പ്രശാന്തതയുടെ ചിറകടികൾ...
ബാല്യത്തിലെ ഓർമ്മകളിൽ ഏറ്റവും മിഴിവാർന്നു നില്കുന്നത് കിളികളെ തേടിയുള്ള യാത്രകളാണ്. പക്ഷികളെയും അവയുടെ ഒഴിഞ്ഞ കൂടുകളും തേടി, കാടും കാവും താണ്ടി ഞാൻ ഏറെ അലഞ്ഞിട്ടുണ്ട്. സമപ്രായക്കാരായ കുട്ടികൾ അവരുടേതായ കളികളിലും വിനോദങ്ങളിലും മുഴുകുമ്പോൾ പക്ഷികളെത്തേടിയുള്ള യാത്രയിലായിരുന്നു ഞാൻ. തുന്നാരന്റെയും, കാട്ടുപുള്ളിന്റെയും തൂക്കണാംകുരുവിയുടെയും..മറ്റും ..മറ്റും ഒഴിഞ്ഞ കൂടുകൾ ഒരേ അത്ഭുതത്തോടെ, യാതൊരു വിവേചനവും കൂടാതെ എന്റെ പേരമരം ഏറ്റുവാങ്ങിയിരുന്നു. ഒരിക്കലും തിരിച്ചെത്തില്ലെന്ന് ഉറപ്പുണ്ടായിട്ടും ആ കൂടുകൾക്കുള്ളിലെ കിളിയൊച്ചകൾക്ക് വേണ്ടി കാതോർത്തു. പിന്നീടെപ്പോഴോ ജീവിതത്തിന്റെ തിക്കിലും തിരക്കിലും ആ ചിറകടിയൊച്ചകൾ ഞാൻ കേൾക്കാതെയായി. വേഷപ്പകർച്ചകൾക്കിടയിൽ വിഷാദരോഗം കത്തി നിന്നിരുന്ന കാലങ്ങളിൽ യാത്രകളായിരുന്നു കൂട്ട്. പക്ഷെ ആ ഭൂതകാലം തരണം ചെയ്ത് വർത്തമാന കാലത്തിലേക്ക് എത്തിപെട്ടപ്പോഴും യാത്രകളോടൊപ്പം കിളികാഴ്ചകളും കിളിനാദങ്ങളും ഉള്ളിന്റെയുള്ളിൽ ചേർത്തുവെച്ചു. ക്യാമറയോ ബൈനോക്കുലറോ സ്വന്തമാക്കാൻ കഴിയുന്നതിനും മുൻപേ തട്ടേക്കാടും ഭൂതത്താൻകെട്ടിലും കാട്ടുവഴികളിലൂടെ കിളിയൊച്ചകൾക്ക് പിന്നാലെ വെറുതെ ...