മഴ .. മൌനം... യാത്ര
പുലർച്ചെ 6 മണിക്ക് ഗോവയിൽ നിന്നും മഹാരാഷ്ട്രയിലെ ദിവാ യിലേക്കുള്ള പാസഞ്ചർ ട്രെയിനിൽ അവസാനസ്റ്റെഷൻ വരെയുള്ള ടിക്കെറ്റുമായി കയറുമ്പോഴും ആ യാത്ര എവിടെക്കാണെന്നോ, അതിൻറെ പരിസമാപ്തി എന്താണെന്നോ എനിക്ക് തന്നെയും നിശ്ചയമുണ്ടായിരുന്നില്ല. കൊങ്കൺ പാതയിലൂടെ മഴെയെ അറിഞ്ഞൊരു യാത്ര എന്നതിലധികം ഒന്നുംതന്നെ തീരുമാനിച്ചിരുന്നില്ല. ട്രെയിൻ പുറപ്പെടുമ്പോൾ എന്നെ കൂടാതെ രണ്ടുപേർ മാത്രമേ കംബാർട്ട്മെന്റിൽ ഉണ്ടായിരുന്നുള്ളു. കുറച്ചു ദൂരം പിന്നിടവെ ഏതോ സ്റെഷനിൽ ആ യാത്രികരും ഇറങ്ങിയതോടെ ഞാൻ തനിച്ചായി. പുലർകാഴ്ചയിൽ മഴയെ മുഖത്തേറ്റുവാങ്ങി ഇരിക്കുന്നതിനിടയിൽ, സാവന്ത് വാടി സ്റെഷനിൽ നിന്നും ട്രെയിൻ പുറപ്പെട്ടു തുടങ്ങവേ ആണ് ഉൾവിളി ഉണ്ടായത്. അമ്പോലി ഒരു മിന്നായം പോലെ ഓർമ്മയിലേക്ക് ഓടിയെത്തി. നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും ബാഗുമെടുത്ത് ചാടിയിറങ്ങി. സാവന്ത്‌വാടിയിൽ നിന്നും 30 കി.മി. അകലെ, പശ്ചിമഘട്ടത്തിലെ ധ്യാനനിമഗ്നമായ മലനിരകൾക്കിടയിൽ, മഴക്കാടുകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന കൊച്ചു പട്ടണമാണ് അമ്പോലി. സാവന്ത്‌വാടിയിൽ നിന്നും അംബോലിയിലേക്ക് നിരവധി സ്വകാര്യ ബസ്സുകൾഉണ്ട്. തിരക്കൊഴി...