ഭൂട്ടാൻ.... മൂടൽമഞ്ഞിന്റെ നാട്ടിലൂടെ
ബാഹ്യമായ കാഴ്ചകളേക്കാളുപരി പ്രകൃതി മനുഷ്യ മനസ്സുകളിൽ സൃഷ്ടിക്കുന്ന ശാന്തത എന്തെന്ന്അനുഭവിച്ചറിയണമെങ്കിൽ നിങ്ങൾ തനിയെ സഞ്ചരിക്കുക. അറിയാദേശങ്ങളിലൂടെ, അപരിചിതരായആളുകളിലൂടെ ഒഴുകുക..ഒരു മൂടൽമഞ്ഞിൻ തുണ്ടുപോലെ... മേഘശകല സഞ്ചാരം പോലെ... പത്ത് ദിനരാത്രങ്ങൾ നീണ്ട ഏകാന്ത യാത്രയിൽ ഭൂട്ടാനും കൽക്കട്ടയും ആയിരുന്നു ലക്ഷ്യസ്ഥാനങ്ങൾ. ആകാശമാർഗ്ഗം കല്കട്ടയിലേക്കും അവിടെന്നു റോഡ് മാർഗ്ഗം ഭൂട്ടാനിലേക്കുമായിരുന്നു സഞ്ചാര പാത. ഉച്ചയോടെ കൽക്കട്ടയിൽ എത്തിയെങ്കിലും അന്ന് രാത്രി എട്ടുമണിക്കുള്ള തീവണ്ടിയിൽ അതിർത്തി ഗ്രാമമായ ജയ്‌ഗോണിലേക്ക് പോവേണ്ടതിനാൽ തിടുക്കത്തിൽ ടാക്സി പിടിച്ച് സിയാൽദ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. സ്റ്റേഷന് സമീപം തന്നെ മുറിയെടുത്തു. പുറത്ത് മഴയുടെ അസുരതാളം. മഴ തോർന്നതോടെ ആൾക്കൂട്ടം ഉറച്ചു കട്ടിയാവുന്ന നഗര കാഴ്ചകളിലേക്കിറങ്ങി. വാരാന്ത്യ തിരക്കിൽ മുങ്ങിയ കൽക്കട്ട നഗരം. ചെളി നിറഞ്ഞ വഴിത്താരകൾ. വെറുതെ നിന്ന് കൊടുത്താൽ മതി ആൾക്കൂട്ടത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ഒഴുകി നീങ്ങാം. ലോക്കൽ ട്രെയിനുകളിൽ നിന്നും പുറത്തേക്കും, തിരിച്ചും മുറിയാതൊഴുകുന്ന ജനക്കൂട്ടം. എത്രദൂരം പോയെന്നു ഓർമയില്ല. ഇരുട്ടി ത...