വശ്യസുന്ദരം; ഇരവികുളം

ഒരു യാത്ര പുറപ്പെടാന്‍ അല്ലെങ്കില്‍ തയ്യാറെടുക്കാന്‍ വേണ്ടിവരുന്ന ചുരുങ്ങിയ കാലയളവ്‌ എത്രയാവാം? ദിവസങ്ങള്‍, ആഴ്ചകള്‍ മാസങ്ങള്‍... ഉത്തരം പലതാവാം. ദിവസങ്ങളും ആഴ്ചകളും നീണ്ട തയ്യാറെടുപ്പോടെ പലയാത്രകളും പോയിടുണ്ട്. കാഷ്മീരിലെക്കുള്ള യാത്രയ്ക്ക് മാസങ്ങള്‍ നീണ്ട   കാത്തിരിപ്പായിരുന്നു. എന്നാല്‍ ഒരു മിനിറ്റിന്‍റെ പോലും ആലോചനയോ തയ്യാറെടുപ്പോ ഇല്ലാതെ ഇരവികുളത്തേക്കുള്ള യാത്ര ചിലര്‍ക്കെങ്കിലും ആശ്ചര്യകരമായി തോന്നാം.


സത്യത്തില്‍ ഈ യാത്രയുടെ കാരണഹേതു എന്ന് പറയാവുന്നത് എന്‍റെ പ്രിയ സുഹൃത്ത്‌ സാഗര്‍ ആണ്. മറ്റൊരാവശ്യത്തിനായി തൃശ്ശൂര്‍ക്ക് പോവാനിറങ്ങിയതാണ് ഞാന്‍. പോവുന്നതിനു മുന്‍പേ സാഗറിനെ കാണേണ്ടിയിരുന്നു. ഉച്ചതിരിഞ്ഞു മൂന്നുമണിയോടെ ബസ് സ്റ്റേഷനില്‍ എത്തിചേരാം എന്നുപറഞ്ഞിരുന്നു എങ്കിലും പറഞ്ഞിരുന്ന സമയത്തിലും ഒന്നര മണിക്കൂര്‍ വൈകിയാണ് സുഹൃത്തിനു ബസ് സ്റ്റെഷനില്   എത്തുവാന്‍ കഴിഞ്ഞത്. ഒരു യാത്രയുടെ അനിവാര്യമായ പരിസമാപ്തി എന്ന്  സ്വയം ബോധ്യപെടുത്താന്‍  ശ്രമിച്ചുകൊണ്ട്  ആയാത്ര ഉപേക്ഷിച്ചു വീട്ടിലേക്ക് മടങ്ങുവാന്‍ തുടങ്ങുകയായിരുന്നു ഞാന്‍. പൊടുന്നനെയാണ് ഏറെ ആവേശവും അതിലുപരി ആകാംക്ഷയും  പകര്‍ന്നുകൊണ്ട് " മൂന്നാര്‍" എന്ന ബോര്‍ഡുമായി ശൂന്യമായ ഒരു ബസ് മുന്നില്‍ എത്തിയത്. മൂന്നാറിലെ ഏറെ പരിചിതങ്ങളായ ടോപ്സ്റ്റേഷനും, തടാകവുമൊന്നുമല്ല എന്‍റെ മനസിലേക്ക് അപ്പോള്‍ കടന്നുവന്നത്, മൂന്നാറില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ, ക്യാരറ്റും ക്യാബേജും ആപ്പിളുകളും വിളയുന്ന, തട്ട് തട്ടായ കൃഷിയിടങ്ങള്‍ നിറഞ്ഞ കാന്തല്ലൂരും, വരയാടുകള്‍ മേയുന്ന ഇരവികുളവുമാണ്. പലപ്പോഴും എന്‍റെ ചിന്തകളിലൂടെ തരണം ചെയ്തിരുന്ന പ്രദേശങ്ങളില്‍  ചിലതായിരുന്നു അവ. കൂടുതലൊന്നും ചിന്തിച്ചില്ല, നേരെ ബസിലേക്ക് കയറി.




മൈനസ് ഡിഗ്രിയിലേക്ക് വഴുതിവീണ മൂന്നാറിലെ കൊടുംതണുപ്പിലേക്ക്, മാറ്റുവാന്‍ മറ്റു വസ്ത്രങ്ങളോ, തയ്യാറെടുപ്പുകളോ ഇല്ലാതെ സന്തതസഹചാരിയായ ക്യാമറ മാത്രമായി ഞാന്‍ പുറപ്പെട്ടതിലുള്ള അനൌചിത്യം ചിലരെങ്കിലും പ്രകടിപിച്ചു. ബസില്‍ കയറിയപ്പോള്‍ ഓഫിസിലെ കൂട്ടുകാരിയുടെ അന്വേഷണം, കാര്യം പറഞ്ഞപ്പോള്‍ കുസുമഗിരിയിലേക്കുള്ള ബസ് കണ്ടില്ലേ എന്നായിരുന്നു അവളുടെ മറുചോദ്യം. വാസ്തവത്തില്‍ ഒരുപാട് പേരില്‍ നിന്നും കേട്ട ചോദ്യം എന്തിനായിരുന്നു ഇങ്ങനെയൊരുയാത്ര എന്നത് എന്നെ സംബന്ധിച്ചിടത്തോളം വിശദീകരിക്കാനാവാത്ത നിരര്‍ത്ഥകമായ ഒന്നാണ്. പലര്‍ക്കുംഅത് അവള്‍ സൂചിപിച്ചതുപോലെ "നട്ടപ്രാന്ത്" ആയി തോന്നാം.  തീര്‍ത്തും ശരിയാണെന്ന് ഉറപ്പിച്ചു പറയുക വയ്യ. :-). മറ്റു പലകാര്യങ്ങളും പോലെ എന്താണത്തിന്‍റെ  കാരണമെന്ന് വിശദീകരിക്കുക എന്നെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല.

വൈകിട്ട് ആറുമണിയോടെ ബസ് പുറപെട്ടപ്പോള്‍ ചുരുക്കം ചില യാത്രികരെ ഉണ്ടായിരുന്നുള്ളു. പതിനൊന്നു മണിയോടെ മൂന്നാറില്‍ എത്തി ചേരും എന്ന് കണ്ടക്ടറില്‍ നിന്നും അറിവ് കിട്ടി. K.S.R.T.C യുടെ സ്ഥാപനചരിത്രം മുഴുവന്‍ വിശദീകരിക്കാന്‍ കെല്‍പ്പുള്ള വാഹനമായിരുന്നു അത്. തീര്‍ച്ചയായും K.S.R.T.C യോളം പ്രായമോ അതിലേറെയോ അതിനുണ്ടാവും. എന്നെ കൂടാതെ രണ്ടോ മൂന്നോ യാത്രികരും, എറ്റവും പിന്നിലായി സ്ഥാനം പിടിച്ച വിദേശ ദമ്പതികളും മാത്രമായിരുന്നു എറണാകുളത്തുനിന്ന് പുറപെട്ടപ്പോള്‍  ബസില്‍ ഉണ്ടായിരുന്നത്. അവരുടെ നാട്ടിലെ ലോഫ്ലോര്‍ ബസിലെ യാത്രസുഖം പ്രതീക്ഷിച്ചാവും വണ്ടി വന്നപ്പോള്‍ കാലിയായ ബസിലെ  ഏറ്റവും പിന്നിലെ സീറ്റുകള്‍ തന്നെ തിരഞ്ഞെടുത്തത്. കോതമംഗലം എത്തിയപ്പോഴേക്കും വാഹനം നിറഞ്ഞു. പിന്നീട് അങ്ങോട്ട്‌ അമിത വേഗതയായിരുന്നു. എത്രയും പെട്ടെന്ന് മൂന്നാര്‍ എത്തികിടന്നുറങ്ങുക എന്ന ഏക ആഗ്രഹെമേ തനിക്കുള്ളു എന്നാ മട്ടായിരുന്നു ഡ്രൈവര്‍ക്ക്. എന്ജിന്‍റെ  ചെവി തുളയ്ക്കുന്ന ശബ്ദത്തെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ എന്‍റെ ഇയര്‍ ഫോണിനു കഴിഞ്ഞെങ്കിലും ദുര്ഘടമായ പാതയിലൂടെയുള്ള അമിത വേഗത്തിലുള്ള ഡ്രൈവിംഗ് എന്നെപോലെ പലരെയും വലച്ചുകൊണ്ടിരുന്നു. ചുരം കയറാന്‍ തുടങ്ങിയതോടെ മലനിരകളില്‍ ചുറ്റിവരുന്ന തണുത്ത കാറ്റേറ്റ് ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി. താഴെ ഗ്രാമങ്ങളില്‍ മിന്നുന്ന വെളിച്ചങ്ങള്‍ കാണാം,  ആകാശത്ത് നിന്നും അടര്‍ന്നു വീണ നക്ഷത്രങ്ങള്‍ പോലെ.



 മൂന്നാര്‍ പട്ടണമടുത്തതോടെ ബസ് വീണ്ടും കാലിയായി തുടങ്ങി.അവശേഷിച്ചവരാവട്ടെ പാതിമയക്കത്തിലേക്കു വഴുതി വീണിരുന്നു.11മണിയോടെ മൂന്നാറില്‍ എത്തി. നിരത്തുകള്‍ ശൂന്യമായിരുന്നു. ഒഴിഞ്ഞ നിരത്തുകളില്‍ തട്ടുകടകള്‍ സജീവമായുണ്ട്. പകല്‍ സമയങ്ങളില്‍ തെരിവിന്‍റെ ഓരത്ത് ഒന്നിന് മുകളില്‍ ഒന്നായി ചേര്‍ത്ത് വച്ചിരിക്കുന്ന മേശകളും കസേരകളും കാണാം. രാത്രി തെരുവുകള്‍ നിര്ജീവമാവുന്ന വേളകളില്‍ അവയെല്ലാം സജീവമാവും., എനിക്ക് വിശപ്പിന്‍റെ വിളിയുണ്ടായിരുന്നു, ദോശയും ഓംലെറ്റും കഴിച്ചതോടെ മനസ്സ് തെളിഞ്ഞു. ഇനി റൂം കണ്ടു പിടിക്കണം. വിനോദ സഞ്ചാര മേഖലയില്‍ ഇത്രയേറെ സ്ഥാനം പിടിച്ച ഈ പട്ടണത്തില്‍ അര്‍ദ്ധരാത്രിയിലും ഒരു റൂം കിട്ടാന്‍ അത്രവലിയ ത്യാഗം സഹികേണ്ടി വരില്ല എന്ന് മനസ്സ് പറഞ്ഞു. നിരത്തുകളില്‍ ഓട്ടോറിക്ഷകള്‍ ഒരുപാടുണ്ട്.  തണുപ്പ് കഠിനമായിരുന്നു, ബാഗ് മുതുകിലിട്ടു, തണുപ്പിനെ പ്രതിരോധിക്കാന്‍ കൈകള്‍ പോക്കെറ്റില്‍ തിരുകി നടന്നു തുടങ്ങിയപ്പോഴേക്കും റൂം ഓഫര്‍ ചെയ്ത് കൊണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ എത്തി."റൂംവേണോ?എന്നെ സമീപിച്ച ഒരു ഡ്രൈവര്‍ ചോദിച്ചു, ഞാന്‍ അതെ എന്നഅര്‍ത്ഥത്തില്‍ തലകുലുക്കി. അയാള്‍ ആരെയോ ഫോണില്‍വിളിച്ചു റൂം ഉണ്ടെന് തീര്‍ച്ചപെടുത്തി."ഡബിള്‍റൂം മാത്രമേ ഉള്ളു 750 രൂപയാവും" അയാള്‍ പറഞ്ഞു. എനിക്ക് സിംഗിള്‍ റൂം ആണ് ആവശ്യം, മാത്രമല്ല അത് വളരെ കൂടുതല്‍ ആണ്. ഞാന്‍ നിരസിച്ചു കൊണ്ട് നടത്തം തുടര്‍ന്നു. അയാള്‍ എന്നെ പിന്തുടരുമെന്നു എനിക്ക് ഉറപ്പായിരുന്നു.അയാള്‍ ആരെയോ വീണ്ടും ഫോണില്‍ ബന്ധപെട്ടശേഷം എനിക്കരികെലെത്തി. "സിംഗിള്‍ റൂമിന്‍റെ കാശ് തന്നാല്‍ മതി കയറിക്കോളൂ". അങ്ങനെ താമസസ്ഥലത്തേക്ക്  യാത്രയായി.





 തേയില കുന്നിലേക്കുള്ള ഒരുവലിയ കയറ്റത്തിന്‍റെ വക്കിലാണ് വണ്ടി ചെന്നു നിന്നത്. താഴേക്കുള്ള ഇറക്കത്തില്‍ നിരവധി കൊച്ചു കൊച്ചു വീടുകള്‍ ഉണ്ട്. വൈദ്യുത വിളക്കുകള്‍ അണഞിരിന്നു, എല്ലാവരും അവരവരിലേക്ക് ചുരുണ്ട് കൂടിയിരിക്കുന്നു. ഡ്രൈവര്‍ ഫോണ്‍ ചെയ്തപ്പോഴേക്കും കുറച്ചകലെയുള്ള ഒരു വീട്ടില്‍ വിളക്ക് തെളിഞ്ഞു. ആരോ ഒരാള്‍ പുറത്തിറങ്ങിവന്നു. ഡ്രൈവറുടെ നിര്‍ദേശപ്രകാരം അയാള്‍ ഞങ്ങള്‍ക്കരികില്‍ എത്തി. എന്നെ പരിചയെപ്പെടുത്തിയ ശേഷം ഓട്ടോകൂലി വാങ്ങി ഡ്രൈവര്‍ യാത്രയായി. ഞാന്‍ അയാള്‍ക്കൊപ്പം നടന്നു. ജോയി എന്ന് പേരുള്ള, ധാരാളം സംസാരിക്കുന്ന ഒരു യുവാവ്. തേയില കുന്നിന്‍റെ ചെരിവിലൂടെ, മുട്ടി മുട്ടി നില്‍ക്കുന്ന കൊച്ചു വീടുകള്‍ക്കിടയിലൂടെ നടക്കുനതിനിടയില്‍  അയാള്‍ എന്നെക്കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു. ഇരമ്പിയൊഴുകുന്ന ഒരു കൊച്ചു തോടും, അതിനു മുകളില്‍ മരത്തടികള്‍ ചേര്‍ത്ത് വച്ച പാലവും കടന്നു വേണം വീടിലേക്ക്‌ എത്തുവാന്‍. മൂന്നുമുറികളുള്ള അയാളുടെവീട് വിനോദ സഞ്ചാരികളെ ലക്‌ഷ്യംവച്ച് തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നതും. മുറ്റത്തോടുചേര്‍ന്നുള്ള ഔട്ട്‌ ഹൌസില്‍ തമിഴ് നാട്ടില്‍ നിന്നുള്ള ഒരു സംഘം വിനോദ സഞ്ചാരികള്‍ ഉണ്ടെന്നു അയാള്‍ പറഞ്ഞു. വീട്ടിലെത്തി രെജിസ്റ്റ്ര് ബുക്കില്‍ വിലാസമെഴുതുന്നതിനിടെ, അയാള്‍ എന്തിനോ വേണ്ടി കാതോര്‍പ്പിച്ചു നിന്ന ശേഷം  എന്നോട് നിശബ്ദമായിരിക്കുവാന്‍ ആംഗ്യം കാണിച്ചു. എന്നെ സോഫയിലേക്ക് ഇരുത്തിയിട്ട് പൊടുന്നനെ അയാള്‍ മുറിയിലെ ലൈറ്റ് ഓഫ്‌ചെയ്തുകളഞ്ഞു. അയാളുടെ അടുത്ത നീക്കം എന്തെന്നോര്‍ത്തു ഞാന്‍ നടുങ്ങി. വൃത്തികെട്ടവനെ ഞാന്‍ അത്തരകാരനല്ല എന്ന് പറയാനായി ഞാന്‍ ചാടിഎഴുന്നേറ്റു എങ്കിലും, എന്നോട് ശബ്ദിക്കരുത് എന്ന് ആംഗ്യം കാണിച്ചശേഷം തിടുക്കത്തില്‍ ജനാലയ്ക്കരികിലേക്ക് നീങ്ങുകയാണ് അയാള്‍ ചെയ്തത്. ആദ്യം എനിക്ക് ഒന്നും വ്യക്തമായില്ലെങ്കിലും പിന്നീട് കാര്യം മനസ്സിലായി, ജനാല അല്പം മാത്രം തുറന്നു അയാള്‍ എന്തോ കാഴ്ച കാണുകയാണ്. കുറച്ചുനേരം പകച്ചുനിന്നെങ്കിലും എന്തായിരിക്കും അവിടെയുള്ള കാഴ്ച എന്നറിയാന്‍ എനിക്കും ആകാംക്ഷ ഉണ്ടായി. ഞാന്‍ ശബ്ദമുണ്ടാക്കാതെ ജനാലയ്ക്കരികിലെത്തി അയാളുടെ പിന്നിലൂടെ നോക്കി. അവിടെ ഔട്ട്‌ ഹൌസില്‍ താമസിക്കുന്ന തമിഴ് സംഘത്തിലെ ഒരു യുവാവ്, തന്‍റെ ഭാര്യ എന്ന് തോന്നിക്കുന്ന ഒരു സ്ത്രീയെ മര്ദ്ധിക്കുകയാണ്. മദ്യലഹരിയില്‍ വേച്ചു വേച്ചു പോവുന്ന കാലുകളുമായി അയാള്‍ ആ സ്ത്രീയെ ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്നു. സ്ത്രീ നിലവിളിക്കുന്നുണ്ടെങ്കിലും, ആരും തന്നെ അയാളെ തടയാനോ അവരെ സഹായിക്കാനോ വരുന്നില്ല. ഈ മനുഷ്യന്‍ അത്കണ്ടു രസിക്കുകയാണ്. കഷ്ടം!!!. ഞാന്‍ എത്തിപ്പെട്ടിരിക്കുന്ന സ്ഥലം നല്ലത് തന്നെ. നീണ്ട യാത്രയ്ക്കും, കഠിനമായ പാതയ്ക്കും, ക്ഷീണിച്ച ശരീരത്തിനും പുറമേ ഇതുപോലുള്ള അനിഷ്ട സംഭവങ്ങള്‍കൂടി നേരിടേണ്ടി വരിക കടുപ്പം തന്നെ. ഈ അര്‍ദ്ധരാത്രിയില്‍, കൊടുംതണുപ്പില്‍ ഇനിമറ്റൊരു താമസസ്ഥലം അന്വേഷിച്ചു പോവുന്നതിനെ കുറിച്ച് ഓര്‍ത്തപ്പോള്‍ എന്‍റെ ഉള്ളില്‍ ദേഷ്യവും സങ്കടവും നിറഞ്ഞു. ഞാന്‍ അയാളുടെ ചുമലില്‍ തട്ടിവിളിച്ചു കൊണ്ട് ദേഷ്യംപൂണ്ട ശബ്ദത്തോടെ പറഞ്ഞു: "നോക്കു,നീണ്ട യാത്രകഴിഞ്ഞു ഞാന്‍ആകെ ക്ഷീണിച്ചിരിക്കുകയാണ്, എനിക്കുള്ള മുറി ഏതെന്നു കാണിച്ചുതന്നാല്‍ നന്നായിരുന്നു". സിനിമ കാണുന്നതിനിടയില്‍ പരസ്യം വന്നലെന്നത്പോലെ, അനിഷ്ടത്തോടെ തലയും ചൊരിഞ്ഞു കൊണ്ട് മേശയില്‍നിന്നും താക്കോലെടുത്ത്‌ അയാള്‍ നടന്നു. ബാഗുമായി ഞാന്‍ അയാളെ അനുഗമിച്ചു.



സാമാന്യം വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന മുറികളായിരുന്നു അവ. മറ്റുമുറികളിലോന്നും ആരും തന്നെ ഉണ്ടായിരുന്നില്ല. മുറിയിലെത്തി തണുത്തുറഞ്ഞ വെള്ളത്തില്‍ മുഖം കഴുകിയപ്പോഴേക്കും യാത്രക്ഷീണം തെല്ലകന്നു.  ജാലകം തുറന്നെങ്കിലും, തണുത്ത കാറ്റു അസഹ്യമായപ്പോള്‍ ഉടനെതന്നെ അടച്ചു. ചില്ല് ജാലകത്തിനപ്പുറം, ഇരുട്ട് പുതച്ചുറങ്ങുന്ന തേയില കുന്നുകളും, മേഘങ്ങളും നക്ഷത്രങ്ങളും തിങ്ങി നിറഞ്ഞ ആകാശവും കാണാം. ഷൂസ് ഊരി, നിലത്തേക്ക് കാല്‍ വച്ചപ്പോള്‍ ഐസ്കട്ടയില്‍ ചവിട്ടിയിട്ടെന്നപോലെ പൊള്ളി. ചാടി കട്ടിലിലേക്ക് കയറി. പാട്ട് കേട്ട് ഉറക്കത്തിലേക്കു വീഴുന്നതിനു മുന്‍പേ വാതിലില്‍ മുട്ടികൊണ്ട്‌ ജോയി കടന്നുവന്നു. ഔട്ട്‌ ഹൌസിലുള്ള തമിഴ് സംഘത്തെ കുറിച്ചായിരുന്നു സംസാരം. തമിഴ്നാട്ടിലെ ഏതോ ഉള്‍ഗ്രാമത്തില്‍ നിന്നുള്ളവരാണ്, മഹാ കുഴപ്പകാരാണ്. വന്നപ്പോള്‍ മുതല്‍ ബഹളമായിരുന്നെന്നും മദ്യപിക്കരുതെന്ന് ആദ്യമേ പറഞ്ഞിരുന്നതാനെന്നും അതിനാലാണ് ജനലിലൂടെ നോക്കിയതെന്നും പറഞ്ഞു. അനിഷ്ടത്തോടെയുള്ള എന്‍റെ സംസാരമാവണം തീര്‍ച്ചയായും ഈ ന്യായീകരണത്തിനു പിന്നില്‍എന്ന് ഞാന്‍ ഊഹിച്ചു. എന്ത് തന്നെയായാലും ഒളിഞ്ഞു നോട്ടം ന്യായീകരിക്കാനാവില്ല എന്നത് അയാളോട് പറയണം എന്നുണ്ടായിരുന്നെങ്കിലും ഇനി മറ്റൊരു താമസ സ്ഥലം നോക്കേണ്ടി വരിക എന്ന ദുരവസ്ഥയെ കുറിച്ച് ഓര്‍ത്തപ്പോള്‍ വാക്കുകള്‍ പുറത്തേക്കു വിടാതെ ഞാന്‍ വിഴുങ്ങുക മാത്രം ചെയ്തു.   
ജോയിചെട്ടന്‍ തമാശകള്‍ പറഞ്ഞു മുന്നേറുകയാണ്, ആളൊരു രസികന്‍ തന്നെ..പക്ഷെ അത് ആസ്വദിക്കാന്‍ മാത്രമുള്ള മാനസികാവസ്ഥയില്‍ ആയിരുനില്ല ഞാന്‍. എന്നെ സംബന്ധിച്ചിടത്തോളം ഉറക്കം എന്നതിനേക്കാള്‍ മഹത്തരമായൊരു കാര്യം ലോകത്ത് ഇല്ല എന്ന അവസ്ഥയായിരുന്നു. ജോയിച്ചേട്ടന്‍ ചോദ്യങ്ങള്‍ എറിഞ്ഞു കൊണ്ടിരുന്നു.. "എന്തുകൊണ്ടാണ് ഒറ്റയ്ക്ക് ഇങ്ങനെ ഒരു യാത്ര അതും ഈ അസമയത്ത്?" അയാള്‍ വിടുന്ന ലക്ഷണമില്ല. ഗൌരവം നടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു  "എന്‍റെ സന്തോഷവും ജിജ്ഞാസയും മനോരാജ്യവുമെല്ലാം പങ്കുവയ്ക്കാന്‍, സ്വച്ഛമായി വിഹരിക്കുവാന്‍, സ്വപ്നങ്ങളിലേക്കും പ്രശാന്തതയിലേക്കുമുള്ള താക്കോലുകളാണ്‍  ഈ യാത്രകള്‍..." വേറെ എന്തൊക്കെയോ കൂടി ഞാന്‍ പറഞ്ഞിരുന്നു. അരുതാത്തത് എന്തോ സംഭവിച്ചിരിക്കുന്നു എന്നമട്ടില്‍ മിഴിചിരിക്കുകയാണ് അയാള്‍. ഉള്ളിലെ ചിരി പുറത്തു കാണിക്കാതെ ഞാന്‍ തുടര്‍ന്നു. തീര്‍ച്ചയായും എന്നോട് അങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ തോന്നിയ നിമിഷത്തെ ശപിക്കുകയായിരുന്നിരിക്കണം അയാള്‍. വൈകാതെ ജോയി മുറിവിട്ടു പുറത്തു പോയി,  അല്ല ഞാന്‍ അയാളെ പുറത്താക്കി എന്ന് പറയുന്നതാവും ശരി. ഞാന്‍ കമ്പിളിക്കുള്ളിലേക്ക് ഊര്‍ന്നിറങ്ങി.





ആഴത്തിലുള്ള ആ മയക്കത്തെ ഉണര്‍ത്തിയത് ചില മനുഷ്യ ശബ്ദങ്ങളാണ്. ഏറെ ബുദ്ധിമുട്ടിയാണ് എനിക്ക് എന്നെ തന്നെ തിരിച്ചു കിട്ടിയത്. സമയം ഏതാണ്ട് ഏഴരയോട് അടുത്തിരുന്നു. എട്ടുമണിക്ക് ഇരവികുളത്തുക്കുള്ള ബസ്‌ആണ് ഞാന്‍ ലകഷ്യമിട്ടിരുന്നത്. ഉറക്കത്തിന്‍റെ ആഴത്തില്‍ അലാറം കരഞ്ഞു തളര്ന്നതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. പെട്ടെന്ന് തന്നെ എഴുന്നേറ്റു  തയ്യാറായി. പുറത്തിറങ്ങാന്‍ നോക്കിയപ്പോളാണ് പ്രധാനവാതില്‍ ലോക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ജനലിനു സമീപത്തായി താക്കോല്‍ സൂക്ഷിച്ചിടുണ്ട്. മുറിയുടെ അഡ്വാന്‍സ്‌ തുക തിരികെ വങ്ങേണ്ടിയിരുന്നതിനാല്‍ ഞാന്‍ ജോയിയെ ഫോണില്‍ ബന്ധപെട്ടു. ബസ്‌സ്റ്റെഷനു സമീപം കക്ഷിയുണ്ടെന്നും അവിടെ എത്തുമ്പോള്‍ കാശ് നല്‍കാമെന്നും അറിയിച്ചു. ഇറങ്ങാന്‍ നേരം എന്നെ ഉണര്‍ത്താന്‍ കുറെ ശ്രമിച്ചു പരാജയപെട്ടതും കക്ഷി പറഞ്ഞു. ഞാന്‍ ജനാലയ്ക്കു സമീപം വച്ചിരുന്ന താക്കോല്‍ എടുത്തു തിടുക്കത്തില്‍ തുറക്കാന്‍ നോക്കിയെങ്കിലും അത് തുറക്കാന്‍ കഴിഞ്ഞില്ല. വീണ്ടും വീണ്ടും വിഫലശ്രമം തുടര്‍ന്നു. ജനലിനു പുറത്തു, തലേന്ന് രാത്രി അരങ്ങേറിയ നാടകത്തിലെ നായകനും നായികയും ചേര്‍ന്നിരുന്നു വെയില്‍ കായുന്നു. പരസ്പരം പറ്റിചേര്‍ന്ന് തമാശകള്‍ പറഞ്ഞു അവരുടെതായ ലോകത്തായിരുന്നു. ഞാന്‍ നായകനെ ജനലിലൂടെ വിളിച്ചു. ഒരുപക്ഷെ പുറത്തു നിന്നും തുറക്കാന്‍ കഴിഞ്ഞെങ്കിലോ എന്ന് കരുതി താക്കോല്‍ നല്‍കി. നായകന്‍ വളരെ താല്പര്യത്തോടെ താക്കോല്‍ വാങ്ങി ശ്രമം തുടങ്ങി. മിനിട്ടുകള്‍ കഴിഞ്ഞു, ഒന്നും സംഭവിക്കുന്നില്ല. നായിക അവരുടെ സംഘത്തിലെ ആരെയെക്കൊയോ വിളിക്കുന്നു. ആരൊക്കെയോ മുറ്റത്തൂടെ തിടുക്കത്തില്‍ നീങ്ങുന്നുണ്ട്.ഞാന്‍ അവരുടെ പക്കല്‍ നിന്നും താക്കോല്‍ തിരികെ വാങ്ങി ശ്രമം തുടര്‍ന്നു. ഇതിനിടയില്‍ പലവട്ടം ജോയിയെ ബന്ധപെട്ടു. അവസാനം ജോയിയുടെ നിര്‍ദേശ പ്രകാരം താക്കോല്‍ തിരിക്കുന്നതിനോപ്പം വാതില്‍ ശക്തിയായി അമര്‍ത്തി. അങ്ങനെ പത്തു മിനിട്ട് നീണ്ട കഠിന പ്രയത്ന ത്തിനൊടുവില്‍ അത് തുറന്നു കിട്ടി. പക്ഷെ പുറത്തേക്കിറങ്ങിയ ഞാന്‍ അമ്പരന്നു പോയി,  സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏതാണ്ട് പതിനഞ്ചു പേരിലധികം വരുന്ന ആള്കൂട്ടത്തിനിടയിലെക്കാണ് ഞാന്‍ ഇറങ്ങി ചെന്നത്. എന്നെ പുറത്തിറക്കുക എന്നാ രക്ഷാദൌത്യത്തില്‍ എര്പെട്ടിരുന്നവരാണ്  എല്ലാവരും. വാതില്‍ തുറന്നു പുറത്തിറങ്ങിയതോടെ എല്ലാവരുടെയും മുഖത്ത് സന്തോഷം എന്‍റെ ഒഴികെ. ചമ്മലോടെ ഞാന്‍ അവരുടെ ഇടയിലേക്ക് ഇറങ്ങിചെന്നു. ജോയി തലേന്ന് രാത്രി ഇവരെ കുറിച്ച് പറഞ്ഞ വാക്കുകളാണ് എന്‍റെ ഓര്‍മയിലേക്ക് എത്തിയത്.  അപ്പോഴാണ്‌ ഒരുത്തന്‍റെ  കയ്യിലെ വാക്കത്തി ശ്രദ്ധിച്ചത്. ഒരുപക്ഷെ വാതില്‍ തുറക്കുവാനുള്ള ആയുധമായിരുന്നിരിക്കണം. ഞാന്‍ നടുങ്ങി പോയി. ദൈവമേ... ജോയി ഈകാഴ്ച കണ്ടുവന്നിരുന്നെകില്‍ തീര്‍ച്ചയായും എന്നെയടക്കം എല്ലാവരെയും, ഭവനഭേദന കുറ്റംചുമത്തി പോലീസില്‍ ഏല്‍പ്പിക്കുമായിരുന്നു. ഞാന്‍ തിടുക്കത്തില്‍ എല്ലാവരോടും നന്ദി പറഞ്ഞു താക്കോലുമായി ഇറങ്ങി.

തേയില കുന്നുകളെ ചുറ്റിപിണഞ്ഞു കിടക്കുന്ന വഴികളില്‍ കനത്ത മൂടല്‍ മഞ്ഞുണ്ട്. പുതപ്പിലും മേല്കുപ്പയത്തിലും ചുരുണ്ട്കൂടി, ആളുകള്‍ പ്രത്യക്ഷപ്പെടുകയും മഞ്ഞില്‍ അപ്രത്യക്ഷരാകുകയും ചെയ്തു. ബസ്‌സ്റ്റൊപ്പിനു സമീപം ജോയി എന്നെ കാത്തുനില്‍പ്പുണ്ടായിരുന്നു. താക്കോല്‍ നല്‍കി അഡ്വാന്‍സ്‌ തിരികെ വാങ്ങിയശേഷം, യാത്ര പറഞ്ഞു പിരിഞ്ഞു. തിടുകത്തില്‍ പ്രഭാതഭക്ഷണം കഴിച്ചശേഷം ബസ്സില്‍ കയറി. മൂന്നാറില്‍ നിന്നും 14 കി.മി. ദൂരമാണ് ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്ക്. പശ്ചിമഘട്ടത്തിന്‍റെ മടിയില്‍ മയങ്ങുന്ന, 97 ചതുരശ്ര കി.മി. വിസ്തൃതിയുള്ള  പാര്‍ക്കിന്‍റെ ഭാഗമായ രാജമലയിലാണ് വരയാടുകളുടെ സാന്നിദ്ധ്യം കൂടുതലുള്ളത്. രാജമലയുടെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് സഞ്ചാരികള്‍ക്ക് അനുവദനീയമായിട്ടുള്ളത്. ഫോറെസ്റ്റ് ഓഫിസിന്‍റെ പ്രവേശന കവാടത്തില്‍ നിന്നും ടിക്കറ്റ്‌ വാങ്ങിയ ശേഷം വനം വകുപ്പിന്‍റെ വാഹനത്തില്‍ മാത്രമേ പാര്‍ക്കിലേക്ക് പ്രവേശിക്കാനാവൂ. ഞാന്‍ അവിടെ എത്തിചേര്‍ന്നപ്പോള്‍ ടിക്കെറ്റിനായി നീണ്ട നിരതന്നെയുണ്ടായിരുന്നു. എന്നിരുന്നാലും അധികം വൈകാതെ ടിക്കറ്റ്‌ കിട്ടി. 6 മിനി ബസുകള്‍ നാഷണല്‍ പാര്‍ക്കിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. വണ്ടിയില്‍ കയറി ജനാലയ്ക്കു സമീപം തന്നെ സ്ഥാനം പിടിച്ചു. തേയില കുന്നുകള്‍കിടയിലൂടെയുള്ള മനോഹരയാത്ര അവസാനിച്ചത്‌ രാജമലയുടെ താഴ്വരയിലാണ്.ബസ്സില്‍ നിന്നിറങ്ങി മുകളിലേക്ക് നടന്നു. താഴ്വാരം മുതല്‍ തന്നെ വരയാടുകളെ കാണാം. അഭൂതപൂര്‍വമായ വിധത്തില്‍ വംശനാശ ഭീഷണി നേരിടുന്നവരാനെന്നോ, ഈ ഭൂലോകത്ത് തങ്ങളുടെ വംശം എണ്ണപ്പെട്ടിരിക്കുന്നു എന്നോഉള്ള യാതൊരു ഭാവഭേദവും കൂടാതെ അവ സഞ്ചാരികളുമായി വളരെയധികം ഇണങ്ങി ചേര്‍ന്നിരിക്കുന്നു. ചുറ്റും തരംഗങ്ങള്‍ പോലെ മലനിരകള്‍. ദക്ഷിണേന്ധ്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി, മേഘങ്ങളേ ചുംബിച്ചു കൊണ്ട് അരികെ തലയുയര്‍ത്തി നില്‍ക്കുന്നു. മലനിരകളും, പുല്‍മേടുകളും നിറഞ്ഞ പ്രദേശമാണ് ഇരവികുളം. ഒരു വ്യാഴവട്ടകാലത്ത് മാത്രം വസന്തത്തിന്‍റെ വര്‍ണ്ണങ്ങള്‍ വിരിയിക്കുന്ന നീലകുറിഞ്ഞികളാണ് താഴ്വരയുടെ മറ്റൊരു പ്രത്യേകത. അടുത്ത വസന്തകാലത്തിനു വേണ്ടി കാത്തിരികുകയാണ് അവ.   പല കാലാന്തരങ്ങളില്‍ സൃഷ്ടിക്കപ്പെട്ട ചെടികള്‍ ഉള്ളതിനാല്‍ മൂന്നോ നാലോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ താഴ്വരയില്‍ പൂക്കള്‍ കണ്ടേക്കാം.
ഇരവികുളം എന്തെന്നറിയാതെ, വന്യജീവികളെ പ്രതീക്ഷിച്ച് എത്തിയ ചിലസഞ്ചാരികള്‍ നിരാശയോടെ സംസാരിക്കുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ മനോഹരമായ ഒരു പ്രകൃതിപ്രതിഭാസത്തെ അടുത്തറിയാന്‍ എത്തുന്ന ഏതൊരാള്‍ക്കും, തന്നെ ആഴത്തില്‍ സ്പര്‍ശിക്കാതെ, ഓര്‍മ്മയില്‍ സൂക്ഷിക്കപ്പെടാതെ ഈപ്രദേശത്തെ കടന്നുപോവാന്‍ കഴിയില്ല. വരയാടുകളും, നീലകുറിഞ്ഞികളും അതിന്‍റെ ഒരു ഭാഗം മാത്രം.




കുന്നിന്‍ ചെരിവിലൂടെ അനുസ്യൂതം വീശുന്ന തണുത്ത കാറ്റിനു മുന്നില്‍ തലയുയര്‍ത്തിപിടിച്ചുകൊണ്ട് നടന്നു. താഴ്വരമാകെ വെളുത്ത മഞ്ഞും, ഈര്‍പ്പവും കൊണ്ട് മൂടപ്പെട്ടു കിടക്കുകയാണ്. മഞ്ഞിനെ പ്രതിരോധിക്കാന്‍ സൂര്യന്‍ ഒളിഞ്ഞും തെളിഞ്ഞും പണിപെടുന്നുണ്ടായിരുന്നു. ഉച്ചവെയില്‍ കനത്തു തുടങ്ങിയതോടെ മരത്തണലില്‍ വിശ്രമിച്ചു. അല്‍പ്പം കഴിഞ്ഞപ്പോള്‍  നാഷണല്‍ പാര്‍ക്കിലെ ഗൈഡ്ആയ സുരേഷ് എന്ന് പേരുള്ള യുവാവ് കൂടി അവിടേക്ക് എത്തി. കീഴ്ക്കാംതൂക്കായ താഴ്വരയിലേക്ക് ചാഞ്ഞുകിടക്കുന്ന ഒരു മരമായിരുന്നു അത്. എന്നെ വിസ്മയിപ്പിച്ചു കൊണ്ട് ഒരുസര്‍ക്കസ് കലാകാരന്‍റെ മെയ് വഴക്കത്തോടെ സുരേഷ് അതില്‍കയറി ഇരിപ്പായി. കുത്തനെയുള്ള താഴ്വരയിലേക്ക് കാലുകള്‍ ഇട്ടു ഇരിക്കുനത് കണ്ടപ്പോള്‍ ആദ്യം അമ്പരപ്പ് തോന്നിയെങ്കിലും, കുറച്ചു നേരത്തെ പ്രയത്നത്തിനൊടുവില്‍ ഞാനും അതില്‍ കയറിപറ്റി. എന്‍റെ  കയ്യിലുണ്ടായിരുന്ന പഴങ്ങള്‍ ഞങ്ങള്‍ വീതിച്ചു കഴിച്ചു. തികച്ചും ശാന്തമായ അന്തരീക്ഷം, ആ ശാന്തയുടെ ആഴം എന്തെന്ന് വിവരിക്കാന്‍ എനിക്ക് കഴിയില്ല. എനിക്ക് മടങ്ങുവാന്‍ സമയമായി. ഏറെഇഷ്ടപെട്ടിരുന്ന കാന്തല്ലൂര്‍യാത്ര ചിലകാരണങ്ങളാല്‍ മാറ്റിവെയ്ക്കെണ്ടി വന്നിരിക്കുന്നു. കുന്നിറങ്ങി ബസ്സില്‍ കയറി.  ഹരിതാഭവും, വിസ്മയകരവുമായ മൂന്നാറില്‍ നിന്നും ചുരം ഇറങ്ങുകയാണ്. ചക്രവാളത്തിന്‍റെ അങ്ങേ അറ്റത്ത്, കുന്നുകളുടെ അഗാധതയില്‍ ചുവപ്പോടെ മേഘങ്ങള്‍ കൂട്ടമായി കാണപ്പെട്ടു. കോടമഞ്ഞ്‌ ഭൂമിയെ പുതച്ചപ്പോള്‍ ചെറുമയക്കം. നഗരത്തിലേക്ക്...ഇവിടെ രാത്രി ജീവിതത്തിന്‍റെ യാന്ത്രികതയിലേക്ക്, ശബ്ദകോലാഹലങ്ങളുടെ അകമ്പടിയും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചങ്ങളുമായി എന്‍റെ നഗരം ഉണര്‍ന്നു കഴിഞ്ഞു. ഏറെ വിദൂരമായ, ഒരു തീരത്ത് നിന്നും, എന്നെ പേര്ചൊല്ലി വിളിക്കുന്ന,  ശാന്തതയുടെ ആഴങ്ങളിലേക്ക് എന്നെ വീണ്ടും വീണ്ടും നയിക്കുന്ന, ദുര്‍ബലമായ ശബ്ദം ആരുടെതാണ്? എനിക്കറിയില്ല.

Comments

Post a Comment

Popular posts from this blog

പ്രശാന്തതയുടെ ചിറകടികൾ...

ലളിത സുന്ദരം... സിക്കിം

കുതിരമുഖി എന്ന സുന്ദരി