പ്രകൃതിയുടെ ആത്മാവ് തേടി ഒരു യാത്ര...

 എന്‍റെ യാത്രകളോരോന്നും പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ്. അത്കൊണ്ടു തന്നെ അവയോരോന്നും അത്രമേല്‍ എനിക്ക് പ്രിയപെട്ടതുമാണ്. ദൂരങ്ങളില്‍ നിന്നും ദൂരങ്ങളിലേക്ക് പോവുമ്പോള്‍ കണ്ടതിനെക്കാള്‍ മനോഹരമാണ് ഇവയെന്ന് തോന്നും. പല തവണ മാറ്റി വയ്ക്കപെട്ട യാത്രയായിരുന്നു, വണ്ടിപെരിയാറിലേക്ക്. സാഗറിന്‍റെ എട്ടന് (ഹാരിസണ്‍ മലയാളം കമ്പനിയുടെ അസി. മാനേജര്‍ ആണ് "പ്രശസ്ഥ  സാഗര്‍ ) വയനാട് നിന്നും വണ്ടിപെരിയാറിലേക്ക് സ്ഥലമാറ്റം ലഭിച്ചു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ തീരുമാനിച്ചതാണ്.  തീരുമാനിച്ചുറപ്പിച്ച പലരും അവസാന നിമിഷം ഒഴിവായെങ്കിലും, ഞാനും, സാഗറും, അനൂപും വണ്ടിപെരിയാറിലേക്ക് പുറപെടാന്‍ തീരുമാനിച്ചു.

ശനിയാഴ്ച രാവിലെ എറണാകുളത്തു നിന്നും കോട്ടയം വഴി കുമളിയിലേക്കുള്ള ബസില്‍ കയറി. രാവിലെ 6.15 നു പുറപെടുന ബസ്‌ 5  മണികൂര്‍ കൊണ്ടു വണ്ടിപെരിയാര്‍ എത്തിച്ചേരും. തലേന്നത്തെ രാത്രി ജോലിയും കഴിഞ്ഞാണ് വണ്ടി കയറിയെന്നതിനാല്‍ മൂന്നുപേരും ഉറക്കത്തിന്‍റെ ആലസ്യത്തിലായിരുന്നു. മുണ്ടക്കയം കഴിഞ്ഞാല്‍ പിന്നെ കയറ്റമാണ്. നട്ടുച്ചയ്ക്കും കാടിന്‍റെ പച്ചപ്പ്‌ കുളിര്‍ തരും. പാതിമയക്കതിലായിരുന്ന ഞാന്‍ കാടിന്‍റെ മായകാഴ്ച്ചകളിലേക്ക് കണ്‍തുറന്നു.  ചുരം പാതയിലൂടെ നിരങ്ങി നിരങ്ങി കയറുകയാണ്,  താഴെ കാടിന്‍റെ  സ്വച്ഛതയും, ദൂരെ മേഘങ്ങള്‍ മുട്ടി ഉരുമ്മി നില്ക്കുന്ന മല നിരകളും കാണാം.  11.30 നു മുന്പായി ഞങ്ങള്‍ വണ്ടിപെരിയാറില്‍ എത്തി. സാമാന്യം വലുതും, തിരക്കുള്ളതും, എടുത്തു പറയത്തക്ക  പ്രത്യേകതകള്‍ ഇല്ലാത്തതുമായ പട്ടണമാണ്.  മാസങ്ങള്‍ക്ക് മുന്‍പ് കേരളത്തെ ഇളക്കി മറിച്ച ഈ പ്രദേശം  "അണപൊട്ടുന്നതുപോലെ" ആളുകളുടെ ആവേശം ചോര്‍ന്നപ്പോള്‍ വിസ്മൃതിയിലായി. വണ്ടിപെരിയാരില്‍ നിന്നും 6 കി.മി. മുകളിലുള്ള  വാലാര്‍ടി   എന്ന ഗ്രാമത്തിലെക്കാണ്‌ ഞങ്ങള്‍ക്ക് പോവേണ്ടത്. ഓട്ടോയില്‍ വാലാര്‍ടിയിലേക്ക്, തേയില തോട്ടങ്ങള്‍ക്ക് നടുവിലൂടെ വളഞ്ഞു പുളഞ്ഞു പോവുന്ന റോഡ്‌ തീരെ മോശമായിരുന്നു. കുന്നിന്‍റെ നെറുകിലാണ് മാനേജരുടെ ബംഗ്ലാവ്. മുകളിലേക്കുള്ള വഴി അവസാനികുന്നതും ബംഗ്ലാവിന്‍റെ മുന്‍പില്‍ തന്നെ. വലിയ സൌകര്യങ്ങളുള്ള മനോഹരമായ ബംഗ്ലാവ്.

തണുത്തുറഞ്ഞ ജലം ശരീരത്തില്‍ വീണപ്പോള്‍ തന്നെ യാത്ര ക്ഷീണം പമ്പ കടന്നു. കുളികഴിഞ്ഞപ്പോഴേക്കും ഊണ് തയ്യാറായിരുന്നു. സാഗറിന്‍റെ ഏട്ടനെ കൂടാതെ പാചകത്തിനായി മുരുകന്‍ എന്ന ഒരു സഹായി മാത്രമാണ് അവിടെ താമസം. മുരുകന്‍ തമിഴ്നാട്‌ സ്വദേശി ആണെങ്കിലും വര്‍ഷങ്ങളായി കേരളത്തില്‍ ആണ് താമസം. ഊണ് കഴിഞ്ഞു കുറച്ചു സമയം വിശ്രമിക്കാം എന്ന് കരുതിയാണ് മുറിയിലേക്ക് കയറിയത്. ബംഗ്ലാവിന്‍റെ പിന്‍വശത്തേക്ക്  തുറക്കുന്ന ജനല്‍ തുറന്നപ്പോള്‍, മരങ്ങളുടെ കുളിര്‍മ. അടുക്കളയ്ക്ക് സമീപമുള്ള കൃഷിത്തോട്ടം കാണാം. തട്ട് തട്ടായി തിരിച്ചിരിക്കുന്ന കൃഷിയിടത്തില്‍ കാരറ്റും, കാബേജും, ക്വാളിഫ്ലവരും, ചീരയും ഉള്‍പെടെ പച്ചക്കറികള്‍ പലതും കൃഷി ചെയ്തിരിക്കുന്നു. ഇവര്‍ക്കാവശ്യമുള്ള പച്ചക്കറികള്‍ ഇവിടെ തന്നെ ഉല്‍പാദിപ്പിക്കുകയാണത്രെ. മാനെജേരുടെ തിരക്കിനിടയിലും  തന്‍റെ ഉള്ളില്‍ മികച്ച ഒരു കര്‍ഷകന്‍ ഉണ്ടെന്നു   തെളിയിക്കുകയാണ് പ്രശസ്ഥ  സാഗര്‍. ഉറക്കമുപെക്ഷിച്ചു പുറത്തിറങ്ങി. പൂച്ചെടികള്‍ നിറഞ്ഞ മുറ്റത്തിന് അതിരിടുന്നത് പൈന്‍ മരങ്ങളാണ്. അവയ്ക്ക് സമീപം നിന്ന് നോക്കിയാല്‍ താഴെ ഗ്രാമം മുഴുവന്‍ കാണാം, കുന്നിന്‍ ചെരിവില്‍ തീപെട്ടി കൂടുകള്‍ പോലെ കൊച്ചു കൊച്ചു വീടുകള്‍. ദൂരെ തരംഗങ്ങള്‍ പോലെ കാണുന്ന മലകളുടെ താഴ്വാരം വരെ നീളുന്ന വീടുകള്‍. ബംഗ്ലാവിനു മുന്‍പില്‍ യുക്യലിപസ് മരങ്ങളുടെ കൂട്ടം. പോക്കുവെയില്‍ ചാഞ്ഞതോടെ കാറ്റ് തണുപ്പിന്‍റെ ആവരണം അണിഞ്ഞു തുടങ്ങി. താഴെ കുന്നിന്‍ ചെരിവിലേക്ക് നടക്കാനായി ഞങ്ങള്‍ തീരുമാനിച്ചു. ദൂരെ മലമുകളില്‍ നിന്നും കോടമഞ്ഞ്‌ താഴേക്ക്‌ ഒഴുകുണ്ടായിരുന്നു. താഴേക്ക്‌ നടക്കുന്നതിനിടയിലാണ് അടുത്തുള്ള പരുന്തുംപാറ " എന്ന സ്ഥലെത്തെക്ക് പോയാലോ എന്ന ചിന്ത  വന്നത്, പിന്നെ കൂടുതലോനും  ആലോചിച്ചില്ല,  പലരോടും വഴി ചോദിച്ചു,  ബസിലും ഓട്ടോയിലുമായി സ്ഥലത്തെത്തി. വണ്ടിപെരിയാര്‍ നിന്നും അരമണിക്കൂര്‍ ബസില്‍ സഞ്ചരികണം പരുന്തുംപാറയില്‍ എത്താന്‍. ബസ് ഇറങ്ങിയ ശേഷം 6 കി.മി.  കയറ്റമാണ്, സ്വകാര്യ വാഹനങ്ങള്‍ മാത്രമേ പോവു, ഞങ്ങള്‍ ഓട്ടോയില്‍ പുറപെട്ടു. മടങ്ങി പോവാന്‍ ഓട്ടോയല്ലാതെ മറ്റു വാഹനങ്ങള്‍ കിട്ടുവാന്‍ സാധ്യത ഇല്ല, മൊബൈല്‍ നമ്പര്‍ തന്ന ശേഷം ഡ്രൈവര്‍ മടങ്ങി. 6 മണിക്ക് മുന്‍പ് മടങ്ങിയില്ലെങ്കില്‍ യാത്ര ബുദ്ധിമുട്ട് ആവും എന്ന് ഡ്രൈവര്‍ മുന്നറിയിപ്പു നല്‍കി, 6 മണിക്ക് ശേഷം വഴിയില്‍ കോട ഇറങ്ങും, പിന്നെ വാഹനം ഓടിക്കാന്‍ കഴിയാത്ത വിധം വഴി മൂടി പോവുമത്രേ!!!.

ചെറിയ ചെറിയ മൊട്ടകുന്നുകളും വലിയ മലകളും ഉള്‍പെട്ടതാണ് പരുന്തുംപാറ. മേഘങ്ങളോടു കഥ പറഞ്ഞു നില്‍ക്കുന്ന കുന്നുകളാണ് പരുന്തുംപാറയുടെ  പ്രത്യേകത.  കുന്നിന്‍ ചെരിവില്‍ ഒരേ ഒരു തട്ടുകട മാത്രമാണ് ഉള്ളത്, കാര്യമായി ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. കടയില്‍ നിന്നും ആവിപറക്കുന്ന ഓംലെറ്റും കട്ടന്‍ ചായയും കഴിച്ച ശേഷം പുറത്തിറങ്ങി. കാറ്റിനു തണുപ്പേറി വരുന്നു. കൈകള്‍ കോര്‍ത്തു കുന്നിന്‍ മുകളിലേക്ക് ഓടി കയറി. മുകളില്‍ കയറിയാല്‍ ചുറ്റും അലമാലകള്‍ പോലെ മലനിരകള്‍. മേഘങ്ങള്‍ നമുക്ക് താഴെ. കാടില്ല, പുല്‍മേടുകള്‍ മാത്രം. താഴ്വാരങ്ങളില്‍ ഉറങ്ങുന്ന കോടമഞ്ഞ്‌ മാറിയാല്‍ താഴെയുള്ള ഗ്രാമങ്ങള്‍ കാണാം.  മഴക്കാലത്ത് പച്ച പട്ടുപുതച്ചു കിടക്കുന്ന മലനിരകള്‍,  വേനലിന്‍റെ കാഠിന്യം മൂലം ഉണങ്ങി തുടങ്ങിയിരിക്കുന്നു. എന്നിരുന്നാലും അവശേഷിക്കുന്ന പ്രതീക്ഷയുടെ ബാക്കിപത്രം  പോലെ ചിലയിടത്തെങ്കിലും പച്ചപ്പ്‌ കാണാം. 5 മണി കഴിഞ്ഞപ്പോളെക്കും കാറ്റിനൊപ്പം കോടമഞ്ഞും തഴുകാന്‍ തുടങ്ങി. കുന്നിന്‍ മുകളില്‍ ഞങ്ങള്‍ക്ക് കൂട്ടായി ഒരു വാനരനും, കയ്യിലിരുന്ന സ്നാക്ക്സ് നീട്ടിയപ്പോള്‍ സന്തോഷത്തോടെ ക്യാമറയ്ക്ക് പോസ് ചെയ്തുതന്നു. കോടമഞ്ഞ്‌ നിറഞ്ഞ വാത്സല്യത്തോടെ നെറുകയില്‍ തലോടാന്‍ തുടങ്ങി,  മേഘശകലങ്ങള്‍ തിരകിട്ടു പായുകയാണ്, തൊട്ടുരുമ്മി നീങ്ങുന്ന മേഘങ്ങളേ നോക്കി മലമുകളില്‍ മലര്‍ന്നു കിടന്നു.


ഡ്രൈവറുടെ മുന്നറിയിപ്പ് ഓര്‍ത്തു കൊണ്ടു മലയിറങ്ങാന്‍ തീരുമാനിച്ചു.  നമ്പറിലേക്ക് വിളിച്ചു, 10  മിനിറ്റിനുള്ളില്‍ കക്ഷി എത്തി.  വണ്ടിയിലിരുന്നു തിരിഞ്ഞു നോക്കി, ഒരിക്കല്‍ കൂടി കോടമഞ്ഞിന്‍റെ  തലോടലേറ്റ്,ആ കുന്നുകള്‍ ഓടി കയറണമെന്നുണ്ടായിരുന്നു. തിരികെ ബംഗ്ലാവില്‍ എത്തിയപോഴേക്കും 7 മണി കഴിഞ്ഞിരുന്നു. സാഗറിന്‍റെ ഏട്ടന്‍ ക്യാമ്പ്‌ ഫയറിനുള്ള വിറകുകള്‍ മുറ്റത്ത്‌  തയ്യാറാക്കി കഴിഞ്ഞിരുന്നു. 8  മണി കഴിഞ്ഞതോടെ കാറ്റിനൊപ്പം കോടയും മുറ്റത്ത്‌എത്തി.  താഴ്വാരങ്ങളിലെ കൊച്ചു വീടുകളില്‍ വൈദ്യുത വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നു, ആകാശത്തിലെ നക്ഷത്രങ്ങള്‍ താഴേക്ക്‌ വിതറിയിട്ട പോലെ..തണുപ്പിനെ കൊല്ലാന്‍ തീയ്ക്കു ചുറ്റും ഞങ്ങളിരുന്നു. പാട്ടും വാചകമടിയുമായി സമയം ഒരുപാട് കഴിഞ്ഞു. ഇടയ്ക്ക് മുരുകന്‍ യക്ഷി കഥയുമായി രംഗ പ്രവേശം ചെയ്തു, ബംഗ്ലാവിനു പുറകിലുള്ള ചെറിയ അമ്പലവും അവിടെയുള്ള യക്ഷിയും കുറിച്ചാണ് പുള്ളി പറഞ്ഞത്. പലതവണ കണ്ടിട്ടുന്ടെന്ന് പറഞ്ഞ കക്ഷിക്ക് ഞങ്ങളെ ഭയപെടുത്തുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല എന്ന് തോന്നി. പക്ഷെ, " യക്ഷി എങ്കില്‍ യക്ഷി ഞാന്‍  റെഡി" എന്ന് ആവേശത്തോടെ കാലുകള്‍ തടവി അനൂപ്‌ പറഞ്ഞപ്പോള്‍ മിഴിച്ചു നിന്ന ശേഷം കക്ഷി അകത്തേക്ക് കയറി പോയി.

പതിനൊന്നു മണിയോടെ അത്താഴം കഴിച്ചു കിടക്കാനായി റൂമിലേക്ക്‌ ചെന്നപോഴാണ് യക്ഷികാര്യം ഓര്‍ത്തത്‌, പിറകിലെക്കുള്ള ജനല്‍ തുറനിട്ടു. യക്ഷി വന്നാല്‍  ഒന്ന് കാണാമായിരുന്നു എന്ന് ഓര്‍ത്തുകൊണ്ട് ഞങ്ങള്‍ പുറത്തേക്കു നോക്കികിടന്നു.
മാനംമര്യാദയുള്ള യക്ഷികളൊന്നും ഈവഴിവരില്ല" എന്ന് ആരുടെയോ കമെന്‍റ്. രാത്രി കൌമാരം പിന്നിടുകയാണ്. തുറന്നിട്ട ജാലകത്തിലൂടെ നേര്‍ത്ത നിലാവ് അകത്തേക് എത്തി നോക്കുനുണ്ട്. 
അനൂപ്‌ കൂര്‍ക്കം വലി തുടങ്ങി. സാഗറും ഉറക്കത്തിലേക് വീണു  തുടങ്ങി. എനിക്ക് ഉറക്കം തീരെ വരുന്നില്ല, രാത്രിക്ക് എന്തൊരു സൌന്ദര്യമാണ്... രാത്രി ജോലി ചെയ്തു പകല്‍ ഉറങ്ങുന്ന എനിക്ക് ഇത് പോലെയുള്ള രാത്രികള്‍ അപൂര്‍വമാണ്. മുറ്റത്തേക്ക് ഇറങ്ങി,  ആകാശത്തിന്‍റെ ഒരു കോണില്‍ നേര്‍ത്ത നിലാവ് പൊഴിച്ച് ചന്ദ്രന്‍, എവിടെന്നോ വന്ന ഒരു കുഞ്ഞു മേഘം, ചന്ദ്രനെ മറച്ചു കൊണ്ടു കടന്നു പോയി. പൈന്‍ മരങ്ങള്‍ക്ക് സമീപം ചെന്നു. താഴെ ഗ്രാമത്തിലെ അവസാന വെട്ടവും അണഞ്ഞു കഴിഞ്ഞു, പല മേഖലകളില്‍ ജോലി ചെയ്യുന്നവര്‍, പലതരക്കാര്‍, അവരുടെ കൊച്ചു കൊച്ചു പരിമിതികള്‍ക്കും ഇല്ലായ്മകള്‍ക്കും ഒപ്പം കരിമ്പടത്തിനു കീഴെ സുഖമായി ഉറങ്ങുന്നു. തണുത്ത നിശബ്ദത അന്തരീക്ഷത്തെ ആകെ മരവിപ്പിച്ചിരിക്കുന്നു. മൂടല്‍ മഞ്ഞിനെ സ്പര്‍ശിച്ചു വരുന്ന കാറ്റ് വല്ലാതെ കുളിര്‍ പകരുനുണ്ട്. സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു, എനിക്ക് താഴെ ഒരു ലോകം ഉറങ്ങുനുണ്ട്, എനിക്ക് ഉറക്കം തീരെ വരുന്നില്ല, എങ്കിലും രാവിലെ തേക്കടിയിലേക്ക് പുറപ്പെടാനുള്ളതാണ് എന്നതിനാല്‍ ഉറങ്ങാനായി അകത്തേക്ക് കയറി.



പുലര്‍ച്ചെ തണുപ്പ് അസഹനീയമായപ്പോഴാണ്കണ്ണ് തുറന്നത്. ആറുമണി ആയിട്ടില്ല, തുറന്നിട്ട ജനാലയിലൂടെ കോടമഞ്ഞ്‌ അകത്തേക്ക് കയറുകയാണ്. പുറത്തു അരണ്ട വെളിച്ചം മാത്രമേ ഉള്ളു. ജനല്‍ അടച്ചശേഷം വീണ്ടും വന്നുകിടന്നു, ഉറക്കം നഷ്ടപെട്ടതിനാല്‍  അടുക്കളയിലേക്ക് ചെന്നു,   വെളുക്കെ ചിരിച്ചു കൊണ്ട് മുരുകന്‍ സ്വാഗതം ചെയ്തു, കൊഴുത്ത ചായ റെഡിആയപ്പോഴേക്കും അനൂപുംഎത്തി. പിന്നെ ക്യാമറയുമായി പുറത്തിറങ്ങി.
 മരങ്ങളും ചെടികളും മഞ്ഞില്‍കുളിച്ചു നില്‍കുകയാണ്‌.  ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന  യുക്യലിപ്സ് മരങ്ങളുടെ ഇടയിലൂടെ അലസമായി നടന്നു. മരം പെയ്യുകയാണ്, ഇലകളില്‍ ഉറഞ്ഞു കൂടിയ മഞ്ഞ്, തുള്ളികളായി വീഴുകയാണ്.  മരങ്ങള്‍ക്കിടയില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ വസ്ത്രങ്ങള്‍, മഴയിലെന്നപോലെ നനഞ്ഞൊട്ടിയിരുന്നു. തണുത്ത പ്രഭാതത്തിനെ മുറിവേല്പിച്ചു കൊണ്ട് താഴെ പള്ളിമണികള്‍ മുഴങ്ങി. മഞ്ഞിലൂടെ നിഴലുകള്‍ പോലെ പള്ളിയിലേക്ക് നീങ്ങുന ഗ്രാമീണര്‍. മഞ്ഞുവീണ വഴിയിലൂടെയുള്ള അലസമായ നടത്തം പോലും എത്ര മനോഹരമാണ്. വേലി ചെടികളിലെ മാറാലയില്‍ പറ്റിചെര്‍ന്ന മഞ്ഞ് തുള്ളികളില്‍ കുഞ്ഞു സൂര്യന്‍ തിളങ്ങുന്നു.



 കോടമഞ്ഞിനെ വകഞ്ഞു മാറ്റി സമീപത്തെ കുന്നിന്‍ മുകളിലേക്കാണ് ഞങ്ങള്‍ പോയത്.  പരിചിതമല്ലാത്ത കാല്‍പെരുമാറ്റം കേട്ട് ഓടി മറയുന്ന കാട്ടുകോഴികളും മുയല്‍ കൂട്ടങ്ങളും. കുത്തനെ ഉള്ള കയറ്റം കയറിയിട്ടും ഞങ്ങള്‍ ഒട്ടും വിയര്‍ത്തില്ല. പിന്നെ കുറച്ചു സമയം കുന്നിന്‍ മുകളില്‍ ഇരുന്നു. കടും നിറത്തിലുള്ള കാട്ടു പൂക്കള്‍ അതിരിടുന്ന വഴികളിലൂടെ താഴേക്ക്‌ ഇറങ്ങി. കിഴക്ക് കുന്നുകളുടെ   പിറകില്‍, മേഘങ്ങള്‍ക്ക് താഴെ സൂര്യന്‍ ഉദിക്കുന്നു. മഞ്ഞിന്‍റെ മൂടുപടം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി.
ബംഗ്ലാവില്‍ എത്തിയപ്പോള്‍ 8 മണി കഴിഞ്ഞിരുന്നു. സാഗര്‍ ഉണര്‍ന്നിട്ടില്ല, സാഗറിനെ ഉണര്‍ത്തിയ ശേഷം  പ്രഭാത ഭക്ഷണം കഴിഞ്ഞ്, 9  മണി ആയതോടെ ഞങ്ങള്‍ തേക്കടിയിലേക്ക് പുറപെട്ടു. മുന്‍പ് പോയിട്ടുന്ടെങ്കിലും ഒരിക്കല്‍ കൂടി പോവുകയാണ്.  വണ്ടിപെരിയാറില്‍ നിന്നു 14 കി. മി. ആണ് തേക്കടിയിലേക്കുള്ള ദൂരം.  ബസ് കിട്ടണമെങ്കില്‍ 6  കി. മി.കുന്നിറങ്ങണം. 3 കി.മി. കാട്ടുവഴിയിലൂടെ സഞ്ചരിച്ചാല്‍ എളുപ്പ വഴിയില്‍  എത്തിച്ചേരാം എന്ന് മുരുകന്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ കാട്ടുവഴി തിരഞ്ഞെടുത്തു.


തേയിലകാട് പിന്നിട്ടാല്‍ പിന്നെ കാട്ടുപാതയാണ്. വളഞ്ഞു പുളഞ്ഞു പോവുന്ന കാട്ടുവഴി. ഏലക്കാടുകളും, കാപ്പിതോട്ടങ്ങളും പിന്നിട്ടു കുറെ നടന്നു, ഇലപടര്‍പ്പുകളിലൂടെ അരിച്ചു വീഴുന്ന മങ്ങിയ വെളിച്ചം.  പാതയോരങ്ങളില്‍ കടും നിറങ്ങളിലുള്ള കാട്ടുപൂക്കള്‍, നിറയെ പക്ഷികള്‍. പനങ്കാക്ക(ഇന്ത്യന്‍ റോളേര്‍ ബേര്‍ഡ്)  ഉള്‍പെടെ നാട്ടില്‍ ഞാന്‍ കാണാത്ത പലപക്ഷികള്‍. ഒരു പക്ഷിനിരീക്ഷകന്‍  എന്ന നിലയില്‍ ഈയാത്ര എനിക്ക് നല്‍കിയ ആവേശം ചെറുതല്ല.   തീര്‍ച്ചയായും കാട് ഒരു അനുഭവം തന്നെ ആണ്. തുടക്കത്തില്‍  ഒന്നുരണ്ടു വീടുകള്‍ കണ്ടതൊഴിച്ചാല്‍ ആള്‍താമസം തീരെ ഇല്ലാത്ത വഴികളാണ്. കിലോമീറ്ററുകള്‍ പലതു കഴിഞ്ഞിട്ടും റോഡിനെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. ഒരുമണിക്കൂറിലേറെയുള്ള വനയാത്രയ്ക്ക് ശേഷം മനുഷ്യവാസത്തിന്‍റെ അടയാളങ്ങള്‍ കണ്ടു തുടങ്ങി. ഏതോ പള്ളിയില്‍ നിന്നുള്ള   ആരാധനഗീതങ്ങള്‍ കേട്ടതോടെ ഞങ്ങള്‍ ഏതാണ്ട് എത്തിച്ചേര്‍ന്നു എന്ന് വ്യക്തമായി. ഒരു ചെറിയ കവലയിലാണ് ഞങ്ങള്‍ എത്തി ചേര്‍ന്നത്‌. അടുത്തുള്ള കടയുടമയോട് അനേഷിച്ചപ്പോള്‍ തേക്കടിയിലേക്ക് ഓട്ടോയും ബസും ധാരാളം കിട്ടും എന്ന് പറഞ്ഞു. തേക്കടിയിലേക്ക് തിരികെ പോവുന്ന ഓട്ടോ കിട്ടി. 20 രൂപയ്ക്ക് ഞങ്ങള്‍ തേക്കടിയില്‍ എത്തി. 11 മണിയോടെ ഞങ്ങള്‍ തേക്കടി നാഷണല്‍ പാര്‍ക്കില്‍ എത്തി ചേര്‍ന്നു. 25 രൂപയാണ് പ്രവേശന ഫീസ്‌. ഉച്ച വെയിലിലും കുളിര്‍ നല്‍കി ആകാശംമുട്ടെ വളര്‍ന്നു പടര്‍ന്നു നില്‍കുന്ന മരങ്ങള്‍, പിന്നിട്ട് തടാക കരയിലേക്ക് നടന്നു. മരങ്ങളില്‍ നിറയെ വാനരന്മാര്‍. കുസൃതികാട്ടി ചാടി പറയുന്ന അവരുടെ ശ്രദ്ധയത്രയും സഞ്ചാരികളുടെ കയ്യിലെ പൊതികളിലാണ്. കൂട്ടത്തില്‍ ഒരു വികൃതി കുരങ്ങന്‍,  ഞങ്ങള്‍ക്ക് മുന്‍പേ നടന്നിരുന്ന ഉത്തരെന്ത്യന്‍ ദമ്പതികളിലെ സ്ത്രീയുടെ കയ്യിലെ കവര്‍ തട്ടിയെടുത്തു മരത്തിന്‍റെ മുകളിലേക്ക് ഓടി കയറി. ഉച്ചത്തില്‍ അലറി കൊണ്ട് ഭര്‍ത്താവ് പിന്നാലെ. കൂടുതല്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ പ്ലാസ്റ്റിക്‌ കൂടിനുള്ളിലെ പാക്കെറ്റ് അവനെടുത്ത ശേഷം കവര്‍ താഴേക്ക്‌ ഇട്ടു കൊടുത്ത് അവന്‍ മര്യാദക്കാരനായി.

തടാകകരയില്‍ ബോട്ട് യാത്രികരുടെ തിരക്ക് ആണ്. 11.30 നു പുറപെടുന്ന ബോട്ടില്‍ ഏതാണ്ട് എല്ലാ സീറ്റുകളും നിറഞ്ഞു കഴിഞ്ഞു. ബോട്ട് യാത്രയാണ് ലകഷ്യമെങ്കില്‍ എത്രയും പെട്ടെന്ന് ടിക്കറ്റ്‌ എടുത്തു കയറാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അറിയിപ്പി നല്‍കി. അടുത്ത യാത്ര 1.30 നു ആണെന്ന് അറിഞ്ഞതോടെ അടുത്ത ട്രിപ്പില്‍ പോവാം എന്ന് കരുതി ഞങ്ങള്‍ കാട്ടിലൂടെ നടന്നു. നൂറ്റാണ്ടുകളുടെ ചരിത്രം പേറി നില്‍ക്കുന്ന പടുകൂറ്റന്‍ മരങ്ങള്‍ക്കൊപ്പം  നഷ്ടപ്രതാപത്തിന്‍റെ തിരുശേഷിപ്പായി മണ്ണോടു ചേര്‍ന്നു, ഒരു കാലത്തിന്‍റെ ചരിത്രം നമുക്ക് വെളിപെടുത്തിതരുന്ന മരങ്ങള്‍.
അനൂപിന് വിശപ്പിന്‍റെ അസുഖമുള്ളത് കാരണം എത്രയും പെട്ടെന്ന് ഹോട്ടലില്‍ കയറാംഎന്ന് കരുതി. കെ.റ്റി.ഡി.സി യുടെ ഹോട്ടല്‍ മാത്രമാണ് നാഷണല്‍ പാര്‍ക്കില്‍ ഉള്ളത്. മറ്റു നിവൃത്തി ഇല്ലാത്തതിനാല്‍ അവിടെ തന്നെ കയറി. മെനു കാര്‍ഡ്‌ കിട്ടി ,എന്‍റെ പരിമിതമായ പദസമ്പത്തില്‍ "കത്തി" എന്നല്ലാതെ അതിനെ വിശേഷിപ്പികാന്‍ മറ്റൊരു പദം ഇല്ല ക്ഷമിക്കുക. കട്ട്‌ലൈറ്റ്- 90രൂപ, പപ്പടവട -45 രൂപ.....അങ്ങനെ തുടങ്ങുന്നു. കൂടുതല്‍ വായിക്കാന്‍ നില്‍ക്കാതെ ഊണ്കഴിച്ചു പുറത്തിറങ്ങി.

ഒരു മണിയോടെ ബോട്ട് യാത്രയ്ക്കുള്ള ടിക്കറ്റ്‌ എടുത്തു. ബോട്ടില്‍ കയറി. 150 രൂപയാണ് ടിക്കറ്റ്‌ വില. 40 രൂപ ആയിരുന്നത് മാസങ്ങള്‍ക്ക് മുന്‍പ് ആണ് 150 രൂപ ആക്കിഉയര്‍ത്തിയത്‌. നട്ടുച്ചയായതിനാല്‍ മൃഗങ്ങളെ കാണാന്‍ സാധ്യത ഇല്ലെന്നു കരുതിയത്‌. പുലര്കാലത്തും, പോക്കുവെയില്‍ ചാഞ്ഞ നേരങ്ങളിലുമാണ് അവയെ കാണാന്‍ യോജിച്ച സമയം. ടിക്കറ്റ്‌ എടുത്തു ബോട്ടിലേക്ക് കയറവേ കണ്ടു, ദൂരെ പുഴ നീന്തികടക്കുന്ന ആനകൂട്ടങ്ങള്‍. ബോട്ട് പുറപ്പെടുന്നതിനു മുന്‍പ് തന്നെ അവ പുഴ നീന്തി അക്കരെ കടന്നിരുന്നു.  ബോട്ട് നീങ്ങി തുടങ്ങി, ഉച്ചവെയിലില്‍ തിളങ്ങുന്ന നിശ്ചലമായ ജലത്തെ കീറി മുറിച്ചു കൊണ്ട് ബോട്ട് നീങ്ങുമ്പോളും കാടിന്‍റെ വിസ്മയ കാഴ്ചകളിലേക്ക് ആയിരുന്നു യാത്രികരുടെ കണ്ണുകള്‍.  വന്യതയുടെ പര്യായമാണ് കാട്ടാന. ഇടതൂര്‍ന്ന മരങ്ങള്‍ക്ക് പിന്നിലോ, പാറയുടെ മറവിലോ, പുഴക്കരയിലോ അവനുണ്ടാവും. എന്‍റെ കണ്ണുകള്‍ അവയ്ക്ക് വേണ്ടി പരതുകയായിരുന്നു.
പെട്ടെന്നാണ് ഏവരെയും വിസ്മയിപ്പിച്ച കാഴ്ച കണ്ടത്. 8 ആനകളടങ്ങിയ കൂട്ടം, ഇളം പുല്ലും മാന്തി തിന്നു അലസമായി മേയുന്നു. കൂടെ വികൃതികാട്ടി കുട്ടി കുറുമ്പനും ഉണ്ട്. സുഗമമായ കാഴ്ചയ്ക്ക് വേണ്ടി ബോട്ട് പുഴക്കരയിലേക്ക് അടുപ്പിച്ചതോടെ ആനക്കൂട്ടം കുട്ടി കൊമ്പനെ കാല്‍കീഴില്‍ ആക്കി വളഞ്ഞു. എത്ര ശ്രമിച്ചിട്ടും അവന്‍റെ ഫോട്ടോ എടുക്കാന്‍ അവ അനുവദിച്ചില്ല. അകലെ ചിന്നം വിളികള്‍ ഉയരുന്നത് കേള്‍ക്കാം, കാടുകളില്‍ നിന്നും കൂടുതല്‍ ആനകള്‍ ഇറങ്ങി വരുന്നു. കുട്ടികളും, മോഴകളും, കൊമ്പന്മാരുമായി നിരവധി ആനകള്‍. പൂഴി വാരി എറിഞ്ഞും, പുല്ലു പറിച്ചും അവ കളിച്ചു രസിക്കുന്നു.
യാത്ര പിന്നെയും നീളുകയാണ്. കുറച്ചു ദൂരം ചെന്നപ്പോള്‍, കേഴമാന്‍ കൂട്ടങ്ങളെ കണ്ടു. കത്തുന്ന സൂര്യനില്‍ നിന്നും രക്ഷ നേടി പുഴക്കരയിലെ നിഴലില്‍ വിശ്രമിക്കുകയാണ്. ക്യാമറകള്‍ അവയ്ക്ക് നേരെ നീണ്ടപ്പോഴും ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല എനെ മട്ടില്‍ അയവിറക്കുകയായിരുന്നു  അവര്‍.
കാട്ടുപോത്തിന്‍ കൂട്ടങ്ങളും പുള്ളിമാനുകളും, കാട്ടു പന്നികളും അടക്കം, കാഴ്ച്ചയുടെ പൂരം തന്നെ ആയിരുന്നു. രണ്ടു മണികൂര്‍ യാത്രയ്ക്ക് ശേഷം ബോട്ട് തിരിച്ചെത്തി.

തിരികെ ബംഗ്ലാവിലേക്ക്, അവിടെ സാഗറിന്‍റെ അങ്കിളും  സുഹൃത്തും  എത്തിയിടുണ്ടായിരുന്നു. ഏഴു മണിയായതോടെ  തണുപ്പ് അകറ്റാനുള്ള പരിപാടികള്‍ ആരംഭിച്ചു. മുറ്റത്തു കൂട്ടിയ തീയ്ക്കു ചുറ്റും ഞങ്ങള്‍ നൃത്തം ചെയ്തു.തണുത്ത കാറ്റിനൊപ്പം പെയ്ത മഞ്ഞുതുള്ളികള്‍ക്കും കെടുത്തനവാതെ തീ നാളങ്ങള്‍ മേലേക്ക് ഉയര്‍ന്നു, ഒപ്പം ഞങ്ങളുടെ ആവേശവും. തീനാളങ്ങളില്‍ നിന്നും ആയിരമായിരം മിന്നാമിനുങ്ങുകള്‍ കറുത്തിരുണ്ട  ആകാശത്തിലേക്ക് ഉയര്‍ന്നു, അവ അവിടെ വാരി വിതറിയ നക്ഷത്രങ്ങളായി മാറി. രാത്രി ഏറെയായി, നിലയ്ക്കാത്ത ഗാനങ്ങള്‍, തളരാത്ത ചുവടുകള്‍.

പന്ത്രണ്ടു മണി കഴിഞ്ഞതോടെ അത്താഴം കഴിക്കാനായി മുരുകന്‍ വന്നു വിളിച്ചു. അത്താഴം കഴിച്ചു കിടന്നു. രണ്ടു ദിവസത്തെ ഉറക്കക്ഷീണം ഉള്ളതിനാല്‍, കിടക്കയിലേക്ക് ചാഞ്ഞതും ഉറക്കത്തിലേക്ക് വഴുതി വീണു.
നേരം നന്നായി പുലര്‍ന്ന ശേഷമാണ് ഉണര്‍ന്നത്. പാളി വീഴുന്ന ഇളവെയില്‍.  രാവിലെ തന്നെ പുറപെടാന് തയ്യാറെടുത്തു. 9:15 ന് വണ്ടിപെരിയാരില്‍ നിന്നും എറണാകുളത്തേക്ക് ബസ്‌ ഉണ്ട്. ബസ്‌ സ്റ്റോപ്പിലേക്ക് പോവാനുള്ള ഓട്ടോ കാണാതായപ്പോള്‍ കുന്നിറങ്ങി  നടന്നു. പാതിവഴിയില് ‍ഓട്ടോകിട്ടി. തിരിഞ്ഞു നോക്കി, ബംഗ്ലാവും, മരങ്ങളും കാഴ്ചപാടില്‍ നിന്നും മാഞ്ഞു. പാതി കണ്ട സ്വപ്നം പോലെ വണ്ടിപെരിയാര്‍. വഴിയില്‍ കോടമഞ്ഞ്‌ പിന്തുടര്‍ന്ന് യാത്രയയപ്പ് നല്‍കി. മേഘങ്ങള്‍ തിരകിട്ടു പായുകയാണ്. എങ്ങോട്ടെന്നില്ലാത്ത യാത്ര. എന്നെ പോലെ തന്നെ. പക്ഷെ ഈ യാത്രകളാണ് എന്‍റെ ഊര്‍ജം. ഇനിയുമേറെ സഞ്ചരിക്കാനുണ്ട്. ദൂരങ്ങള്‍ എന്നെ വിളിക്കുകയാണ്‌, അത് വരെ ഒരു ഇടവേള. 

Comments

  1. Kollam... nalla varnana

    ReplyDelete
  2. alliya thakarppan , u r so creative and tallented.. all the best dear...continuee

    ReplyDelete

Post a Comment

Popular posts from this blog

പ്രശാന്തതയുടെ ചിറകടികൾ...

ലളിത സുന്ദരം... സിക്കിം

കുതിരമുഖി എന്ന സുന്ദരി