ദേവ ഭൂമിയില്‍
ഏറെ നാളുകളായി എന്റെ ചിന്തകള്‍ ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ ഹിമ ശൃംങ്ഖങ്ങളിലായിരുന്നു. അനിര്‍വചനീയമായ സ്വപ്നങ്ങളില്‍, ഹിമപര്‍വ്വതങ്ങളുടെ മഹാനിരകളിലൂടെ താപസ്സനെ പോലെ, രാത്റിയെന്നോ പകലെന്നോ ഇല്ലാതെ എത്ര എത്ര തവണ ഞാന്‍ അലഞ്ഞു നടന്നിട്ടുണ്ട്. വിരാമമില്ലാതെ അതെന്റെ മനസ്സിനെ കുടഞ്ഞുകൊണ്ടിരുന്നു. പലപ്പൊഴായി തീരുമാനിച്ച യാത്റകള്‍ ഓരോ കാരണങ്ങളാല്‍ മുടങ്ങുകയായിരുന്നു. ഓരോരുത്തര്ക്കും അവരുടെതായ തടവറകള്‍ ഉണ്ട്. ഒടുവില്‍ എന്റെ തടവറയുടെ അഴികള്‍ തകര്‍ത്തുകൊണ്ട് ഹിമാലയത്തിന്റെ താഴ്വരയിലേക്കുള്ള ദൂരം മുഴുവന്‍ ഞാന്‍ ഏകനായി പിന്നിട്ടിരിക്കുന്നു എന്ന ആത്യന്തികമായ തിരിച്ചറിവ് പ്രചോദനപരമായ ആത്മവിശ്വാസവും സന്തോഷവും എന്നില്‍ നിറച്ചിരിക്കുന്നു.
ഉത്തര്‍പ്രദേശ് വിഭജിച്ചു രൂപികരിച്ചതാണ് ഉത്തരാഖണ്ട് എന്ന സംസ്ഥാനം. രണ്ടായിരാമാണ്ട് നവംബറില്‍ ഉത്തരാഞ്ചല്‍ എന്ന് ആദ്യ പേരായ ഉത്തരാഖണ്ട്, ഇന്ത്യയിലെ ഇരുപത്തി ഏഴാമത്തെ സംസ്ഥാനമായി നിലവില്‍വന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രതിപാദിച്ചിട്ടുള്ള തപോവനങ്ങളും, പര്‍വ്വതങ്ങളും ഇവിടെയാണ് എന്ന് തിരിച്ചറിയുംബോഴാണ് "ദേവഭൂമി " എന്ന വാകിന്റെ പ്രസക്തി കൂടുതല്‍ വെളിപ്പെടുത്തുന്നത്.
ഉത്തര്‍പ്രദേശ് വിഭജിച്ചു രൂപികരിച്ചതാണ് ഉത്തരാഖണ്ട് എന്ന സംസ്ഥാനം. രണ്ടായിരാമാണ്ട് നവംബറില്‍ ഉത്തരാഞ്ചല്‍ എന്ന് ആദ്യ പേരായ ഉത്തരാഖണ്ട്, ഇന്ത്യയിലെ ഇരുപത്തി ഏഴാമത്തെ സംസ്ഥാനമായി നിലവില്‍വന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രതിപാദിച്ചിട്ടുള്ള തപോവനങ്ങളും, പര്‍വ്വതങ്ങളും ഇവിടെയാണ് എന്ന് തിരിച്ചറിയുംബോഴാണ് "ദേവഭൂമി " എന്ന വാകിന്റെ പ്രസക്തി കൂടുതല്‍ വെളിപ്പെടുത്തുന്നത്.
ഉത്തരാഖണ്ട് സംസ്ഥാനത്തിന് പ്രധാനമായും രണ്ടു ഭാഗങ്ങളാണ്. പടിഞ്ഞാറ് ഗദ്വാള്‍ ഹിമാലയവും കിഴക്ക് കുമായോണ്‍ മലനിരകളും. ഋഷികേഷ്, രുദ്രപ്രയാഗ്, ദേവപ്രയാഗ്, കൈലാസം തുടങ്ങിയ പുണ്യ ഭൂമികളും, തീര്‍ത്ഥാടന കേന്ദ്രങ്ങളും ഉള്‍പ്പെട്ടതാണ് ഗദ്വാള്‍ പ്രദേശം. നൈനിറ്റാളില്‍ തുടങ്ങി അല്മോറ, കൌസാനി, രാനികെത് , കോര്ബെറ് നാഷണല്‍ പാര്ക്ക് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെട്ട കുമയോണ്‍ മലനിരകളിലൂടെയായിരുന്നു എന്റെ സഞ്ചാരം. നൈനിതാളിലെകായിരുന്നു ആദ്യ യാത്ര. ഉത്തരാഖണ്ഡിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേനെ താഴ്ന്ന ജില്ലയായ നൈനിത്താള്‍, കടല്‍നിരപ്പില്‍നിനും 2100 മീറ്റെര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ആ നിലയില്‍ മറ്റു പ്രദേശങ്ങളെ കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമായി വരില്ല. കത്ഗോടം ആണ് നൈനിതാളിന്റെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റെഷന്‍. കഴിഞ്ഞ തവണ യാത്ര അവസാനിപ്പിച്ച ലക്നൗ ഇല്‍ നിന്നുമായിരുന്നു കാത്ഗോടത്തിലേക്ക് ട്രെയിന്‍ കയറിയത്. രാവിലെ 8 മണിക്ക് ആരംഭിച്ച യാത്ര, ഉച്ചകഴിഞ്ഞ് 3 മണി ആയപോഴേക്കും കത്ഗോടം സ്റെഷനില്‍ അവസാനിച്ചു. നൈനിതാളിലെക് ഷെയര്‍ ടാക്സികളും ബസ്സുകളും നിരവധിയുണ്ട്. ട്രെയിന്‍ എത്തിചെരുന്ന സമയത്തിനനുസരിച്ച് ഷെയര്‍ ടാക്സികള്‍ റെയില്‍വേ സ്റ്റെഷന്‍ കവാടത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞശേഷമാവം യാത്ര എന്ന് തീരുമാനത്തില്‍ ഭക്ഷണ ശാലയിലേക്ക് നടന്ന ഞാന്‍, തിരിച്ചിറങ്ങിയപ്പോള്‍ കണ്ടത് ശൂന്യമായ തെരുവാണ്. ഷെയര്‍ ടാക്സികളെല്ലാം നിരത്തില്‍നിന്നും പോയികഴിഞ്ഞിരിക്കുന്നു. തീവണ്ടി സമയം അനുസരിച്ച് മാത്രമേ വണ്ടി ലഭ്യമാവു എന്ന് അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. ഉത്തരാഖണ്ട് ട്രാന്‍സ്പോര്ട്ടിന്റെ ബസ് ലക്ഷ്യമാകി ഞാന്‍ സ്റെഷന് പുറത്തെ തെരുവിലേക്ക് നടന്നു. ടാക്സിയുമായി ഒരാള്‍ എനിക്കരികിലെത്തി. എന്നെപോലെ തന്നെ അദ്ദേഹവും വൈകി എത്തിയതാണ്, ഏതായാലും എനിക്ക് അതൊരനുഗ്രഹമായി. 35 കി. മി. അകലെയുള്ള നൈനിതളിലെക് 100 രൂപയാണ് കൂലി. അല്പ സമയം കാത്തുനിന്നെകിലും മറ്റു യാത്രകാര്‍ ആരും എതാതിരുന്നതിനാല്‍ ഞാന്‍ മാത്രമായി വണ്ടി പുറപ്പെട്ടു. പൈന്‍മരങ്ങള്‍ അതിരിടുന്ന ചുരം പാതയിലൂടെ, ആകാശത്തെ തൊടാന്‍ വെമ്മ്പുന്ന മലകള്ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോവുന്ന പാത.
മുന്സിയാരി എന്ന ഹിമാലയാന്‍ ഗ്രാമമാണ് അദ്ധേഹത്തിന്റെ സ്വദേശം എന്നത് എന്നില്‍ കൂടുതല്‍ ആശ്ചര്യം നിറച്ചു. ഒരുപാട് നാളുകളായി എന്റെ ചിന്തകളിലൂടെ തരണം ചെയ്തിരുന്ന പ്രദേശങ്ങളില്‍ ഒന്നായിരുന്നു അത്. വ്യക്തമായ ഹിമാലയാന്‍ കാഴ്ചയാണ് അവിടെത്തെ പ്രത്യേകത. എന്റെ ചുരുങ്ങിയ യാത്രപദ്ധതിയില്‍ അവിടെക്കുള്ള യാത്ര പ്രവര്തികമാവില്ല എന്ന് എനിക്കുറപ്പുണ്ടായിരുനു. എങ്കിലും അവിടേക്ക് എത്തിചേരാനുള വഴികളും പ്രദേശത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും അദ്ദേഹത്തില്‍ നിന്നും മനസ്സിലാകുക തന്നെ ചെയ്തു.
ഡ്രൈവര്‍ എന്നെ കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു. വലിയ യാത്രകളെ ഏകാന്തമായി താങ്ങാനുള്ള കെല്‍പ്പിനെ കുറിച്ച് അത്ഭുതാധീനനായികൊണ്ട് , യാത്രയും ജീവിതത്തിലെ ഉത്തരവാദിത്വങ്ങളും തമ്മിലുള്ള വൈരുധ്യത്തെ കുറിച്ചായി അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍. എന്നെ തന്നെ വിശദീകരികുന്നതില്‍ ഞാന്‍ പലപ്പോഴും പരാജയപ്പെടുകയാണ് പതിവ്. അതിനാല്‍ പല ചോദ്യങ്ങള്ക്കും മറുപടിയായി നിശബ്ദമായ പുഞ്ചിരി നല്കികൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് മുഖം തിരിച്ചു. ആകാശം മുട്ടി നില്ക്കുന്ന പര്വ്വതങ്ങളും, താഴെ മാസ്മരിക സൌന്ദര്യം തുളുമ്പി നില്ക്കുന്ന താഴ്വരകളും ഒന്നുചേര്‍ന്ന് അവിസ്മരണീയമായ ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്നു. ദുഷ്കരമായ ഹെയര്പിന്‍ വളവുകള്‍ കയറി മുകളിലെത്തിയപ്പോള്‍ താഴെക്കൊന്നു നോക്കി, താഴ്വരയിലൂടെ കോസി നദി കുതിച്ചൊഴുകുന്നത് കാണായി. താഴ്വരയില്‍ ധാരാളം കൃഷിയിടങ്ങലുണ്ട്. നെല്ലും ഗോതമ്പും പച്ചക്കറികളും വിളയുന്ന തട്ടുതട്ടായ കൃഷിയിടങ്ങള്‍.
പോക്കുവെയില്‍ ചാഞ്ഞുതുടങ്ങിയപ്പോഴാണ് നൈനിതാള്‍ പട്ടണത്തില്‍ എത്തിയത്. തിരക്കേറിയ ഒരു പട്ടണമാണ് നൈനി. ഉത്തരാഖണ്ട് സംസ്ഥാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്ന്. പട്ടണത്തിന്റെ ഹൃദയഭാഗത്ത് തന്നെയാണ് നൈനി തടാകം. മലനിരകള്‍ക്കു നടുവില്‍ തടവിലാക്കപ്പെട്ടതുപോലെയാണ് തടാകം നിലകൊള്ളുന്നത്.
തടാകത്തെ ചുറ്റിയുള്ള മലനിരകളില്‍ തീപ്പെട്ടി കൂടുകള്‍ അടുക്കിവച്ചിരികുന്നത്പോലെ ഒന്നിനോടൊന്നു ചേര്ന്നിരിക്കുന്ന കെട്ടിടങ്ങള്‍. ഹോം സ്റ്റേ സൗകര്യമൊരുക്കിയിരിക്കുന്ന അവയിലൊന്നിലാണ് ഞാന്‍ മുറിയെടുത്തത്. വിനോദ സഞ്ചാരം തന്നെയാണ് ഇവിടെത്തെ ജനങളുടെ പ്രധാന വരുമാന മാര്ഗ്ഗം. 300 രൂപ മുതലുള്ള മുറികള്‍ ലഭ്യമാണെന്ന് ഡ്രൈവര്‍ പറഞ്ഞു.
സാമാന്യം വൃത്തിയും സൌകര്യവുമുള്ള മുറിയില്‍നിന്നും നോക്കിയാല്‍ താഴെ പച്ചനിറത്തില്‍ തിളങ്ങുന്ന തടാകവും ദൂരെ ആകാശത്തെ തൊട്ടു നില്ക്കുന്ന ഗിരിശൃംഖങ്ങളും കാണാം. തടാകത്തെ കുറിച്ച് നിരവധി ഐതീഹ്യങ്ങള്‍ നിലവിലുണ്ട്. അതിലൊന്ന് , സതിദേവിയുടെ താഴേക്കു പതിച്ച നേത്രമാണ് ഈ തടാകം എന്നതാണ്. യാഗാഗ്നിയില്‍ എരിഞ്ഞടങ്ങിയ സതി ദേവിയുടെ മൃതശരീരം എടുത്തുയര്ത്തി നടത്തിയ ശിവതാണ്ടവത്തിനിടെ 51 ഇടങ്ങളിലായി മൃതദേഹം ചിതറിവീണു എന്നാണ് പറയപ്പെടുന്നത്. നൈനി എന്നാല്‍ കണ്ണ് എന്നും താല്‍എന്നാല്‍ തടാകം എന്നുമാണ് അര്‍ത്ഥം. അങ്ങനെയാണ് നൈനിതാല്‍ എന്ന പേര് ലഭിച്ചത് എന്നാണ് ഒരു വിശ്വാസം.
മുറിയില്‍നിന്നും പുറത്തിറങ്ങിയപ്പോഴേക്കും അന്തരീക്ഷം ഇരുണ്ടു തുടങ്ങിയിരുന്നു. സയ്യഹ്നം തണുപ്പ് നിറഞ്ഞതായിരുന്നു. ഉത്തരഖണ്ടിലെ താഴ്ന്ന ജില്ലയാണ് നൈനിതാല്‍. പക്ഷെ ശൈത്യകാലത്ത് ശക്തമായ തണുപ്പാണിവിടെ. മാര്‍ച്ച് മാസത്തിലെ ആരംഭദിവസങ്ങളായിരുന്നിട്ടുപോലും പുറത്തിറങ്ങിയപ്പോള്‍ തണുപ്പ്കൊണ്ട് ഞാന്‍ മരവിച്ചുപോയി. തടാകം തന്നെയായിരുന്നു എന്റെ ലക്‌ഷ്യം. തടാകതീരത്ത് മനോഹരമായ നടപാതയുണ്ട്. ഇലപൊഴിച്ചു നില്ക്കുന്ന മരങ്ങളും, തടാകത്തിനു നേര്‍ക്കുള്ള ഇരിപ്പിടങ്ങളും ചേര്‍ന്ന്, കണ്ടുമറന്ന ഏതോ വിദേശ രാജ്യത്തിന്റെ ചിത്രത്തെ അനുസ്മരിപ്പിക്കുന്നു. ബ്രിട്ടീഷ് ഭരണ കാലത്താണ് നൈനിതാളിന്റെ വികസനം സജീവമായത് , അത് കൊണ്ടുതന്നെ തെരുവുകള്‍ക്കും പള്ളികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍കുമെല്ലാം തന്നെ പൌരാണികവും വൈദേശികവുമായ ഭാവം ദര്‍ശിക്കാന്‍ കഴിയും. മരങ്ങള്‍ തിങ്ങിവളരുന്ന പാതയിലൂടെ അല്പദൂരം നടക്കാം എന്ന ചിന്തയിലാണ് അവിടെ എത്തിയത്. കാറ്റ് ജീവനുള്ളതുപോലെ ഓരിയിടുന്നു. അല്പദൂരമേ നടന്നുള്ളൂ, അപ്പോഴേക്കും കാറ്റിന്റെ തണുത്തു മരവിച്ച ശ്വാസത്തില്‍ നിന്നും രക്ഷപെടാനായി അടുത്തുള്ള ഭക്ഷണശാലയിലേക്ക് ഓടികയറിയിരുന്നു ഞാന്‍. ഏതുതരക്കാര്‍കും അനുയോജ്യമായ നിരവധി ഭക്ഷണശാലകള്‍ അവിടെ ഉണ്ട്. ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോഴെകും നിശ പ്രത്യെക്ഷീഭവിച്ചിരിന്നു. മലകള്‍ക്ക്മേല്‍ രാത്രി വീണുകൊണ്ടിരിക്കുന്നു. കാറ്റിനെയും തണുപ്പിനെയും അതിജീവിച്ച് എങ്ങനെ മുറിയിലെത്തിപറ്റും എന്ന ചിന്ത എന്നെ അസ്വസ്സ്ഥനാക്കി. അല്പ ദൂരം നടന്നു കുന്നിനുകീഴെ എത്തിയപോഴെകും വിറയ്ക്കാന്‍ തുടങ്ങി.കുന്നിന്റെ മധ്യ ഭാഗത്തായാണ് എന്റെ മുറി. വിറയ്ക്കുന്ന കാലടികളോടെ കുന്നിനെ ലക്‌ഷ്യം വച്ച് നടക്കവേ സമീപത്തുള്ള വഴിയരികില്‍ കുറച്ചുപേര്‍ തീ കായുന്നത് കാണായി. ഞാന്‍ തിടുക്കത്തില്‍ അവര്ക്കരികിലെക്ക് നടന്നു. നീറിയെരിയുന്ന വിറക് കൂനയ്ക്ക് ചുറ്റും നിന്ന് കഥകളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന പ്രദേശവാസികള്‍. അവരിലൊരാള്‍ പുഞ്ചിരിച്ചുകൊണ്ട് എനിക്ക് വേണ്ടി അല്‍പസ്ഥലം ഒഴിച്ച് തന്നു. അദ്ദേഹത്തിനു നന്ദി പറഞ്ഞുകൊണ്ട് കത്തുന്ന വിറകിനരികിലേക്ക് ചേര്‍ന്നുനിന്ന് ഞാനും ശരീരം ചൂടാക്കി. തണുപ്പിനൊപ്പം ഇരുട്ടിന്റെ കട്ടകള്‍ ഞങ്ങളെ പൊതിഞ്ഞു. നിശ്ചലമായി കിടക്കുന്ന തടാകത്തെ തഴുകി എത്തുന്ന കാറ്റ് അസഹ്യമായ തണുപ്പായിരുന്നു. നെരിപോടിനരികില്‍നിന്നും മാറാന്‍ മനസ്സ് വന്നിലെങ്കിലും മുറിയിലെത്തി പ്പെടെണ്ട കാര്യമോര്‍ത്തപ്പോള്‍ നിവൃത്തിയില്ലാതെ അവിടെ നിന്നും തിരിച്ചു. അല്പനേരം തീ കാഞ്ഞപ്പോള്‍ ലഭിച്ച ഊര്ജ്ജത്തിന്റെ ബലത്തില്‍ കുന്നിന്‍ മുകളിലേക്ക് ഓടികയറി. മുറിയിലെത്തി കരിമ്ബടത്തിനുളിലേക്ക് ചുരുണ്ടുകൂടി.
പ്രഭാതം ഊഷ്മളമേറിയതായിരുന്നു. ഹിമാലയ ദര്‍ശനമാണ് എന്റെ യാത്രയുടെ പ്രധാന ലക്‌ഷ്യം. നൈനിതാളില്‍ അത് സാധ്യമല്ലെന്നിരിക്കെ ഒരു ദിവസം കൊണ്ട് നൈനിത്താള്‍ ചുറ്റി കറങ്ങിയ ശേഷം ഹിമാലയന്‍ താഴ്വരയിലേക്കുള്ള യാത്രയായിരുന്നു എന്റെ പദ്ധതി. പ്രഭാത ഭക്ഷണശേഷം മുറിയിലെത്തിയപോഴേക്കും മുന്കൂട്ടി പറഞ്ഞതനുസരിച്ച് വീട്ടുടമസ്ഥന്‍ എനിക്കായി വാഹനം ഏര്പ്പാട് ചെയ്തിരുന്നു. 600 രൂപയാണ് നൈനിതാളിലെ പ്രധാന സ്ഥലങ്ങളിലൂടെയുള്ള ചുറ്റിത്തിരിയലിനായി എന്നോട് ആവശ്യപ്പെട്ടത്. പുറമെയുള്ള ട്രാവല്‍ ഏജെന്‍സികളില്‍ അനേഷിച്ചപ്പോള്‍ 750 രൂപയാണ് പലരും ആവശ്യപ്പെട്ടതെന്നതിനാല്‍ മറ്റൊന്നും ആലോചികാതെ വീടുടമസ്ഥനോട് സമ്മതം മൂളുകയായിരുന്നു. ഒന്പത് മണിയോടെ എനിക്കുള്ള വാഹനം എത്തിചേര്ന്നു. നൈനിറ്റാള്‍ സ്വദേശിയായ അനില്‍ എന്ന യുവാവാണ് എന്റെ സാരഥി. നന്ദാദേവി ക്ഷേത്രത്തിലേക്കാണ് ആദ്യം പുറപ്പെട്ടത്. തടാക കരയിലുള്ള ചെറിയൊരു ക്ഷേത്രമാണത്. 1880 ലെ വലിയൊരു മണ്ണിടിച്ചില്‍ മൂലം നശിക്കപ്പെട്ട ക്ഷേത്രം പിന്നീട് പുനരുദ്ധരിക്കുകയാണുണ്ടായത്. ക്ഷേത്രം പിന്നിട്ട് യാത്ര തുടര്‍ന്നു. പൈന്‍ മരങ്ങള്‍ക്കിടയില്‍ ചുരുണ്ട് കിടക്കുന്ന പാതയിലൂടെ മുകളിലേക്ക്. തിരക്കേറിയ നൈനിറ്റാള്‍ പട്ടണം എന്നെ തെല്ല് ആലോസരപ്പെടുത്തുന്നുണ്ടായിരുന്നു. മുകളിലേക്ക് പോവുംതോറും ശാന്തത എനിക്ക് മുന്‍പില്‍ കൂടുതല്‍ വ്യക്തമാകപ്പെട്ടുതുടങ്ങി. ഭൂ പ്രകൃതിയില്‍ ഹിമാചല്‍ പ്രാദേശിനോട് വളരെയധികം സാമ്യമുണ്ട് നൈനിതാളിന്. ഹിമാചല്‍ പ്രദേശിലൂടെ സഞ്ചരിച്ചിട്ടുള്ള ഒരാള്‍ക്ക് അവിടെത്തെ ഭൂ പ്രകൃതിയില്‍നിന്നും കാര്യമായ വ്യതിയാനം അനുഭവഭേദ്യമാവില്ല.
സ്നോ വ്യൂ പോയിന്റിലേക്കാണ് യാത്ര നീണ്ടത്. വിദൂരമായ ഹിമാലയന്‍ ദര്‍ശനമാണ് അവിടെത്തെ പ്രത്യേകത. മഞ്ഞിന്റെ മൂടുപടമില്ലാത്ത തെളിഞ്ഞ അന്തരീക്ഷ മാണെങ്കില്‍ മാത്രമേ അത് സാധ്യമാവു. അതിനാല്‍ തന്നെ കൂടുതല്‍ പ്രതീക്ഷ വച്ചുപുലര്താതെയാണ് അവിടേക്ക് എത്തിയത്. എന്നാല്‍ എന്റെ ചിന്തകളെയും പ്രതീക്ഷകളെയും വിസ്മയം പകരം വച്ച അനുഭവമാണ് എനിക്കുണ്ടായത്. ഞാന്‍ എത്തിച്ചേര്‍ന്ന കുന്നിന്റെ മുകള്‍ഭാഗം മുഴുവന്‍ മഞ്ഞുവീണുറഞ്ഞു കിടക്കുന്നു. മഞ്ഞ് ഒരുപാടുതവണ കണ്ടിട്ടും അനുഭവിച്ചിട്ടും ഉള്ളതാണെങ്കില്‍ കൂടിയും ഓരോ തവണയും അതെന്നെ വിസ്മയിപ്പിക്കുന്നു. ഏറെ ദിവസങ്ങള്ക്ക് മുന്പായിരുന്നു മഞ്ഞുവീഴ്ച സംഭവിച്ചത് എന്ന് അനില്‍ പറഞ്ഞു. ദിവസങ്ങളിത്ര കഴിഞ്ഞിട്ടും അന്തരീക്ഷത്തിലെ തണുപ്പുമൂലം അത്അതെ അവസ്ഥയില്‍ തന്നെ നിലകൊള്ളുകയാണ്. അല്ലെങ്കില്‍ ഒരു പക്ഷെ അത് എനിക്ക് വേണ്ടിയായിരിക്കുമോ? അങ്ങനെ വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. എന്നെ ഏറെ സന്തോഷിപ്പിച്ച മറ്റൊരു സംഗതി ആ വലിയ കുന്നിന്‍മുകളില്‍ ഞങ്ങള്‍ രണ്ടുപേരുമല്ലാതെ മറ്റാരും തന്നെ ഉണ്ടായിരുനില്ല എന്നതാണ്. ഞങ്ങള്‍ എത്തിയപ്പോഴേക്കും സഞ്ചാരികളുമായി ഒരു വാഹനം താഴേക്ക് പുറപ്പെട്ടിരുന്നു. വിജനമായ ചുറ്റുപാടും മഞ്ഞുറഞ്ഞ് കിടക്കുന്ന പുല്മെടുകളും അനിര്‍വചനീയമായ ആഹ്ളാദമാണ് എന്നിലുണര്‍ത്തിയത്. കുറച്ചു നിമിഷത്തേക് ഞാന്‍ എന്റെ ബാല്യം കൈകൊണ്ടു. ബാല്യത്തിലെ മാഞ്ഞുപോയ ജീവിതാഹ്ളാദങ്ങളുടെ പിന്തുടരല്‍ ആണല്ലോ നാം ഓരോരുത്തരുടെയും ജീവിതം. മഞ്ഞിലൂടെ ഓടി നടകുമ്പോള്‍ തെന്നിവീണും, മഞ്ഞുകട്ടകള്‍ മറ്റുപലതായി രൂപാന്തരപ്പെടുത്തിയും, താഴെ അത്യ്ഗാധതയിലേക്ക് മാഞ്ഞു വാരിയെറിഞ്ഞും, ഏകാന്തതയിലേക്ക് ഉറക്കെ വിളിച്ചു കൂവിയും അവിടെ കഴിച്ചുകൂട്ടി.
അനില്‍ ഇതെല്ലം കണ്ടു മിഴിച്ചു നില്ക്കുകയാണ്. ഒരു ഭ്രാന്തനെയാണല്ലോ താന്‍ വാഹനതിലേറ്റി ഇവിടെ വരെ കണ്ടുവന്നത് എന്നായിരിക്കും ആ മിഴിച്ചു നോട്ടത്തിന്റെ അര്ത്ഥം എന്ന് എനിക്ക് തോന്നി. പിന്നീട് കൌതുകം നിറഞ്ഞ മിഴികളോടെ എന്റെ ക്യമെര എടുത്ത് അയാള്‍ എന്നെ പകര്‍ത്താന്‍തുടങ്ങി.
താഴെ പച്ച പുതച്ച കുന്നിന്ചെരിവുകള്‍. താഴ്വാരങ്ങള്‍ക്കുമേല്‍ ചില്ലു മഞ്ഞിന്റെ മൂടുപടം അരിച്ചിറങ്ങുന്നു. ഹിമാലയ ദൃശ്യം അവ്യക്തമായിരുന്നു. പക്ഷെ എനിക്കതിലൊട്ടും നിരാശ തോന്നിയില്ല. ഹിമാലയന്‍ താഴ്വരയിലുള്ള കൌസാനി എന്ന സ്ഥലത്തേക്കാണ് പിറ്റേന്ന് ഞാന്‍ പോവാന്‍ തീരുമാനിച്ചിരുന്നത് എന്നതായിരുന്നു കാരണം. കൌസനിയിലെക്കുള്ള യാത്ര വിവരങ്ങള്‍ അനിലില്‍ നിന്നും ചോദിച്ചു മനസ്സിലാക്കിയിരുന്നു.
സ്നോ വ്യൂ പോയിന്റില്‍ നിന്നും യാത്ര തിരിച്ചു. ടിഫ്ഫിന്‍ ടോപ് എന്നറിയപ്പെടുന്ന കുന്നിന്‍ മുകളിലെക്കായിരുനു അടുത്ത യാത്ര. ടിഫിണ്‍ ടോപ്പിലെക്കുള്ള യാത്ര മദ്ധ്യേ മറ്റൊരു വ്യൂ പോയിന്റില്‍ വാഹനം നിര്‍ത്തി. നൈനി തടാകത്തിന്റെയും പട്ടണത്തിന്റെയും വിദൂര ദൃശ്യം. മുകളില്‍ നിന്നുള്ള ആ കാഴ്ചയിലാണ് തടാകത്തിനു ചുറ്റും തിങ്ങിവളരുന്ന പട്ടണത്തിന്റെ ജനസാന്ദ്രത കൂടുതല്‍ വ്യക്തമാവുന്നത്. മുട്ടിയുരുമ്മി നില്ക്കുന്ന കെട്ടിടങ്ങളും തിരക്കേറിയ പട്ടണവും പരിഹാസ്യമാം വിധം എന്നെ അസ്വാസ്ഥ്യപെടുത്തി. ഏകാന്തതയില്‍ കുറേകൂടി സ്വതന്ത്രമായ അധികാരം നുണയാന്‍ വേണ്ടിയുള്ളതാണ് എന്റെ യാത്രകള്‍. തിരക്കില്‍ നിന്നും വീണ്ടും തിരക്കിലേക്ക് എറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.
ടിഫിന്ടോപ് എന്ന കുന്നിന്‍ മുകളിലേക്ക്. ആകാശത്തെ തൊടാന്‍ വെമ്പുന്ന മലനിരകളും, താഴ്വരകളും, കൃഷിയിടങ്ങളും നിറഞ്ഞ മനോഹര കാഴ്ചകള്‍. കുതിര ചാണകത്തിന്റെ രൂക്ഷഗന്ധം മൂക്കിലേക് തുളച്ചു കയറി. അപ്പോഴാണ് തെരുവില്‍ അനേകം കുതിരകളെ പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വനത്തിലൂടെയുള്ള ട്രെക്കിംഗ് നു വേണ്ടിയുലതാണ് അവ എന്ന് അനില്‍ പറഞ്ഞു തന്നു. വനത്തിലൂടെയുള്ള കുതിരസവാരിയെ കുറിച്ചോര്‍ത്തപ്പോള്‍ എന്റെ ഉള്ളില്‍ ഒരു തിരതള്ളല്‍ ഉണ്ടായി. മൂന്നു മണികൂറോളം നീളുന്ന യാത്രയ്ക്ക് 700 രൂപയാണ് കൂലി. കുന്നിന്‍ മുകളിലെ കാഴ്ചകള്‍ കണ്ടു തിരികെ നൈനി പട്ടണത്തിലെ മാര്‍ക്കെറ്റി നു സമീപം ഇറങ്ങാം എന്ന് അനില്‍ വിശദീകരിച്ചുതന്നു. സംഗതി തരക്കേടില്ല എന്നെനിക്കു തോന്നി. അനിലിന്റെ പ്രോത്സാഹനം കൂടിയായപ്പോള്‍ പോവാന്‍ തന്നെ തീരുമാനിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് പണിതീര്‍ത്ത ഒരു പള്ളികൂടിയാണ് എനിക്ക് കാണാന്‍ ബാക്കിയുണ്ടായിരുന്നത്. അത് പട്ടണമധ്യത്തില്‍ തന്നെ ആയിരുന്നതിനാല്‍ തിരികെയുള്ള യാത്രയില്‍ സന്ദര്‍ശിക്കാം എന്ന തീരുമാനത്തില്‍ അനിലിനെ പറഞ്ഞുവിട്ട ശേഷം കുതിരപ്പുറത്തേക്ക് കയറി. വെളുപ്പില്‍ തവിട്ടു നിറം കലര്ന്ന, ക്യാപ്റ്റന്‍ എന്നുപേരുള്ള ഒരു കുതിരയാണ് എന്റെ സഫാരിയ്ക്കായി എത്തിയത്. കൂടെ സഹായിയായി അമര്‍ എന്ന് പേരുള്ള 12- 14 വയസ്സ് തോന്നിക്കുന്ന ഒരു ബാലനും. മുഷിഞ്ഞ വസ്ത്രങ്ങളും എണ്ണ പുരളാത്ത മുടിയിഴകളുമായി നന്നേ ക്ഷീണിച്ച ഒരു രൂപം. ഒരു കൊച്ചുകുട്ടിക്ക് തീരെ യോജികാത്തവിധം നിര്വികാരമായ മുഖം. അത് അവന്റെ മുഖത്തെ ചിരസ്ഥായിയായ ഭാവമാണെന്ന് എനിക്കുതോന്നി.
വലിയ ക്യമെര്യും, ചുമലില്‍ ബാഗുമായി കുതിരപ്പുറത്ത് കയറിപ്പറ്റാന്‍ എനിക്ക് അല്പം ആയാസപ്പെടേണ്ടി വന്നു. എന്റെ ജീവിതത്തില്‍ ഒരിക്കലും വിസ്മരിക്കാനാവാത്ത, അത്രമേല്‍ സാഹസികവും ഭയനകവുമായ യാത്രയായിരിക്കും അതെന്നു ഞാന്‍ ഒരിക്കല്‍പോലും ചിന്തിച്ചിരുന്നില്ല. കുതിരയുടെ ഒരു കടിഞ്ഞാണ്‍ കയ്യിലേന്തി അമര്‍ മുന്നില്‍ നടക്കുകയാണ്. കടിഞ്ഞാണ്‍ നിയന്ത്രിക്കേണ്ട വിധവും കാല് ചവിട്ടേണ്ട രീതിയും അവന്‍ എനിക്ക് വിശദീകരിച്ചു. മല കയറ്റം ആരംഭിച്ചപ്പോഴാണ് അതിന്റെ കാഠിന്യം ബോധ്യപ്പെട്ടത്. ക്യമെറയും ബാഗും, വെള്ളക്കുപ്പിയുമേല്ലമായി കുതിരപ്പുരത്തുള്ള സഞ്ചാരം ബുദ്ധിമുട്ടായി. അവസാനം നിവൃതിയിലാതെ ക്യമെറ ബാഗിലാക്കി യാത്ര തുടര്ന്നു. മലയുടെ മുകളിലേക്ക് പോവുംതോറും പാത കൂടുതല്‍ ദുര്ഘടമായി കൊണ്ടിരുന്നു. മലയെ ചുറ്റിപോവുന്ന കരിങ്കല്ല് പാകിയ വഴിത്താരയുടെ ഒരുവശത്ത് അഗാധമായ താഴ്ചയും മറുവശത്ത് നിബിടവനവും.
കഷ്ടിച്ച് മൂന്നു മീറ്റെര്‍ വീതിയുള്ള കരിങ്കല്‍ പാതയില്‍ പലയിടത്തും കല്ലുകള്‍ ഒലിച്ചുപോയി വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നു. കുഴികള്‍ക്കു മുകളിലൂടെ കുതിര ചാടുമ്പോള്‍ താഴെ വീഴാതിരിക്കാന്‍ ഞാന്‍ തെല്ലു ശ്രമപ്പെട്ടുകൊണ്ട് അതിനുമീതെ അള്ളിപിടിച്ചിരുന്നു. ആ നിമിഷം അവിചാരിതമായ ഒരു സംഭവമുണ്ടായി. ഒരു കയറ്റത്തിനിടെ ബാഗില്‍നിന്നും വെള്ളക്കുപ്പി തെറിച്ചു താഴ്ചയിലേക്ക് വീണു. അത് പാറകളില്‍തട്ടി അഗാധതയില്‍മറയുന്നത് ഭയം നിറയുന്ന മിഴികളോടെ നോക്കിനില്ക്കുവാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. അടുത്ത കയറ്റത്തില്‍ വെള്ളക്കുപ്പിയുടെ സ്ഥാനത് ഞാന്‍ ആയിരിക്കും എന്ന് ഉറപ്പിച്ചുകൊണ്ട് അതിനുമേല്‍ മുറുകെപിടിച്ചിരുന്നു. അമറിനു ഇതൊന്നും പുതിയ കാര്യമല്ല. ചുറ്റുമുള്ളയാതൊന്നിലും ശ്രദ്ധിക്കാതെ, എല്ലതില്നിന്നും അടര്ന്നുമാറി അവന്‍ നടത്തം തുടരുകയാണ്. ഇടയ്ക്ക് കുത്തനെയുള്ള കയറ്റത്തിനിടയില്‍ കുതിരപുറത്തുനിന്നും ഇറങ്ങി അല്പം നടക്കാം എന്ന ആശയം ഞാന്‍ അവന്റെ മുന്നില്‍ അവതരിപ്പിച്ചെങ്കിലും മുഖത്തെ സഹജമായ നിര്വികാരഭാവത്തോടെ അവന്‍ അത് തള്ളികളഞ്ഞു. നിവൃത്തിയില്ലാതെ ഭയം മറച്ചു വച്ചുകൊണ്ട് ഞാന്‍ സവാരി തുടര്ന്നു. കയറ്റം പിന്നിട്ടു വനത്തിനുള്ളിലേക്ക് കടന്നതോടെ പ്രശാന്തമായ നിശബ്ദത കാഴ്ചയെ ആവരണം ചെയ്തു. ജിം കോര്ബെറ് നാഷണല്‍ പാര്‍ക്കുമായി ബന്ധിച്ചു കിടക്കുന്ന വനപ്രദേശമാണ് അതെന്നും , ഭാഗ്യമുണ്ടെങ്കില്‍ കടുവയും പുലിയുമടക്കമുള്ള ജീവികളെ കാണാന്‍ കഴിയും എന്ന വിവരം അവനില്‍ നിന്നുമറിഞ്ഞതോടെയാണ് എന്റെ ആവേശം ഉണര്ന്നത്. മിഴികള്‍ വനത്തിലൂടെ പരതി നടന്നു. എന്നാല്‍ പക്ഷികളല്ലാതെ മറ്റൊന്നും തന്നെ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ല. ഇടയ്ക്ക് വഴിക്ക് കുറുകെ ഒരു ജീവി ഓടി മറഞ്ഞു. ഉത്തരാഖണ്ട് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമായ കസ്തൂരിമാന്‍ ആണ് അതെന്നു അമര്‍ പറഞ്ഞു. ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ആ ജീവിയെ ക്യമെരയില്‍ പകര്ത്താന്‍ കഴിയാഞ്ഞതിലുള്ള നിരാശയില്‍ യാത്ര തുടരവേ, കാടിന്റെ കനത്ത നിശബ്ദതയില്‍ തിങ്ങി നിറഞ്ഞ മരങ്ങള്‍ക്കിടയില്‍നിന്നും കേഴമാനും പുള്ളിമാന്‍ കൂട്ടങ്ങളും പ്രത്യക്ഷപ്പെട്ടു. പക്ഷികളുടെ ഒരു പറുദീസ തന്നെയായിരുന്നു ആവനപ്രദേശം. ഇടയ്ക്ക് മറ്റൊരു വ്യൂ പോയിന്റ്, അവിടെ വെള്ളവും ലഘു ഭക്ഷണവും ലഭിക്കുന്ന ചെറിയ ഒരു കടയുമുണ്ട്. കുതിര സവാരിക്കായി എത്തുന്നവരെ മാത്രം ലക്‌ഷ്യം വച്ചുള്ളതാണ് കച്ചവട സ്ഥാപനം. എനിക്ക് മുന്നേ അവിടെ എത്തിചെര്ന്ന നവദമ്പതികള്‍ അവിടെ വിശ്രമിക്കുന്നുണ്ടായിരുന്നു. രണ്ടു കുതിരകളിലായി എത്തിയ അവര്‍ പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു. ഭയം നിറഞ്ഞ മിഴികളോടെ നിന്നിരുന്ന ആ പെണ്‍കുട്ടി കുതിരപ്പുറത്തു കയറാന്‍ മടിച്ചുനിന്നു. സാഹസികത നിറഞ്ഞ മലകയറ്റതിന്റെ ഭീതി അവളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം. കുതിരപ്പുറത്തു ഒന്നിലധികം ആളുകളെ ഒരു കാരണവശാലും അനുവദികില്ല. ഒറ്റയ്ക്ക് കുതിരപ്പുറത്തു സഞ്ചരിക്കില്ല എന്ന തീരുമാനത്തില്‍ ഉറച്ചുനിന്ന പെണ്‍കുട്ടിയെ അനുനയിപ്പിച്ചു ഒരുവിധത്തില്‍ കുതിരപ്പുറത്തു കയറ്റിയപ്പോള്‍ യുദ്ധം ജയിച്ച ഭാവമായിരുന്നു ആ ഭര്‍ത്താവിന്. എന്റെ ഏകാന്ത യാത്രയുടെ സുഖം ഒരിക്കല്‍ക്കൂടി അനുഭവിച്ചുകൊണ്ട്, താഴ്വാരത്തിനു മേല്‍ വ്യാപിക്കുന്ന മലകളുടെ നിഴല്‍ കണ്ടുകൊണ്ടു വെള്ളവും ബിസ്കറ്റും കഴിച്ച് പാറയ്ക്ക് മേല്‍ ഞാന്‍ മലര്‍ന്നുകിടന്നു.
വീണ്ടും വനത്തിലൂടെമുകളിലേക്കുള്ള യാത്ര അവസാനിച്ചത് കുന്നിന്റെ നെറുകയിലാണ്. തണുത്ത കാറ്റിന്റെ തലോടലേറ്റ് അല്‍പനേരം അവിടെ ചിലവഴിച്ചു. കാറ്റ് കാടുകള്‍ക്കും കുന്നുകള്‍ക്കും മുകളിലൂടെ ചൂളമടിച്ച് ചുഴറ്റുന്നു. ബാഗില്‍നിന്ന് എന്റെ ആയുധമെടുത്ത് അവിടെ ചുറ്റികറങ്ങി ചിത്രങ്ങളെടുത്തു. കയറ്റത്തിലുടനീളം ക്യമെറ ബാഗില്‍ വിശ്രമികുകയായിരുന്നു. അസംഘ്യം പക്ഷികള്‍, ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആ വിസ്മയങ്ങളിലേക്ക് എന്റെ ക്യമെര കണ്ണുതുറന്നു. കാറ്റ് കാടുകള്‍ക്കും കുന്നുകള്‍ക്കും മുകളിലൂടെ ചൂളമടിച്ച് ചുഴറ്റുന്നു.
മലയിറക്കം മറ്റൊരു പാതയിലൂടെയായിരുന്നു. കാടിന് നടുവിലൂടെ കുത്തനെയുള്ള ഇറക്കം. എന്നിരുന്നാലും അഗാധമായ താഴ്വരകള്‍ ഭയപ്പെടുതില്ല എന്നത് ആശ്വാസകരമാണ്.
പട്ടണത്തില്‍ എത്തിയപ്പോഴേക്കും മൂന്നു മണി കഴിഞ്ഞിരുന്നു. പട്ടണ മദ്ധ്യത്തിലുള്ള ഭക്ഷണ ശാലയിലേക്ക് നടക്കുന്നതിനിടെയാണ് കേബിള്‍കാര്‍ സര്‍വീസ് ശ്രദ്ധയില്‍പ്പെട്ടത്. പട്ടണത്തിന്റെ ഹൃദയഭാഗത്ത് നിന്നും മലമുകളിലേക്ക് നീളുന്ന "റോപ്വെ ', 2270 മീറ്റെർ ഉയരത്തിലുള്ള കാഴ്ചകളാണ്
സമ്മാനിക്കുന്നത്. മുകളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി 150 രൂപയാണ് ഒരാളുടെ നിരക്ക്. മുകളിലെത്തി ഒരുമണിക്കൂറിനു ശേഷം മറ്റൊരു കേബിള്‍ കാറില്‍ കയറി തിരിച്ചെത്താം. ഭക്ഷണശേഷം രണ്ടാമതൊന്ന് ആലോചിക്കാതെ ടിക്കെറ്റ് എടുത്ത് അതിനുള്ളിലേക്ക് വലിഞ്ഞുകയറി. എന്നെ കൂടാതെ 7-8 യാത്രകാര്‍കൂടി അതിലുണ്ടായിരുന്നു. അതില്‍ ഭൂരിഭാഗവും മലമുകളിലെ ഗ്രാമത്തിലേക്കുള്ള പ്രദേശവാസികളായിരുന്നു. അപ്പോഴാണ് അത് വിനോദ സഞ്ചാരികളെ മാത്രം ലക്‌ഷ്യംവച്ചുള്ളതല്ല എന്ന് എനിക്ക് വ്യക്തമായത്. വിദ്യാര്‍ത്ഥികള്‍കും പ്രദേശവാസികള്‍ക്കും മറ്റുള്ളവരെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ്.
നൈനിതാളിന്റെ മനോഹര സൌന്ദര്യം ആസ്വദിച്ചുകൊണ്ട്, മലമുകളിലേക്കുള്ള യാത്ര ആരെയും ആകര്‍ഷിക്കുന്നതാണ്. ഏതാനും മിനിട്ടുകള്‍മാത്രം ദൈര്ഘ്യമുള്ള യാത്ര . ലഘുഭക്ഷണ ശാലകളും, കടകളും ചെറിയ പൂന്തോട്ടവും ഉള്‍പ്പെട്ടതാണ് മലമുകളിലെ റോപ്വേ സ്റ്റെഷന്‍. വ്യൂ പോയിന്റില്‍ നിന്നുള്ള നൈനിതാള്‍ ദര്‍ശനമാണ് ഭൂരിഭാഗം സഞാരികളുടെയും ലക്‌ഷ്യം. അവിടെനിന്നുള്ള ഏതാനും ചിത്രങ്ങള്‍ എടുത്ത ശേഷം വനത്തിനു നടുവിലൂടെയുള്ള ഒറ്റയടി പാതയിലൂടെ ഞാന്‍ ഗ്രാമത്തിലേക്ക് നടന്നു. അത്രമേല്‍ ശാന്തമായ വനത്തിലോ നടപാതയിലോ ഒരാളെപോലും കാണാന്‍ കഴിഞ്ഞില്ല. വളഞ്ഞു പുളഞ്ഞു പോവുന്ന കാട്ടുവഴിയിലൂടെ, ഇലപടര്‍പ്പിലൂടെ അരിച്ചിറങ്ങുന്ന സൂര്യവെളിച്ചവും കണ്ട് പക്ഷി നിരീക്ഷണത്തില്‍ വ്യാപൃതനായി നടന്നു. ഹിമാലയാന്‍ വിസിലിങ്ങ് ത്രഷ് എന്ന ചൂളകാക്കയെ തേടിയായിരുന്നു എന്റെ യാത്ര. പൈന്‍ മരങ്ങള്‍ക്കിടയില്‍ അതിന്റെ ശബ്ദം ഞാന്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. വളരെ ശ്രമകരമായ ഒരിറക്കത്തിനുശേഷം ഏതാനും വീടുകള്‍ കാണുകയുണ്ടായി. കാര്‍ഷികവൃത്തിയുടെ സ്ഥിതിഭേദങ്ങളെ അവലംബിച്ച് നില്ക്കുന്ന കൊച്ചു കൊച്ചു വീടുകള്‍. കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് പ്രധാന തൊഴില്‍. പശുക്കളും, വൈക്കോല്‍ കൂനയും അവിഭാജ്യമായ ഘടകമെന്നവണ്ണം ഏതൊരു വീടിനുമുന്നിലും കാണാം. കൃഷിയിടങ്ങളും മൃഗങ്ങളുമെല്ലാമായി മറ്റൊരു ജീവിതം. ലോകത്തിൽ നിന്നും ഉള്ളിലേക്ക്, അതിനുമുള്ളിലേക്ക് ചിറകടിക്കുന്ന ജീവിതം.
കുത്തനെയുള്ള ഇറക്കത്തില്‍ സ്വയം നിയന്ത്രണം നഷ്ടപ്പെട്ട ഞാന്‍ വേഗതയോടെ ഓടിഇറങ്ങിചെന്നത് ഒരു വീടിന്റെ ഉമ്മറതെക്കായിരുന്നു. കന്നുകാലികളെ തീറ്റിയിരുന്ന ഏതാനും സ്ത്രീകളുടെ മുന്നിലേക്കായിരുന്നു എന്ന് മനസ്സിലാക്കിയത് അല്പം കൂടി വൈകിയാണ്. പെട്ടെന്ന് മുന്നില്‍ പ്രത്യക്ഷപ്പെട്ട അതിഥിയെ കണ്ടു അവര്‍ അമ്പരന്നു. ജാള്യതയോടെ തിടുക്കത്തില്‍ തിരികെ കയറാൻ ശ്രമിച്ച ഞാൻ തെന്നിവീണതോടെ എനിക്കുപിന്നില്‍ മൃദുവായ ചിരിനാദങ്ങള്‍ മുഴങ്ങുന്നത്കേട്ടു. കയറാനുള്ള വിഫല ശ്രമങ്ങൾ തുടരവേ അവരിലൊരാൾ ചിരിയടക്കികൊണ്ട് ചൂണ്ടികാണിച്ച മറ്റൊരു വഴിയിലൂടെ അവിടെനിന്നും പുറത്തുകടന്നു. പക്ഷികളുടെ വര്‍ണ്ണ പ്രപഞ്ചത്തിനു മുന്‍പില്‍ ഹൃദയത്തെയും ക്യാമെറയെയും തുറന്നുവച്ചുകൊണ്ട് ചുറ്റിനടന്നെങ്കിലും ചൂളകാക്ക എനിക്ക് പിടിതരാതെ മറഞ്ഞു നിന്നു. ഒടുവില്‍ പൂക്കള്‍ നിറഞ്ഞ തുറസ്സില്‍ നിന്ന് അതിനെ കണ്ടെത്തികഴിഞ്ഞപ്പോഴാണ് ഒരു മണിക്കൂര്‍ അതിക്രമിച്ചിരിക്കുന്നു എന്ന വിവരം മനസ്സിലാക്കിയത്. പിന്നീട് റോപ്വേ സ്റ്റെഷനിലേക്കുള്ള ഓട്ടമായിരുന്നു. കാലിയായ സ്റെഷനില്‍ കുറച്ചു നിമിഷങ്ങള്‍ കാത്തുനിന്നപ്പോഴേക്കും കേബിള്‍ കാറെത്തി. പട്ടണത്തിലേക്കുള്ള യാത്രയ്ക്ക് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരികെ പട്ടണത്തിലെത്തിയശേഷം പള്ളിയിലേക്ക് നടന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ച ദേവാലയം പൌരാണിക സൌന്ദര്യം വിളിച്ചോതി തലയുയര്‍ത്തി നില്ക്കുന്നു. 1844 ഇല്‍ കല്‍കട്ടയിലെ ബിഷപ്പായിരുന്ന ദാനിയേല്‍ വില്സണ്‍ അടിത്തറയിട്ട മനോഹരമായ ദേവാലയമാണത്. പക്ഷെ ചില കാരണങ്ങളാല്‍ അത് അടച്ചിട്ടിരിക്കുകയായിരുന്നു. ഹൃദയത്തെ ആഴത്തില്‍ ബാധിച്ച നിരാശയോടെ ഞാന്‍ അവിടെനിന്നും മടങ്ങി. പര്‍വ്വത നിഴലുകള്‍ താഴ്വരകള്‍ക്കുമേല്‍ വേഗത്തില്‍ പടര്ന്നുകയറികൊണ്ടിരുന്നു. മഴയുടെ വരവറിയിച്ചുകൊണ്ട് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയതോടെ മുറിയെ ലക്ഷ്യമാക്കിയുള്ള നടത്തത്തിനു വേഗതയേറി.
മുറിയിലെത്തി ക്യമെറയിലെ ചിത്രങ്ങള്‍ പരിശോദിക്കുന്നതിനിടയിലാണ് പുറത്തു അസാധാരണമായ ശബ്ദം കേട്ടത്. സമീപത്തെ തകരംമേഞ്ഞ മേല്ക്കൂരയിലേക്ക് ശക്തിയായി എന്തോ പതിക്കുന്ന ശബ്ദം കേട്ടാണ് വാതില്‍ തുറന്നത്. ബാല്‍കണിയില്‍ നിറഞ്ഞുകിടക്കുന്ന ആലിപ്പഴങ്ങള്‍ എന്നെ വിസ്മയിപ്പിച്ചു. മഞ്ഞുകട്ടകള്‍ വലിയ ശബ്ദത്തോടെ മേല്ക്കൂരയിലേക്ക് പതിച്ചുകൊണ്ടിരുന്നു. മഞ്ഞു വീഴ്ചയ്ക്കൊടുവില്‍ മഴ ശക്തമായി. മുറിയിലേക്ക് വരുത്തിച്ച ചായയും മോന്തി താഴെ തടാകത്തിലേക്ക് പതിക്കുന്ന മഴയെനോക്കി അസുലഭ സുന്ദരമായ നിര്‍വൃതിയില്‍ ഇരുന്നു. നേരം വല്ലാതെ ഇരുട്ടിയിരുന്നു. മഴയുടെ ധാരാളിത്തം തണുപ്പ് അസഹ്യമാക്കിയിരുന്നതിനാല്‍ പുറത്തേക്ക് പോവാന്‍ തോന്നിയില്ല. രാവിലെ 6 മണിക്കുള്ള ബസിലാണ് എനിക്ക് കൌസാനിയിലേക്ക് പോവേണ്ടത്. അത്താഴവും മുറിയിലേക്ക് വരുത്തിച്ച് വേഗത്തില്‍ നിദ്രയിലാണ്ടു.
പുലര്ച്ചെ ഉണര്‍ന്നെഴുന്നേറ്റു. കുന്നിറങ്ങി ബസ് സ്റ്റെഷനിലെക്കു നടക്കുമ്പോള്‍ ഉഷസ്സ്, ഇരുളില്‍നിന്നും പ്രപഞ്ചത്തിലേക്ക് തന്റെ പ്രകാശ വീചികള്‍ പായിക്കുകയായിരുന്നു. തടാകത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന വളരെ ചെറിയൊരു ബസ് സ്റെഷനാണ് നൈനിറ്റാളിലേത്. ഉത്ടരഖണ്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്പ്പെടെ ദില്ലിയിലേക്ക് വരെ അവിടെ നിന്നും ബസ്സുകള്‍ ലഭ്യമാണ്. ഓഡിനറി ബസുകളും എയര്‍കണ്ടീഷന്ഡ് ബസുകളും ദില്ലിയിലേക്ക് പുറപ്പെടുന്നുന്ടെങ്കിലും ഉത്തരാഖണ്ടിലെ മറ്റിടങ്ങളിലേക്ക് പോവുന്ന ബസ്സുകളില്‍ ഭൂരിഭാഗവും പരിതാപകരമായ അവസ്ഥയിലാണ്. കൌസാനിയിലെക്കുള്ള ബസ് ആറുമണിക്ക് പുറപ്പെടും എന്ന് അറിഞ്ഞതോടെ തടാകത്തിന്റെ തീരത്തുള്ള പെട്ടികടയില്‍നിന്നും ചൂടുചായയും കുടിച്ച് ബസ്സില്‍കയറി. നാട്ടില്‍ 'മിനി ബസ്'എന്നറിയപ്പെടുന്ന ഒന്ന്, അതാണ് ഇവിടെത്തെ ദേശീയ വാഹനം. ഡ്രൈവറുടെ സമീപത്തുള്ള ഏറ്റവും മുന്നിലെ ഇരിപ്പിടം തന്നെ ലഭിച്ചതിനാല്‍ ഞാന്‍ ആവേശത്തിലായിരുന്നു. 120 കി.മി.ആണ് നൈനിയില്‍നിന്നും കൌസാനിയിലെക്കുള്ള ദൂരം. വാഹനം പുറപ്പെട്ടപോഴെക്കും ഇരിപ്പിടങ്ങളെല്ലാം നിറഞ്ഞിരുന്നു. പലതരക്കാര്‍, എവിടെനിന്നോ പുറപ്പെട്ട് എവിടെക്കോ പോവുന്നവര്‍, ദേശാന്തരങ്ങളുടെ അതിരുകള്‍ വേര്‍പെടുത്തിയവര്‍. എനിക്ക് തീര്‍ത്തും അന്യമായ അവരോടൊപ്പം അന്യമായ മറ്റൊരു തീരത്തേക്കുള്ള യാത്ര. പുലര്‍മഞ്ഞില്‍ മുങ്ങിനില്ക്കുന്ന ചുരത്തിലൂടെ വണ്ടി കുതിക്കുകയായിരുന്നു. ശ്വാസം അടക്കിപിടിച്ചുനിന്നുപോയ കാഴ്ചകള്‍. ആകാശത്തിനുംമേലെയെന്നവിധം തോന്നിപ്പിക്കുന്ന വഴികള്‍. താഴ്വരത്തിലെക്കുള്ള കാഴ്ചകളെ മറച്ചുകൊണ്ട് പത പോലെ മേഘങ്ങള്‍ ഒഴുകി നടക്കുന്നു. അനിര്‍വചനീയമായ കാഴ്ചകളാണ് ചുറ്റും. കാഴ്ചകളെ പകരം വയ്ക്കാന്‍ വാക്കുകള്‍ക്ക് കഴിയാതെ വരുമെന്നത് ഞാന്‍ ഇപ്പോള്‍ അറിയുന്നു.
സൂര്യന്റെ കിരണങ്ങള്‍ ഭൂമിയിലേക്ക് ചീളുകളായി ഉതിര്‍ന്നു. അല്‍മോറ എന്ന പ്രദേശം പിന്നിട്ട് യാത്ര തുടരവേ കാഴ്ചയില്‍ രൂപമാറ്റം സംഭവിക്കുന്നു. എനിക്ക് മുന്നില്‍ അങ്ങ് ദൂരെ ഹിമാലയം പ്രത്യക്ഷമായിരിക്കുന്നു. ഹിമവാന്‍.. ദൂരെ നിന്ന് ഞാന്‍ അവനെ ഒരു കിടങ്ങ്പോലെ കണ്ടു. കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു തുടങ്ങിയപ്പോഴേക്കും ഹിമാലയ ദൃശ്യങ്ങള്‍ എന്റെ ചിന്താസരണിയെ വ്യാഖ്യാനിക്കാനുതകുന്നതിലുപരി കീഴടക്കി കഴിഞ്ഞിരുന്നു.
ഒന്‍പതു മണിയോടെയാണ് കൌസാനിയിലെത്തിയത്. ഏതാനും കടകളുള്ള തിരക്ക് കുറഞ്ഞ ഒരു കവലയിലാണ് വണ്ടിയാത്ര അവസാനിച്ചത്.
ചുറ്റുപാടിലൊന്നുംതന്നെ നല്ല ഭക്ഷണശാലയുടെയോ താമസ സൌകര്യത്തിന്റെയോ യാതൊരു അടയാളവും കാണാനില്ല. ഇനിയെന്ത് എന്നൊരു നിമിഷം ശങ്കിച്ചുനിന്നു. ബാഗെടുത്തു നടന്നു തുടങ്ങിയപ്പോഴെക്കും താമസ സൗകര്യം വാഗ്ദാനം ചെയ്തു ഒരാള്‍ എനിക്കരികിലെത്തി. അടുത്തുള്ള ഒരു ഹോട്ടലിലെ ജീവനകാരനായ അയാള്‍, ഞാന്‍ എത്തിച്ചേര്‍ന്ന വാഹനത്തിലെ സഞ്ചാരികളെ ലക്‌ഷ്യം വച്ച് തന്നെയാണ് അവിടെ നിന്നിരുന്നത്. ഹോട്ടലിന്റെയും മുറികളുടെയും ചിത്രങ്ങള്‍ എടുത്തുകാട്ടി അയാള്‍ എന്നെ അവിടേക്ക് ക്ഷണിച്ചു. കാഴ്ചവട്ടത്തോന്നും മറ്റു ഹോട്ടലുകളുടെ യാതൊരു അടയാളവും കാണാതിരുന്നതിനാല്‍ അയാളെ പിന്തുടര്‍ന്ന് ഹോട്ടലിലേക്ക് നടന്നു.
കുത്തനെയുള്ള പടവുകളിലൂടെ ചെറിയൊരു കയറ്റം കയറി മുകളിലെത്തിയ ഞാന്‍ അത്ഭുതസ്തബ്ദനായി നിന്നുപോയി. ഹിമാലയത്തെ മുഖം നോക്കി നില്ക്കുന്ന കെട്ടിടം. വിശാലമായ ബാല്കണിയുടെ അഭിമുഖമായി അങ്ങുദൂരെ തല ഉയര്‍ത്തിനില്ക്കുന്ന ഹിമാലയം മാത്രം.
വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കുന്ന മുറികള്‍. 500 മുതല്‍ 2500 രൂപ വരെ ദിവസവാടകയുള്ള മുറികള്‍ അവിടെയുണ്ട്. സീസണ്‍ അനുസരിച്ച് തുകയില്‍ മാറ്റം വന്നുകൊണ്ടിരിക്കും. സൌകര്യങ്ങള്‍ കണക്കിലെടുത്താല്‍ മുറിവാടക വളരെ കുറവാണ് എന്നെനിക്കുതോന്നി. മെനുവുമായി ജീവനക്കാരന്‍ മുറിയിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ ഏകദേശരൂപം വ്യക്തമായത്. അന്‍പതു രൂപയുടെ ചായയില്‍ തുടങ്ങി ഭീതിപ്പെടുത്തുന്ന വിലവിവര പട്ടികയാണ്. അത് വാങ്ങി ഭദ്രമായി അവിടെ സൂക്ഷിചിട്ട് ഞാന്‍ മുറിപൂട്ടി താഴെ കവലയിലേക്ക് നടന്നു. ചെറിയ ഭക്ഷണശാലകള്‍ സജീവമാണവിടെ.
ഉരുകുന്ന വെണ്ണയുടെ ഗന്ധം നിറഞ്ഞൊഴുകുന്ന ഒരു മുറി. ചെറുതെങ്കിലും വൃത്തിയുള്ള, രണ്ടോ മൂന്നോ മേശയും ഏതാനും കസേരകളും മാത്രമുള്ള ചെറിയ ഒരു ഭക്ഷണശാല. അടുക്കള എന്നൊന്നില്ല. മുന്‍വശത്തു തന്നെയാണ് പാചകം. പൂരി തയ്യാറാക്കി കൊണ്ടിരുന്ന മധ്യവയസ്കന്‍ എന്നെ സന്തോഷത്തോടെ അകത്തേക്ക് ക്ഷണിച്ചു. ഇരിപ്പിടങ്ങളെല്ലാം ശൂന്യമായിരുന്നു. വളരെ സൌഹാര്‍ദ്ദപരമായ പെരുമാറ്റമായിരുന്നു അയാളുടേത്. പാചകവും വിതരണവുമെല്ലാം ഹോട്ടല്‍ ഉടമകൂടിയായ അദ്ദേഹം ഒറ്റയ്ക്കാണ് നിര്‍വഹിക്കുന്നത്. വലിയൊരു ഇടവേളയിലെ വേര്‍പിരിയലിനുശേഷം കണ്ട സുഹൃത്തിനെപ്പോലെ അദ്ദേഹം എന്നോട് വിശേഷങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. നിമിഷനേരങ്ങള്‍ക്കുള്ളില്‍ സൌഹൃദവലയം ഞങ്ങള്‍ക്കിടയില്‍ രൂപംകൊണ്ടു. നീളമുള്ള പേരാണ് അദ്ദേഹത്തിന്റേത്. അതിലെ "റാം" മാത്രമേ എനിക്ക് വ്യക്തമായുള്ളൂ. അങ്ങനെ അദ്ദേഹം എനിക്ക് രാമേട്ടനായി. ചൂടുള്ള പൂരിയും കിഴങ്ങ് കറിയും എന്റെ മുന്നില്‍ നിരന്നു. പ്രാതലിനിടയില്‍ സ്ഥലത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ രമേട്ടനില്‍ നിന്നും ചോദിച്ചു മനസ്സിലാക്കി. ഏകാനായുള്ള മലകയറ്റമാണ് ലക്‌ഷ്യം എന്നറിയിച്ചപ്പോള്‍ നരച്ച മിഴികളില്‍ അത്ഭുതം നിറഞ്ഞു.
ഗാന്ധി ആശ്രമം എന്നറിയപ്പെടുന്ന അനശക്തി ആശ്രമത്തിലേക്കാണ് പിന്നീട് പോയത്. പ്രധാന കവലയില്‍നിന്നും ചെറിയൊരു കയറ്റംകയറി അല്പദൂരം നടന്നാല്‍ ആശ്രമത്തില്‍ എത്തിച്ചേരാം. 1929-ല്‍ ഗാന്ധിജി ഇവിടെ എത്തി കുറച്ചു ദിവസം താമസിച്ചിട്ടുണ്ട്. ഇവിടെത്തെ പ്രകൃതിയി ഭംഗിയില്‍ വിസ്മയംകൊണ്ട അദ്ദേഹം "ഇന്‍ഡ്യയിലെ സ്വിറ്റ്സര്‍ലാന്ഡ്" എന്നാണ് കൌസാനിയെ വിശേഷിപ്പിച്ചത്. മഹത്തായ ഈ പ്രകൃതി സൌന്ദര്യത്തിനു മുന്നില്‍ ധ്യാനനിമഗ്നനായി നിന്നാണ് അനശക്തി യോഗയെ കുറിച്ച് അദ്ദേഹം എഴുതിയത്. ഹിമാലയത്തെ അഭിമുഖം ചെയ്തു നില്‍ക്കുന്ന മനോഹരമായ ചെറിയ കെട്ടിടമാണത്. കുന്ന് അവസാനിക്കുന്നിടതാണ് ആശ്രമമെന്നതിനാല്‍ മറ്റു തടസ്സങ്ങള്‍ ഒന്നുമില്ലാതെ ഹിമാലയം ദര്‍ശിക്കാം. താഴെ ഹിമാലയാന്‍ ചെരിവില്‍ പരവതാനിപോലെ പരന്നു കിടക്കുന്ന ഗ്രാമങ്ങള്‍. ആശ്രമത്തില്‍ സന്ദര്‍ശകര്‍ വിരളമായിരുന്നു ആ സമയം. വൈകിട്ട് പതിവായുള്ള ഭജനാസമയത്ത് മാത്രമേ കാര്യമായ സന്ദര്‍ശകര്‍ ഉണ്ടാവുകായുള്ളൂ. ഗാന്ധിജിയുടെ പുസ്തകങ്ങളും ചിത്രങ്ങളും ജീവചരിത്രവും ഇവിടെ നമുക്കു മുന്നില്‍ അനാവൃതമാവുന്നു. പുല്‍ത്തകിടിയും പൂക്കളുംഅതിരിടുന്ന ആശ്രമത്തിനു മുന്നില്‍ ഹിമാലയത്തെ നോക്കി ആഹ്ളാദം തിളങ്ങുന്ന കണ്ണുകളോടെ ഇരിക്കാന്‍ സ്വയം നിര്‍ബന്ധിതനായി തീര്‍ന്നു. അത്രമേല്‍ ശാന്തമായ അന്തരീക്ഷം. ഇത് തന്നെയാണ് യഥാര്‍ത്ഥ ശാന്തി എന്നെനിക്ക് തോന്നി. എന്റെ മുടിയിഴകള്‍ക്കുചുറ്റും കാറ്റ് വിറച്ചുകൊണ്ട് തലോടികൊണ്ടിരുന്നു.
കുറച്ചകലെ ദേവദാരു മരങ്ങള്‍ തിങ്ങി വളരുന്ന മലനിരകള്‍. പിറ്റേന്ന് അവിടെക്കാണ് എനിക്ക് പോവേണ്ടത് എന്നോര്‍ത്തപ്പോള്‍ ആഹ്ളാദത്തിന്റെ ഒരു ചീള് എന്നിലേക്ക് തുളച്ചുകയറി. ആശ്രമത്തില്‍ നിന്നിറങ്ങി ശൂന്യമായ തെരുവുകളിലൂടെ അലസനായി നടന്നു. പ്രത്യേകിച്ചു യാതൊരു ലക്ഷ്യവുമില്ലാതെ. ഉച്ചയോടെ തിരികെ രാമേട്ടന്റെ കടയിലെത്തി. ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിലാണ് അത് സംഭവിച്ചത്. മുഷിഞ്ഞ വസ്ത്രങ്ങളോടെ, മുഖത്തു കടുത്ത ഭാവമാര്‍ന്ന ഒരു സ്ത്രീ ഭക്ഷണശാലയിലേക്ക് തിടുക്കത്തില്‍ കയറിവന്നു. രാമേട്ടന്റെ എതിര്പ്പ് പാടെ അവഗണിച്ചുകൊണ്ട് അവര്‍ എനിക്കരികിലെത്തി ഭക്ഷണ പാത്രത്തിലേക്ക് ആര്ത്തിയോടെ നോക്കി. അവര്ക്ക് കൂടെ ഭക്ഷണം നല്കാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഒരു നിമിഷം അവര്‍ എന്നെ രൂക്ഷമായി നോക്കി ഒരു നിമിഷം മാത്രം. തുടര്‍ന്ന് ഭക്ഷണത്തിന് കാത്തുനില്ക്കാതെ അവിടെ നിന്നിറങ്ങിപോയി. അത്രമേല്‍ രൂക്ഷമായ നോട്ടം ആരുടേയും കണ്ണില്‍നിന്ന് കൂര്‍ത്തുവരുന്നത് ഞാന്‍ കണ്ടിട്ടില്ല. അവര്‍ തെരുവില്‍ അപ്രത്യക്ഷമായാതോടെ ഏതോ ഒരു വികാരം എന്നെ അസ്വാസ്ഥ്യപ്പെടുത്തി. രാമേട്ടന്‍ എനിക്കരികിലെത്തി അവിടെ പതിവുള്ളൊരു സംഭവമാണ് അരങ്ങേറിയത് എന്ന് പറഞ്ഞു. അവരുടെ പേരോ നാടോ ആര്‍ക്കും വ്യക്തമല്ല. എല്ലാവരും അവരെ മായി എന്ന് വിളിക്കുന്നു. ഹിമാലയന്‍ താഴ്വരയിലെ ഏതോ ഗ്രാമത്തില്‍ ഭര്‍ത്താവിനും മകനുമൊപ്പം സന്തോഷകരമായ ജീവിതമായിരുന്നു അവരുടേത്. ഒരിക്കല്‍ അവരുടെ ജീവിതത്തില്‍നിന്നും ഭര്‍ത്താവ് അപ്രത്യക്ഷമായി. പിന്നീട് അവര്ക്ക് എല്ലാം അവരുടെ മകനായിരുന്നു. അവരുടെ ജീവിതം തന്നെ അവനായിരുന്നു. വര്‍ഷങ്ങള്‍ കഴിയവേ ഒരു ദിവസം അവനും അപ്രത്യക്ഷമായിരിക്കുന്നു എന്ന തിരിച്ചറിവ് അവരെ തളര്‍ത്തി. എവിടെക്കുപോയെന്നോ എന്ത് സംഭവിച്ചു എന്നതിനെ കുറിച്ചോ ആര്‍ക്കും വ്യക്തതയില്ല. ലോകം ഇത്രമേല്‍ ദുരിതാനുഭവം മറ്റാര്‍ക്കും നല്കിയിട്ടില്ല എന്നവര്‍ക്ക് തോന്നിയിരിക്കാം. താനറിയുന്ന തന്റെ ലോകം നഷ്ടപ്പെട്ടതറിഞ്ഞ് താളം തെറ്റിയ മനസ്സുമായി, വിഷാദത്തിന്റെ മേഘം അരിച്ചിറങ്ങിയ കണ്ണുകളോടെ, ഒരു തുണിക്കെട്ടുമായി അവര്‍ ഇടറി നടന്നു. തിരോദ്ധാനത്തിന്റെ ഭാരംപേറി ഓര്‍മയുടെ തടാകത്തിലേക്ക് ഉള്‍വലിഞ്ഞുകൊണ്ട് ഗ്രാമങ്ങളിലൂടെ..എറ്റവും പ്രിയപ്പെട്ടവരെ തേടി അലയുന്നു. ഇടയ്ക്ക് ആരെങ്കിലും വച്ചുനീട്ടുന്ന ഭക്ഷണം വാങ്ങി കഴിക്കും.ചില സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവര്‍ക്ക് ദുരൂഹവും അപരിചവുമായ വാക്കുകള്‍ ഉപയോഗിച്ചുകൊണ്ട് അലഞ്ഞു നടക്കും. എനിക്ക് അവരോടു എന്തെന്നില്ലാത്ത സഹതാപം തോന്നി. മുറിയിലേക്ക് നടക്കുമ്പോള്‍ മായിയെ കുറിച്ചോര്‍ത്ത് അസ്വസ്ഥമായിരുന്നു മനസ്സ്. അവരുടെ ശിഥിലമായ ജീവിതത്തില്‍നിന്ന് നൂറുനൂറു കഥകള്‍ പെറുക്കിയെടുക്കപ്പെട്ടു. ഇനിയും അത് തുടരുക തന്നെചെയ്യും.
മലകയറ്റത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പ് എന്ന നിലയില്‍ വിശ്രമം അനിവാര്യമായിരുന്നു. മുറിയിലെത്തി വൈകുന്നേരം വരെ വിശ്രമിച്ചു. ഉഷസ്സും സന്ധ്യയുമാണ് ഹിമാലയത്തെ മനോഹരമാക്കുന്നത്. വെളിച്ചത്തിന്റെ ആഗമനവും വിരാമവും. മറ്റെന്തിനെക്കാളും അവയുടെ സൌന്ദര്യം ഹിമാലയത്തെ മഹത്തായി തീര്‍ക്കുന്നു. സൂര്യന്റെ അന്തിമ രശ്മികള്‍ വിതാനിച്ച ആകാശത്തിനു കീഴെ സ്വര്‍ണ്ണശോഭയോടെ തിളങ്ങി നില്ക്കുന്ന ഹിമാലയം കാഴ്ച്ചയുടെ അനിര്‍വചനീയ അനുഭൂതിയാണ് പകരുന്നത്. ഹോട്ടലിന്റെ ബാല്‍കണിയില്‍ ഇരുന്നാല്‍ അസ്തമയ കിരണങ്ങള്‍ ഹിമാലയത്തില്‍ പ്രതിഫലിക്കുന്നത് വ്യക്തമായി കാണാം. ആ വിസ്മയത്തില്‍ മുഴുകി നില്ക്കെ നക്ഷത്രങ്ങള്‍ വിതറികൊണ്ട് രാത്രി കടന്നുവന്നു. താഴെ ദേവദാരു മരങ്ങള്‍ക്കിടയിലേക്ക് വേഗത്തില്‍ വീഴുന്ന രാത്രികള്‍. ഇരുട്ടില്‍ തിളങ്ങുന്ന മഞ്ഞിനെ നോക്കി, ഗാഢമായ ഇരുളില്‍ നൂഴ്ന്നിറങ്ങി ഇരുന്നപ്പോള്‍, വിദൂരതയില്‍നിന്നും എന്നെ ആരോ അഭിവാദ്യം ചെയ്യുനതായി തോന്നി. ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഭാവനാത്കമായ ചിന്തകളുടെ ഭാവന്തരങ്ങളിലൂടെ അലഞ്ഞു നടക്കുക എന്റെ ശീലമാണ്. എന്റെ ചിന്തകള്‍ എത്തിച്ചേര്‍ന്നത് "യതി"യെന്ന ഭീമാകാരനായ മഞ്ഞു മനുഷ്യനിലായിരുന്നു. ഹിമാലയ ശൃംഗങ്ങളിലെ മനുഷ്യന്‍ കടന്നു ചെല്ലാന്‍ മടിക്കുന്ന, മനുഷ്യന് അപ്രാപ്യമായ ഇടങ്ങളിലൂടെ വലിയ കാല്പാടുകള്‍ അവശേഷിപ്പിച്ച് അലയുന്ന മഞ്ഞുമനുഷ്യന്‍. മലകയറ്റക്കാരനായ വിദേശി യതിയെ മുഖാമുഖം കണ്ടു എന്ന് അവകാശപ്പെടുന്നു. ബാല്യത്തില്‍ വായിച്ച കഥകളിലൂടെ എന്റെ ചിന്തകളില്‍ അവനു വ്യക്തമായ രൂപം കൈവന്നിരുന്നു. ദേഹം മുഴുവന്‍ രോമങ്ങള്‍ നിറഞ്ഞ ഒരു ആള്‍കുരങ്ങിനോട് സാദൃശ്യമുള്ള രൂപമായിരുന്നു അത്. ശരീരത്തിനൊപ്പം എന്റെ ചിന്തകളും വളരവേ എപ്പോഴോ ആ ചിത്രത്തിന് രൂപാന്തരം സംഭവിച്ചു. യുക്തിക്കും വിശ്വാസ പ്രമാണങ്ങള്‍ക്കും നിരക്കാത്തതാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ, എനിക്ക് ചുറ്റുമുള്ള ലോകത്തില്‍ നിന്നും വൈരുദ്ധ്യാത്മകമാണെന്ന് മനസ്സിലാക്കികൊണ്ട് തന്നെ ആ സങ്കല്പ്പങ്ങളും ഞാന്‍ രഹസ്യമായി പരിപോഷിപ്പിച്ചുപോന്നു. ഇന്ന് എന്റെ ചിന്താസരണികളിലൂടെ അലയുന്ന മഞ്ഞുമനുഷ്യന് വ്യക്തമായ രൂപമോ ബാഹ്യമായ ഘടനയോ നഷ്ടപ്പെട്ടിരിക്കുന്നു. എല്ലാ തിന്മകളില്‍നിന്നും മുക്തമായ ഒരു ആത്മാവ്-ഒരു ശരീരം. പ്രായത്തിനോ മരണത്തിനോ അവന്‍ വിഷയമാകുനില്ല. വിശപ്പോ ദാഹമോ ലൈംഗികതയോ ഒന്നും തന്നെ അവന്‍ അറിയുനില്ല. സഹസ്രാബ്ദങ്ങളുടെ ജീവിതം ജീവിച്ചുകൊണ്ട് അലയുന്ന ഒരു ആത്മാവ്.
അത്താഴം സൂപ്പ് മാത്രമായി ഒതുക്കി ഞാന്‍ ഉറങ്ങാന്‍ കിടന്നു. അകലെ ദേവദാരു വനങ്ങള്‍ക്കിടയില്‍ രാത്രി പക്ഷി തേങ്ങുന്നത് കേട്ടുകൊണ്ട് നിദ്രാധീനനായി. പുലര്‍വെളിച്ചം വീഴുന്നതിനു മുന്‍പേ ക്യാമെറയുമെടുത്ത് ബാല്‍കണിയില്‍ സ്ഥാനം പിടിച്ചു. കാത്തുകാത്ത് നില്ക്കെ ഉദയത്തിന്റെ പ്രാരംഭ രശ്മികള്‍ ഹിമാലയത്തിനു നെറുകയില്‍ പൊട്ടുപോലെ കാണപ്പെട്ടു. തിളങ്ങുന്ന വെളിച്ചത്തിന്റെ പ്രഭ, ഉരുകിയൊലിച്ച് മലമടക്കുകളിലൂടെ പരന്നൊഴുകുന്നത് നോക്കിയിരിക്കുമ്പോള്‍ അത്രമേല്‍ അനുഗ്രഹീതമായ, മനോഹരമായ ഒന്നുംതന്നെ എന്റെ ജീവിതത്തില്‍ ഒരിക്കലും കണ്ടിരുന്നില്ല എന്ന് ഞാന്‍ മനസ്സിലാക്കുകയായിരുന്നു. ആ കാഴ്ചയ്ക്ക് മുന്നില്‍ സ്വയം നഷ്ടപ്പെട്ട് ഞാന്‍ നിന്നു.
പ്രാതല്‍ കഴിച്ചശേഷം മലകയറ്റത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഗ്ളുക്കോസും വെള്ളവും ഉണക്കിയ പഴങ്ങളും ബാഗില്‍ നിറച്ച്, ക്യാമെറയുമായി ഇറങ്ങി. ദേവദാരു മരങ്ങള്‍ തിങ്ങിവളരുന്ന മലയുടെകീഴെ എത്തി പാത ഉപേക്ഷിച്ചു വനത്തിലേക്ക് കയറി. നിശബ്ദത കനത്തു പതിഞ്ഞു. കാറ്റിന്റെ അനക്കമേയില്ല. മുകളിലേക്ക് കൂടുതല്‍ സന്ജരിക്കവേ മുന്‍പ് നടന്നവരുടെ അടയാളങ്ങള്‍ അപൂര്‍വ്വമായി മാത്രം കാണപ്പെട്ടു. കാഴ്ചകളോരോന്നും ഏകാന്തതയുടെ സ്ഥിതിഭേതങ്ങളെ അവലംബിച്ച് നില്ക്കുന്നു. കേള്‍ക്കാന്‍ സന്നദ്ധരായാവര്‍ക്ക് പ്രകൃതിയോടു സംവദിക്കാന്‍ കഴിയും. പൂക്കളെയും മരങ്ങളെയും കിളികളെയും കേട്ടുകൊണ്ട്, ദേവദാരു മരങ്ങളുടെ അടക്കിപറച്ചിലുകള്‍ കേട്ടുകൊണ്ട് മലകയറി. മൂടല്‍ മഞ്ഞു നിറഞ്ഞ മരങ്ങള്‍ക്കിടയില്‍ വഴി നഷ്ടപ്പെട്ടുകൊണ്ട് മരനിഴലുകളെ നോക്കികൊണ്ടുള്ള മൂന്നു മണിക്കൂറോളം നീണ്ട കയറ്റത്തിനൊടുവില്‍ മലമുകളില്‍ എത്തിപ്പെട്ടു.ഒരു കുറുക്കന്‍ മരങ്ങള്‍ക്കിടയിലൂടെ പാഞ്ഞുപോയി. മണിക്കൂറുകള്‍ പിന്നിട്ട വനയാത്രയ്ക്കിടയില്‍ പക്ഷികളെയല്ലാതെ ഞാന്‍ കണ്ടുമുട്ടിയ ഏക ജീവി.
ഹിമാലയം എനിക്കുമുന്നില്‍ കൂടുതല്‍ വിസ്തൃതമായിതീര്‍ന്നു. മലമുകളില്‍ വനത്തിനുനടുവില്‍ കൈലാസപര്‍വ്വത സാനുക്കളെ നോക്കി ഇരിക്കുമ്പോള്‍ ഗാഢ തപസ്സിന്റെ താപം എന്നിലേക്ക് പ്രസരിക്കുന്നത് ഞാന്‍ അറിഞ്ഞു. ഒരു പാറയിലിരുന്ന് ഗ്ളുക്കൊസും ബദാമും ഈന്തപഴങ്ങളും കഴിച്ചു. നിശബ്ദത ശ്വസിച്ചു നില്ക്കുന്ന വൃക്ഷങ്ങള്‍. അവിടെനിന്നും പിന്‍വാങ്ങാന്‍ തോന്നിയില്ല. എന്റെ ആന്തരികഘടന തന്നെ തകര്‍ക്കപ്പെടുന്നതായി തോന്നി. നിഴലില്‍നിന്നും നിഴലിലേക്ക് എറിയപ്പെട്ടുകൊണ്ട് മലയിറക്കം. ഒറ്റപ്പെട്ട താഴ്വരകളും, പൂക്കള്‍ നിറഞ്ഞ പുല്‍മേടുകളും പിന്നിട്ട് തിരികെ മുറിയിലെത്തിയപ്പോള്‍ സുഖകരമായ സന്ധ്യാ വെളിച്ചം പരന്നുതുടങ്ങിയിരുന്നു. അത്താഴം കഴിക്കാനായി രാമേട്ടന്റെ കടയിലേക്ക് നടന്നു.
കൌസാനിയില്നിന്നും നിന്നും രാവിലെ 8 മണിക്ക് കോര്‍ബറ്റ് പാര്‍ക്ക് സ്ഥിതിചെയ്യുന്ന റാംനഗറിലേക്ക് ബസ് ഉണ്ടെന്നു രാമേട്ടനില്‍നിന്നും അറിഞ്ഞിരുന്നു. ഒരേഒരു ബസ് മാത്രമാണ് അവിടെനിന്നും നേരിട്ട് റാംനഗറിലേക്ക് ലഭ്യമാവുന്നത്. അതിനാല്‍ പിറ്റേന്ന് കൃത്യസമയത്ത് തന്നെ മുറിയൊഴിഞ്ഞു കവലയിലേക്കു നടന്നു. പ്രാതല്‍ കഴിച്ചുകഴിയുബോഴേക്കും ബസ് എത്തിച്ചേരും എന്ന് കരുതി രാമേട്ടന്റെ കടയില്‍ കയറി ഭക്ഷണം കഴിച്ചു തുടങ്ങി. പാതിയായപ്പോഴേക്കും ഹോണ്‍ മുഴക്കികൊണ്ട് ബസ് കവലയിലെത്തി. ഭക്ഷണം പാതിവഴിയില്‍ ഉപേക്ഷിച്ചുഎഴുന്നെല്ക്കാന്‍ തുടങ്ങിയ എനിക്ക്, ഭക്ഷണം പൂര്‍ത്തിയാകാതെ എഴുനെല്ക്കരുത് എന്ന് രാമേട്ടന്റെ കര്‍ശനമായ താക്കീത് കിട്ടി. ആ മനുഷ്യന്‍ വഴിയിലിറങ്ങി വണ്ടി തടഞ്ഞു നിര്‍ത്തിയിരികുകയാണ്. നിര്‍ത്താതെ ഹോണ്‍ മുഴക്കുന്ന വണ്ടി കണ്ടതോടെ എനിക്ക് ഭക്ഷണം ഇറക്കാന്‍ വയ്യെന്നായി. അദ്ദേഹം കടയിലേക്ക് തിടുക്കത്തിലെത്തി, മുഴുവന്‍ കഴിച്ചശേഷമേ പോകാവൂ എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട് വീണ്ടും വാഹനതിനുമുന്നില്‍ പോയി നില്ക്കുകയായി. ഇറക്കാന്‍ കഴിയാതെയിരുന്ന ഭക്ഷണം വിരല്‍കൊണ്ട് വായിലേക്ക് തിരുകികയറ്റി ഞാന്‍ ഒരുവിധത്തില്‍ അവിടെ നിന്നും ഇറങ്ങി. ഭക്ഷണത്തിന്റെ കാശ് കൊടുത്ത് പിരിയാന്നേരം പ്രകടമായ കാരണങ്ങലൊന്നുമില്ലാതെ നീര്‍ത്തുള്ളികള്‍ എന്റെ കണ്ണില്‍ ഉരുണ്ടുകൂടി. ജീവിതത്തില്‍ ഒരിക്കല്‍ കൂടി തമ്മില്‍ കാണുമോ എന്നറിയില്ല, പക്ഷെ ഈ മുഖം ഓര്‍മ്മചെപ്പില്‍നിന്നും ഒരിക്കലും മായില്ല. യാത്ര പറഞ്ഞ് വാഹനത്തിലേക്ക് നടക്കവേ വാഹനത്തിനുള്ളില്‍ നിന്നും അക്ഷമയോടെ പുറത്തേക്ക് നീണ്ടു നില്ക്കുന്ന നിരവധി തലകള്‍ കാണുകയുണ്ടായി. ആര്‍ക്കും മുഖം കൊടുക്കാതെ തിടുക്കത്തില്‍ വാഹനത്തിലേക്ക് കയറി. 7 മണിക്കൂറോളം നീളുന്ന ബസ് യാത്രയായിരുന്നു അത്. 3 മണിയോടെമാത്രമേ രാം നഗറില്‍ എത്തുകയുള്ളൂ എന്ന് സഹയാത്രികനില്‍നിന്നും അറിഞ്ഞു. പുഴകളും പര്‍വ്വതങ്ങളും, കാടും, പുല്മെടുകളും കുറുകെ കടന്ന് ഉത്തരാഖണ്ടിലെ ഗ്രാമങ്ങളിലൂടെ, ഹിമാലയത്തെ കണ്ടുകൊണ്ടു മനോഹരമായ ഒരു യാത്ര.
മഞ്ഞില്‍പതിഞ്ഞ വലിയ കാല്പാടുകളെ നോക്കി ആശങ്കയോടെ നില്‍ക്കുമ്പോള്‍ വിദൂരതയില്‍നിന്നും എന്നെത്തേടി ഒരു ശബ്ദം ഒഴുകി എത്തി.... ഇവിടെ വരൂ...എന്നെ പിന്തുടരൂ .. ഇത് ഞാനാണ് നിന്റെ ആത്മാവ്. നിദ്രയില്‍ പിളര്‍പ്പുണ്ടാകി കാറ്റ് മുഖത്തടിച്ചു, ഞാന്‍ കണ്ണ് തുറന്നു. ഹിമാലയം എനിക്ക് പിന്നില്‍ എവിടെയോ അപ്രത്യക്ഷമായിരിക്കുന്നു.
തീരെ വൃത്തികുറഞ്ഞ ഒരു പട്ടണമാണ് രാംനഗർ. ഫോറെസ്റ്റ് ഓഫീസിലെത്തി ജീപ്പ് സഫാരിക്കുവേണ്ടിയുള്ള എര്പ്പടുചെയ്തു. എനിക്കുമാത്രമായി പിറ്റേന്ന് പുലര്ച്ചെ വനത്തിലൂടെയുള്ള ജീപ്സഫാരി ബുക്ക് ചെയ്തു. 1700 രൂപയാണ് 4 മണിക്കൂർ നീളുന്ന ജീപ്സഫാരിക്കുള്ള ചാർജ്. ബുക്ക് ചെയ്ത ശേഷം മുറിയെടുത്തു വിശ്രമിച്ചു.
പുലരിയുടെ ആഗമനത്തിനും നിശയുടെ വിരാാമത്തിനും ഇടയിലുള്ള കുറച്ചു നിമിഷങ്ങള്‍, അങ്ങനെ ഒരു മുഹൂര്ത്തതിലാണ് ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കില്‍ എത്തിചേര്‍ന്നത്. ഭാരതത്തിലെ ആദ്യത്തെ ദേശീയോദ്യാനം, ഭാരതത്തിലെ ഏറ്റവും വലിയ കടുവാ സങ്കേതം, ഏറ്റവും വലിയ വന്യ ജീവി സങ്കേതം എന്നിങ്ങനെ വിശേഷണങ്ങള്‍ പലതുണ്ട് ഉത്തരാഖണ്ടിലെ ഈ വനമേഖലയ്ക്ക്. വന്യതയുടെ അവസാന വാക്കായ കടുവയെ തേടിയുള്ള എന്റെ യാത്ര അവിടെയാണ് എത്തിചേര്‍ന്നത്. കടുവയുടെ വഴിത്താരകള്‍ പരിചിതമായ ഡ്രൈവറോടൊപ്പം ഞാന്‍ തനിച്ചായിരുന്നു. ഉഷസ്സിന്റെ പ്രഭാ വെളിച്ചം രൂപപ്പെട്ടു തുടങ്ങുന്നതിനുമുന്‍പേ തുറന്ന ജീപ്പില്‍ ഞങ്ങള്‍ വനത്തിനുള്ളിലെത്തി. നിശബ്ദത കനത്ത് പതിഞ്ഞു. ഒരര്‍ത്ഥത്തില്‍ അതൊരു ഗാഢ തപസ്സായിരുന്നു. ശാന്തമായ പ്രകൃതിക്ക് മുന്നില്‍ എന്റെ വാക്കുകളും ചിന്തകളും നഷ്ടപ്പെടുകയായിരുന്നു. ശ്വാസമടക്കിപിടിച്ചുകൊണ്ടുള്ള കാത്തിരിപ്പ്. ഏതുനിമിഷവും കണ്മുന്നില്‍ അവന്‍ പ്രത്യക്ഷപെടാം എന്ന മുന്നറിയിപ്പ്. മ്ളാവുകളും പുള്ളിമാനുകളും എന്നെ കടന്നുപോയി, നിമിഷങ്ങളും. പ്രഭാതത്തിലെ ആദ്യകിരണവും ഭൂമിയില്‍ സ്പര്ശിചിരിക്കുന്നു. ഞങ്ങള്ക്ക് പിന്നാലെ രണ്ടു വാഹനങ്ങളിലായി കുറച്ചുപേര്‍കൂടി അവിടേക്ക് എത്തി. അന്തരീക്ഷമാകെ മൂടല്‍മഞ്ഞും ഈര്‍പ്പവും കൊണ്ട് മൂടപ്പെട്ടു. സംസാരിക്കരുതെന്ന് കര്‍ശന നിര്‍ദേശമുള്ളതിനാല്‍ ആംഗ്യങ്ങളിലൂടെയായിരുന്നു ആശയവിനിമയം. കിളികളുടെ ആര്ദ്രമായ പാട്ടും കുളിര്‍കാറ്റും ആസ്വദിച്ചു ആനന്ദാനുഭൂതിയില്‍ ഇരിക്കുമ്പോഴാണ് കുറ്റികാടുകള്‍ക്കിടയിലെ അനക്കം ഡ്രൈവര്‍ ശ്രദ്ധയില്‍പ്പെടുത്തിയത്. ആകാംക്ഷയുടെ മിഴികള്‍ അവിടേക്ക് നീണ്ടു ഒപ്പം ക്യാമെറാ കണ്ണുകളും. കുറ്റിച്ചെടികള്‍ക്കിടയിലെ സാന്നിധ്യം പ്രകടമാണ് അത് എന്തിന്റെതാണെന്ന് വ്യക്തമാവുന്നതിനു മുന്നേ സമീപത്തെ തുറന്ന ജീപ്പില്‍ നിന്നും ഒരു പെണ്‍കുട്ടിവിരല്‍ ചൂണ്ടികൊണ്ട് ഭയം നിറഞ്ഞ മിഴികളും വിറയ്ക്കുന ശബ്ദത്തോടെയും വിളിച്ചുകൂവി ..ടൈ .....ഗ... പൂര്‍ത്തിയാവുന്നതിനുമുന്നെ കൂടെയുണ്ടായിരുന്നവര്‍ അവളുടെ വായ പൊത്തി. കുറ്റിചെടികള്‍ക്കിടയില്‍നിന്നും രൂപം അടുത്തടുത്ത് വരവേ ക്യമെറ കണ്ണുകള്‍ തുരുതുരാ മിന്നി. പെട്ടെന്ന് ചെടികള്‍ക്കിടയില്‍ നിന്നും ഒരു പുള്ളിമാന്‍ പറ്റിച്ചേ എന്ന ഭാവത്തില്‍ പുറത്തേക്ക് ചാടി. ഏവരുടെയും മുഖത്ത് നിരാശ പടര്‍ന്നു. അവള്‍ പിന്തിരിഞ്ഞു നിന്ന് വാലിളക്കി ഞങ്ങളെ പരിഹസിച്ചു. നിരാശകലര്‍ന്ന മുഖത്തോടെ വാഹങ്ങള്‍ ഒന്നൊന്നായി കാടിനുള്ളിലേക്ക് പോകവേ, അവള്‍ വീണ്ടും കുറ്റികാട്ടിലേക്ക് കയറിപോയി, ഇനി വരുന്നവരെ കബളിപ്പിക്കാനായി.
കാടിനകത്തേക്ക് കടക്കവേ പ്രകൃതി എന്ന വിസ്മയത്തിനു മുന്നില്‍ ഞാന്‍ സ്വയം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഗാഢമായ ആ വിസ്മയത്തില്‍ നൂഴ്ന്നിറങ്ങി, ജൈവ വൈവിധ്യതയുടെ സമ്പുഷ്ടത നുകര്‍ന്നുകൊണ്ട് സഞ്ചരിക്കവേ, തീവ്രമായതും ചിരകാലമായി അഭിലഷിച്ചതുമായ ഒരു വനയാത്രയുടെ സാക്ഷാത്കാരം എന്തെന്ന് ഞാന്‍ അറിയുകയായിരുന്നു.പുള്ളിമാനുകള്‍, കേഴമാനുകള്‍ , മ്ളാവുകള്‍, മയിലുകള്‍, അസംഖ്യം അപൂര്‍വ്വ പക്ഷികള്‍ തുടങ്ങി വൈവിധ്യത്തിന്റെ കലവറയാണ് ആ സങ്കേതം. തിരികെ പോവുന്നതിനിടയിലാണ് അത് ശ്രദ്ധയില്‍പ്പെട്ടത്. മ്ളാവുകളും, മാന്‍കൂട്ടങ്ങളും ഭീതി നിഴലിക്കുന്ന മിഴികളോടെ ചുറ്റുപാടും നോക്കിനില്ക്കുന്നു. മയിലിന്റെ അപായസൂചന അന്തരീക്ഷത്തില്‍ മുഴങ്ങി. "അവന്‍ ഈ കുറ്റികാട്ടില്‍ എവിടെയോ ഉണ്ട്" ഉറച്ചതായിരുന്നു അദ്ധേഹത്തിന്റെ വാക്കുകള്‍. ഒരുപക്ഷെ ഞങ്ങളുടെ വളരെയടുത്ത് ഞങ്ങളെ നിരീക്ഷിച്ചുകൊണ്ട്.... സമയം ഒരുപാട് അതിക്രമിച്ചിരിക്കുന്നു. നാലുമണിക്കൂറായി തുടരുന്ന യാത്രയാണ്. നിവൃത്തിയില്ലാതെ പിന്വാങ്ങാന്‍ നിര്‍ബന്ധിതനായി തീര്‍ന്നു. നിരാശയോടൊപ്പം ആവേശത്തോടും ഉന്മേഷത്തോടും കൂടിയാണ് യാത്ര തിരിച്ചത്. ഒരിക്കല്‍കൂടി തിരിഞ്ഞു നോക്കി. ഉള്‍കാട്ടില്‍നിന്നും ഒരു മുരള്‍ച്ചയുടെ അകമ്പടിയോടെ അവന്‍ ചോദിച്ചു: ഇനി എന്നാണ് ഈ വഴി? "
ഒരു സ്വപ്നാടകനെപ്പോലെ ഒഴുകി നടക്കുമ്പോള്‍ ബാക്കിയാവുന്ന ആഗ്രഹങ്ങളാണ് എന്നെ നയിക്കുന്നത്. പൂര്‍ത്തിയാവാത്ത അത്തരം ആഗ്രഹങ്ങളിലേക്ക് ഞാന്‍ സ്വയം ഉപേക്ഷിക്കുന്നതിന്റെ അനന്തരഫലം- അതാണെന്റെ യാത്രകള്‍. അതിനാല്‍ ഞാന്‍വീണ്ടും വരും ഒരു മുഖാഭിമുഖത്തിനായി.























Comments
Post a Comment