നിശബ്ദ താഴ്വരയുടെ വിശുദ്ധിയില്‍.....
എന്നും പച്ച പുതച്ചു നില്ക്കുന്ന മഴകാടുകളുടെ മായാജാലം, കന്യാവനങ്ങളുടെ വിശുദ്ധിയാര്‍ന്ന നിശബ്ദ താഴ്വര അതാണ് സൈലന്റ് വാലി. നിബിഡവും വന്യവുമായ പച്ചപ്പിലൂടെ ഈ മഴക്കാടുകള്‍ നമ്മെ മോഹിപ്പിക്കുന്നു. ആര്‍ദ്രമായ മഴക്കാടുകളെ അടുത്തറിയാന്‍, ജൈവ വ്യവിധ്യത്തിന്റെ അപാരത അനുഭവിച്ചറിയാന്‍ ഞങ്ങളുടെ എട്ടംഗ സംഘം യാത്രയായി.
പാലക്കാട് നിന്നും എണ്പതു കിലോമീറ്റര്‍ അകലെയുള്ള സൈലന്റ് വാലിയിലേക്കുള്ള യാത്ര തന്നെ ദൈര്‍ഘ്യമേറിയതായിരുന്നു. എറണാകുളത്തു നിന്നും ഷോര്‍ണൂര്‍ വഴി പെരിന്തല്‍മണ്ണയിലേക്ക് ട്രെയിനില്‍, തുടര്‍ന്ന് ബസില്‍ മണ്ണാര്‍ക്കാടെക്ക്. അവിടെന്നു അട്ടപ്പാടിയിലെക്കുള്ള ബസില്‍ കയറി സൈലന്റ്വാലിയുടെ പ്രവേശന കവാടമായ മുക്കാലിയില്‍ ഇറങ്ങി. കാടിന്റെ നനുത്ത തണുപ്പില്‍, വളഞ്ഞു പുളഞ്ഞു പോവുന്ന ചുരം റോഡ് പകരുന്ന ആവേശം ചെറുതല്ല. കാട്ടുവള്ളികള്‍ തൂങ്ങി നില്ക്കുന്ന വന്മരങ്ങള് , പകരുന്ന കാടിന്റെ വശ്യ ഭംഗി സഞ്ചാരികളെ വിസ്മയിപ്പിക്കും. അതിരാവിലെ എറണാകുളത്തു നിന്നും തിരിച്ച ഞങ്ങള്‍ വൈകുന്നേരമായതോടെ മുക്കാലിയില്‍ എത്തി ചേര്‍ന്നു. സൈലന്റ് വാലിയിലേക്കുള്ള സന്ദര്‍ശനത്തിന് മുക്കാലിയില്‍ ഉള്ള അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. പിറ്റേന്ന് രാവിലെയുള്ള ട്രെക്കിംഗ് ബുക്ക് ചെയ്തിരുന്ന ഞങ്ങള്‍ ഒരു ദിവത്തെ താമസവും ബുക്ക് ചെയ്തിരുന്നു. കുന്തി പുഴയുടെ തീരത്തുള്ള നാല് നില കെട്ടിടത്തില്‍ ഏറ്റവും മുകളിലെ നില ഞങ്ങള്‍ക്കായി മാറ്റി വച്ചിരുന്നു.
കാടിനോട്പറ്റിചേര്ന്നു കിടക്കുന്ന കെട്ടിടത്തിനു ചുറ്റും, ഇടതൂര്‍ന്നു നില്ക്കുന്ന മരങ്ങള്‍ മനസ്സിലേക്ക് കുളിര് കോരിയിട്ടു. ബാഗെല്ലാം റൂമില്‍ വച്ച് ബാല്കണിയിലേക്ക് ഇറങ്ങിയപ്പോള്‍, വിശാലമായ മുറ്റത്തിനപ്പുറം കളകളാരവം പൊഴിച്ച് കുന്തിപുഴ ഒഴുകുന്നു. പേരക്കയും മാങ്ങയും മറ്റു പഴങ്ങളും നിറഞ്ഞു നില്ക്കുന്ന മരങ്ങള്‍ കണ്ടാല്‍ അവയെല്ലാം പക്ഷികള്‍ക്ക് വേണ്ടി മാത്രമായി നട്ടു വളര്ത്തിയിരിക്കുവാണെന്നേ തോന്നു.
കാപ്പി കുടിച്ച ശേഷം പുറത്തിറങ്ങി. മുറ്റത്തെ തിങ്ങി വളര്‍ന്നു നില്ക്കുന്ന മരങ്ങളില്‍ നിറയെ പക്ഷികളും കുരങ്ങന്മാരും. മുറ്റം അവസാനിക്കുന്നത് പുഴയില്‍ ആണ്. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പുഴയില്‍ അടിത്തട്ടു കാണും വിധം തെളിഞ്ഞ വെള്ളമായിരുന്നു. ചതികുഴികള്‍ ഇല്ലെന്നു ഉറപ്പു വരുത്തി, കൈകള്‍ കോര്‍ത്തു നിര നിരയായി പുഴയുടെ അക്കരെ ചെന്നു. നീരൊഴുക്കില്‍ കാടിന്റെ തണുപ്പ് തൊട്ടറിയാം. മഞ്ഞിന്റെ കുളിരുള്ള ജലത്തില്‍ കാല് തൊട്ടതോടെ യാത്രയുടെ ക്ഷീണമെല്ലാം വെള്ളത്തോടൊപ്പം ഒഴുകി പോയി. പുഴയുടെ വന്യമായ സൌന്ദര്യം ആരെയും ആകര്‍ഷിക്കും. മനുഷ്യ സ്പര്ശമേല്ക്കാതെ 25 കിലോമീറ്റെരോളം കുന്തി പുഴ ഒഴുകുന്നത് സൈലന്റ് വാലിയിലൂടെ ആണ്. മഴക്കാടുകളിലൂടെ ഒലിച്ചിറങ്ങുന്ന നൂറുകണക്കിന് അരുവികള്‍ ചേര്‍ന്നാണ് കുന്തി പുഴ ജനിക്കുനത്. പുഴയിലെ തെളിഞ്ഞ വെള്ളത്തില്‍ കിടന്നു, പുഴയുടെ ഇരു കരയിലുമുള്ള മരങ്ങളില്‍, കാട്ടു വള്ളികളില്‍ തൂങ്ങിയാടുന്ന കുരങ്ങന്മാര് ഇടയ്ക്ക് ഞങ്ങളുടെ കുളി സീന്‍ നോക്കിയിരുന്നത് ഒഴിച്ചാല്‍ അവിടെ മറ്റാരും തന്നെ ഉണ്ടായിരുനില്ല. കറുത്ത നിഴല്‍ വീണ ആകാശത്തു അസംഘ്യം തിരികള്‍ തെളിയുന്നത് വരെ ഞങ്ങള്‍ തെളിഞ്ഞ നീറ്റില്‍ കിടന്നു. കാട്ടു വഴികള്‍ ഇരുട്ടിന്റെ മുഖം മൂടി അണിഞ്ഞു തുടങ്ങി. ചുറ്റിലും നിഗൂഡമായ വന നിശബ്ദത. നിലാവിന്റെ നിഴല്പാടുകളിലൂടെ കൈകള്‍ കോര്‍ത്തു, വീണ്ടും പുഴ കടന്നു. അത്താഴം കഴിച്ചതിനു ശേഷം ടെറസ്സില്‍ കിടക്കവേ കണ്ടു, ചാഞ്ഞു കിടന്ന മാവില്‍, നിലാവില് തിളങ്ങുന്ന മാമ്പഴങ്ങള്‍. മാവിനോടു മാത്രം അനുവാദം ചോദിച്ചു, പറിച്ചെടുത്തു കഴിച്ചു. തണുപ്പ് വീണു തുടങ്ങിയിരിക്കുന്നു, സുഖകരമായ ഒരാലസ്യവും. നിരത്തിയിട്ട കട്ടിലില്‍ ഏവരും ഒരുമിച്ചു ചുരുണ്ട് കൂടി.
സൂര്യനുദിക്കും മുന്‍പേ ഉണര്‍ന്നു, പുലര്‍ച്ചെ കിളികളാണ് വിളിച്ചുണര്‍ത്തിയത്. ഓരോ കപ്പ് ചായയുമായി ഞാനും ഉണ്ണിയും പുഴവക്കില്‍ ചെന്നിരുന്നു.
മറ്റുള്ളവര്‍ ഉണര്‍ന്നിട്ടില്ല. മരകൊമ്പുകളില്‍ കിളികളുടെ കലപില. ദൂരെ മലകള്‍ക്കപ്പുറത്ത് ഉഷസ്സുണര്‍ന്നു വരുന്നു. ക്രമേണ ചുവപ്പ് പടര്‍ന്നു കയറി. വെയിലിന്റെ നിറം പുഴയില്‍ വീഴുനത് കണ്ടു നില്ക്കുക സുഖകരമായ അനുഭൂതിയാണ്. തെളിഞ്ഞ നീറ്റിലെ ഉരുളന്‍ കല്ലുകള്‍ സ്വര്‍ണ്ണ നിറത്തില്‍ വെട്ടി തിളങ്ങുന്നു.
ചായ കുടിച്ച ശേഷം വെറുതെ നടക്കാനിറങ്ങി, അപ്പോഴേക്കും മറ്റുള്ളവരും എത്തിയിരുന്നു.പുലര്‍വേളകളിലെ അലസമായ നടത്തത്തിനു പോലും എന്ത് രസമാണ്. കോടമഞ്ഞ് ഞങ്ങളെ വലയം ചെയ്തു. മുട്ടിയുരുമുന്ന കോടമഞ്ഞിന്റെ തലോടലേറ്റു കുറെ ദൂരം നടന്നു, വഴിയില്‍ കരിമ്പടം പുതച്ചു നീങ്ങുന്ന ആദിവാസികള്‍. മഞ്ഞു മൂടിയ വഴികളിലൂടെ പ്രത്യെകിച്ചു ലകഷ്യങ്ങളൊന്നുമില്ലാതെ അലഞ്ഞു.
എട്ടു മണിയായതോടെ ഞങ്ങള്‍ക്ക് വേണ്ടി പറഞ്ഞു വച്ചിരുന്ന ജീപ്പ് എത്തി. അടുത്തുതന്നെയുള്ള ആദിവാസി യുവാവാണ് ഡ്രൈവര്‍, ഗൈഡ്ന്റെ റോളും കക്ഷി തന്നെ ആണ് കൈകാര്യം ചെയ്യുന്നത്. മുക്കാലിയില്‍ നിന്നും 14 കിലോമീറെര്‍ വനയാത്രയാണ് അനുവദനീയം. സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. വനം വകുപ്പിന്റെ വാഹങ്ങള്‍ മാത്രമേ കാടിനകത്തേക്ക് കയറ്റി വിടൂ. എട്ടു മണിയോടെ ഞങ്ങള്‍ പുറപെട്ടു. റോഡിന്റെ ഇരുഭാഗത്തും നിബിഡ വനമാണ്. വഴിയിലെ കാട്ടു ചോലകള്‍ പ്രകൃതി ദൃശ്യങ്ങള്‍ക്ക് ഭംഗി കൂട്ടുന്നവയാണ്. യാത്രയില്‍ പലയിടത്തും നിര്‍ത്തി, മഞ്ഞിന്റെ കുളിരുള്ള, ചോലയില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം കുടിച്ചു. മര കൊമ്പുകളില്‍ സാന്നിധ്യം അറിയിച്ചു കൊണ്ട് സിംഹവാലന്‍ കുരങ്ങുകള്‍. ഇടയ്ക്ക് കുറെ ദൂരം ചെന്നപ്പോള്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി, അടുത്തുള്ള മരത്തിലേക്ക് കൈ ചൂണ്ടി. മലയണ്ണാന് ആണ്, തിടുക്കത്തില്‍ എന്തോ പഴം കഴിച്ചു കൊണ്ടിരുന്ന അവന് , ഇടയ്ക്ക് ഞങ്ങളെ പാളി നോക്കി, പിന്നെയും ഭക്ഷണം തുടര്‍ന്നു. പൂച്ചയുടെ വലുപ്പമുള്ള കക്ഷി ചുവപ്പും കറുപ്പും നിറം കലര്‍ന്നതാണ്. സിംഹവാലന്‍ കുരങ്ങിനെയും, മലയണ്ണാനെയും കൂടാതെ കരിങ്കുരങ്ങ്, കടുവ, പുള്ളിപുലി, വരയാട്, വെരുക്, കാടുപൂച്ച, മരപ്പട്ടി തുടങ്ങിയ 315 ജീവികളെ ഇവിടെ കണ്ടെത്തിയിടുണ്ട്. ഭാഗ്യമുണ്ടെങ്കില്‍ വഴിയില്‍ ഏതു നിമിഷവും അവയെ മുഖാമുഖം കാണാം.
മഴക്കാടുകളിലൂടെയുള്ള യാത്ര വിവരണാതീതമാണ്. വര്‍ഷം മുഴുവന്‍ ജലം നല്കുന്ന പ്രകൃതിയുടെ ജല സംഭരണികളാണ് ഈ മഴക്കാടുകള്‍. ചീവിടുകളുടെ ശബ്ദമില്ല എന്നതിനാല്‍ ആണ് ഇംഗ്ലീഷുകാര്‍ ഈ മഴ ക്കാടുകള്ക്ക് "സൈലന്റ് വാലി" എന്ന പേര് നല്‍കിയത്. സൈലന്റ്വാലിയിലെ ഉള്‍ക്കാടുകളില്‍ നിശബ്ദത ഇപ്പോഴും തൊട്ടറിയാവുന്ന അനുഭവമാണ്. അത്രമേല്‍ അഗാധമായ അനുഭവമാണ് ഈ നിശബ്ദ താഴ്വര നമുക്കായി കാത്തുസൂക്ഷികുന്നത്. പുറം പ്രദേശത്ത് ചീവിടുകള്‍ കയടക്കി തുടങ്ങിയിടുണ്ട്.
കാടിന് നടുവിലെ വാച്ച് ടവറില്‍ എത്തി. ആകാശത്തെക്ക് ഉയര്‍ന്നു നില്ക്കുന്ന വാച്ച് ടവറില്‍ കയറിയാല്‍ ഇരുണ്ട മഴക്കടുകള്‍ക്ക് അപ്പുറം, വെണ്മേഘങ്ങള് പുതച്ചു ഇനിയും ഉണരാന്‍ മടിച്ചു കിടക്കുന്ന സഹ്യ സാനുക്കള്‍ കാണാം. ശക്തിയേറിയ കാറ്റില്‍ വാച്ച് ടവര്‍ ഇളകി ആടിയപ്പോള്‍ അല്പം ഭയം തോന്നാതിരുന്നില്ല. വാച്ച് ടവറില്‍ നിന്നും ഇറങ്ങി വീണ്ടും കാട്ടിലൂടെ നടന്നു. പലയിടത്തും ആനപിണ്ടങ്ങള്‍ കണ്ടു. ഒടുവില്‍ തൂക്കു പാലത്തിനു സമീപം എത്തി വിശ്രമിച്ചു. താഴെ കന്യകയുടെ വിശുദ്ധിയുമായി കുന്തി പുഴ ഒഴുകുന്നു.
ഒന്നു കാതോര്‍ത്താല്‍ ഈ കാടുകള്‍ നമ്മോടു കഥ പറയും, അണ കെട്ടി ഒരു കാടിനെ മുക്കി കൊല്ലാനുള്ള തീരുമാനം പരാജയപെടുത്തിയ കഥ. ഭാവി തലമുറയുടെ പുണ്യം കൂടി ആയിരിക്കണം ഈ മഴക്കാടുകള്‍, അല്ലെങ്കില്‍ ഒരു പക്ഷെ മറ്റു പലയിടത്തും കാണുന്ന പോലെ ആകാശത്തേക്ക് ഉയര്‍ത്തി പിടിച്ച കൈകളുമായി, വെറും അസ്ഥിപഞ്ചരങ്ങളായി മാറുമായിരുന്നു ഇവയും. സാഹിത്യ സാംസ്കാരിക നായകര്‍ മുതല്‍ സാധാരക്കാര് വരെയുള്ള പലരുടെയും ചെറുത്തു നില്‍പ്പിന്റെ ഫലമാണ് ഈ മഴക്കാടുകള്‍. അല്ല,മനുഷ്യരിലൂടെ കാടിന് സംസാരിക്കാന്‍ കഴിയുംഎന്ന് തെളിയിക്കുകയായിരുന്നു ഇവ.
മനുഷ്യരുടെ ആര്‍ത്തിയുടെ കയ്യേറ്റങ്ങള്‍ ഒരിക്കലും ഈ താഴ്വരകളിലേക്ക് എത്തല്ലേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്, ജൈവവ്യവിധ്യത്തിന്റെ അപൂര്‍വ്വ കലവറയായ ഈ പച്ച തുരുത്ത് കാത്തു സൂക്ഷികേണ്ടത് നമ്മുടെ കൂടെ കടമയാണ് എന്ന് മനസ്സിലുറപ്പിച്ചുകൊണ്ട്, പുഴയ്ക്കും കാടിനുമിടയിലുള്ള കാട്ടുവഴിയിലൂടെ നടന്നു. ഇളവെയിലില്‍ തിളങ്ങുന്ന താഴ്വരകള്‍. വെയില് വളര്‍ന്നു തുടങ്ങുമ്പോഴേക്കും മടങ്ങാന്‍ നേരമായി. ഉച്ച കഴിഞ്ഞതോടെ റൂമില്‍ തിരിച്ചെത്തി.
ഇനി മലയിറക്കമാണ്, അനിവാര്യമായ മടക്കം. പോക്കുവെയില്‍ ചാഞ്ഞു തുടങ്ങി. കാടിന്റെ തണുപ്പ് മൂക്കിലൂടെ അരിച്ചു കയറുന്നു. നിരങ്ങി നിരങ്ങി മലയിറങ്ങുന്ന ബസില്‍ നിരവധി യാത്രക്കാര്‍. എവിടെ നിന്നോ പുറപെട്ടു എങ്ങോട്ടോ പോവുന്നവര്‍, അവരില്‍ ഒരാളായി ഞാനും.....














avaachyam.... avarnaneeyam......
ReplyDeletehoo etra stalatha ningal ingane pokunnath... asooya tonunu
ReplyDeleteVery nice daaaaaaaaa
ReplyDeleteഅന്നത്തെ യാത്രയുടെ സുഘം ഒന്ന്ക്കൂടി അനുഭവിച്ചപോലെ..
ReplyDeleteBeautifully written travelogue......
ReplyDelete