സ്‌മൃതി ശൈലം.....റായ്‌ഗഡ്
മഴയെന്തെന്ന് അറിയണമെങ്കിൽ നിങ്ങൾ ഒരിക്കലെങ്കിലും ഇവിടെയെത്തണം. ഇവിടെ, മഹാരാഷ്ട്രയിലെ റായിഗഡിലെ മലമുകളിൽ. മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജിയുടെ വിസ്മയ നഗരത്തിൽ.., പഴങ്കഥകളുറങ്ങുന്ന ഗിരിശൃംഗങ്ങളുടെ മുകളിൽ. നാട്ടിലെ പെയ്തൊഴിയലിന്റെ കാല്പനിക സൗന്ദര്യമല്ല ഇവിടെ മലമുകളിലെ മഴയ്ക്ക്. ഏതു നിമിഷവും കാർമേഘങ്ങൾ നിങ്ങളെ ഇരുട്ടിലാക്കാം .. പിന്നാലെ രൗദ്രഭാവം പൂണ്ട് തുള്ളിക്കൊരുകുടം പോലെ മഴയെത്തും.. അത് നിങ്ങളെ ഭയപ്പെടുത്തും, വേദനിപ്പിക്കും. കൊങ്കൺ പാതയിലൂടെ മഴയാത്ര എല്ലാ വർഷവും പതിവുള്ളതാണ്. പിന്നിട്ടതൊക്കെയും ഏകാന്ത യാത്രകളായിരുന്നു. മഴയുടെ സംഗീതത്തിനൊപ്പമുള്ള ഏകാന്തയാത്രകളിൽ കൃത്യമായ ലക്ഷ്യസ്ഥാനം എന്നത് പതിവില്ല. എന്നാൽ പതിവിനു വിപരീതമായി സുഹൃത്തിനോടൊപ്പമുള്ള ഈ മഴയാത്രയിൽ റായിഗഡിലെ ശിവജിയുടെ സാമ്രാജ്യ നഗരം തന്നെയായിരുന്നു പ്രധാന ലക്‌ഷ്യം. 'രാജാവിന്റെ' എന്നർത്ഥമുള്ള റായ്‌ഗഡ്, ഛത്രപതി ശിവജിയുടെ തലസ്ഥാനമായിരുന്നു. ഇരുപതോളം കോട്ടകൾ പണിതിട്ടുള്ളതും നൂറു കണക്കിന് കോട്ടകളുടെ അധിപനുമായിരുന്ന ശിവജി ചക്രവർത്തി...