മഴ .. മൌനം... യാത്ര

പുലർച്ചെ 6 മണിക്ക് ഗോവയിൽ നിന്നും മഹാരാഷ്ട്രയിലെ ദിവാ യിലേക്കുള്ള പാസഞ്ചർ ട്രെയിനിൽ അവസാനസ്റ്റെഷൻ വരെയുള്ള ടിക്കെറ്റുമായി കയറുമ്പോഴും ആ  യാത്ര എവിടെക്കാണെന്നോ, അതിൻറെ പരിസമാപ്തി എന്താണെന്നോ എനിക്ക് തന്നെയും നിശ്ചയമുണ്ടായിരുന്നില്ല. കൊങ്കൺ പാതയിലൂടെ മഴെയെ അറിഞ്ഞൊരു യാത്ര എന്നതിലധികം ഒന്നുംതന്നെ തീരുമാനിച്ചിരുന്നില്ല. ട്രെയിൻ പുറപ്പെടുമ്പോൾ എന്നെ കൂടാതെ രണ്ടുപേർ മാത്രമേ കംബാർട്ട്മെന്റിൽ ഉണ്ടായിരുന്നുള്ളു. കുറച്ചു ദൂരം പിന്നിടവെ ഏതോ സ്റെഷനിൽ ആ യാത്രികരും ഇറങ്ങിയതോടെ ഞാൻ തനിച്ചായി. പുലർകാഴ്ചയിൽ മഴയെ മുഖത്തേറ്റുവാങ്ങി ഇരിക്കുന്നതിനിടയിൽ, സാവന്ത് വാടി സ്റെഷനിൽ നിന്നും ട്രെയിൻ പുറപ്പെട്ടു തുടങ്ങവേ ആണ് ഉൾവിളി ഉണ്ടായത്. അമ്പോലി ഒരു മിന്നായം പോലെ ഓർമ്മയിലേക്ക് ഓടിയെത്തി. നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും ബാഗുമെടുത്ത് ചാടിയിറങ്ങി. സാവന്ത്‌വാടിയിൽ നിന്നും 30 കി.മി. അകലെ, പശ്ചിമഘട്ടത്തിലെ ധ്യാനനിമഗ്നമായ മലനിരകൾക്കിടയിൽ, മഴക്കാടുകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന കൊച്ചു പട്ടണമാണ് അമ്പോലി. സാവന്ത്‌വാടിയിൽ നിന്നും അംബോലിയിലേക്ക് നിരവധി സ്വകാര്യ ബസ്സുകൾഉണ്ട്. തിരക്കൊഴിഞ്ഞ ഒരു ബസ്സിലെ ജനലരികിലെ ഇരിപ്പിടം തന്നെ കൈവശപ്പെടുത്തി.

പിന്നിലേക്ക് കുതറിയോടുന്ന നനഞ്ഞു മുഷിഞ്ഞ നഗരകാഴ്ചകൾ. അല്പദൂരം പിന്നിടവേ, തളിർത്തുണർന്ന കാടിന്റെ തണുപ്പ് മൂക്കിലേക്ക് അരിച്ചു കയറാൻ തുടങ്ങി. ചുരം കയറി തുടങ്ങവേ തലയുയർത്തി നില്കുന്ന സഹ്യാദ്രി മുന്നിൽ തെളിഞ്ഞു. യാത്രയുടെ ലഹരിയുടെ നിദാനം മറ്റൊന്നല്ല, ഈ കാടുകൾ തന്നെയാണ്.

10 മണിയോടെ അമ്പോലിയിൽ ബസ്സിറങ്ങുമ്പോൾ മഴനൂലുകലാണ് വരവേറ്റത്. വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്റുകളുമാണ് അവിടെ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഇടങ്ങൾ. അതുകൊണ്ട് അവയെ ഒഴിവാക്കി,  സഞ്ചാരികളുടെ സാധാരണമായ പന്ഥാവുവിട്ട്, വനപാതയിലേക്ക് നടന്നു. കാഴ്ച്ചയുടെ പരിചിതമാനങ്ങൾക്കപ്പുറം ജൈവ വൈവിധ്യത്തിന്റെ കലവറയായ മഴക്കാടുകളിലേക്ക് കടക്കുവാൻ പ്രകൃതിയോടല്ലാതെ ആരുടേയും അനുവാദം ചോദിച്ചില്ല. അല്ലെങ്കിൽതന്നെ  വനഭൂമി ആരുടേയും സ്വന്തമല്ലല്ലോ!!. നിയമങ്ങളും നിരോധങ്ങളും കാറ്റിൽ പറന്നു. 





വനപാതയുടെ ആരംഭത്തിൽ ഒഴിഞ്ഞ മദ്യകുപ്പികളും പ്ലാസ്റ്റിക്കുകളും ആയിരുന്നു നിറയെ. ഉള്ളിലേക്ക് പോവുന്തോറും മനുഷ്യർ അവശേഷിപ്പിച്ച അടയാളങ്ങൾ അപ്രത്യക്ഷങ്ങളായിതീർന്നു. മനസ്സിൽ ലക്ഷ്യങ്ങളോ ചിന്തകളോ ഇല്ലാതെ മുന്നോട്ടു പോകവേ, സൂര്യ പ്രകാശമേ കാണാതായി. മരക്കൊമ്പുകളിൽ ആയിരമായിരം കിളിയൊച്ചകൾ. കാട്ടുപാതയിൽ, പതഞ്ഞൊഴുകുന്ന കൊച്ചു കൊച്ചു കാട്ടരുവികളെ മുറിച്ചു കടന്നു വീണ്ടും മുന്നോട്ടു പോയപ്പോൾ മാനുകളും പക്ഷികളും ക്യാമറയ്ക്ക് വിരുന്നൊരുക്കി. പ്രകൃതി പൊടുന്നനെ വന്യ ഭാവം പൂണ്ടു. കാട് ഇരുണ്ടുവന്നു. ഉള്ളിലേക്ക് പോവുന്തോറും ഇരുട്ട് അധികമധികം കനംവച്ചു.  മഴയാത്ര എന്നത് അക്ഷരംപ്രതി നിറവേറ്റികൊണ്ട് കോരിച്ചൊരിയുന്ന മഴയെത്തി. കാടിന്റെയും മഴയുടെയും ആഴവും പരപ്പും ഒരുമിച്ചു അറിഞ്ഞൊരു യാത്ര. മഴത്തുള്ളികളുടെ തണുപ്പും തരിപ്പും ദേഹത്ത്. കാടിന്റെ കനത്ത ഇരുട്ടിൽ കൊടും മഴ ഏറ്റുവാങ്ങി നടക്കുമ്പോൾ തനിയെ ചിരിച്ചത് എന്തിനെന്നു എനിക്കും അറിയില്ല. പക്ഷികളുടെ ശബ്ദം പോലും കേൾക്കാതായി. മഴയായി ഉതിർന്നുവീണ്‌ കുത്തിയൊഴുകുന്ന വെള്ളം എന്നെ മാത്രമല്ല പുതിയതായി വാങ്ങിയിട്ട ക്യാമറ ലെൻസിനെയും ആകമാനം നനച്ചു. എന്നിട്ടും ചിരിമാഞ്ഞില്ല. മഴയോടും കാടിനോടുമുള്ള അഭിനിവേശത്തെ ഇല്ലാതാക്കാൻമാത്രം പര്യാപ്തമല്ലലോ ഏതൊരു ക്യാമറയും ലെൻസും. വനത്തിനുള്ളിലൂടെ മഴയ്‌ക്കൊപ്പം മഴയെ പോലെയും മഴയായ് മാറിയും ഒരു മണിക്കൂറോളം സഞ്ചാരം തുടർന്നു. മഴയൊഴിഞ്ഞതൊടെ കാടിനുള്ളിൽ കോടമഞ്ഞിൻ പുതപ്പുവീണു. തൊട്ടരികിലെ കാഴ്ച്ചയെ മറക്കുംവിധം കോട നിറഞ്ഞു. മാനുകളേയും പക്ഷികളെയുമൊഴികെ ഒരു മനുഷ്യജീവിയെപ്പോലും കാണാതെ 4 മണിക്കൂർ നീണ്ട വനയാത്രയ്ക്ക് പരിസമാപ്തി. ഹൃദയം നയിക്കുന്നിടത്തെക്ക് സഞ്ചരിക്കുകയായിരുന്നു. കുത്തനെയുള്ള ചെരിവിലൂടെ ഓടിയിറങ്ങി എത്തിയത് ചെറിയൊരു ആൾക്കൂട്ടത്തിന്റെ നടുവിലേക്കായിരുന്നു. മഹാരാഷ്ട്രയിൽ നിന്നെത്തിയ വിനോദയാത്ര സംഘം തണുപ്പകറ്റാനുള്ള കാര്യപരിപാടിയിൽ ആയിരുന്നു. അപ്രതീക്ഷിതമായി വനത്തിൽ നിന്നും ഓടിയെത്തിയ അതിഥിയെ കണ്ടിട്ടാവണം അവർ അമ്പരന്നുനിന്നത്. അവരോടു വഴി ചോദിച്ച് വ്യൂപോയിന്റിലേക്ക് നടന്നു. ഏകാന്തതയിൽ വേരാഴ്ത്തി നിൽക്കുന്ന മലനിരകൾ.  കാൽകീഴിൽ പഞ്ഞികെട്ടുകൾ പോലെ ഒഴുകി നീങ്ങുന്ന മേഘങ്ങൾ. ചുറ്റിലും നിറഞ്ഞ പശ്ചിമഘട്ടത്തെ നോക്കിയിരുന്നു ഏറെ നേരം. കടലെത്തിയ പുഴപോലെ ശാന്തമായിരുന്നു മനസ്സ്. കയ്യെത്തും ദൂരത്ത് ഒഴുകി നടക്കുന്ന മേഘങ്ങളേ നോക്കി പാറമുകളിൽ മലർന്നു കിടന്നു.

നിശബ്ദമായ ഏതോ വിളിയെ പിന്തുടർന്നെത്തിയ യാത്രയ്ക്ക് വിരാമമിട്ടുകൊണ്ട് തിരികെ നടന്നു. എല്ലാ പിൻവിളികളും നെടുവീർപ്പിൽ ഒതുക്കി മലയിറങ്ങി. സാവന്ത് വാടിയിലേക്കുള്ള ബസ്സിൽ കയറുമ്പോൾ സന്ധ്യയുടെ നിറവിശേഷങ്ങൾ ആകാശത്ത്‌ പ്രകടമായിരുന്നു. മലകൾക്കുമേൽ ഒഴുകിനടക്കുന്ന മൂടൽമഞ്ഞ്. എങ്ങും തൊടാതെ വായുവിൽ പറന്നു നടക്കുന്ന മൂടൽമഞ്ഞിൻ തുണ്ടായി ഞാനും...
























Comments

  1. മഴ നനയുന്നുണ്ടിപ്പോഴും.. മൂടൽ മഞ്ഞല വന്ന് തൊടുന്നുണ്ടിപ്പോഴും... നല്ല വിവരണം, അതിലേറെ നല്ല ചിത്രങ്ങൾ... ആശംസകൾ.. കൂടുതൽ യാത്രാ കുറിപ്പുകൾക്കായ്‌ കാത്തിരിക്കുന്നു..

    ReplyDelete

Post a Comment

Popular posts from this blog

പ്രശാന്തതയുടെ ചിറകടികൾ...

ലളിത സുന്ദരം... സിക്കിം

കുതിരമുഖി എന്ന സുന്ദരി