദേവാലയത്തിനു  മുന്നില്‍ നില്‍ക്കുമ്പോള്‍ ആരുടേയും മനസ്സ് ആര്ദ്രമാവും. ദേവാലയത്തിന്‍റെ നാമമാത്രമായ ഒരുഭാഗം മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ എങ്കിലും വിശ്വാസങ്ങള്‍ക്കുംഉപരി അദൃശ്യമായ  ഏതോ ഒരു സാന്നിദ്ധ്യം, നമുക്ക് അനുഭവപെട്ടാല്‍ അതാണ്‌ ഈ ജീവിതയാത്രയുടെ സാഫല്യം. തീര്‍ച്ചയായും ഇത് എന്‍റെ ജീവിതത്തിന്‍റെ പുണ്യമാണ്. ഈ കുന്നിനു മുകളില്‍ നില്‍ക്കുമ്പോള്‍ ഈ ലോകത്തില്‍ ഞാന്‍ എത്ര നിസ്സ്സരനാണ് എന്ന  സത്യം തിരിച്ചറിയുന്നു. സമയം ഏതാണ്ട് മൂന്നുമണി ആയികാണും, വെയില്‍ഇല്ല, സുഖകരമായ തണുപ്പ് മാത്രം. താഴെ കാട്ടില്‍ നിന്നും ആനകളുടെ ചിന്നം വിളി കേള്‍ക്കാം. ഉച്ചഭക്ഷണം കഴിക്കാത്തതിനാല്‍ വിശപ്പിന്‍റെ വിളി തുടങ്ങി. പ്രത്യേകിച്ചും വിശപ്പിന്‍റെ അസുഖമുള്ള അനൂപിന്. കുന്നിറങ്ങി തിരികെ കാട്ടിലൂടെ നടന്നു.



ബംഗ്ലാവില്‍ എത്തി.സായാഹ്നമായി , ദൂരെ കുന്നിന്‍ മുകളില്‍ സൂര്യന്‍ യാത്രാമൊഴി ചൊല്ലാന്‍ തുടങ്ങി. മുറ്റത്തു പാട്ടും ക്രിക്കറ്റ്‌ കളിയുമായി ഒരുപാടുനേരം കഴിഞ്ഞിരിക്കുന്നു. താഴ്വരയില്‍ നിന്നും തണുത്ത കാറ്റുകള്‍ വീശാന്‍ തുടങ്ങിയതോടെ എല്ലാവരും അകത്തേക്ക്. ആഘോഷങ്ങള്‍ക്കിടയില്‍ ഞാന്‍ അടുക്കളയിലേക്കു ചെന്നു. സത്യേട്ടന്‍ പാചകത്തിരക്കിലാണ്. ഞാന്‍ വീടിനെ കുറിച്ച് ചോദിച്ചു, 3 കി.മി. അകലെ കാടിനോട്‌ ചേര്‍ന്ന വനഗ്രാമത്തില്‍ കമ്പനി വക ക്വാര്‍ട്ടെഴ്സിലാണ് കക്ഷി താമസം. വീട് കാണാന്‍ താല്പര്യമുണ്ടെന്നു പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ക്ഷണിച്ചു. എട്ടു മണിയായതോടെ പാചകമെല്ലാം കഴിഞ്ഞ ശേഷം, സുഹൃത്തുകളോട് പെട്ടെന്ന് തിരികെ എത്താം എന്ന് പറഞ്ഞു സത്യേട്ടന്റെ കൂടെ ഞാന്‍ ബൈക്കില്‍ യാത്രയായി. നിലാവിന്‍റെ  നിഴല്‍പാടുകളിലൂടെ, മഴനൂലുകള്‍ കീറി മുറിച്ചു കൊണ്ട്, മനോഹരമായ യാത്ര. ഞങ്ങള്‍ക്ക് മുന്‍പേ കടന്നു പോയ K.S.R.T.C ബസിന്‍റെ  ശബ്ദം ആയിരിക്കാം  വഴിയില്‍ പതിവായി കാണാറുള്ള മൃഗങ്ങളെ അകറ്റിയത് എന്ന് കക്ഷി പറഞ്ഞു. യാത്ര അവസാനിച്ചത്‌ സത്യേട്ടന്‍റെ വീടിനു മുന്‍പില്‍ ആണ്. ഒറ്റമുറി വീടുകള്‍ ഒന്നിനോടൊന്നു ചേര്‍ത്തുവച്ച ക്വാര്‍ട്ടെഴ്സുകള്‍. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം, തങ്ങളുടെ കൊച്ചു കൊച്ചു സുഖങ്ങളും ദുഖങ്ങളുമായി ജീവിതത്തെ ധ്യാനിച്ച്‌ കഴിയുന്നു. വളരെ സ്നേഹപൂര്‍വമായ സ്വീകരണമായിരുന്നു. ഭാര്യയും തേയില കൊളുന്തു നുള്ളുവാന്‍ പോവാറുണ്ടായിരുന്നെങ്കിലും അസുഖം മൂലം ഇപ്പോള്‍ പോവുന്നില്ല. ആ കുടുംബത്തെ പോലെതന്നെ ആ ഗ്രാമത്തിലെ ഭൂരിഭാഗം പേരും തേയില ഫാക്ടറിയിലെ ജീവനകാര്‍ ആണ്. പച്ച അല്ലാതെ അവരുടെ ജീവിത്തോട്‌ അത്രമേല്‍ അഗാധമായി ഇണങ്ങിച്ചേര്‍ന്ന മറ്റൊരു നിറമുണ്ടാവില്ല. ആസ്നേഹത്തിന്‍റെ പച്ചപ്പ്‌ അവരുടെ ഹൃദയത്തിലും കാണാം. പത്തു മിനിറ്റു മാത്രമേ അവിടെ ചെലവഴിച്ചുള്ളൂ എങ്കിലും,  അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സത്യേട്ടന്‍റെ മൂത്ത മകള്‍ ഒരുപാട് വിശേഷങ്ങള്‍ പങ്കുവച്ചു  എന്‍റെ നല്ല സുഹൃത്തായി തീര്‍ന്നിരുന്നു. എന്‍റെ നീളന്‍മുടി ആ കൊച്ചു കണ്ണുകളില്‍ ജനിപ്പിച്ച തിളങ്ങുന്ന കൌതുകത്തിന്‍റെ പരിസമാപ്തി  എന്നവണ്ണം ഇറങ്ങാന്‍ നേരം മുടിയിഴകളില്‍ തൊട്ടു "ഒറിജിനലാണോ" എന്ന് ഉറപ്പു വരുത്തുകയും ചെയ്തു ആ കൊച്ചു മിടുക്കി.  പുറത്തു മഴനൂലുകള്‍ പെയ്യുനുണ്ടായിരുന്നു. ബീവരെജ് കോര്‍പ്പറേഷനെ വെല്ലുന്ന "പല വ്യസ്ത്യസ്ഥ സാധങ്ങളും" അവിടെകിട്ടും എന്ന് സത്യേട്ടന്‍ പറഞ്ഞു, സ്നേഹപൂര്‍വ്വം നിരസിച്ചു കൊണ്ട് യാത്ര തുടര്‍ന്നു.



രാത്രിയുടെ ആര്‍ദ്രഭാവങ്ങളെ ആവോളം ആസ്വദിച്ചുകൊണ്ടുള്ള ആ യാത്ര ബംഗ്ലാവില്‍ അവസാനിച്ചപ്പോള്‍ സുഹൃത്തുക്കള്‍ കാത്തിരികുവായിരുന്നു. പാട്ടും നൃത്തവുമായി ആഘോഷം തുടങ്ങി, രാത്രി ഏറെ വൈകും വരെ. ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടന്നു. ഉറങ്ങുന്നതിനു മുന്‍പ് ടോര്‍ച്ചുമായി ഒരിക്കല്‍ കൂടി പുറത്തിറങ്ങി നോക്കി,  ഭക്ഷണ അവശിഷ്ടങ്ങള്‍ ഇടുന്ന മരച്ചുവട്ടില്‍ മരപ്പട്ടിയുടെയും മുള്ളന്‍പന്നിയുടെയും സാന്നിധ്യം ഉണ്ടെന്നതൊഴിച്ചാല്‍ മറ്റു മൃഗങ്ങള്‍ ഒന്നുമില്ല. ദൂരെ മലയിറങ്ങി വരുന്ന കാറ്റിനോട്  സംസാരിക്കുന്ന കാറ്റാടി മരങ്ങള്‍ നിശബ്ദധയ്ക്ക് ആഴം കൂട്ടുന്നതെഉള്ളു. നാളെ പുറപ്പെടുകയാണ് തിരക്കിലേക്ക്. ഇന്നലെയെ കുറിച്ചോ നാളെയെ കുറിച്ചോ ആലോചിക്കാതെ 2 ദിവസം കടന്നു പോയിരിക്കുന്നു. മൊബൈല്‍ പോലും ഉപയോഗിക്കതെയുള്ള ഈ ദിവസങ്ങള്‍ ജീവിതത്തില്‍ അപൂര്‍വ്വമായേ കിട്ടുകയുള്ളൂ. എത്ര നന്ദി പറഞ്ഞാലും തീരാത്തത് പ്രശസ്ഥ സാഗറിനോടാണ്, ഇത്പോലൊരു യാത്രയും താമസവും ഒരുക്കി തന്നതിന്. മൊബൈലിലെ പാട്ട് ഓഫ് ചെയ്തു ഉറങ്ങാന്‍ കിടന്നു.

പുറപെടാന്‍ നേരം സത്യേട്ടനെ കണ്ടപ്പോള്‍ പതിവുപോലെ പാതി മാഞ്ഞ പുഞ്ചിരി മാത്രമായിരുന്നു ചുണ്ടില്‍, ചെറിയ ഉപഹാരം കയ്യില്‍ വച്ച് നല്‍കിയപ്പോള്‍ ആ കണ്ണുകളില്‍ കണ്ട തിളക്കം ഒഴികെ.  യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ സത്യേട്ടന്‍ ഗേറ്റിനരികില്‍ വന്നു കൈ വീശി. ബംഗ്ലാവിനു മുന്നിലെ റോഡില്‍ 10:30 നുള്ള K.S.R.T.C ബസ് നിരങ്ങി നിന്നു. കാര്യമായി ആരും തന്നെ ഇല്ല. പ്രശസ്ഥ സാഗര്‍ യാത്രയയ്കാന്‍ വന്നിരുന്നു. പിറകില്‍ കാഴ്ചകള്‍ മാഞ്ഞു ബംഗ്ലാവും. യാത്ര പറയുന്നതിനിടയില്‍ ‍നേരം സത്യേട്ടന്‍ ചോദിച്ചിരുന്നു വല്ലപ്പോഴും ഓര്‍ക്കുമോ എന്ന്. മറക്കില്ല എന്ന് പറയണം എന്നുണ്ടായിരുന്നു, പക്ഷെ എന്തോ ഞാന്‍ പുഞ്ചിരിച്ചതെ  ഉള്ളു. കാലത്തിന്‍റെ കുത്തൊഴുക്കില്‍ ഈ മുഖവും മാഞ്ഞു പോവുമോ...അറിയില്ല. പക്ഷെ ഒന്നറിയാം യാത്രയില്‍ നിന്നും യാത്രയിലേക്കുള്ള കാത്തിരിപ്പാണ് എന്‍റെ ജീവിതം, അതിനിടയില്‍ ലഭിക്കുന്ന നല്ല സൌഹൃദങ്ങളാണ് എന്‍റെ ഊര്‍ജ്ജം. പിന്നിട്ട യാത്രകളിലെവിടെയോ  നഷ്ടപ്പെട്ട ആത്മാവിനെ വീണ്ടെടുക്കാന്‍ ഇനിയുമൊരു യാത്ര അനിവാര്യം.

Comments

Post a Comment

Popular posts from this blog

പ്രശാന്തതയുടെ ചിറകടികൾ...

ലളിത സുന്ദരം... സിക്കിം

കുതിരമുഖി എന്ന സുന്ദരി