ഭൂട്ടാൻ.... മൂടൽമഞ്ഞിന്റെ നാട്ടിലൂടെ
ബാഹ്യമായ കാഴ്ചകളേക്കാളുപരി പ്രകൃതി മനുഷ്യ മനസ്സുകളിൽ സൃഷ്ടിക്കുന്ന ശാന്തത എന്തെന്ന്അനുഭവിച്ചറിയണമെങ്കിൽ നിങ്ങൾ തനിയെ സഞ്ചരിക്കുക. അറിയാദേശങ്ങളിലൂടെ, അപരിചിതരായആളുകളിലൂടെ ഒഴുകുക..ഒരു മൂടൽമഞ്ഞിൻ തുണ്ടുപോലെ... മേഘശകല സഞ്ചാരം പോലെ...

പത്ത് ദിനരാത്രങ്ങൾ നീണ്ട ഏകാന്ത യാത്രയിൽ ഭൂട്ടാനും കൽക്കട്ടയും ആയിരുന്നു ലക്ഷ്യസ്ഥാനങ്ങൾ. ആകാശമാർഗ്ഗം കല്കട്ടയിലേക്കും അവിടെന്നു റോഡ് മാർഗ്ഗം ഭൂട്ടാനിലേക്കുമായിരുന്നു സഞ്ചാര പാത. ഉച്ചയോടെ കൽക്കട്ടയിൽ എത്തിയെങ്കിലും അന്ന് രാത്രി എട്ടുമണിക്കുള്ള തീവണ്ടിയിൽ അതിർത്തി ഗ്രാമമായ ജയ്‌ഗോണിലേക്ക് പോവേണ്ടതിനാൽ തിടുക്കത്തിൽ ടാക്സി പിടിച്ച് സിയാൽദ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. സ്റ്റേഷന് സമീപം തന്നെ മുറിയെടുത്തു. പുറത്ത് മഴയുടെ അസുരതാളം. മഴ തോർന്നതോടെ ആൾക്കൂട്ടം ഉറച്ചു കട്ടിയാവുന്ന നഗര കാഴ്ചകളിലേക്കിറങ്ങി. വാരാന്ത്യ തിരക്കിൽ മുങ്ങിയ കൽക്കട്ട നഗരം. ചെളി നിറഞ്ഞ വഴിത്താരകൾ. വെറുതെ നിന്ന് കൊടുത്താൽ മതി ആൾക്കൂട്ടത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ഒഴുകി നീങ്ങാം. ലോക്കൽ ട്രെയിനുകളിൽ നിന്നും പുറത്തേക്കും, തിരിച്ചും മുറിയാതൊഴുകുന്ന ജനക്കൂട്ടം. എത്രദൂരം പോയെന്നു ഓർമയില്ല. ഇരുട്ടി തുടങ്ങവേ തിടുക്കത്തിൽ മുറിയിലേക്ക് നടന്നു. അത്താഴം കഴിച്ച് ട്രെയിനിൽ കയറി. എട്ടു മണിക്ക് തന്നെ വണ്ടി പുറപ്പെട്ടു. കൃത്യ സമയം പാലിച്ചാൽ രാവിലെ പത്തു മണിക്ക് ട്രെയിൻ ഹാസിമാരാ സ്റ്റേഷനിൽ എത്തിച്ചേരും. അവിടെ നിന്നും 15 കി.മി അകലെയുള്ള ജയ്‌ഗോണിലേക്കു ബസ്സോ ടാക്സിയോ ഷെയർ ഓട്ടോയോ ലഭിക്കും. ഹാസിമാരായാണ് ഭൂട്ടാൻ അതിർത്തിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയുന്ന റെയിൽവേ സ്റ്റേഷൻ. പുലർച്ചെ. നഗരത്തിന്റെ അടയാളങ്ങൾ എല്ലാംതന്നെ ഉപേക്ഷിച്ച് ബംഗാളിന്റെ ഗ്രാമ കാഴ്ചകളിലൂടെയാണ് തീവണ്ടി യാത്ര. നെൽപ്പാടങ്ങൾ, കവുങ്ങു തോട്ടങ്ങൾ, നാട്ടിടവഴികൾ, ഓടും ഷീറ്റും മേഞ്ഞ വീടുകൾ ഒക്കെയും കേളത്തിന്റെ തനി പകർപ്പ്. തീവണ്ടി ചരിത്രം തിരുത്തി കുറിക്കാനൊന്നും മുതിർന്നില്ല. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് ഹാസിമാരായിൽ എത്തിച്ചേർന്നത്. സ്റ്റേഷന് സമീപത്തുനിന്ന് തന്നെ ജയ്‌ഗോണിലേക്കു വാഹനം ലഭിക്കും. ബസ് കൃത്യമായ ഇടവേളകളിലാണ് പുറപ്പെടുക എന്നതിനാലും. സമയ ദൈർഘ്യം കൂടുതലാണ് എന്നതിനാലും ആ പദ്ധതി ഉപേക്ഷിച്ചു. സാമ്പത്തികാവസ്ഥ മുൻകൂട്ടി കണ്ട് ടാക്സി ഒഴിവാക്കി ഷെയർ ഓട്ടോയിലേക്ക് കയറി. സഹയാത്രികരായി മൂന്നോ നാലോ ആളുകളെ പ്രതീക്ഷിച്ച ഞാൻ, പിൻസീറ്റിൽ അഞ്ചുപേരും പ്രെത്യേകമായി കൂട്ടിച്ചേർത്ത ഡ്രൈവറുടെ സീറ്റിൽ 4 പേരും കയറിയത് കണ്ട് കണ്ണ് തള്ളി ഇരുന്നുപോയി. അങ്ങനെ ഡ്രൈവർ അടക്കം 10 പേരുമായി ഒരു മഹത്തായ യാത്ര ആരംഭിക്കുകയായി. അരമണിക്കൂർ നേരംകൊണ്ട് അതിർത്തിയിൽ എത്തിച്ചേർന്നു. ഇന്ത്യക്കാർക്ക് ഭൂട്ടാൻ സന്ദർശിക്കാൻ വിസയുടെ ആവശ്യമില്ല. തിരിച്ചറിയൽ കാർഡും, താമസസൗകര്യം മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടൽ വൗച്ചറും സമർപ്പിച്ചാൽ പ്രവേശന അനുമതി ലഭിക്കും.
പിറ്റേന്ന് രാവിലെ തന്നെ ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുയിലേക്ക് ബസ്സിൽ പുറപ്പെട്ടു.
പറോ താഴ്വരയിലെ തക്സാങ് എന്നറിയപ്പെടുന്ന ടൈഗേഴ്‌സ് നെസ്റ്റ് മൊണാസ്റ്ററി ആയിരുന്നു എന്റെ പ്രധാന ലക്‌ഷ്യം. ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുയിൽ നിന്നും പുലർച്ചെ ആരംഭിച്ച യാത്ര രണ്ടു മണിക്കൂർ കൊണ്ടാണ് പറോയിൽ അവസാനിച്ചത്. തിംഫു കഴിഞ്ഞാൽ ഭൂട്ടാനിലെ രണ്ടാമത്തെ പ്രധാന നഗരമാണ് പാറോ. ഭൂട്ടാനിലെ ഏക അന്താരാഷ്ട വിമാന താവളവും ഇവിടെയാണ് സ്ഥിതി ചെയുന്നത്. കടുവയുടെ കൂട് (ടൈഗേഴ്‌സ് നെസ്റ്റ് ) എന്നറിയപ്പെടുന്ന തക്സാങ് ക്ഷേത്ര സമുച്ചയം തന്നെയാണ് ഇവിടെത്തെ പ്രധാന കാഴ്ച. ഭൂട്ടാനിൽ ബുദ്ധമതം സ്ഥാപിച്ച ഗുരു പത്മസംഭവ ധ്യാനിച്ചതായി കരുതുന്ന കടുവമടയാണ് പിന്നീട് സന്യാസ ആശ്രമമായി മാറിയത്. മൂന്നു വർഷവും മൂന്നു മാസവും മൂന്നു ആഴ്ചയും മൂന്ന് ദിവസവും മൂന്ന് മണിക്കൂറും അദ്ദേഹം ഇവിടെ ധ്യാനിച്ചതായി കരുതപ്പെടുന്നു. നഗരത്തിൽ നിന്നും 10 കി.മി. സഞ്ചരിച്ചാലേ ആശ്രമം സ്ഥിതിചെയ്യുന്ന മലനിരയ്ക്ക് സമീപം എത്തിച്ചേരുകയുള്ളു. അവിടെ നിന്നും വനത്തിലൂടെ 7 കി.മി ട്രെക്കിങ്ങ് നടത്തി വേണം മൊണാസ്ട്രിയിലേക്ക് എത്തിപ്പെടാൻ.
പത്തു മണിയോടെ മലകയറ്റം ആരംഭിച്ചപ്പോൾ, അരിപ്രാവ് (spotted dove) ഒഴികെ സഹയാത്രികരായി ആരും തന്നെ ഉണ്ടായിരുന്നില്ല. രാത്രി പെയ്ത മഴയിൽ കുതിര ചാണകവും ചെളിയും കൂടികുഴഞ്ഞ വഴി മലകയറ്റം ആയാസകരമാക്കി തീർത്തു. വനത്തിനുള്ളിലൂടെയുള്ള ഇരുളടഞ്ഞ പാത അൽപ ദൂരം പിന്നിടുമ്പോൾ കുന്നിൻ ചെരിവിലേക്കു വഴിമാറുന്നു. കീഴ്ക്കാം തൂക്കായി നിൽക്കുന്ന മലനിരകളെ ചുറ്റിപിണഞ്ഞു കിടക്കുന്ന വഴിയാണ് പിന്നീട്. ഒരു വശം കൊടും വനവും മറുവശം അഗാധമായ താഴ്വരകളും. ചുറ്റും ആകാശത്തെ തുളച്ച് നിലകൊള്ളുന്ന കൂറ്റൻ പർവ്വതങ്ങളും, ഹരിത വനങ്ങളും ചേർന്ന മനോഹര ദൃശ്യമാണ്. അതിരാവിലെ ട്രെക്കിങ്ങ് ആരംഭിച്ച ചില വിദേശികൾ മലയിറങ്ങി വരുന്നത് കണ്ടതൊഴിച്ചാൽ എനിക്ക് മുൻപോ എനിക്ക് ശേഷമോ ഒരു മനുഷ്യജീവിയെപ്പോലും വനയാത്രയിൽ കാണാൻ കഴിഞ്ഞില്ല. എന്നെ അത്ഭുതപ്പെടുത്തികൊണ്ട് എന്റെ വഴികാട്ടിയായി അരിപ്രാവ് എനിക്ക് മുന്നേ സഞ്ചരിക്കുന്നുണ്ട്. വനത്തിൽ അവ ധാരാളം ഉണ്ടെങ്കിൽപോലും, ഈ പക്ഷി മരത്തിൽ നിന്നും മരത്തിലേക്ക് പറന്ന് എനിക്ക് മുന്നേ സഞ്ചരിക്കുകയായിരുന്നു. ഒരുപാട് തവണ എന്റെ ക്യാമറയ്ക്ക് വിരുന്നൊരുക്കുകയും ചെയ്തു കക്ഷി. കാട്ടുചോലകളും മലമുകളിൽ നിന്നുള്ള പൈപ്പുകളും യാത്രികരുടെ ദാഹമകറ്റാൻ ഉപകരിക്കും. പക്ഷെ വഴിയിൽ ഭക്ഷണ സാധനങ്ങൾ ഒന്നും തന്നെ ലഭിക്കില്ല. എന്റെ കൈവശമുണ്ടായിരുന്ന ബദാമും ഉണക്ക പഴങ്ങളും വിശപ്പിനെ ശമിപ്പിക്കാൻ മാത്രം പര്യാപ്തമായിരുന്നില്ല. പലനിറത്തിലുള്ള കാട്ടുപൂക്കൾ അതിരിടുന്ന വഴി മനോഹരമാണ്. വനത്തിനുള്ളിൽ പക്ഷികളുടെ കലപില. തുടക്കത്തിൽ പക്ഷി നിരീക്ഷണത്തിൽ വ്യാപൃതനായായിരുന്നു മലകയറ്റം. പക്ഷെ കുതിര ചാണകത്തിൽ തെന്നി രണ്ടുതവണ മൂക്കു കുത്തി വീണതിനാൽ കൂടുതൽ നിരീക്ഷണത്തിന് മുതിരാതെ വഴിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടു.
അകലെ പറോ താഴ്വരയുടെ വിദൂര ദൃശ്യം. തരംഗങ്ങൾ പോലെ പരന്നു കിടക്കുന്ന മലനിരകൾക്കിടയിൽ കുടുങ്ങിപ്പോയ പട്ടണം. ചുറ്റുപാടും മേഘങ്ങൾ സ്വച്ഛമായി ഒഴുകി നീങ്ങുന്ന മലനിരകൾ.
സഞ്ചരിക്കുന്ന വഴിയേ കുറിച്ചോ, എത്ര ദൂരം പിന്നിട്ടുവെന്നോ ഇനിയെത്ര ദൂരം പിന്നിടുവാൻ ഉണ്ടെന്നോ, യാതൊരു വ്യക്തതയും ഉണ്ടായിരുന്നില്ല. ഏതോ ഒരുൾപ്രേരണയ്ക്കു വിധേയനായി ഒഴുകുകയായിരുന്നു ഞാൻ. യാത്രയിൽ എന്നെ ആശ്ചര്യപ്പെടുത്താറുള്ള ഒരു നിയതി, സ്വയം അതിന് വിട്ടുകൊടുത്തുകൊണ്ട് എന്റെ വഴികാട്ടിയെയും പിന്തുടർന്ന് ഞാൻ മുന്നോട്ടുപോയി. നല്ല തണുപ്പായിരുന്നു. ഇടയ്ക്ക് മലഞ്ചെരുവിൽ എത്തിയപ്പോൾ തൊട്ട് മുന്നിലുള്ള കാഴ്ചയെപ്പോലും മറച്ചുകൊണ്ട് മൂടൽ മഞ്ഞുനിറഞ്ഞു. അവിടെ അങ്ങനെ സ്വയമലിഞ്ഞു നിൽക്കുമ്പോഴായിരുന്നു അതെന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മൂടൽമഞ്ഞിന്റെ തിരശീലയ്ക്കപ്പുറം മുന്നിലെ മറ്റൊരു മലയിടുക്കിൽ, മേഘങ്ങൾ ഒഴുകി നീങ്ങുന്ന മലഞ്ചെരുവിൽ പറ്റിപ്പിടിച്ചിരിക്കുന്ന ആ ക്ഷേത്രം. ആ പ്രത്യക്ഷ ദർശനത്തിൽ വിശപ്പും ദാഹവും ക്ഷീണവുമെല്ലാം എവിടെയാണ് പോയി മറഞ്ഞതെന്നറിയില്ല. ലക്ഷ്യമെത്തുമ്പോൾ ഏതൊരു യാത്രികനും പകർന്നു കിട്ടുന്ന ആനന്ദം. മൗന സാഗരത്തിൽ മനസ്സിനെ ഒഴുകാൻ വിട്ട് യാത്ര തുടർന്നു. പിന്നീടുള്ള യാത്രയിലെവിടയോ എനിക്കെന്റെ വഴികാട്ടിയെ നഷ്ടപ്പെട്ടു. വീണ്ടും അര മണിക്കൂറോളം പിന്നിട്ടാണ് ക്ഷേത്രത്തിൽ എത്തിയത്. സമുദ്ര നിരപ്പിനും 3120 മീറ്റർ ഉയരെ മലനിരകളാൽ ചുറ്റപ്പെട്ട പ്രശാന്ത ഗാംഭീര്യമാർന്ന ഇടം. മൊബൈൽ ഫോൺ, ക്യാമെറ ഒന്നും തന്നെ ക്ഷേത്രത്തിനകത്ത് അനുവദനീയമല്ല. സീസൺ അല്ലാത്തതിനാൽ സന്ദർശകർ തീരെ കുറവാണ് എന്ന് കാവൽക്കാരൻ പറഞ്ഞു. അതെന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. 1692-ൽ ആണ് ഇന്ന് കാണുന്ന ഈ ക്ഷേത്രം നിർമിച്ചത്. മലയുടെ ഘടനയ്ക്ക് മാറ്റം ഒന്നും വരുത്താതെയാണ് നിർമ്മാണം. മൂന്ന് തട്ടുകളായുള്ള ക്ഷേത്രത്തിന്റെ തറയും ചുവരുകളും ഭൂരിഭാഗവും മലയുടെ ചെത്തി മിനുക്കിയ ഭാഗങ്ങളാണ്. പ്രധാന പ്രാർത്ഥന മുറിയിലേക്കാണ് ആദ്യം എത്തിയത്. ഇരുട്ടും തണുപ്പും നിറഞ്ഞമനോഹരമായ ഒരു മുറി. ഘനീഭവിച്ചു നിൽക്കുന്ന മൗനം. കടും വർണങ്ങൾ തൂവിയ ഛായ ചിത്രങ്ങൾ, വെള്ളിയും സ്വർണവും പൂശിയ പ്രതിമകൾ, മനോഹരമായ വിളക്കുകളും ദീപങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ജപമാല ഉരുവിട്ട് കൊണ്ട് കമഴ്ന്നു കിടന്നു നിശബ്ദമായി പ്രാർത്ഥിക്കുന്ന ബുദ്ധ സന്യാസിമാർ. അൽപനേരം അവർക്കൊപ്പം അവിടെ ഇരുന്നു. ബുദ്ധോപദേശങ്ങൾ, അഷ്ടമാർഗ്ഗങ്ങൾ തിരശ്ശീലയിലെന്നവണ്ണം മുന്നിൽ തെളിഞ്ഞു. അഗാധമായ ശാന്തതയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. വീണ്ടും ഓരോ മുറികളിലൂടെയും അലസമായി നടന്നു. കുന്നിൻ ചെരിവിലേക്ക് തുറക്കുന്ന ജനാലകളുള്ള ഒരു മുറിയിലെത്തി. അവിടെ മറ്റാരുംതന്നെ ഉണ്ടായിരുന്നില്ല. ഏതോ സ്വപ്നഭൂവിൽ എത്തിപെട്ടതുപോലെ. ചുറ്റും കയ്യെത്തും ദൂരത്ത് വെൺമേഘങ്ങൾ ചിതറിയൊഴുകുന്നു. ഏകാന്ത സുന്ദരമായ ധന്യ നിമിഷങ്ങൾ. ചിന്തകളുടെ ഭാരമില്ലാതെ, ചുറ്റും ആകാശത്തെ ചുംബിച്ചു നിൽക്കുന്ന മലനിരകളെയും അതിലൂടെ ഒഴുകി ഇറങ്ങുന്ന മേഘകെട്ടുകളെയും നോക്കി നിൽക്കുമ്പോൾ മനുഷ്യൻ എത്ര നിസ്സാരൻ ആണെന്ന് തിരിച്ചറിയും. എത്ര നേരം അവിടെ ഇരുന്നെന്നറിയില്ല. മൗനം പ്രാർത്ഥനയായി മാറിയ ആ നിമിഷത്തിലാണ് എന്നെ അത്ഭുതപ്പെടുത്തിയ സംഭവം ഉണ്ടായത്. തുറന്നിട്ട ജാലകത്തിലൂടെ അകത്തേക്ക് എത്തിയ കുഞ്ഞു മേഘശകലം. മൂടൽ മഞ്ഞിന്റെ ഒരു തുണ്ട്. അത് മുറിയുടെ അൽപനേരം പറന്നു നടന്നു. ഞാൻ അതിനടുത്തേക്ക് ചെന്ന് മുഖം അടുപ്പിച്ചു. തണുപ്പ്. അത് അലിഞ്ഞില്ലാതെയായി. തിരിച്ചിറങ്ങാൻ തീരുമാനിച്ചു. ഏതോ ഒരു നിറവ് ജീവിതത്തിന് നൽകിയ ഉണർവോടെ മടക്കയാത്ര. തിരികെ യാത്രയിൽ ഞാൻ തീർത്തും ഏകനായിരുന്നു. എനിക്കെന്റെ വഴികാട്ടിയെ നഷ്ടപ്പെട്ടിരിക്കുന്നു. എന്നെന്നേക്കുമായി. ഏതു സ്രോതസ്സിൽ നിന്നാണ് അത് ഒഴുകി എത്തിയത്? ആ തണുത്ത കരസ്പർശനം? തീർച്ചയായും മറ്റൊന്നല്ല, യാത്രകളിൽ നിന്നും യാത്രകളിലേക്ക് എന്നെ നയിക്കുന്ന ഒരു നിശ്ചയം, എനിക്കൊപ്പം സഞ്ചരിക്കുന്ന ഒരു അദൃശ്യ ശക്തി. ഒരിക്കൽകൂടി ആ തണുപ്പിൽ നെറ്റി തൊടുവിച്ച് നിർവൃതിയടയാൻ കഴിഞ്ഞെങ്കിൽ....












Comments
Post a Comment