വന്യ സൗന്ദര്യം തേടി..ആനത്താരിയിലൂടെ..
തിരക്കുകളെ മറന്നുള്ള യാത്രകളോരോന്നും, ഓര്‍ക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നിടത്തെക്കായിരിക്കും. ചുട്ടുപൊള്ളുന്ന നഗരത്തില്‍നിന്ന് കാടിന്‍റെ കുളിരിലേക്കുള്ള പ്രയാണത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നിനുമാവില്ല. ജോലിത്തിരക്കിന്‍റെ മുള്‍മുനയില്‍ നിന്ന് വിടുതല്‍ വാങ്ങി, പുലര്‍ച്ചെ വീട്ടിലേക്കു പോവാന്‍ ഒരുങ്ങവേ, ഒരു നിമിത്തം എന്നോണം ആണ് ഇ-മെയില്‍ പരിശോധിക്കാന്‍ തോന്നിയത്. കുറച്ചു ദിവസമായി തുറക്കാതിരുന്ന ഇന്‍ബോക്സ് തുറന്നു നോക്കവേ കണ്ടു, സംസ്ഥാന വനം വകുപ്പിന്‍റെ വന്യജീവി കണക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ വോളന്‍റ്യര്‍ ആയി എന്നെ തെരഞ്ഞെടുത്തു കൊണ്ടുള്ള അറിയിപ്പ്. അവസാന ദിവസമായ അന്ന് പത്തു മണിക്കാണ് ഒരു ദിവസത്തെ പരിശീലനത്തിനായി മലയാറ്റൂര്‍ ഫോറെസ്റ്റ് റേഞ്ച് ഓഫീസില്‍ എത്തേണ്ടത്. അന്ന് തന്നെ ഇത് തുറന്നു വായിച്ചു നോക്കാന്‍ തോന്നിയതിനെ നിമിത്തം എന്നലാതെ മറ്റെന്താണ് പറയുക? രാത്രി ജോലി കഴിഞ്ഞു ആകെ ക്ഷീണിതന്‍ ആണ്, ഇനി പകല്‍ ഉറങ്ങാനും പറ്റില്ല, എന്നാലും രണ്ടാമതൊന്നു ആലോചിക്കാതെ പുറപെട്ടു. ഇ-മെയിലിന്‍റെ പ്രിന്‍റ് എടുത്തു കൃത്യ സമയത്ത് അവിടെ എത്തി. ഉച്ചയോടെ ട്രെയിനിംഗ് കഴിഞ്ഞു, ഇടമലയാര്‍ ഫോറെസ്റ്റ് റേഞ്ച്യില്‍ ആണ് എന്നെ നിയമിച്ചത്. മൂന്ന് ദിവസം നീളുന്ന കണക്കെടുപ്പ് ആണ്. പങ്കെടുക്കാന്‍ ചേര്‍ന്നാല്‍ പിന്നെ മൂന്നു ദിവസം കാട്ടില്‍ തന്നെ കഴിയണം. അതിനുള്ള തയ്യാറെടുപ്പുകളോടെ വരാന്‍ പറഞ്ഞു. ഒന്നും ആലോചിച്ചില്ല മഹാഭാഗ്യമായി കരുതി പുറപെട്ടു.
മൂന്നു പേരടങ്ങുന്ന സംഘത്തെ ആണ് ഓരോ ഭാഗത്തേക്കും അയച്ചത്. സുധീഷ് കുമാര്‍ എന്ന ഫോറെസ്റ്റെര്‍, ഞാന്‍, മനോജ് എന്ന സഹായി, ഇത്രയും പേര്‍ അടങ്ങിയ ഞങ്ങളുടെ സംഘം മൂന്നു ദിവസത്തെ കാനന വാസത്തിനായി പുറപ്പെട്ടു. ഇനി കൊടുംകാട്ടില്‍ മൂന്ന് ദിവസം, പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, മൊബൈല്‍ പോലും ഉപയോഗിക്കാന്‍ പറ്റാതെ കഴിയണം, ഓര്‍ത്തപ്പോള്‍ കൌതുകം തോന്നി.
ഇടമലയാര്‍ ഡാമിനോട് ചേര്‍ന്നുള്ള എണ്ണക്കല്‍ കടവില്‍ നിന്നും യമഹ എന്‍ജിന്‍ ഘടിപ്പിച്ച വലിയ വഞ്ചിയിലാണ് യാത്ര തുടങ്ങിയത്. പുലര്‍ച്ചെ തന്നെ പുറപ്പെട്ടു. കോടമഞ്ഞ്‌പുതച്ചു അനക്കമില്ലാതെ കിടന്നിരുന്ന ജലത്തെ കീറി മുറിച്ചു കൊണ്ട് യമഹ യാത്ര ആരംഭിച്ചു. പുഴയുടെ ഇരു കരകളിലും പുല്‍മേടുകളും അവയോടു ചേര്‍ന്ന കൊടും വനങ്ങളും. തരംഗങ്ങള്‍ പോലെ ചുറ്റും മലനിരകള്‍. ഇടമലയാറിലെ ഈറ്റ തൊഴിലാളികളുടെ ജീവിതത്തില്‍ അനിവാര്യമായ ഒന്നാണ് ഈ വഞ്ചി. ഈറ്റ വെട്ടുന്ന സീസണ്‍ തുടങ്ങുമ്പോൾ പലദേശങ്ങളിൽ നിന്നായി തൊഴിലാളികൾ ഇവിടേയ്ക്ക് എത്തിച്ചേരും. അവരോടൊപ്പം അരിയും സാധനങ്ങളുമായി കച്ചവടക്കാരും എത്തും. പലദേശക്കാര്‍, പലഭാഷക്കാര്‍, സീസണ്‍ കഴിയുന്നത് വരെ കാടിന്‍റെ മക്കളായി അവര്‍ ഒരുമിക്കുന്നു. സീസണ്‍ കഴിയുന്നതോടെ ഈറ്റ കെട്ടുകളുമായി അവർ കാടിറങ്ങും ഇനിയുമൊരു ഈറ്റക്കാലത്തിനായി.
വെള്ളം കുടിക്കാന്‍ സാധാരണ പുഴയോരത്തു എത്താറുള്ള കാട്ടാന കൂട്ടങ്ങളെ കണ്ടില്ല. യമഹയുടെ ശബ്ദം കാരണം അവ കാട്ടില്‍ തന്നെ ഒളിച്ചിരിക്കുകയവാം. ഞാന്‍ ഇരുകരകളിലും അവയ്ക്ക് വേണ്ടി തിരയുകയായിരുന്നു. കോടമഞ്ഞ്, കാടിന് മീതെ വെളുത്ത പുതപ്പു അണിഞ്ഞു കിടന്നു. നഷ്ട പ്രതാപത്തിന്‍റെ ഓര്‍മ്മ ചിത്രം പോലെ ജലത്തിന് നടുവില്‍ മരങ്ങളുടെ അസ്ഥിപന്ജരം. ചെറുതും വലുതുമായ ഉണങ്ങിയ ആ മരങ്ങള്‍, ആകാശത്തിലേക്കു ഉയര്‍ത്തിയ കൈകളുമായി നിലകൊള്ളുന്നു.
മൂന്ന് ദിവസം താമസിക്കാന്‍ കാട്ടില്‍ സുരക്ഷിതമായ ഒരിടം കണ്ടെത്തുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന വെല്ലുവിളി. ആദ്യം ചെന്നെത്തിയത് ആറ്റിന്‍ കരയിലെ പുല്‍മേട്ടിലാണ്. ആനത്താരിയാണെന്നു സുധീഷ് സൂചന നല്‍കി. എന്നിരുന്നാലും വഞ്ചി അവിടെ അടുപ്പിച്ചു സാധങ്ങള്‍ ഇറക്കി തുടങ്ങവേ, ഗജവീരന്‍റെ താക്കീതു കിട്ടി. മൂന്ന് പേരും പരസ്പരം നോക്കി, ഒന്ന് ഭയന്നു, ഇതാ ഞാന്‍ ഇവിടെയുണ്ട് എന്ന് പറഞ്ഞു തൊട്ടടുത്ത ഈറ്റകാടില്‍ നിന്നും അവന്‍ ചിന്നം വിളിച്ചു. ഈറ്റകള്‍ ഒടിയുന്ന ശബ്ദം കേട്ടിടതേക്ക് നോക്കി, നിഴല്‍ പോലെ അവന്‍ ഈറ്റയ്കുള്ളിലേക്ക് മറയുന്നത് കണ്ടു. അവിടെ നില്‍ക്കുന്നത് പന്തിയല്ല എന്ന് കണ്ടു മറ്റൊരിടം തേടി ഞങ്ങള്‍ യാത്രയായി. വെയിലില്‍ തിളങ്ങി കോടമഞ്ഞിന്‍റെ പുതപ്പു നേര്‍ത്തു നേര്‍ത്തു വന്നു. പുഴയുടെ നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന കുന്നില്‍ രണ്ടു കുടിലുകള്‍ കണ്ടു. കുന്നിനു താഴെ വഞ്ചി അടുപ്പിച്ചു, മുകലിലേക്ക് കയറി. ഈറ്റവെട്ടുകാരുടെ കുടില്‍ ആണ്. പൂര്‍ണമായും ഈറ്റയില്‍ നിര്‍മിച്ച രണ്ടു കുടിലുകളും ശൂന്യമായിരുന്നു. ഉടമസ്ഥര്‍ ഇനി അടുത്ത സീസണ്‍ ആവുമ്പോഴേ തിരിച്ചെത്തു. ഏതായാലും ഞങ്ങള്‍ അത് ഏറ്റെടുത്തു. ഈറ്റതല്ലി ഉണ്ടാക്കിയ കട്ടില്‍ മുതല്‍ സാധനങ്ങള്‍ വയ്ക്കാനുള്ള തട്ടുകള്‍ വരെ ഈറ്റ കൊണ്ടുള്ളവ. മനോജേട്ടന്‍ പാചകം തുടങ്ങി. കഞ്ഞിയും പേരില്ലാ കറിയും കഴിച്ചു. ഉച്ചവെയില്‍ കഠിനമായിരുന്നു എങ്കിലും ഈറ്റകുടിലിനു മുകളില്‍ അട്ടി അട്ടിയായി വിരിച്ചിരുന്ന ഈറ്റഇലകള്‍ കടുത്ത ചൂടിലും കുളിര്‍ തന്നു. വെയില്‍ മാറാതെ പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. വെയിലിന്‍റെ കാഠിന്യം കുറയുന്നത് വരെ ഞങ്ങള്‍ വാചകമടിച്ചു കിടന്നു.
പുഴയ്ക്കു മീതെ സായാഹ്നത്തിന്‍റെ നിഴല്‍ വീണു തുടങ്ങി. വൈകുന്നേരമായതോടെ ആനകള്‍ എത്തും എന്ന് സുധീഷ് പറഞ്ഞു. കാടിനെ അടുത്ത് അറിയുന്നവര്‍ ആണ്, കാടിന്‍റെ ഓരോ ചലനവും ജീവിതത്തിന്‍റെ ഭാഗമാക്കിയവര്‍., തെറ്റിയില്ല, പോക്കുവെയില്‍ ചാഞ്ഞതോടെ ദൂരെ കാടിന്‍റെ അതിര്‍ത്തിയില്‍ കറുത്ത പൊട്ടുകള്‍ പ്രത്യക്ഷപെട്ട് തുടങ്ങി. ക്രമേണ അടുത്തടുത്ത് വന്നു. ഓരോരുത്തരായി പുല്‍മേട്ടിലും ആറ്റിന്‍ കരയിലും മേഞ്ഞു നടന്നു, കാഴ്ചകള്‍ തേടി പോവുമ്പോള്‍ പലപ്പോഴും വിസ്മയങ്ങളൊരുക്കി അവ നമ്മെ തേടി എത്തും, അത് പോലെ അവ എനിക്ക് വേണ്ടി വന്നതാണെന്ന് ഞാന്‍ വിശ്വസിച്ചു. കൂട്ടത്തില്‍ ഗജ വീരന്മാര്‍ മുതല്‍ തീരെ കുട്ടിയാനകള്‍ വരെ ഉണ്ടായിരുന്നു. ആനകള്‍ മാത്രമല്ല മ്ലാവുകളും കാട്ടു പോത്തുകളും ആറ്റിന്‍ കരയിലെ പുല്‍മേട്ടില്‍ മേഞ്ഞു നടക്കുന്നുണ്ടയിരുന്നു. സൂര്യന്‍ ദൂരെ കുന്നിന്‍ ചെരിവിലേക്ക് നൂണ്ടു ഇറങ്ങാന്‍ തുടങ്ങി. പ്രകൃതിയുടെ മഹാരഹസ്യം നിസ്സരന്‍മാരായ മനുഷ്യര്‍ക്ക് മുന്‍പില്‍ അവതരിക്കപ്പെടുകയായിരുന്നു. വല്ലാത്ത നിശബ്ദത നിറഞ്ഞ അന്തരീക്ഷം, കരിമാന്തി എന്ന കരിങ്കുരങ്ങുകളുടെ മൂളലും, മലമുഴക്കിവേഴാമ്പലിന്‍റെ ശബ്ദവും ഒഴിച്ചാല്‍ പിന്നെ ഇടയ്ക്കിടെ ഉയരുന്ന ഗജവീരന്മാരുടെ ചിന്നം വിളിയും.
ഇരുട്ട് വീണു തുടങ്ങി. ഒന്നൊന്നായി മിന്നി തുടങ്ങിയ നക്ഷത്രങ്ങള്‍, ഏതോ മാന്ത്രികന്‍ വാരി വിതറിയ മണല്‍ തരികള്‍ പോലെ ആകാശം നിറഞ്ഞു. നിഗൂഡമായ നിശബ്ദത ചുറ്റും പറന്നു. കുന്നിന്‍ മുകളില്‍ രണ്ടു കുടിലുകള്‍ കൂടാതെ പാറകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വലിയ പാറകളില്‍ ഞങ്ങള്‍ ആകാശം നോക്കി കിടന്നു. പാതി മാഞ്ഞ ചന്ദ്രനും അസംഘ്യം നക്ഷത്രങ്ങളും. ദൂരെ മലയിറങ്ങി വരുന്ന കാറ്റിനു തണുപ്പ് കൂടി കൂടി വന്നു. ആദിമമായ സ്വച്ഛത മാത്രം. കൂടെ ഉണ്ടായിരുന്നവര്‍ പോലും മൌനത്തിലാണ്ടുപോയി. പറഞ്ഞറിയിക്കാനാവാത്ത ഏതോ ലഹരിയിലായിരുന്നു മനസ്സും ശരീരവും.
അജ്ഞാതനായ ഏതോ ഒരാള്‍ കാട്ടിലൂടെ ചൂളം വിളിച്ചു നടക്കുനതു പോലെയുള്ള ശബ്ദം ചൂളകാക്കയുടെയായിരുന്നു. പക്ഷെ നീറുന്ന മനസ്സുമായി, നിലാവിന്‍റെ തണുത്ത നിഴല്‍ വീണ കാട്ടു വഴികളിലൂടെ, ദൂരെ മലമുകളിലേക്ക് ആരോ പാടി പോവുന്നു എന്ന് കരുതാനാണ് എനിക്ക് തോന്നിയത്.
ഒരു സംഗതി കാണിച്ചു തരാം എന്ന് പറഞ്ഞാണ് സുധീഷ് വലിയ ഒരു പാറയുടെ മുകളിലേക്ക് കയറിയത്. എന്നിട്ട് ദൂരെ കാണുന്ന മലയുടെ നേരെ നീട്ടി കൂവി. എന്നെ അതിശയിപ്പിച്ചു കൊണ്ട് മിനിറ്റുകളോളം അതിന്‍റെ പ്രതിധ്വനി മലനിരകളില്‍ അലയടിച്ചു കൊണ്ടിരുന്നു. അവസാനം, വെയിലില്‍ അലിഞ്ഞു ചേരുന്ന കോടമഞ്ഞ് പോലെ നേര്‍ത്തു നേര്‍ത്തു അലിഞ്ഞില്ലാതെ ആയി. പിന്നെ അത് ഞാന്‍ ഏറ്റെടുക്കുവായിരുന്നു. പാറയ്ക്ക് മുകളില്‍ കയറി ഞാന്‍ നീട്ടി കൂവുകയും മനസ്സില്‍ മായാതെ സൂക്ഷിച്ചിട്ടുള്ള പേരുകള്‍ ഓരോന്നായി വിളിച്ചു കൊണ്ടുമിരുന്നു. ക്ഷീണിച്ചപ്പോഴെക്കും മനോജേട്ടന്‍ അത്താഴം കഴിക്കാനായി വിളിച്ചു.
രാത്രി കൌമാരം പിന്നിടുകയാണ്.അത്താഴം കഴിച്ച ശേഷം വീണ്ടും മുറ്റത്തിറങ്ങി. പാറയില്‍ സംസാരിച്ചു കിടക്കവേ, പുഴയിലെ ഓളങ്ങളുടെ ശബ്ദം പതിവിലും ഉയര്‍ന്നു കേട്ടു തുടങ്ങി. എന്തോ പന്തികേട് തോന്നിയ മനോജേട്ടന്‍ കുടിലിനകത്തു നിന്നും ടോര്‍ച്ചുമായാണ് വന്നത്. കുന്നിന്‍ ചെരിവിലേക്ക് ഇറങ്ങി പുഴയിലേക്ക് തെളിച്ചപ്പോള്‍ കണ്ടു, കാടിന്‍റെ മക്കള്‍, ഗജവീരന്മാര്‍ ഓരോരുത്തരായി പുഴ നീന്തി വരികയാണ്. ഒരുപക്ഷെ പുഴയ്ക്കു അപ്പുറത്തുള്ള കാട്ടിലേക്ക് പോകുന്നതായിരിക്കും. എന്നിരുന്നാലും പുഴയ്ക്കു നടുവിലുള്ള ഈ തുരുത്തിലേക്ക് കയറി കൂടെന്നില്ല. മനോജേട്ടന്‍ ഉടന്‍ തീകൂട്ടി, അവിടെ ഉണ്ടായിരുന്ന പാട്ടയില്‍ ഉറക്കെ കൊട്ടി. ശബ്ദവും തീയും പേടിയാണത്രേ!!. പാട്ടയുടെ ശബ്ദം പ്രതിധ്വനികളോടെ ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ചു. ക്രമേണ ഓളങ്ങളുടെ ശബ്ദം ദൂരേക്ക് ദൂരേക്ക് പോയി.വീണ്ടും നിഗൂഡമായ നി ശബ്ദത. പാറയില്‍ കിടന്നപ്പോള്‍ ദൂരെ മലമുകളിലെ ആദിവാസി ഊരുകളില്‍ തുകില്‍വാദ്യം മുഴങ്ങുന്നത് കേട്ടു. ഊരുകളില്‍ വന്യ ജീവികള്‍ ഇറങ്ങുമ്പോള്‍, അവയെ അകറ്റാന്‍ അവര്‍ ഉറങ്ങാതെ കാവലിരുന്നു കൊട്ടുന്നതാണ്. ഒരിക്കല്‍ ഞാനും അവിടെ പോയിടുണ്ട്. രണ്ടു വര്ഷം മുന്‍പാണ്, അന്ന് കാടിനുള്ളിലെ ഗുഹയെ കുറിച്ച് കേട്ടറിവ് മാത്രം ഉള്ളപ്പോള്‍ കണ്ടു പിടിക്കാനായി ഇറങ്ങി പുറപെട്ടതാണ്, തനിയെ. സ്ഥലത്തെ കുറിച്ച് യാതൊരു മുന്‍ധാരണയും ഇല്ലാത്തതിനാല്‍ കിലോ മീറ്റെരുകളോളം നടന്നിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. കയ്യിലുണ്ടായിരുന്ന വെള്ളവും തീര്‍ന്നു കാട്ടിലൂടെ അലഞ്ഞു നടന്ന എന്നെ, ജീപ്പില്‍ പോവുകയായിരുന്ന ആദിവാസികള്‍ ആണ് സഹായിച്ചത്. സാധങ്ങള്‍ വാങ്ങി ഊരിലേക്കു പോവുകയായിരുന്ന അവര്‍ എന്നെയും കൂടെ കൂട്ടി. പരിഷ്കൃത ലോകത്തിന്‍റെ കപട നാട്യങ്ങള്‍ ഇല്ലാതെ ഹൃദയം നിറയെ സ്നേഹത്തോടെ ആണ് തികച്ചും അപരിചിതനായ എന്നെ അവര്‍ സ്വീകരിച്ചത്. കട്ടന്‍ ചായയും പഴവും കഴിച്ചു അവിടെന്നു മടങ്ങാന്‍ നേരം തിരികെ നല്കാന്‍ എന്‍റെ പക്കലും ഒന്നുമുണ്ടായിരുന്നില്ല, ഹൃദയം നിറയുന്ന സ്നേഹമല്ലാതെ. മെഴുക്കുപുരളാത്ത, പാറി പറക്കുന്ന മുടിയുള്ള, എണ്ണ കറുപ്പിന്‍റെ നിറമാര്‍ന്ന കൊച്ചു പെണ്‍കുട്ടി, നിറഞ്ഞ സ്നേഹത്തോടെ എനിക്ക് വച്ചു നീട്ടിയ കൊച്ചു മയില്‍ പീലി, നിഷ്കളങ്ക സ്നേഹത്തിന്‍റെ മായാത്ത അടയാളമായി ഞാന്‍ ഇന്നും സൂക്ഷിക്കുന്നു.
രാത്രി വളരെ വൈകിയിരിക്കുന്നു. കിടക്കാനായി സുധീഷ് വിളിച്ചു. ഈറ്റകുടിലിന്‍റെ വാതില്‍ ചാരിയിരുന്നു എങ്കിലും തണുത്ത കാറ്റു അകത്തേക്ക് അടിച്ചു കൊണ്ടിരുന്നു. മൂടി പുതച്ചു കിടന്നെങ്കിലും ഉറക്കം വന്നില്ല. മൊബൈല്‍ എടുത്തു സമയം നോക്കി, ഒരു മണി കഴിഞ്ഞിരിക്കുന്നു. ആദിവാസികളുടെ തുകില്‍ വാദ്യം ഇപ്പോള്‍ കേള്‍ക്കുന്നില്ല. സുധീഷ് ഉറക്കത്തിലേക്കു വീണിരുന്നു. ഞാന്‍ പതുക്കെ കുലുക്കി വിളിച്ചു, പാതിമയക്കത്തില്‍ കണ്ണുതുറന്ന കക്ഷിയോടു ഞാന്‍ ചോദിച്ചു, നമുക്ക് പാറയില്‍ പോയി കൂവിയാലോ... കിട്ടിയ മറുപടി ഇവിടെ എഴുതാന്‍ കഴിയില്ല.
അതിരാവിലെ എഴുന്നേറ്റു, തനി പ്രാകൃതന്‍ ആയാണ് ജീവിതം, പ്രഥമിക കൃത്യങ്ങളുടെ കാര്യത്തിലും. വെട്ടം വീഴും മുന്‍പേ പാറക്കൂട്ടങ്ങള്‍ക്ക് മറവില്‍ പോയി കാര്യം" സാധിച്ചു. രാവിലെ കാട്ടിലേക്ക് പുറപ്പെടണം. ചാരിവച്ച മുളവാതിലിലൂടെ തണുപ്പ് അരിച്ചു കയറുന്നു. പ്രകൃതി ഒരുക്കിയ സംഗീതം പോലെ കാട്ടില്‍ ഒട്ടനവധി പക്ഷികളുടെ കലപില. കുഞ്ഞു ജാലകത്തിലൂടെ പുറത്തേക്കു നോക്കി. മല നിരകളില്‍ വെഞ്ചാമരം വീശി നടക്കുന്ന മേഘങ്ങള്‍.
പോണ്ടി എന്ന് വിളിക്കുന്ന മുള കൊണ്ടുള്ള ചങ്ങാടത്തിലായിരുന്നു കാട്ടിലേക്കുള്ള യാത്ര. ഞാനും, സുധീഷും മാത്രമാണ് കാട്ടിലേക്ക് പുറപ്പെട്ടത്. മഞ്ഞിറങ്ങുന്ന താഴ്വരകളിലൂടെ, അലസമായി ഒഴുകുന്ന പുഴയില്‍, തോണി തുഴഞ്ഞുനടന്നു. മുള ചീന്തിഎടുത്ത പങ്കായമാണ് ഞങ്ങള്‍ ഉപയോഗിച്ചത്. തുഴഞ്ഞു തുഴഞ്ഞു ആവേശത്തില്‍ എന്‍റെ പങ്കായം രണ്ടായി ഒടിഞ്ഞു. പക്ഷെ പിന്മാറാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. രണ്ടു കാലുകളും ഇരുവശത്തെക്കും ഇട്ടു കാലുകളും കൈകളും കൊണ്ട് ഞാന്‍ തുഴഞ്ഞു. മലര്‍ന്നു കിടന്നും കമഴ്ന്നു കിടന്നും ഞാന്‍ തുഴഞ്ഞു. സുധീഷ് അതെല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. എനിക്ക് ചുറ്റും ഒരു ലോകം ഉണ്ടെന്നു പോലും മറന്നു ഞാന്‍ അത് ആസ്വദിക്കുകയായിരുന്നു. ഓര്‍മയില്‍ ഒരു വസന്തമുണ്ടെങ്കില്‍ അത് ബാല്യമായിരിക്കും. ബാല്യത്തിലെന്നപോലെ ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ ഞാന്‍ ശരിക്കും അത് ആസ്വദിച്ചു.
കാടിനുള്ളിലേക്ക് മഞ്ഞിറങ്ങിയപ്പോള്‍, മൂടല്‍മഞ്ഞിനെ പുതപ്പാക്കി നടന്നു, നിശ്ചലമായ പുഴയ്ക്കും കനത്ത കാടിനുമിടയിലൂടെയുള്ള കാട്ടുപാതയിലൂടെ ഞങ്ങള്‍ നടന്നു. മൌനം പാലിച്ചു കൊണ്ട് നടന്നാലേ കാടിന്‍റെ സംഗീതം കേള്‍ക്കു..കനത്ത കാടുകള്‍ക്കിടയിലൂടെ പാറകെട്ടില്‍ തട്ടി ഒഴുകി വരുന്ന അരുവികള്‍ ..പ്രകൃതി അതിന്‍റെ വിസ്മയ ജാലകം തുറന്നിട്ടു. ആനത്താരിയിലൂടെയുള്ള സഞ്ചാരം അപകടം നിറഞ്ഞതാണ്. പക്ഷെ വന്യ സൗന്ദര്യത്തിന്‍റെ അവസാന വാക്കാണ് ഒരു കാട്ടാന. കാട്ടാനയെ തേടിയുള്ള യാത വിവരണാതീതമാണ്, അതാണ് യാത്രയുടെ ഭയപെടുത്തുന്ന സൌന്ദര്യവും. യാത്രികന്‍റെ ഭാഗ്യമാണ് ആനയുമായുള്ള മുഖമുഖം. ഈറ്റ കാടുകള്‍ ഒടിയുന്ന ശബ്ദംകേട്ടു അങ്ങോട്ട് മാറി ഒതുങ്ങി നിന്നു, നാല് പേര്‍ അടങ്ങുന്ന കൂട്ടം ഈറ്റ ഭക്ഷിക്കുകയാണ്. ബുക്കില്‍ രേഘപ്പെടുത്തിയശേഷം വീണ്ടും മുന്നോട്ട്, വഴിയില്‍ കാട്ടു പോത്തിന്‍റെയും, പുള്ളി പുലിയുടെയും കാല്പാടുകള്‍. കാല്പാടുകളും, വിസര്‍ജ്യങ്ങളും വരെ ഞങ്ങള്‍ക്ക് രേഘപ്പെടുത്തണമായിരുന്നു.
വനപാതയില്‍ പലയിടത്തും മരത്തില്‍ ചുറ്റി പിടിച്ചു വളരുന്ന പലതരം ഓര്‍ക്കിടുകളും, കൂണുകളും. ഒന്നും തൊട്ടു നോക്കാന്‍ പോലും തോന്നിയില്ല. പ്രകൃതിയുടെതെല്ലാം പ്രകൃതിക്ക്. മൂടല്‍ മഞ്ഞിന്‍റെ നേര്‍ത്ത വിരിപ്പിനപ്പുറം മ്ലാവിന്‍ കൂട്ടങ്ങളെയും കണ്ടു. ഉച്ച ആയതോടെ തിരികെ കുടിലിലേക്ക്. പിന്നെ പോക്കുവെയില്‍ ചായും വരെ വിശ്രമം. സന്ധ്യയുടെ തണുത്ത നിഴല്‍ വീണപ്പോള്‍, വെള്ളാരന്‍ കല്ലുകള്‍ നിറഞ്ഞ തെളിഞ്ഞ ആറ്റില്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കിടന്നു, ആകാശത്തു നക്ഷത്രങ്ങള്‍ പൂക്കുന്നത് വരെ. പരല്‍ മീനുകള്‍ ശരീരത്തില്‍ ഇക്കിളി കൂട്ടി കൊണ്ടിരുന്നു. അവിടെന്നു എഴുനേല്‍ക്കാന്‍ തോന്നിയില്ല. ഇനിയും കിടന്നാല്‍ വേണ്ടപെട്ട അവയവങ്ങള്‍ മീന്‍ കൊണ്ട്പോവും എന്നായിരുന്നു സുധീഷിന്‍റെ കമന്റ്റ്. രാത്രിയില്‍ വീണ്ടു നക്ഷത്രങ്ളെ നോക്കി കൊണ്ട് പാറയില്‍ കിടന്നു. രാത്രി കിടന്നിട്ടും ഉറക്കം വന്നില്ല നാളെ പുറപ്പെടണം. വീണ്ടും തിരക്കിലേക്ക്....അകലെയെന്നോ അരികിലെന്നോ അറിയാന്‍ കഴിയാത്ത ചിന്നം വിളികളാണ് ചുറ്റിലും. പാതി മയക്കത്തില്‍ കിടക്കുമ്പോള്‍ കാട്ടില്‍ ഈറ്റകള്‍ ഒടിയുന്ന ശബ്ദം. ഇതാ ഞങ്ങള്‍ ഇവിടെ തന്നെയുണ്ട് എന്ന് വിളിച്ചു പറയുന്നു.
മൂന്നാം ദിവസം വൈകിട്ട് അഞ്ചു മണിക്ക് ഞങ്ങളെ കൊണ്ട് പോവാനായി വഞ്ചി എത്തും എന്നാണ് അറിയിച്ചിരുന്നത്. പുലര്‍ വേളകളില്‍ തടാകകരയിലൂടെയുള്ള ഈ അലസ സഞ്ചാരം പോലും എത്ര രസകരമാണ്. രണ്ടു ദിവസമായി തനി സസ്യാഹാരി ആണ്. പാറയ്ക്കരികില്‍ നിന്ന് കിട്ടിയ ചെറിയ വലയുടെ ഭാഗവുമായി ഞാന്‍ മീന്‍ പിടിക്കാന്‍ തീരുമാനിച്ചു. മൂന്നു ദിവസത്തെ എന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം സുധീഷിനു ആയതിനാലും, എനിക്ക് നീന്തല്‍ വശമില്ലാത്ത തിനാലും കക്ഷി എന്‍റെ പുറകെ നിഴല്‍ പോലെനടന്നിരുന്നു.
മീന്‍ പിടിക്കുന്ന കാര്യം സുധീഷിനോട് പറഞ്ഞപ്പോള്‍ പരിഹാസമായിരുന്നു മറുപടി . കാര്യമാക്കാതെ ഞാന്‍ വലയുമായി ഇറങ്ങി. പരല്‍ മീനുകള്‍ പുളയുന്ന ആറ്റിന്‍ തീരത്ത് വല വിരിച്ചിട്ടു. നാല് പരല്‍ മീനുകളുമായി ലോകം ജയിച്ച ആഹ്ലദത്തില്‍ ഞാന്‍ അവരുടെ മുന്‍പില്‍ ചെന്നു. പിന്നെ മൂന്നു പേരും കൂടെ പങ്കിട്ടു. വെല്ലുവിളിച്ചു കൊണ്ട് വീണ്ടും മത്സ്യബന്ധനത്തിന് ഇറങ്ങി തിരിച്ചു. മണികൂറുകള്‍ കഴിഞ്ഞിട്ടും ഒന്നിനെ പോലും എനിക്ക് കിട്ടിയില്ല. അല്പം കഴിഞ്ഞപ്പോള്‍ വടിയുമായി സുധീഷ് ആറ്റിന്‍ കരയില്‍ പ്രത്യക്ഷപ്പെട്ടു. കയറി വരാന്‍ പറഞ്ഞെങ്കിലും ഞാന്‍ കൂട്ടാക്കിയില്ല, കക്ഷി കയറി പോവാന്‍ പറയുംതോറും ഞാന്‍ വെള്ളം തെറിപ്പിച്ചു പുള്ളിയുടെ വസ്ത്രങ്ങള്‍ നനച്ചുകൊണ്ടിരുന്നു. അപ്പോളാണ് പുള്ളി പുറകിലേക്ക് നോക്കുവാന്‍ പറഞ്ഞത്. എന്‍റെ വളരെ പുറകിലായി രണ്ടു നീര്‍നായകള്‍ കരയിലേക്കു നീന്തിവരുന്നതാണ് ഞാന്‍ കണ്ടത്. വലയും വലിച്ചെറിഞ്ഞു ഞാന്‍ കരയിലേക്ക് പാഞ്ഞു. ഓടുന്നതിനിടയില്‍ കയ്യിലെ വടിയുടെ ചൂട് പിന്‍ഭാഗത്ത് അറിഞ്ഞു.
പറഞ്ഞിരുന്നതിലും നേരത്തെ ഉച്ചയോടെ തന്നെ വഞ്ചി എത്തി. മൂന്ന് ദിവസം കടന്നു പോയത് അറിഞ്ഞില്ല. ബാഗും തയ്യാറാക്കി, വഞ്ചിയില്‍ കയറി. ഓളങ്ങള്‍ക്കുമേല്‍ ഉലഞ്ഞും ചെരിഞ്ഞും വഞ്ചി നീങ്ങി. അപൂവ്വമാണ് ഇത് പോലെയുള്ള യാത്രകള്‍. ഞാന്‍ ആലോചിച്ചു, എന്നായിരിക്കും ഇനി ഇതുപോലൊരു യാത്ര?തിരക്കുകള്‍ക്കെതിരെ തുഴ എറിയാന്‍ ആഗ്രഹിക്കുന്നുമ്പോള്‍ പലപ്പോഴും പരാജയപെടുകയാണ്പതിവ്.തിരികെ ഫോറെസ്റ്റ്ഓഫീസില്‍ചെന്ന് റിപ്പോര്‍ട്ട്‌ചെയ്തു.
സുധീഷിനോട് യാത്ര പറയാന്‍ കഴിയുമായിരുന്നില്ല.മൂന്നു ദിവസം ഊണിലും , ഉറക്കത്തിലും നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്നു, ഒരു സുഹൃത്തിനെ പോലെ, സഹോദരനെ പോലെ.
യാത്രകളും സൌഹൃദങ്ങളും ആണ് എന്‍റെ ഊര്‍ജ്ജം. ഇവയില്ലാതെ ഞാനില്ല. . ഇനി കാണുമോ എന്നറിയില്ല. കാലത്തിനു മാറ്റാന്‍ കഴിയാത്തതായി ഒന്നുമില്ല , ഒരു പക്ഷെ ഈ മുഖവും, കാടുകളും കാലം എന്നില്‍ നിന്നും മായ്ക്കുമായിരിക്കും. എന്നിരുന്നാലും അത് വരെ, ഓര്‍മ്മ ചെപ്പില്‍ സൂക്ഷിക്കാന്‍ കുറെ നല്ല നിമിഷങ്ങള്‍ നല്‍കിയ സുഹൃത്തിന് നന്ദി. ബാഗുമായി ജീപ്പില്‍ കയറി പുറപ്പെട്ടപ്പോള്‍, വാഹനത്തിന്‍റെ ചില്ലിലൂടെ ഞാന്‍ കണ്ടു, പിറകില്‍ യാത്ര പറയാനായി പടിക്കല്‍ വരെ വന്നു നില്‍ക്കുന്ന സുഹൃത്തിനെ, ഞാന്‍ തിരിഞ്ഞു നോക്കിയില്ല, നോക്കിയിരുന്നെങ്കിലും ഈറന്‍ മിഴിയില്‍ ഉരുണ്ടു കൂടിയ നീര്‍ത്തുള്ളികള്‍ എന്‍റെ കാഴ്ചയെ മറയ്ക്കുമായിരുന്നു.
സുധീഷിനോട് യാത്ര പറയാന്‍ കഴിയുമായിരുന്നില്ല.മൂന്നു ദിവസം ഊണിലും , ഉറക്കത്തിലും നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്നു, ഒരു സുഹൃത്തിനെ പോലെ, സഹോദരനെ പോലെ.
യാത്രകളും സൌഹൃദങ്ങളും ആണ് എന്‍റെ ഊര്‍ജ്ജം. ഇവയില്ലാതെ ഞാനില്ല. . ഇനി കാണുമോ എന്നറിയില്ല. കാലത്തിനു മാറ്റാന്‍ കഴിയാത്തതായി ഒന്നുമില്ല , ഒരു പക്ഷെ ഈ മുഖവും, കാടുകളും കാലം എന്നില്‍ നിന്നും മായ്ക്കുമായിരിക്കും. എന്നിരുന്നാലും അത് വരെ, ഓര്‍മ്മ ചെപ്പില്‍ സൂക്ഷിക്കാന്‍ കുറെ നല്ല നിമിഷങ്ങള്‍ നല്‍കിയ സുഹൃത്തിന് നന്ദി. ബാഗുമായി ജീപ്പില്‍ കയറി പുറപ്പെട്ടപ്പോള്‍, വാഹനത്തിന്‍റെ ചില്ലിലൂടെ ഞാന്‍ കണ്ടു, പിറകില്‍ യാത്ര പറയാനായി പടിക്കല്‍ വരെ വന്നു നില്‍ക്കുന്ന സുഹൃത്തിനെ, ഞാന്‍ തിരിഞ്ഞു നോക്കിയില്ല, നോക്കിയിരുന്നെങ്കിലും ഈറന്‍ മിഴിയില്‍ ഉരുണ്ടു കൂടിയ നീര്‍ത്തുള്ളികള്‍ എന്‍റെ കാഴ്ചയെ മറയ്ക്കുമായിരുന്നു.









This comment has been removed by the author.
ReplyDeleteMachu....... Super ayittund.......
ReplyDeletekollam..........................
ReplyDelete