സ്‌മൃതി ശൈലം.....റായ്‌ഗഡ്

മഴയെന്തെന്ന് അറിയണമെങ്കിൽ നിങ്ങൾ ഒരിക്കലെങ്കിലും ഇവിടെയെത്തണം.  ഇവിടെ, മഹാരാഷ്ട്രയിലെ റായിഗഡിലെ മലമുകളിൽ. മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജിയുടെ വിസ്മയ നഗരത്തിൽ.., പഴങ്കഥകളുറങ്ങുന്ന  ഗിരിശൃംഗങ്ങളുടെ മുകളിൽ. നാട്ടിലെ പെയ്തൊഴിയലിന്റെ കാല്പനിക സൗന്ദര്യമല്ല ഇവിടെ മലമുകളിലെ മഴയ്ക്ക്. ഏതു നിമിഷവും കാർമേഘങ്ങൾ നിങ്ങളെ ഇരുട്ടിലാക്കാം .. പിന്നാലെ  രൗദ്രഭാവം പൂണ്ട് തുള്ളിക്കൊരുകുടം പോലെ മഴയെത്തും.. അത് നിങ്ങളെ ഭയപ്പെടുത്തും, വേദനിപ്പിക്കും.

കൊങ്കൺ പാതയിലൂടെ മഴയാത്ര എല്ലാ വർഷവും പതിവുള്ളതാണ്. പിന്നിട്ടതൊക്കെയും ഏകാന്ത യാത്രകളായിരുന്നു. മഴയുടെ സംഗീതത്തിനൊപ്പമുള്ള ഏകാന്തയാത്രകളിൽ കൃത്യമായ ലക്ഷ്യസ്ഥാനം എന്നത് പതിവില്ല.  എന്നാൽ പതിവിനു വിപരീതമായി സുഹൃത്തിനോടൊപ്പമുള്ള ഈ  മഴയാത്രയിൽ   റായിഗഡിലെ ശിവജിയുടെ സാമ്രാജ്യ നഗരം തന്നെയായിരുന്നു പ്രധാന ലക്‌ഷ്യം.  'രാജാവിന്റെ' എന്നർത്ഥമുള്ള റായ്‌ഗഡ്, ഛത്രപതി ശിവജിയുടെ തലസ്ഥാനമായിരുന്നു. ഇരുപതോളം കോട്ടകൾ പണിതിട്ടുള്ളതും നൂറു കണക്കിന് കോട്ടകളുടെ അധിപനുമായിരുന്ന ശിവജി ചക്രവർത്തിയായി അഭിഷിക്തനായതും മരണം വരെ കഴിഞ്ഞതും ഈ സ്വപ്ന സൗധത്തിലാണ്.







റായ്‌ഗഡിലെത്താൻ ഏറ്റവും അടുത്ത സ്റ്റേഷൻ 'വീർ ' ആണ്. മഹാഡ്  ആണ് റായ്‌ഗഡ് നോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന പട്ടണം. വീറിൽ നിന്നും മഹഡിലേക്ക് 12 കി,മി ദൂരമുണ്ട്.  അവിടെ നിന്നും ഏതാണ്ട് 15 കി,മി സഞ്ചരിച്ചാൽ റായ്‌ഗഡ് കോട്ടയിൽ എത്തിച്ചേരാം. കൊങ്കൺ പാതയിലെ പാസഞ്ചർ ട്രെയിനുകൾ മാത്രം ഗൗനിക്കുന്ന  ഒരു കൊച്ചു സ്റ്റേഷനാണു വീർ. നിസാമുദ്ദിൻ എക്സ്പ്രസ്  വീർ സ്റ്റേഷനെ കണ്ടഭാവം നടിക്കാതെക്കാതെ കടന്നു പോയതിനാൽ പൻവേൽ എത്തി അവിടെ നിന്നും ബസിൽ തിരികെ റായ്‌ഗഡിലേക്ക് പുറപ്പെട്ടു. പൻവേൽ നിന്നും മഹാഡിലേക്ക്  130 കി.മി. ആണ് ദൂരം.  പുലർച്ചെ 6.30 ന് പൻവേൽ നിന്നും ആരംഭിച്ച യാത്രയിലുടനീളം  പശ്ചിമഘട്ട മലനിരകൾ ഒരു മൗന സാന്നിധ്യമായിരുന്നു. നാട്ടിൻപുറങ്ങളുടെ, കൃഷിയിടങ്ങളുടെ നിറപ്പകിട്ടുള്ള രേഖാചിത്രങ്ങൾ. മൺസൂൺ എന്ന നിതാന്ത സഞ്ചരിക്കൊപ്പമുള്ള യാത്രയിൽ മറ്റൊരു പ്രേത്യേകതയുണ്ട്,  മഴക്കാലത്തിന്റെ വരവോടെ അവിടെത്തെ കൃഷിയിടങ്ങൾ ഉണരുന്നു. കാർഷികമേഖലയുടെ സകല സ്പന്ദനങ്ങളും ഉറഞ്ഞുകിടക്കുന ഭൂ പ്രദേശങ്ങൾ. മഴനൂലുകൾക്കിടയിലൂടെ കാളയും കലപ്പയുമായി നടന്നു നീങ്ങുന്ന കർഷകരും,  ഞാറ് പറിച്ചു നടുന്നവരുടെ ഉണർത്തുപാട്ടുകളും...തുടങ്ങി നമുക്ക് തീർത്തും അന്യമായി തീർന്ന കാഴ്ചകൾ. പച്ചയുടെ സൗന്ദര്യം ഏറെ ബോധ്യമാവുക പശ്ചിമ ഘട്ടത്തിന്റെ പർവ്വത സാനുക്കളിലൂടെയും  താഴ്വാരങ്ങളിലൂടെയുമുള്ള ഈ കയറ്റിറക്കങ്ങളിലാണ്. പച്ച വെറും ഒരു നിറമല്ലാതാവുന്നു. അതിന്റെ കേൾവി-രുചി-ഗന്ധ-സ്പർശം- നിങ്ങൾക്ക് അനുഭവിച്ചറിയാം. മഴയുടെ, ഗ്രാമവീഥികളുടെ ഈണങ്ങളിൽ ശ്രുതി ചേർത്തൊരു യാത്ര ഒൻപത് മണിയോടെ മഹാഡ്  എന്ന പട്ടണത്തിൽ അവസാനിച്ചു. ചായങ്ങളിളകിപ്പോയ, നിറം മങ്ങിയ ക്യാൻവാസിൽ കോറിയിട്ട രേഖാചിത്രം പോലെ ഒരു കൊച്ചു പട്ടണം.

പ്രാതലിനുശേഷം സമയം കളയാതെ റായ്‌ഗഡിലേക്കു തിരിച്ചു. ഷെയർ വാനുകളാണ് റായ്‌ഗഡിലേക്കുള്ള പ്രധാന യാത്രാമാർഗ്ഗം. ഒരാൾക്ക് 50 രൂപയാണ് യാത്രക്കൂലി. കൃഷിയിടങ്ങൾ പിന്നിട്ടാൽ അതിമനോഹരമായ മലഞ്ചെരുവുകളിലൂടെയാണ് യാത്ര. ചുറ്റുപാടും പച്ചപുതച്ച മലനിരകൾ.  കാടിനെ പ്രദക്ഷിണംവച്ചു കയറിപ്പോവുന്ന വഴികൾ. മലമടക്കുകളിലെ ഓരോ തുണ്ടു ഭൂമിയിലും പച്ചക്കറികളും ധാന്യങ്ങളും കൃഷിചെയ്തിരിക്കുന്നത് കാണാം. കടകമ്പോളങ്ങൾ കൊണ്ട് സാമാന്യം തിരക്കുള്ളതായി തോന്നുന്ന ഒരു അങ്ങാടിയിൽ ഞങ്ങളിറങ്ങി. അവിടെ നിന്നാണ്  മലകയറ്റം ആരംഭിക്കുന്നത്. 2700  അടി ഉയരെയുള്ള കോട്ടയിലെത്താൻ 1737 പടികളും കുത്തനെയുള്ള ചെരിവുകളും നടന്നു കയറണം.  നടക്കാൻ  താല്പര്യം ഇല്ലാത്തവർക്ക്  റോപ്‌വെ  ഉപയോഗിക്കാം. നടന്നു കയറാൻ തന്നെ ആയിരുന്നു ഞങ്ങളുടെ തീരുമാനം. പഞ്ഞികെട്ടു പോലെ ഒഴുകി നടക്കുന്ന മൂടൽമഞ്ഞിൽ പുതഞ്ഞു കിടക്കുകയായിരുന്നു കൂറ്റൻ മലയും കോട്ടയും. വളഞ്ഞു പുളഞ്ഞു പാറയിൽ പറ്റിച്ചേർന്നു മുകളിലേക്ക് നീളുന്ന വഴിക്ക് പലയിടത്തും മൂന്നടിയിലേറെ വീതിയില്ല. തൊട്ടുമുന്നിലുള്ള കാഴ്ചയെ മറച്ചുകൊണ്ട് കനത്ത മൂടൽമഞ്ഞും. മൂടൽമഞ്ഞിനെ തിരശീലയ്ക്കപ്പുറം മലമുകളിൽനിന്നും താഴേക്ക് പതിക്കുന്ന ജലപാതങ്ങളും, കൂറ്റൻ വൃക്ഷങ്ങളുടെ നിഴൽ ശിഖിരങ്ങളും അവ്യക്തമായി കാണാം. മുകളിലേക്ക് കയറുംതോറും മഴയും മൂടല്മഞ്ഞും കൂടുതൽ ശക്തമായികൊണ്ടിരുന്നു. മഞ്ഞിന്റെ സ്നിഗ്ധത. മഞ്ഞും മഴയും മൗനവും കൂമ്പി നിൽക്കുന്ന വീഥികൾ. ഞങ്ങൾ പരസ്പരം ഒന്നും തന്നെ സംസാരിച്ചിരുന്നില്ല.  മഞ്ഞും മഴയും ഏറ്റുവാങ്ങുകയായിരുന്നു ആവോളം. ചിലയിടങ്ങളിൽ വഴി വളരെ ഇടുങ്ങിയതായി മാറി. കഷ്ടിച് ഒരാൾക്ക് നടന്നു പോവാൻ കഴിയുന്ന വഴിയുടെ താഴെ അഗാധമായ താഴ്വരകളാണ്.
മലയുടെ മുകൾഭാഗത്ത് എത്തിയതോടെ തുള്ളിക്കൊരുകുടം പോലെ മഴ ഇരച്ചു വന്നു. മഴയെ പ്രതിരോധിക്കാൻ ഞങ്ങളുടെ കൈവശം യാതൊന്നും തന്നെ ഉണ്ടായിരുന്നില്ല. അല്ലെങ്കിലും മഴയെ അറിയാനുള്ള യാത്രയിൽ എന്തിനാണ് മഴകോട്ടും കുടയും. ബാഗിനുള്ളിൽ നനഞ്ഞു കുതിർന്ന ക്യാമറയുടെ നിസ്സഹായതയിൽ നിന്നുയരുന്ന നിശ്വാസം.







കോട്ടയ്ക്കുചുറ്റും പരന്നു കിടക്കുന്ന വിസ്താരമേറിയ പുൽമേടും അതിൽ മനോഹരങ്ങളായ കാട്ടുപൂക്കളും വിരിഞ്ഞു നിൽക്കുന്നുണ്ട്.
മുഗളന്മാരുടെയും ബ്രിട്ടിഷുകാരുടെയും ആക്രമണത്തിൽ തകർന്ന കോട്ടയുടെ പ്രധാന തൂണുകളും ചുവരുകളും മാത്രമേ ഇന്ന് അവശേഷിക്കുന്നുളളു.  ശിവജിയുടെ രാജ സദസ്സും, രാഞ്ജിമാരുടെ( എട്ടോളം ഭാര്യമാരുണ്ടായിരുന്നു) അന്തപുരങ്ങളും വലിയ മാർക്കറ്റും തുടങ്ങി മൺമറഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ, ഒരു സംസ്കാരത്തിന്റെ ഭൂമിക അസ്ഥിപഞ്ചരമായി സഹ്യാദ്രിയുടെ മൗന കേദാരത്തിലേക്ക് വിലയം പ്രാപിച്ചു കിടക്കുന്നു. വാഴ്‌ചയുടെയും വീഴ്ചയുടെയും ആത്യന്തിക അർത്ഥതലങ്ങൾ  അറിഞ്ഞ ആ സ്വപ്നസൗദത്തിൽ നിൽക്കുമ്പോൾ അധികാരത്തിന്റെയും പദവിയുടെയും സമ്പത്തിന്റെയും നശ്വരതയാണ് നമുക്ക് ബോധ്യപ്പെടുക.  ശിവാജിയുടെ കൂറ്റൻ പ്രതിമയ്ക്ക് മുന്നിൽ സാഷ്ടാംഗം വീണ് 'ജയ് ശിവാജി' വിളിക്കുന്ന ഭക്തർ. അദ്ദേഹം മാറാത്തയ്ക്ക് വെറുമൊരു രാജാവ് മാത്രമായിരുന്നില്ല തന്നെ. ഒരു സെമിന്ദാറിന്റെ മകനിൽനിന്നും മറാത്താ സാമ്രാജ്യത്തിന്റെ ചക്രവർത്തിപദത്തിലേക്കുള്ള ശിവജിയുടെ ജീവിത യാത്രയിൽ ആക്രമണങ്ങളുടെയും പിടിച്ചെടുക്കലിന്റെയും വലിയൊരു പട്ടിക തന്നെയുണ്ട്. യുദ്ധങ്ങൾ ഹരം പകർന്നിരുന്ന, രാജഭരണത്തിന്റെ, അധികാരത്തിന്റെ എല്ലാവിധ അനുഭാവാന്തരീക്ഷങ്ങളിലൂടെയും സഞ്ചരിച്ചു കാലത്തിന് അതീതനായി തീർന്ന ഒരു മനുഷ്യൻ. 1680 -ഇൽ അദ്ദേഹം മരിക്കും വരെ റായ്‌ഗഡ് ആയിരുന്നു തലസ്ഥാനം. സ്വഭാവ ദൂഷ്യത്തിന് സ്വന്തം മകനെ തുറങ്കിൽ അടച്ച ശിവാജിയുടെ മരണശേഷം, അനന്തരാവകാശികൾ തമ്മിലുള്ള പടവെട്ടൽ കോട്ടയുടെ നാശത്തിന്‌ തന്നെ കാരണമായിത്തീർന്നു. ശിവാജി ജയിലിലടച്ച, അദ്ദേഹത്തിന്റെതന്നെ മകനായ സാംബാജി ആയിരുന്നു പിന്നീട് സഹോദരങ്ങളെയും പിതാവിന്റെ മറ്റു ഭാര്യമാരെയും ജയിലിടച്ചു കോട്ട കയ്യടക്കിയത്. ഒടുവിൽ മുഗൾ ചക്രവർത്തി ഔരംഗസീബിനാൽ അദ്ദേഹം കൊല്ലപ്പെടുകയാണുണ്ടായത്.
കോട്ടയിലൂടെ നടന്ന് ഇടുങ്ങിയ ചുമരുകളുള്ള ഒരു മുറിയിൽ എത്തപ്പെട്ടു. പാദങ്ങൾ കുഴഞ്ഞു ഞാൻ അൽപനേരം അവിടെ കണ്ണടച്ചിരുന്നു. ഏറെ നേരത്തിനു ശേഷം കണ്ണ് തുറന്നു നോക്കിയപ്പോൾ  മൂടൽമഞ്ഞിൽ ആഴ്ന്നുപോയിരിക്കുന്നു ഞാൻ. എനിക്ക് ചുറ്റും ഇരുട്ട് പരന്നു. ചുറ്റും സഞ്ചാരികളില്ല...സുഹൃത്തില്ല..തകർന്ന കോട്ടയില്ല . ചുറ്റുപാടും നിന്ന് വേർപെട്ട് ഒറ്റപ്പെട്ട തുരുത്തായി തീർട്ടിരിക്കുന്നു. നൂറ്റാണ്ടുകൾ അകലെ .. ജന്മങ്ങൾ അകലെ ഒരു ദീപം എരിയുന്നുണ്ട്. അതിന്റെ മങ്ങിയ വെളിച്ചത്തിൽ   രാജഭരണത്തിന്റെ  ചരിത്രങ്ങള്‍ രേഖാചിത്രങ്ങളായി കണ്‍മുന്നില്‍ തെളിഞ്ഞു. അന്തപുരങ്ങളിലെ കാലൊച്ചകള്‍, രഹസ്യങ്ങള്‍, കലയും കാല്പനികതയും ലഹരി പിടിപ്പിച്ച സദസ്സുകള്‍, നിഗൂഢതകള്‍ നിറംചാര്‍ത്തിയ രാജവാഴ്ചകള്‍ എല്ലാം തിരശീലയിലെന്നവണ്ണം തെളിഞ്ഞു. ഇരുട്ടും മൗനവും കൂമ്പി നിൽക്കുന്ന ആമുറിയിൽ നിന്നും രക്ഷപെടാൻ മനസ്സ് വെപ്രാളപ്പെട്ട് കൊണ്ടിരുന്നു. 












മഴ അല്പം ശമിച്ചപ്പോൾ പുൽമേട്ടിലൂടെ ഞങ്ങൾ വ്യൂ പോയിന്റിലേക്കു നടന്നു.
പക്ഷെ അല്പദൂരം നടന്നു കയറിയപ്പോഴേക്കും  മഴ അലറി വിളിച്ചെത്തി. അതിന്റെ ശബ്ദം പോലും ഭയപ്പെടുത്തുന്നതായിരുന്നു.  കാറ്റിനും മഴയ്ക്കും ശക്തി കൂടിക്കൊണ്ടിരുന്നു. ഞങ്ങൾ കയറ്റം തുടർന്നു. കാറ്റിനൊപ്പം ശക്തിയോടെ ചരിഞ്ഞു പതിക്കുന്ന മഴ ചെവിയിലും മുഖത്തും സൂചിമുനകളാഴ്ത്തി കൊണ്ടിരുന്നു. മഴയ്ക്ക് ഇത്രമേൽ വേദനിപ്പിക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ. അപാരമായ ഉയരത്തിലേക്കാണ് ഓരോ അടിയും സൂക്ഷിച്ചു നടന്നു കയറിക്കൊണ്ടിരുന്നത്. വീതി കുറഞ്ഞ പാതയുടെ ഇരുവശവും കൊക്കയാണ് എന്നതൊഴികെ പാത എവിടേക്കാണ് നീളുന്നതെന്നോ എവിടെ ചെന്ന് അവസാനിക്കുമെന്നോ അറിയുമായിരുന്നില്ല. ആകാശം താഴേക്ക് പൊട്ടിവീണ് കുത്തിയൊഴുകി. മലമുകളിൽ നിന്നും കുത്തിയൊലിച്ചെത്തുന്ന വെള്ളം കാൽകീഴിൽ നിന്നും മണ്ണിനെയും ഒഴുക്കിക്കൊണ്ടാണ് പോവുന്നത്. മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഏതു നിമിഷവും സൃഷ്ടിക്കപ്പെട്ടേക്കാമെന്ന് തോന്നി.  കനത്ത മൂടല്മഞ്ഞിൽ തൊട്ടടുത്ത് നിൽക്കുന്ന സുഹൃത്തിനെ പോലും കാണാൻ കഴിയാതായി. തിരികെയിറങ്ങിയാലോ എന്ന് ഒരു നിമിഷം ആലോചിച്ചു. എന്തും വരട്ടെ എന്ന് കരുതി മുന്നോട്ട് തന്നെ. കാറ്റും മഴയും മഞ്ഞും വർദ്ധിച്ചപ്പോൾ രണ്ടുപേരുടെയും ദേഹം കിടുകിടാ വിറയ്ക്കാൻ തുടങ്ങി. എന്നിട്ടും എന്തിനാണെന്നറിയാത്ത ഞങ്ങൾ പൊട്ടി ചിരിക്കുകയായിരുന്നു. ഹൂങ്കാര ശബ്ദത്തിൽ അലറിവിളിച് വീശിയടിച്ചിരുന്ന കാറ്റ് ഏതു നിമിഷവും ഞങ്ങളെ ചുഴറ്റിയെടുത്ത് അഗാധതയിലേക്ക് വലിച്ചെറിയും എന്ന് തോന്നിയപ്പോൾ പാതയോരത്തെ കമ്പിയിൽ മുറുകെ പിടിച്ചുനിന്നു. അപ്പോഴും ഞങ്ങൾ പരസ്പരം നോക്കി ഉറക്കെ ചിരിക്കുകയായിരുന്നു.  വഴിയിലെ കല്ലോ, കുഴിയോ ഒന്നും തന്നെ വ്യക്തമാവാതെ തപ്പി തടഞ്ഞു മുകളിലെത്തി. അവിടെത്തെ കാഴ്ച ഞങ്ങളെ ആശ്ചര്യപ്പെടുത്തി. ഞങ്ങൾക്ക് മുന്നേ എത്തിയ യാത്ര സംഘം തിരികെ ഇറങ്ങാൻ കഴിയാതെ ഭയന്ന് വിറച്ചു നിൽക്കുകയായിരുന്നു. രണ്ടു യുവതികൾ ഉൾപ്പെടെ അഞ്ചുപേരടങ്ങുന്ന സംഘമായിരുന്നു അത്.  കണ്ടുമുട്ടിയപ്പോൾ രണ്ടു കൂട്ടർക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. ചുറ്റുപാടും നിതാന്ത മൗനത്തിലാണ്ടു കിടക്കുന്ന സഹ്യാദ്രിയെ നോക്കി ഓരോരുത്തരും അലറി വിളിക്കാൻ തുടങ്ങി. അരമണിക്കൂറോളം മലമുകളിൽ തങ്ങിനിന്ന ശേഷമാണ് മഴ തോർന്നത്. മഞ്ഞിന്റെ തിരശ്ശീല നീങ്ങിയതോടെ ചുറ്റുപാടും സഹ്യാദിയുടെ, മനംകവരുന്ന ദൃശ്യ വിരുന്ന്. മൂടല്മഞ്ഞു പുതച്ചുകിടക്കുന്ന ഹരിതഭംഗിയാർന്ന ഗിരിശൃംഗങ്ങളുടെ തുടർച്ചകൾ. വിശ്രാന്തിയുടെ താഴ്വരകൾ. പടവുകളിലെല്ലാം നിഴൽ വീണു തുടങ്ങിയിരുന്നു. സ്മൃതി സമൃദ്ധമായ യാത്രയ്ക്ക് വിരാമമിട്ടുകൊണ്ട്  സ്വച്ഛമായ മനസ്സുമായി മലയിറക്കം.  രാത്രി തിരക്കിൽ മുങ്ങിയ പട്ടണത്തിന്റെ ശബ്ദ പ്രവാഹത്തിലേക്ക് തിരിക്കുമ്പോൾ വണ്ടിയിലിരുന്ന് വെറുതെ  ഒരിക്കൽകൂടി തിരിഞ്ഞു നോക്കി. കാലഭേദങ്ങളെ ഉലംഘിച്ചു നിലകൊള്ളുന്ന കോട്ട, സർവ്വതിനേയും തന്നിലേക്കുൾചേർത്തുകൊണ്ട്  അഗാധ മൗനം പൂണ്ടുകിടക്കുന്നു.














Comments

Popular posts from this blog

പ്രശാന്തതയുടെ ചിറകടികൾ...

ലളിത സുന്ദരം... സിക്കിം

കുതിരമുഖി എന്ന സുന്ദരി