സ്വപ്നങ്ങളുടെ താഴ്വരയിലൂടെ ഒരു യാത്ര

രാത്രി ജോലിയുടെ പരിക്ഷീണതകളാലും, നിദ്രാരഹിതമായ പകലുകളുടെ വിരസതകളാലും മനസ്സ് മടുപ്പിച്ചു തുടങ്ങിയപ്പോഴാണ് വീണ്ടുമൊരു യാത്രയെകുറിച്ച് ചിന്തിച്ചത്.സകലതില്‍ നിന്നും ഊര്‍ന്നിറങ്ങി ഒരുയാത്ര.എന്‍റെയാത്രകള്‍ ‍എല്ലാംതന്നെ അങ്ങനെയായിരുന്നുതാനും.ഇടമലയാര്‌ കാട്ടിലേക്കായിരുന്നു യാത്ര. സുധീഷിനെ വിളിച്ചു, ഇടമലയാര്‍ ഫോറെസ്റ്റ് റേഞ്ചിലെ ഓഫീസര്‍ ആണ് കക്ഷി.  വന്യജീവി കണക്കെടുപ്പില്‍ പങ്കെടുത്തശേഷം ഏതാണ്ട് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയ സുഹൃത്തിനെ കാണാന്‍ പുറപ്പെട്ടത്‌. വൈകുന്നേരത്തോടെ എത്തിച്ചേരാം എന്ന് അറിയിച്ചശേഷം രാവിലെതന്നെ ഭൂതത്താന്‍കെട്ടിലേക്ക് പുറപെട്ടു. 12മണിയോടെയാണ് അവിടെ എത്തിയത്. സമീപത്തെ ഹോട്ടലില്‍നിനും ഉച്ചഭക്ഷണവും കഴിച്ചു കാട്ടിലേക്ക് കയറി. നട്ടുച്ചയ്ക്കും കറുത്ത നിഴല്‍ വീണുകിടക്കുന്ന ഏറെപരിചിതമായ കാട്ടുവഴികളിലൂടെ നടന്നു പഴയഡാമിന് സമീപമെത്തി. സാധാരണയായി വിനോദയാത്രികര്‍ സന്ദര്‍ശിക്കുന്ന അവസാനഇടവും കഴിഞ്ഞു പാറക്കെട്ടിനിടയിലൂടെ തടാകം ലകഷ്യമാക്കി മുന്നോട്ടു നീങ്ങിയപ്പോള്‍, ആകാംഷയോടെ ഒരു യുവാവ് സമീപമെത്തി. തുടര്‍ന്ന് വഴിയുണ്ടോ എന്നായി അന്വേഷണം.ഉണ്ടെന്നു ഞാന്‍ പറഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങളോട് അനുവാദം വാങ്ങിച്ചു എനിക്കൊപ്പം കൂടി. പാറകള്‍ക്കിടയിലെ ഇടുങ്ങിയ തുറസ്സുകളിലൂടെയും,  നിബിഡമായ വനങ്ങങ്ങള്‍ക്കിടയിലൂടെയും നടന്നു എത്തിചേര്‍ന്നത്‌ അനുപമ സൌന്ദര്യമുള്ള തടാകകരയിലാണ്.


ഉച്ചത്തിലുള്ള അവന്‍റെ സംസാരം എന്‍റെ പക്ഷിനിരീക്ഷണത്തിന് തെല്ലു ഭംഗം വരുത്തിയിരുന്നു. ഉറക്കെ സംസാരിക്കുകയും ചിരിക്കുകയും ചെയ്തിരുന്ന അവനോടു കാട്ടിലെ മര്യാദകള്‍ വിവരിച്ചു ഞാന്‍ വലഞ്ഞു. കനത്തില്‍ മൂടപെട്ടു കാണപെട്ടെ ചെങ്കുത്തായ പാറകയറാന്‍ ആരംഭിച്ചപ്പോള്‍  മുന്നില്‍ ആനപിണ്ഡം തെളിഞ്ഞതോടെ യുവാവിന്‍റെ മുഖത്തുണ്ടായിരുന്ന ചിരി പതിയെമാഞ്ഞു. തടാകം വരെയുള്ള വഴിയെ എനിക്കറിയൂ ഇനി കാട്ടിലൂടെയുള്ള വഴി കണ്ടുപിടിക്കാം എന്ന് ഞാന്‍ പറഞ്ഞതോടെ ഭയം അവനില്‍ പടര്‍ന്നു കയറുന്നത് ഞാന്‍ അറിഞ്ഞു. അവനെ സംബന്ധിച്ചിടത്തോളം ദുര്‍ഗ്രഹമായ ആ യാത്രയില്‍ നിന്നും പിന്‍വലിയാന്‍, ഒരു കാരണം കണ്ടെത്താന്‍ വിഷമിക്കുന്നതായാണ് എനിക്ക് തോന്നിയത്. തിരികെ പോവാന്‍ ഞാന്‍ ആവശ്യപെട്ടപ്പോഴാണ് അവന്‍റെ ഉള്ളിലെ ഭയത്തിന്‍റെ ആഴം തിരിച്ചറിഞ്ഞത്. കാട്ടിലൂടെ തിരിച്ചുപോവാന്‍ ഭയന്നു നില്‍ക്കുകയായിരുന്നു അവന്‍. അവസാനം തിരികെ കുടുംബാംഗങ്ങളുടെ പക്കല്‍ എത്തികേണ്ടി വന്നു എനിക്ക്,വീണ്ടും കാട്ടിലേക്ക്.അപ്പോഴേക്കും സമയം വൈകിയിരുന്നതിനാലും, ഇടമലയാറിലേക്ക് പോവേണ്ടിയിരുന്നതിനാലും അധികസമയം അവിടെ ചെലവഴിക്കാന്‍ കഴിയാതെവന്നു.കാല്‍പെരുമാറ്റംകേട്ട് ഓടിമറയുന്ന കാട്ടുകോഴികളെയും, കരിങ്കുരങ്ങുകളെയുമൊഴികെ കാര്യമായി മറ്റുവന്യജീവികളെ ഒന്നിനെയും കാണാന്‍ സാധിച്ചില്ല. വനത്തിനു പുറത്തെത്തി, ഇടമലയാറിലേക്കുള്ള ബസ്സില്‍ കയറി. ഇടമലയാറില്‍  ബസ്‌ഇറങ്ങുമ്പോള്‍ വെയില്‍ ചാഞ്ഞുതുടങ്ങിയിരുന്നു. സ്വകാര്യവാഹനങ്ങള്‍ക്ക്  വനാതിര്‍ത്തിയിലേക്ക് പ്രവേശനമില്ലാത്തതിനാല്‍ ബസ്‌ ഇറങ്ങിയശേഷം സുധീഷിനെ വിളിച്ചു, നിര്‍ദ്ദേശപ്രകാരം കാട്ടുവഴിയിലൂടെ നടന്നുതുടങ്ങിയപ്പോള്‍ തന്നെ ജീപ്പുമായി സുധീഷ്‌ എത്തി.ഇരുവശവും ഇടതൂര്‍ന്നു നില്‍ക്കുന്ന വനത്തിനു നടുവിലൂടെ വളഞ്ഞു പുളഞ്ഞുപോവുന്ന റോഡിനു വീതി നന്നേ കുറവാണ്. സായാഹ്നത്തിന്‍റെ നിഴല്‍ വീണു തുടങ്ങിയതോടെ, യാത്ര സുരക്ഷിതമല്ല എന്ന കാരണത്താല്‍ വേഗത്തിലായിരുന്നു യാത്ര. കാട്ടാനയുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് അവിടം.അധിക ദൂരം പിന്നിട്ടില്ല , വിറച്ചു വിറച്ചു കൊണ്ട് സഞ്ചരിച്ചിരുന്ന വാഹനം, പുക തുപ്പികൊണ്ടു പാതിവഴിയില്‍ പിണങ്ങി നിന്നു.  നിരാശപൂണ്ട കണ്ണുകളോടെ സുധീഷ്‌ എന്നെ നോക്കി, നിസ്സഹായത നിറഞ്ഞനോട്ടമായിരുന്നു എന്‍റെ മറുപടി. അല്‍പ്പം ആശങ്കപ്പെടുത്തിയെങ്കിലും കൂടുതല്‍ വിഷമതകള്‍ക്കിട വരുത്താതെ, ഉന്തിയും തള്ളിയും, തമാശകളും പൊട്ടിച്ചിരികളുമായി, ഇരുട്ട് വീഴുന്നതിനു മുന്‍പേ ഫോറെസ്റ്റ് ഓഫീസില്‍ എത്തിച്ചേര്‍ന്നു. ഓഫീസിനോട് ചേര്‍ന്ന് തന്നെയാണ് അവരുടെ താമസമെങ്കിലും അവിടെനിന്നും ഒരു കി.മി.വനത്തിലൂടെ സഞ്ചരിച്ചു വേണം എനിക്ക് താമസികാനുള്ള ക്വാര്ട്ടെഴ്സില്‌ എത്തുവാന്‍. ആറു മണിയോടെ,എന്നെ  ക്വാര്ട്ടെഴ്സില്‍ എത്തിച്ച ശേഷം സുധീഷ്‌ ഓഫിസിലേക്കു മടങ്ങി. വര്‍ഷങ്ങളോളം മഞ്ഞും മഴയും വെയിലുമേറ്റു പഴകി നരച്ച ഒരു കെട്ടിടം, പ്രകൃതിയുടെ മടിത്തട്ടില്‍, മൂകവും അനാഥവും ആയികൊണ്ട്‌ ജീര്‍ണ്ണാവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു. വനത്തില്‍ നിന്നുള്ള ഉണങ്ങിയ മരകൊമ്പുകളും, ഇലകളും നിറഞ്ഞ മുറ്റം. കാടിനു സമീപം ഒറ്റപ്പെട്ടു നില്‍ക്കുന്ന ആ കെട്ടിടത്തിന്‍റെ പിന്‍വാതില്‍ കാട്ടിലെക്കാണ് തുറക്കുന്നത്. വാതില്‍ തുറന്നപ്പോള്‍ കാടിന്‍റെ കുളിര് മനസ്സിലേക്ക് പടര്‍ന്നു.നേര്‍ത്ത അഴികളോടു കൂടിയ കമാനാകൃതിയിലുള്ള  ജനാലകള്‍ കാടിനെ ശാന്തമായി നോക്കിനിന്നിരുന്നു.


കുളിച്ചുഫ്രെഷായി ഞാന്‍ സുധീഷിന്‍റെ അടുത്തേക്ക് തിരിച്ചപ്പോഴേക്കും ഇരുട്ട് പടര്‍ന്നുതുടങ്ങിയിരുന്നു. കരിയിലകള്‍ വീണു മൂടിയ വഴി തീര്‍ത്തും വിജനമായിരുന്നു. ഇരുട്ട് വീണെങ്കിലും, ക്യാമറയ്ക്ക് വിരുന്നായി കാടിന്‍റെ മക്കള്‍ ആരെങ്കിലും മുന്നിലെത്തും എന്നപ്രതീക്ഷയില്‍ ക്യാമറയും എടുത്തിരുന്നു.എന്‍റെ കണ്ണുകള്‍ ചുറ്റിലും പരതുകയായിരുന്നു. ഓഫീസില്‍ എത്തുന്നതുവരെ നിരാശയായിരുന്നു ഫലം. സുധീഷിന്‍റെ മുറിയിലെത്തി വിശേഷങ്ങള്‍ പറയുന്നതിനിടെയാണ് മുറ്റത്ത്‌  മ്ലാവ് എത്തിയത്. ക്യാമറയുമായി പുറത്തേക്കു ഇറങ്ങിയതോടെ അത് കാട്ടിലേക് ഓടിമറഞ്ഞു. മ്ലാവുകളും ആനകളും അവിടെ സാധാരണ കാഴ്ച മാത്രമാണ്. ഫോറെസ്റ്റ് ഓഫിസിന്റെ തൊട്ടു പിന്നിലായി പുഴയാണ്, അതിനപ്പുറം നിബിഡവനവും. ജനാല തുറന്നാല്‍ നിശബ്ദമായി ഒഴുകുന്ന പുഴ കാണാം. രാത്രി പതിനൊന്നു മണിയോടെയാണ് അത്താഴം കഴിച്ചു ഇറങ്ങിയത്‌. രാത്രി വളരെ വൈകിയിരുന്നതിനാല്‍ ക്വാര്ട്ടെഴ്സിലേക്ക് പോവാന്‍ സുധീഷ്‌ അനുവദിച്ചില്ല, പക്ഷെ പോവാതിരിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. എന്‍റെ ലാപ്ടോപ്പും ബാഗും സൂക്ഷിച്ചിരുന്ന ക്വാര്ട്ടെഴ്സിന്‍റെ  മുറി ഞാന്‍അടച്ചിരുന്നില്ല എന്നതായിരുന്നു കാരണം. ഒട്ടേറെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ്, എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി എന്നെ പോവാന്‍ അനുവദിച്ചത്. ടാര്‍ചെയ്ത വീതികുറഞ്ഞ വഴിയില്‍ അട്ടിയായി കിടക്കുന്നകരിയിലകള്‍ കാല്പാടുകള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്ന ശബ്ദംഒഴികെ തീര്‍ത്തും നിശബ്ദമായിരുന്നു അന്തരീക്ഷം. വളരെ ധൈര്യപൂര്‍വ്വം ആരംഭിച്ച യാത്ര, രണ്ടായി പിരിയുന്ന വഴിയുടെ മുന്നില്‍ എത്തിയപ്പോള്‍ ആശങ്കയോടെ അവസാനിച്ചു. സമാന്തരമായി കിടക്കുന്ന വഴികളില്‍ ഒന്ന്, ഓഫിസിലേക്കു പോവുമ്പോള്‍ എന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. കവറേജ് ഇല്ലാത്ത ഫോണ്‍ കാരണം സുധീഷിനെ ബന്ധപെടാന്‍ കഴിയാത്തതിനാല്‍ രണ്ടും കല്പിച്ചു ഞാന്‍ നടന്നു. ഏതാണ്ട് പത്തു മിനിട്ട് നടന്നു കഴിഞ്ഞപ്പോഴാണ് ടാര്‍ ചെയ്ത വഴിയ്ക്ക് വിരാമമിട്ടുകൊണ്ട് കാട്ടുപുല്ലുകളും, കളകളും നിറഞ്ഞ നടപ്പാതയിലേക്ക് പ്രവേശിച്ചത്‌. വഴി തെറ്റിയിരിക്കുന്നു എന്ന് ബോധ്യപെട്ടപ്പോള്‍ പെട്ടെന്ന് അസാധാരണവും അപകടകരവുമായ എന്തോ ഒന്ന് എനിക്കനുഭവപ്പെട്ടു. ഒരുപാട് പകലുകള്‍ ഭയമേതുമില്ലാതെ തനിയെ ഈ കാട്ടിലൂടെ അലഞ്ഞു നടന്നിടുണ്ട്, അപ്പോഴൊന്നും അനുഭവപെടാത്ത എന്തോ ഒരു വല്ലായ്മ അപ്പോള്‍ എന്നില്‍ അസ്വസ്ഥത ഉളവാക്കി. കൂടുതല്‍ സമയം കളയാതെ തിരികെ നടന്നപ്പോള്‍കേട്ട ഏതോശബ്ദം ദുര്‍ഗ്രഹമായ ഒരു മര്മ്മരമായാണ് എനിക്ക് അനുഭവപ്പെട്ടത്. സമാന്തരമായി കിടക്കുന്ന വഴിയിലൂടെ നടന്നു, പാത അവസാനിച്ചത്‌ ക്വാര്ട്ടെഴ്സിന്‍റെ മുന്‍പില്‍ ആയിരുന്നു. ചാരിയിട്ടിരുന്ന വാതില്‍ തുറന്നു അകത്തു കയറി. പാട്ടുകേട്ട് കട്ടിലില്‍ കിടക്കുമ്പോള്‍, ചില്ല് ജാലകത്തിനപ്പുറം മുറ്റത്ത്‌ മങ്ങിയ നിലാവെളിച്ചത്തില്‍ മേഞ്ഞു നടക്കുന്ന മാന്കൂട്ടങ്ങളെ കണ്ടു. ഇത്രയും തൊട്ടടുത്ത്‌ ഞാന്‍ അവയെ ഇതുവരെ കണ്ടിട്ടില്ലായിരുന്നു. ജനല്‍ തുറന്നു അവയെ ശല്യപ്പെടുത്താന്‍ മനസ്സ് വന്നില്ല. നീലാകാശം താര നിബിഡമായിരുന്നു, വിദൂരതയില്‍ നിന്നും ഊഷ്മളമായ കാറ്റു വീശുന്നുണ്ടായിരുന്നു. എത്രനേരം അങ്ങനെ കിടന്നുവെന്നു ഓര്‍മയില്ല.


ആഴത്തിലുള്ള മയക്കത്തെ ഉണര്‍ത്തിയത് അസാധാരണമായ ശബ്ദമാണ്. പിന്‍വാതില്‍ തുറന്നപ്പോള്‍ പുറത്തു പക്ഷികളുടെ ശബ്ദ കോലാഹലമായിരുന്നു. അനവധി പക്ഷികളും കുരങ്ങന്മാരും. പക്ഷെ ആ ശബ്ദങ്ങള്‍ക്കിടയില്‍ പോലും ശാന്തതയുടെ ആഴം ഞാന്‍ മനസിലാക്കി. പ്രകൃതിയെ അറിഞ്ഞുകൊണ്ട് ആരംഭിക്കുന്ന പുലരി എത്ര സന്തോഷം നിറഞ്ഞതാണ്!!.. പുലര്‍വെട്ടം വീഴുന്നതെഉള്ളു, പ്രാഥമിക കൃത്യങ്ങള്‍ക്ക് ശേഷം ക്യാമറയുമായി സുധീഷിന്‍റെ അടുത്തേക്ക് തിരിച്ചു. ഡിസംബറിലെ തണുപ്പുകൂടിയ  പ്രഭാതങ്ങളില്‍ ഒന്നായിരുന്നു അത്. വഴിയരികിലെ കാട്ടുപൂക്കളില്‍ പറ്റിനിന്നിരുന്ന മഞ്ഞിന്‍ തുള്ളികളില്‍ തൊട്ടുകൊണ്ട്നടന്നു. കനത്തമഞ്ഞു പുലര്‍ച്ചെവീശിയ തണുത്തകാറ്റില്‍ വെളുത്തപുകപോലെ കാണപ്പെട്ടു. സുധീഷിന്‍റെ കയ്യില്‍നിന്നും ചൂടുള്ള ഒരുകപ്പ് കാപ്പിയുംവാങ്ങി, പുഴയുടെതീരത്ത് പോയിരുന്നു. മരങ്ങള്‍ക്കിടയിലൂടെ വീഴുന്ന സ്വര്‍ണ്ണ രശ്മികള്‍ ജലോപരിതലത്തില്‍ വിറച്ചു കൊണ്ട് നില്‍ക്കുന്നു. വൃക്ഷങ്ങളും , നീലാകാശവും, അരുവിയും പുതിയ കാഴ്ചകളായിരുന്നില്ല. ഇലകളില്‍ തട്ടി വീഴുന്ന സൂര്യപ്രകാശവും, അരുവിയുടെ ശബ്ദവും ഞാന്‍ മുന്‍പും അനുഭവിച്ചിട്ടുണ്ട്. അവയൊന്നും തന്നെ എന്നെ ഇത്രയും വിസ്മയിപ്പിച്ചിട്ടില്ല. സമീപത്തെ മധുരനാരങ്ങകള്‍ നിറഞ്ഞമരത്തില്‍ മലയണ്ണാനും, വേഴാംബലുകളും, അസംഖ്യം പക്ഷികളും ഹാജരായിടുണ്ട്.


അരുവിയുടെ അക്കരെ മ്ലാവിന്‍ക്കൂട്ടങ്ങള്‍ വെള്ളം കുടിക്കാന്‍ എത്തിയിരിന്നു. അരുവിയിലെ സാരന്ഗികള്‍ ശ്രവിച്ചിരിക്കുന്നതിനിടയിലാണ് മരങ്ങള്‍ക്കിടയിലൂടെ നടന്നുനീങ്ങുന്ന രൂപം ശ്രദ്ധയില്‍പ്പെട്ടത് വിറകു ശേഖരിക്കുന്ന പ്രായംചെന്ന ഒരു ആദിവാസി സ്ത്രീ ആയിരുന്നു അത്. കാലം രൂപന്തരപ്പെടുത്തിയ, പ്രായം പടര്‍ന്നു കയറിയ ശോഷിച്ച, ഒരു സ്ത്രീ രൂപം. ഇടയ്ക്കെപ്പോഴോ നരച്ച മിഴികള്‍ എന്‍റെനേര്‍ക്ക്‌ നീണ്ടു എന്ന് തോന്നിയപ്പോള്‍,  പുഞ്ചിരിച്ചു കൊണ്ട് ഞാന്‍ കൈവീശി കാണിച്ചു. പൊടുന്നനെ എന്നെ കണ്ടിട്ടെന്നവണ്ണം മരങ്ങള്‍ക്കിടയില്‍ എവിടെയോ മറഞ്ഞു ആരൂപം. മറ്റുള്ളവരുടെ ഹൃദയങ്ങള്‍ക്ക് എത്തിപിടിക്കാനാവാത്ത വിളര്‍ത്ത ജീവിതങ്ങളുടെ പ്രതിരൂപങ്ങളിലൊന്ന്.
ഞാന്‍അപ്പോള്‍  അനുഭവിച്ചറിഞ്ഞ പ്രശാന്തതയാണ് ഞാന്‍ സ്വപ്നത്തില്‍ ദര്‍ശിക്കാറുള്ള ആനന്ദം എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ അപ്പോള്‍ ആയിരുന്ന ശാന്തമായ ആ സാഹചര്യം, അതെ അതുതന്നെയാണ് ഞാന്‍ എന്നോസ്വപ്നത്തില്‍ കണ്ടിരുന്ന ആസന്തോഷം. തിരക്കുകള്‍ എന്നെമടുപ്പിക്കുമ്പോള്‍ നേരംപോക്കിന്‍റെയും സല്ലാപത്തിന്‍റെയും  മുഖംമൂടിക്കുള്ളില്‍ നിരാശയോടെ കഴിയേണ്ടി വരുമ്പോള്‍, ഇനിയും എനിക്ക് പ്രകൃതിയിലേക്ക് മടങ്ങണം ഇതുപോലെ.  ഒരുപക്ഷെ മറ്റാര്‍ക്കും കാണാനാവാത്ത എന്‍റെസത്യസന്ധവും അഗാധവുമായ ഹൃദയത്തിന്‍റെ അടിത്തട്ടില്‍, എന്നിലെ സഞ്ചാരിയുടെ ആഗ്രഹങ്ങളുടെയും ചിന്താശക്തിയുടെയും പരിധിക്കപ്പുറമാണ് ഈയാത്രകള്‍ എന്നെ കൊണ്ടെത്തിക്കുക. സുധീഷിനോട് യാത്ര പറഞ്ഞു തിരിക്കുമ്പോള്‍, നെറ്റിയിലെ ചുളിവുകള്‍ അല്ലാതെ ഹൃദയത്തില്‍ വിഷാദം തീരെ ഉണ്ടായിരുന്നില്ല. വിഹായസ്സിന്‍റെ ഉജ്ജ്വലതയില്‍ പാറിപറക്കുന്ന ഇളംനിറമാര്‍ന്ന ചിറകുകളോട് കൂടിയ ഒരു പക്ഷിയെപോലെ ഇനിയും എനിക്ക് ഒരുപാട് സഞ്ചരിക്കേണ്ടതുണ്ട്.

Comments

Popular posts from this blog

പ്രശാന്തതയുടെ ചിറകടികൾ...

ലളിത സുന്ദരം... സിക്കിം

കുതിരമുഖി എന്ന സുന്ദരി