ശാന്ത സുന്ദരം : ശാസ്താംകോട്ട


പോക്കുവെയിലിന്റെ ചുവന്ന തുണ്ടുകൾ ഇല്ലിത്തലപ്പിൽ തൂങ്ങിപിടിച്ചു നിന്നിരുന്ന സന്ധ്യയിലാണ് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല കായലായ  ശാസ്താംകോട്ട കായൽ കരയിൽ എത്തിച്ചേർന്നത്.
ഏകാന്ത യാത്രയ്ക്ക് താത്കാലിക വിരാമമിട്ടുകൊണ്ട് സുഹൃത്തുക്കളോടൊപ്പമായിരുന്നു യാത്ര. തടാകത്തിൽനിന്നും വിളിപ്പാടകലെയുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ അവിചാരിതമായി കിട്ടിയ അവസരമാണ് രാത്രിയിലെ കായൽ യാത്ര.  സംഘത്തിലെ പലരും  എത്തിയിരുന്നില്ല, അതിനാൽ തടാകക്കരയിലേക്ക് നടന്നു. അസ്തമയത്തോടൊപ്പം കനത്തു വരുന്ന തണൽ.  തണുത്ത സന്ധ്യ നാലുവശത്തു നിന്നും പൊതിഞ്ഞു. ഇല്ലിത്തലപ്പിൽ ചുവന്ന വെയിൽ. ചുറ്റുപാടുമുള്ള പച്ചവിരിപ്പ് അവസാനിക്കുന്നിടത്തു നീലാകാശം ചെന്ന് മുട്ടുന്നു. ചന്ദ്രനുദിക്കാത്ത രാത്രിയുടെ കനത്ത ഇരുൾ പരന്നതോടെ വിശാലമായ തടാകത്തിനു ചുറ്റുമുള്ള മായികലോകം, അതിന്റെ രഹസ്യമായ മൂടുപടം എടുത്തുമാറ്റി എന്നെ വിസ്മയിപ്പിച്ചു. മുകളിൽ  മഴയിൽ കഴുകി ശുദ്ധമാക്കിയ ആകാശം. ചുറ്റുപാടും മിന്നാമിനുങ്ങുകളുടെ സ്വപ്ന ലോകം. ഇങ്ങനെ ഒരു കാഴ്ചയുമായുള്ള പരിചയം, ബാല്യകാലത്തെ ഓർമ്മകളുടെ താളുകളിൽ ഒളിമങ്ങാതെ കിടപ്പുണ്ട്. അവിടെ ഞാൻ ബാല്യം ചെലവഴിച്ച എൻ്റെ ഗ്രാമത്തിൽ,  പഴയ വീടിനു മുന്നിലെ ചാമുണ്ടിക്കാവിൽ സന്ധ്യ വിരിഞ്ഞാൽ ഒരായിരം മിന്നാമിനുങ്ങുകൾ പറന്നിറങ്ങുമായിരുന്നു. സമൃദ്ധമായ കുട്ടിക്കാലത്തിലെ, നഷ്ടബോധത്തിന്റെ കത്തിമുനകളാഴ്ത്തുന്ന അനേകം ഓർമകളിൽ ഒന്ന്. എന്നെന്നേക്കുമായി നഷ്ടപ്പെട്ടത് എന്ന് കരുതിയ ഒന്നായിരുന്നു ഈ കാഴ്ച.  ഇത്രയധികം മിന്നാമിനുങ്ങുകളുടെ ലോകം   പിന്നീട് ഒരിക്കലും ഞാൻ അറിഞ്ഞിട്ടില്ല.


സുഹൃത്തുക്കൾ എത്തിയതോടെ, അത്താഴമെല്ലാം തോണിയിൽ തന്നെയാക്കി യാത്ര തുടങ്ങി. രാത്രി വളരുകയായിരുന്നു. ആറുപേരിൽ അത്യാവശ്യം നന്നായി പാടാൻ അറിയാവുന്ന ഒരാൾ എന്ന നിലയിൽ സുഹൃത്തുക്കളിലൊരുവന് ഞങ്ങളോരോരുത്തരുടേയും സംഗീതാസ്വാദനത്തെ തൃപ്തിപ്പെടുത്തേണ്ടിവന്നു.
രാത്രി അപൂർവ്വമായ ഒരു അത്ഭുതം തന്നെയാണ്. നക്ഷത്രങ്ങളെ വാരിവിതറിക്കൊണ്ട് മുകളിൽ ആകാശം പൂത്തുനിന്നു. നിശബ്ദതയിൽ, നിലാവിൽ രാത്രിയ്ക്ക് കൂടുതൽ പൊലിമ നൽകികൊണ്ട് സുഹൃത്തിന്റെ സുസ്വരഗീതം രാത്രിയുടെ ഇരുളിൽ അലിഞ്ഞു ചേർന്നു. രാത്രി ഏറെ വൈകിയിരുന്നു. ചുറ്റുമുള്ള ലോകം ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്ന കണ്ണുകൾ ദൂരങ്ങളിൽ തറച്ചുകൊണ്ട് രാത്രിയുടെ വിശാലതയിൽ മിന്നിതിളങ്ങുന്ന  നക്ഷത്രങ്ങളെ നോക്കി തോണിയിൽ മലർന്നു കിടന്നു. നിലാവ് നിറഞ്ഞ രാത്രിയിൽ, നിഴലും വെളിച്ചവും വിതറിയ പാതകളിലൂടെ, മുളങ്കാടിന്റെ നടുവിലൂടെ പിന്നിട്ട വഴികളിലൂടെ വീണ്ടും വീണ്ടും തോണി സഞ്ചരിച്ചുകൊണ്ടിരുന്നു. ആർക്കും ആരുടേയും മുഖം പരസ്പരം വ്യക്തമായി കാണാൻ കഴിയുമായിരുന്നില്ല. ആർക്കും രൂപങ്ങളോ നാമങ്ങളോ ആവശ്യമില്ലാത്ത നേരം. നക്ഷത്രങ്ങളും നിലാവും ഞാന്തന്നെയും സംഗീതത്തിൽ പരന്നലിഞ്ഞു പോയി. ഉള്ളിൽ ആനന്ദത്തിന്റെ വേലിയേറ്റം. ഈ ആനന്ദം എന്തെന്ന് ആരെ എങ്ങനെ പറഞ്ഞു മനസിലാകും? പുലരാൻ തുടങ്ങിയപ്പോഴാണ് തടാകക്കരയിലെ ഗവണ്മെന്റ് റസ്റ്റ് ഹൌസിലെ മുറിയിലേക്കെത്തിയത്. മഴ പെയ്യാൻ തുടങ്ങിയതോടെ  മട്ടുപ്പാവിന് മുകളിലേക്കു വലിഞ്ഞുകയറി ഒരു മഴ നൃത്തത്തോടെ അന്നത്തെ കലാപരിപാടികൾ അവസാനിപ്പിച്ചു കിടക്കയിലേക്ക് വീണു.





പുലർ വെളിച്ചം വീഴുന്നതിനു മുന്നേ  ഞാൻ വീണ്ടും തടാകക്കരയിലേക്കു നടന്നു. ഇരുട്ടിൽ നിന്നും അടർന്നു വീഴാൻ തുടങ്ങുന്ന ശാന്തമായ പുലരിയിൽ തടാകക്കര മുഴുവൻ നിർജ്ജനമായിരുന്നു. ശാന്തഗംഭീരമായൊഴുകുന്ന തടാകാത്തിന്‍റെ വിരിമാറില്‍ വെള്ളി മേഘങ്ങള്‍ മുഖം നോക്കുന്നു. എത്ര സമയം അവിടെ തനിയെ ഇരുന്നെന്നറിയില്ല. അക്കരെയുള്ള ദ്വീപുകളിൽ നിന്നുള്ള കടത്തു തോണികൾ ആരംഭിച്ചിരുന്നു. ഏതോ ഒരു തോണിയിലേക്കു കയറി ഞാനും സഞ്ചരിക്കുകയാണ്. കണ്ണുകൾകൊണ്ട് ലോകം വിഴുങ്ങാനുള്ള വിശപ്പുമായി. മഴയ്ക്കപ്പുറം, തടാകത്തിനപ്പുറം . ഈ പ്രപഞ്ചത്തിനുമപ്പുറത്തേക്ക്..



Comments

Popular posts from this blog

പ്രശാന്തതയുടെ ചിറകടികൾ...

ലളിത സുന്ദരം... സിക്കിം

കുതിരമുഖി എന്ന സുന്ദരി