ശാന്ത സുന്ദരം : ശാസ്താംകോട്ട
പോക്കുവെയിലിന്റെ ചുവന്ന തുണ്ടുകൾ ഇല്ലിത്തലപ്പിൽ തൂങ്ങിപിടിച്ചു നിന്നിരുന്ന സന്ധ്യയിലാണ് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല കായലായ ശാസ്താംകോട്ട കായൽ കരയിൽ എത്തിച്ചേർന്നത്. ഏകാന്ത യാത്രയ്ക്ക് താത്കാലിക വിരാമമിട്ടുകൊണ്ട് സുഹൃത്തുക്കളോടൊപ്പമായിരുന്നു യാത്ര. തടാകത്തിൽനിന്നും വിളിപ്പാടകലെയുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ അവിചാരിതമായി കിട്ടിയ അവസരമാണ് രാത്രിയിലെ കായൽ യാത്ര. സംഘത്തിലെ പലരും എത്തിയിരുന്നില്ല, അതിനാൽ തടാകക്കരയിലേക്ക് നടന്നു. അസ്തമയത്തോടൊപ്പം കനത്തു വരുന്ന തണൽ. തണുത്ത സന്ധ്യ നാലുവശത്തു നിന്നും പൊതിഞ്ഞു. ഇല്ലിത്തലപ്പിൽ ചുവന്ന വെയിൽ. ചുറ്റുപാടുമുള്ള പച്ചവിരിപ്പ് അവസാനിക്കുന്നിടത്തു നീലാകാശം ചെന്ന് മുട്ടുന്നു. ചന്ദ്രനുദിക്കാത്ത രാത്രിയുടെ കനത്ത ഇരുൾ പരന്നതോടെ വിശാലമായ തടാകത്തിനു ചുറ്റുമുള്ള മായികലോകം, അതിന്റെ രഹസ്യമായ മൂടുപടം എടുത്തുമാറ്റി എന്നെ വിസ്മയിപ്പിച്ചു. മുകളിൽ മഴയിൽ കഴുകി ശുദ്ധമാക്കിയ ആകാശം. ചുറ്റുപാടും മിന്നാമിനുങ്ങുകളുടെ സ്വപ്ന ലോകം. ഇങ്ങനെ ഒരു കാഴ്ചയുമായുള്ള പരിചയം, ബാല്യകാലത്തെ ഓർമ്മകളുടെ താളുകളിൽ ഒളി...