ലളിത സുന്ദരം... സിക്കിം

കല്കട്ടയിലെ ഹൌറ സ്റ്റെഷനിലേക്ക് വണ്ടി അടുക്കുമ്പോൾ നട്ടുച്ചയുടെ ആലസ്യതയിലായിരുന്നു ഞാൻ. ചിറാപുഞ്ചിയിലേക്കുള്ള യാത്ര മദ്ധ്യേ ആണ് ഇന്ത്യയിലെ ഏറ്റവും വലുതും, പുരാതനവുമായ ഹൌറ സ്റ്റെഷൻ സന്ദർശിക്കാൻ അവസരമുണ്ടായത്. സ്വപ്നങ്ങളുടെ പാത പിന്തുടർന്ന എന്റെ യാത്രകളിലെ അത്രമേൽ അസാധാരണമായ ഒന്നായിരുന്നു ഈ യാത്ര. ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശത്തേക്കുള്ള എന്റെ ആദ്യ യാത്രയായിരുന്നു അത്. രണ്ടു ദിവസം ചിറാപുഞ്ചിയിലും മൂന്നു ദിവസം സിക്കിമിലും ചിലവഴിക്കാൻ തീരുമാനിച്ചാണ് യാത്ര പുറപ്പെട്ടത്‌. ഹൗറയിൽ നിന്നും ഉച്ചയ്ക്ക് 2.30ന് ആണ് ഗുവാഹട്ടിയിലെക്കുള്ള തീവണ്ടി. രാവിലെ ഏഴുമണിയോടെ ആസാമിലെ ഗുവാഹട്ടിയിൽ എത്തിയശേഷം അവിടെനിന്ന് റോഡ്‌ മാർഗ്ഗം മേഘാലയയുടെ തലസ്ഥാനമായ ഷില്ലൊങ്ങിലെക്കു പോകുവനാണ് തീരുമാനിച്ചിരുന്നത്. (മേഘാലയയിലെ ഈസ്റ്റ്‌ ഖാസി ഹിൽസ് ജില്ലയിലെ ഒരു പട്ടണമായ ചിറാപുഞ്ചി ഇന്ന് സോഹ്ര എന്നാണ് അറിയപെടുന്നത്).  ഒരുമണിയോടെ ഹൌറയിലെത്തിയശേഷം സ്റ്റെഷനിൽതന്നെയുള്ള ഭക്ഷണശാലയിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച് കാത്തിരിപ്പ്‌ തുടങ്ങി. 23 പ്ലാറ്റ്ഫൊമുകൾഉള്ള വലിയൊരു കെട്ടിടസമുച്ചയമാണ് ഹൌറ സ്റ്റെഷൻ. പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്റെ തലസ്ഥാനവും, തുറമുഖ നഗരവുമായ  കല്കട്ടയിലെ പ്രധാനപെട്ട സ്റ്റെഷൻ ആണ് ഹൌറ. ഇന്ത്യയിലെ പ്രധാനവും അപ്രധാനവുമായ ഒട്ടുമിക്ക നഗരങ്ങളുമായി റയിൽ മാർഗ്ഗം ബന്ധിക്കപ്പെട്ടിട്ടുള്ളതാണ് ഹൌറ. വൃത്തിയുള്ള ഭക്ഷണശാലയുണ്ടെന്നുള്ളതാണ് എല്ലാറ്റിലുമധികം എന്നെ ആകർഷിച്ചത്. ദക്ഷിണേന്ത്യൻ വിഭവങ്ങൾ ഉൾപ്പെടെ വിവിധതരം ഭക്ഷണം ലഭിക്കുന്ന ഫുഡ്‌ പ്ലാസ വൃത്തിയേറിയതാണ്.

കാത്തിരിപ്പ് തുടരുന്നതിനിടെ പലവണ്ടികളുടെ സമയവും പ്ലാട്ഫോം നമ്പരുകളും ബോർഡിൽ തെളിയുന്നുണ്ടായിരുന്നു. പക്ഷെ എനിക്കുപോവേണ്ട വണ്ടിയെ കുറിച്ച് അറിയിപ്പൊന്നും ഇല്ലാതായതോടെ ആശങ്കയോടെ അന്വേഷണ വിഭാഗത്തിലേക്ക് നടന്നു. അവിടെ എഴുതി തയ്യാറാക്കി വച്ചിരിക്കുന്ന അറിയിപ്പ് എന്നെ വലിയൊരു ദൈന്യാവസ്ഥയിലേക്കാണ് എത്തിച്ചത്. ഉച്ചയ്ക്ക് 2.30നു പുറപ്പെടേണ്ട ട്രെയിൻ രാത്രി 11 മണിയോടെ പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് അറിയിപ്പ്. ഒരു വിചിത്ര സ്വപ്നത്തെ അഭിമുഖീകരിക്കുന്നത്പോലെ കണ്ണ് തിരുമ്മികൊണ്ട് പലയാവർത്തി ആത് വായിച്ചുതീർത്തു. ഏറെ പ്രയാസപ്പെട്ടാണ് എന്നിലേക്ക്‌തന്നെ ഉൾവലിഞ്ഞുകൊണ്ട് ശാന്തത വീണ്ടെടുത്തത്. പിറ്റേന്ന് രാവിലെ ഗുവാഹട്ടിയിൽ എത്തിച്ചേരേണ്ട ഞാൻ, പുതിയ സമയമനുസരിച്ച്  രാത്രിയോടെ മാത്രമേ  എത്തുകയുള്ളൂ. ഒരുപകൽ മുഴുവൻ വീണ്ടും വണ്ടിയിൽ ചിലവഴിക്കാൻ ഞാൻ താല്പര്യപ്പെട്ടിരുന്നില്ല. മിനിട്ടുകൾ നീണ്ട കൂട്ടികുറക്കലുകൾക്കും ആലോചനകൾക്കും ശേഷം ഒരു തീരുമാനത്തിലെത്തിചേർന്നു. ചിറാപുഞ്ചിയിലേക്കുള്ള യാത്ര റദ്ദാക്കികൊണ്ട് സിക്കിം മാത്രമായി എന്റെ യാത്രാപഥം തിരുത്തി എഴുതി. അതേ തീവണ്ടിയിൽ തന്നെ യാത്ര തുടരുന്നപക്ഷം, ഗുവാഹട്ടിയിൽ എത്തേണ്ടിയിരുന്ന സമയത്ത് എനിക്ക് ബംഗാളിലെ സിലിഗുരിയിൽ എത്തിച്ചേരാം.  അവിടെനിന്ന് റോഡ്‌ മാർഗ്ഗം സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ങ്ടോക്കിൽ എത്താൻകഴിയും. എന്റെ അനന്തമായ അലച്ചിലിനിടയിലെ അഞ്ചു ദിവസംകൊണ്ട്  സിക്കിം എന്ന കൊച്ചുസംസ്ഥാനത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ കഴിയും എന്നെനിക്കുതോന്നി.

അങ്ങനെ ഒരു പകലിന്റെ പാതി കല്കട്ടയിലെ ഹൌറ നഗരത്തിൽ ചിലവഴിക്കാൻ തീരുമാനിച്ചുകൊണ്ട്, സ്റ്റെഷനു സമീപമുള്ള ഹോട്ടെലോ ലോഡ്ജോ ലക്ഷ്യമാക്കി പുറത്തേക്ക് നടന്നു. കുറച്ചകലെ ഹൂഗ്ലി നദിക്ക് കുറുകെ ഹൌറ പാലം പ്രതാപത്തോടെ തലയുയർത്തി നില്ക്കുന്നത് കാണാം. ഹൂഗ്ലി നദിയുടെ മറുകരയിലാണ് യഥാർത്ഥ കല്കട്ട നഗരം. മേയ് മാസത്തിലെ കനത്ത സൂര്യവെളിച്ചത്തിനുകീഴിൽ ഉരുകുന്ന പട്ടണത്തിലെ തിരക്കേറിയ തെരുവിലൂടെ എന്നെ ഇവിടേയ്ക്ക് നയിച്ച അവസ്ഥകളിലും ചിന്തകളിലും ആഴ്ന്നിറങ്ങി നടക്കുമ്പോൾ, ഞാൻ എത്തിപ്പെട്ട അത്രമേൽ മാലിന്യമേറിയ തെരുവ് വിചിത്രമായ ഒരു പട്ടണത്തിലേക്ക് പ്രവേശിക്കുന്ന പ്രതീതിയാണ് ഉണർത്തിയത്. മാലിന്യങ്ങളും വിസർജ്ജ്യങ്ങളും നിറഞ്ഞ തെരുവുകൾ, പൊട്ടിയൊലിക്കുന്ന ഓടകൾ, അവയ്ക്ക് സമീപം ഈച്ചയാർക്കുന്ന ഭക്ഷണശാലകളിൽ ഭക്ഷണം കഴിക്കുന്നവർ തുടങ്ങി മനം മടുപ്പിക്കുന്ന കാഴ്ചകളാണ് ചുറ്റുപാടും. ഇവയെല്ലാംതന്നെ എന്റെ ഉള്ളിൽ കല്കട്ട എന്ന മഹാ നഗരത്തിന്റെ കാലചരിതത്തിന്റെ പ്രാധാന്യം കുറച്ചുകൊണ്ട് വരികയും ദുർഗ്രഹമായ ചുറ്റുപാടിനെ കുറിച്ചുള്ള ചിന്ത വർദ്ധിപ്പിക്കുകയും ചെയ്തു. അസ്വസ്ഥമായ മനസ്സുമായി കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയാതെ തെരുവിന് സമീപം കണ്ട ചെറിയൊരു ലോഡ്ജിലേക്ക് കയറി. പുരാതനമെന്ന് തോന്നിക്കുന്ന  ഒരു കെട്ടിടം. നരച്ച മിഴികലുള്ള ഒരു മനുഷ്യൻ എന്നെ അകത്തേക്ക് ക്ഷണിച്ചു. മഞ്ഞനിറം ബാധിച്ച കണ്ണുകളുള്ള പ്രായമേറിയ ആ മനുഷ്യനാണ് മുറി സൂക്ഷിപ്പുകാരൻ. അയാൾ എന്നെ മുകൾനിലയിലെ മുറിയിലേക്ക് നയിച്ചു. തണുത്തതും ഇരുണ്ടതുമായ മുറി സാമാന്യം വൃത്തിയുള്ളതായിരുന്നു.  ആവശ്യങ്ങളുടെ പട്ടിക ചുരുക്കികൊണ്ട് പകലിന്റെ പാതി അതിൽ കഴിച്ചുക്കൂട്ടാൻ തീരുമാനിച്ചു. തേഞ്ഞ പല്ലുകളും ഉമിനീരൊലിക്കുന്ന ചുണ്ടുകളുമായി അയാൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് മുറിയിൽ തന്നെ നില്പ്പായി. "ടിപ് " പ്രതീക്ഷിച്ചായിരിക്കും എന്ന കരുതലിൽ  അത് നല്കിയെങ്കിലും പതുക്കെ ശങ്കയോടെ അവ്യക്തമായി എന്തോ ചിലത് പിറുപിറുത്തുകൊണ്ട് നില്പ്പ് തുടർന്നു. എനിക്കരികിലെത്തികൊണ്ട്  പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചപ്പോഴാണ് അയാളുടെ ഉള്ളിലിരുപ്പ് വെളിപ്പെട്ടത്. വിശ്രമവേള ആനന്ദകരമാക്കുവാൻ ആളെ ഏർപ്പടാക്കലാണ് ഉദ്ദേശം എന്ന് മനസ്സിലായതോടെ അയാളെ ഉടൻ പുറത്തേക്ക് നയിച്ച്‌ കതകടച്ചു. മിനിട്ടുകൾക്കുള്ളിൽ വാതിലിൽ മുട്ടികൊണ്ട്‌ അയാൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇക്കുറി കൈയ്യിൽ ഒരു മൊബൈൽ ഫോണ്‍ ഉണ്ട്. രസമെന്തെന്നാൽ ചില യുവതികളുടെ ചിത്രങ്ങളും മൊബൈലിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് എനിക്കരികിലെത്തിയത്. "300 രൂപ മുതൽ ഉണ്ട് സാർ" കൌശലപൂർവ്വമുള്ള ഒരു പകുതി ചിരിയും ആ വാക്കുകളിൽ ഉണ്ടായിരുന്നു. അത്രമേൽ വെറുപ്പുളവാക്കുന്നതും പ്രകോപിപ്പിക്കുന്നതുമായിരുന്നു വാക്കുകൾ. അയാളോടുള്ള വെറുപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട് തന്നെ, എന്റെ വിശ്വാസത്തിൽ ഇതിനെക്കാൾ ആക്ഷേപകരമോ അപകടകരമോ ആയ മറ്റൊന്നും തന്നെയില്ലെന്ന് തുറന്നു പറഞ്ഞുകൊണ്ട് കതക് വലിച്ചടച്ചു. എത്തിപ്പെട്ട സ്ഥലം കൊള്ളാം. എവിടെയാണ് ആയിരിക്കുന്നതെന്ന്പോലും ഞാൻ മറന്നിരുന്നു. നിഗൂഡവും കേട്ടുകേൾവി ഇല്ലാത്തതുമായ പലകാര്യങ്ങളും ഈ നഗരത്തെ ബന്ധപ്പെടുത്തി കേട്ടിടുണ്ട്. എന്റെ ആന്തരിക ദർശനത്തിൽ  പട്ടണവും ആളുകളും എല്ലാം തന്നെ അസാധാരണവും  ദുരൂഹവും അപകടം പിടിച്ചതുമായാണ് അനുഭവപ്പെട്ടത്.
കുളികഴിഞ്ഞ് അൽപനേരം വിശ്രമിച്ചശേഷം പുറത്തിറങ്ങി. ഹൌറ പാലം ലക്ഷ്യമാക്കികൊണ്ടായിരുന്നു നടത്തം. പട്ടണം വൃത്തിയായി സൂക്ഷിക്കാനുള്ള നടപടികളോ ഏർപ്പാടുകളോ ഇവിടെ തീർത്തും അന്യമാണ്. അല്പമെങ്കിലും വൃത്തിബോധമുള്ള ആരെയും ആലോസരപ്പെടുത്തുന്നതാണ് കാഴ്ചകൾ. മാലിന്യങ്ങളും വിസർജ്യങ്ങളും നിറഞ്ഞ തെരുവുകൾ പിന്നിട്ട് പാലത്തിലേക്ക് നടക്കവേ പാലത്തിനെ ബന്ധിച്ചുകൊണ്ട് ഉയർന്നു നില്ക്കുന്ന ഉരുക്ക് തൂണുകൾ ദൂരെ നിന്നുതന്നെ ദൃശ്യമായിരുന്നു. ആകാശത്തിലേക്ക് തലയുയർത്തി നില്ക്കുന്ന ഉരുക്ക് കമ്പികളിൽ തൂങ്ങി നില്ക്കുകയാണ് അനുപമ സൌന്ദര്യമുള്ള പാലം. കൽകട്ടയെയും ഹൌറയെയും ബന്ധിപ്പിക്കുന്ന ആ ഉരുക്കുപാലം മഹത്തായ ഒരു നിർമ്മിതി തന്നെയാണ്. തൂണുകളില്ലാതെ ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ട് ഹൂഗ്ലി നദിക്ക് കുറുകെ 829 മീറ്റർ നീളത്തിൽ നിലകൊള്ളുന്ന മനോഹര നിർമ്മിതി.  വാഹനങ്ങളുടെ തിരക്കായിരുന്നു പാലത്തിൽ. പാലത്തിനു മുകളിലെ 70 അടി വീതിയുള്ള 8 വരിപാതയിലൂടെ ഒരു ലക്ഷത്തോളം വാഹനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്ക്.
താഴെ കലങ്ങിയൊഴുകുന്ന ഹൂഗ്ലി നദി ഗംഗയുടെ ഒരു കൈവഴിയാണ്. മൂർഷിബാദ് ജില്ലയിൽവച്ച് ഒരു കനാലായി ഗംഗയിൽ നിന്നും വേർപിരിയുന്ന നദി 260 കി.മി നീണ്ട പ്രവാഹത്തിനൊടുവിൽ നർപർ എന്ന പ്രദേശത്ത്‌വച്ച് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. ചെളി നിറത്തിൽ കലങ്ങിയൊഴുകുന്ന നദിയുടെ ഇരുകരകളിലും ധാരാളം തീർത്ഥാടകർ മുങ്ങി കുളിക്കുന്നുണ്ട്. പാലത്തിനുമറുകരെ, അതായത് നദിയുടെ കിഴക്ക് ഭാഗത്തായാണ്‌ കല്കട്ട നഗരം. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന ആ മഹാനഗരത്തിലേക്ക്‌ സഞ്ചരിക്കാൻ സമയപരിമിതി എന്നെ അനുവദിക്കുന്നുണ്ടായിരുന്നില്ല. അലസമായി പാലത്തിന്റെ മറുകരയിലേക്ക് നടക്കുമ്പോൾ അങ്ങ് ദൂരെ അവ്യക്തമായി കല്ക്കട്ട തുറമുഖം കാണാം. ബ്രിട്ടീഷ് ഭരണകാലത്ത്,  കല്ക്കട്ട ഇന്ത്യയുടെ തലസ്ഥാനമായിരുന്ന ആ നാളുകളിൽ ഇന്ത്യയുടെ കടൽവഴിയുള്ള കച്ചവടങ്ങളിൽ പകുതിയിലധികവും ഈ തുറമുഖം വഴിയായിരുന്നു. പാലത്തിന്റെ മറുകര ലക്ഷ്യമാക്കി നീങ്ങുമ്പോൾ, പത്തൊമ്പതാം നൂറ്റാണ്ടിൽ കിഴക്കിന്റെ സെയിന്റ് പീറ്റേഴ്സ് ബർഗ് എന്നും കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെട്ടിരുന്ന മഹാനഗരത്തിന്റെ നഷ്ടപ്രതാപത്തെക്കുറിച്ചായിരുന്നു എന്റെ ചിന്തകൾ.
പാലം കരയുമായി ബന്ധിക്കുന്നതിന്റെ ഇരുവശവുമായി വ്യാപിച്ചു കിടക്കുന്ന വലിയൊരു ചന്തയിലേക്കാണ് എത്തിച്ചേർന്നത്. വലതുഭാഗത്ത്‌ പൂക്കളുടെ വലിയ വിപണന കേന്ദ്രമാണ്.  നീണ്ടുകിടക്കുന്ന പാതയുടെ ഇരുവശത്തുമായി പുഷ്പ കച്ചവടക്കാരുടെ ഒരു ശൃംഖല തന്നെ അവിടെയുണ്ട്‌. മൊത്തവില്പനക്കാരും ചില്ലറ വില്പനക്കാരും വാങ്ങുന്ന ജനങ്ങളും ഉൾപ്പെടുന്ന വലിയൊരു ജനസഞ്ചയം.   പലതരം പൂക്കൾ, കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങൾ അവയ്ക്കിടയിലൂടെ അലസമായി നടന്നു. പാതയോരങ്ങളിൽ പൂക്കൾ കൊണ്ടുള്ള മാലകളും, കുന്നുകൂട്ടിയിട്ട പൂക്കളും വിൽക്കുന്നവരെ മറികടന്ന് പ്രധാന പാതയിലേക്ക് എത്തിയശേഷം സമീപത്തെ കടയിൽനിന്ന് ആവിപറക്കുന്ന കൊഴുത്ത ചായയും അകത്താക്കി തിരികെ നടന്നു.
തിരികെയുള്ള യാത്രയിൽ ഇരുട്ട് വീണുതുടങ്ങിയിരുന്നു. പാലത്തിലൂടെ വെളിച്ചം പരത്തികൊണ്ട് തെരുവ് വിളക്കുകൾനിരന്നുകഴിഞ്ഞിരുന്നു.  സായാഹ്നം ആസ്വദിക്കാൻ എത്തിയവർ പാലത്തിന്റെ കൈവരികളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നക്ഷത്രങ്ങളുടെയോ നിലാവെളിച്ചത്തിന്റെയോ കീഴിൽ പ്രകാശിക്കുന്ന പാലത്തിൽ നിന്നുകൊണ്ട് ചിന്തകളിലോ സംസാരത്തിലൊ അഭിരമിച്ച് താഴെ പുളഞ്ഞൊഴുകുന്ന നദിയെ നോക്കി നിൽക്കുന്നവർ. അവർക്കിടയിൽ ഒരാളായി ഞാനും നൂഴ്ന്നുകയറി. ജലാശയത്തിൽ നിന്നും വീശുന്ന തണുത്ത സുഖകരമായ കാറ്റേറ്റ്, ചിന്തകളിൽ ലയിച്ച്, അതിവേഗം പ്രവഹിക്കുന്ന നദിയിലേക്ക്  മിഴികളെറിഞ്ഞുകൊണ്ട്‌ അൽപനേരം നിന്നു. വൈദ്യുത വിളക്കുകൾ പ്രകാശിക്കുന്ന പ്രധാനപാതയിലൂടെ തിരികെ മുറിയിലേക്ക്. ഗതാഗത കുരുക്ക് നിറഞ്ഞ പാത ഒഴിവാക്കികൊണ്ട് അണ്ടർപാസിലേക്ക് കയറി. റെയിൽവേ സ്റ്റെഷനു സമീപത്തേക്ക് നീളുന്നതാണ് തുരങ്കപാത. ക്യാമറയുമായി അതിനകത്തേക്ക് പ്രവേശിച്ചപ്പോഴാണ് എന്റെ തീരുമാനം അപകടം പിടിച്ചതും വിലക്ഷണവുമാണ് എന്ന് ബോധ്യമായത്. ഇരുട്ടിന്റെ പാടുകൾ നീണ്ടുകിടക്കുന്ന, മലിനജലം കെട്ടികിടക്കുന്ന പാത. പാതയിൽ അങ്ങിങ്ങായി ചിലർ നില്പ്പുണ്ട്. എന്നിലേക്കും ക്യാമറയിലേക്കും നീളുന്ന മിഴികൾ ദുരൂഹമായാണ് എനിക്ക് അനുഭവപ്പെട്ടത്. പുറമേക്ക് ഞാൻ ശാന്തനായിരുന്നെങ്കിലും ആഴത്തിലുള്ള പരിഭ്രമം എന്നെ ബാധിച്ചിരുന്നു. മുന്നോട്ട് നടക്കാൻ തന്നെ തീരുമാനിച്ചു. ഒന്ന് രണ്ടു സ്ത്രീകളെ കൂടി അവിടെ കാണപ്പെട്ടിരുന്നു. രാത്രിയിലെ വികാരങ്ങൾ ഇരുട്ട് കനത്ത പാതയിൽ അഴിച്ച് വിടുന്ന തെരുവ് വേശ്യകൾ. അസാധാരണവും ആശ്ചര്യജനകവുമായ കാഴ്ചയായിരുന്നു എനിക്കത്. എത്രയും പെട്ടെന്ന് മുറിയിലെത്താനായി വേഗമേറിയ കാലടികളോടെ നടന്നു. അത്താഴം കഴിച്ചശേഷം മുറിയിലെത്തി ബാഗുമായി പുറത്തിറങ്ങവേ, മഞ്ഞകണ്ണുകളും, ഉമിനീരൊലിക്കുന്ന ചുണ്ടുകളുമായി ഇരുണ്ട മുഖത്ത് ചിരി വിടർത്തികൊണ്ട്നിന്നിരുന്ന മുറി സൂക്ഷിപ്പുകാരനെ കണ്ടിലെന്ന് നടിച്ച് പടികളിറങ്ങി. പതിനൊന്ന് മണിക്കുതന്നെ വണ്ടി പുറപ്പെട്ടു. അങ്ങനെ ദുർഗ്രഹമായ ഒരു ചുഴിപോലെ എന്നെ ഏറെ കഷ്ടപ്പെടുത്തുകയും അതിശയിപ്പികുകയും ചെയ്ത  ഒരു ദിവസത്തിനു സ്വാഭാവികമായ പരിസമാപ്തി വന്നിരിക്കുന്നു. എന്റെ ആന്തരിക ദർശനത്തിൽ, ഈ ഒരുദിവസം ഞാൻ നേരിട്ടതെല്ലാം തന്നെ- ഈ പട്ടണവും ജനങ്ങളുമെല്ലാം തന്നെ- അസാധാരണവും അപകടം പിടിച്ചതുമായാണ് അനുഭവപ്പെട്ടത്. മഹത്തായ ആവിഷ്കാരത്തിന്റെ ഉദാഹരണമായി തലയുയർത്തി നില്ക്കുന്ന പാലമൊഴികെ ഒന്നും തന്നെ എനിക്ക് പൂർണ്ണമായി ഉൾകൊള്ളാനോ വ്യക്തമായി മനസ്സിലാക്കാനോ കഴിഞ്ഞിരുന്നില്ല. ഒരുപക്ഷെ, ചിറാപുഞ്ചിയിലേക്കുള്ള യാത്ര റദ്ധാകേണ്ടി വന്നപ്പോൾ മുതൽ വിരാമമില്ലാതെ മനസ്സിനെ കുടഞ്ഞിരുന്ന ചിന്തകളുടെ അനന്തരഫലമായിരിക്കാം അത്. വണ്ടി പുറപ്പെട്ടപ്പോൾ മഹത്തായ നിർമ്മിതിയായി, അപകടംപിടിച്ച എല്ലാത്തിലുംനിന്ന് വേർപ്പെട്ട് നിലകൊള്ളുന്ന പാലത്തിന്റെ ഉരുക്ക് തൂണുകൾ ആകാശത്തിലേക്ക് തലയുയർത്തി നില്ക്കുന്നത്കാണാമായിരുന്നു. പകലിലും സന്ധ്യയിലും നിലാവിലും ഒരുപോലെ സുന്ദരമായ പാലത്തിന്റെ കാഴ്ചയിൽനിന്നും പിൻവാങ്ങി ഞാൻ ഉറങ്ങാൻ കിടന്നു.
സുഖനിദ്രയും, പകലിന്റെ ഉണർവും ഒന്നുചേർന്ന് ആനന്ദം പകർന്ന പുലരിയിലേക്കാണ് കണ്‍തുറന്നത്. വണ്ടിയിൽ യാത്രികർ തീരെ കുറവാണ്. സമയമാറ്റം കാരണം റിസർവ് ചെയ്തിരുന്നവർ റദ്ധാക്കിയിരിക്കാനാണ് സാദ്ധ്യത. ഞാൻ ബുക്ക്‌ ചെയ്യുമ്പോൾ വളരെ ചുരുങ്ങിയ സീറ്റുകൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. രാത്രിയുറക്കത്തിന്റെ അനായാസതയും ചൂട് പ്രാതലും എനിക്ക് ഊഷ്മളത നല്കിയിരുന്നു. പശ്ചിമ ബംഗാളിലൂടെയുള്ള എന്റെ ആദ്യ യാത്രയായിരുന്നു അത്. മഞ്ഞുകൊണ്ടു നനഞ്ഞ കൃഷിയിടങ്ങളും വിദൂരമായ മേച്ചിൽപ്പുറങ്ങളും പകർന്നു നല്കിയ അനിർവചനീയമായ അനുഭൂതിയിൽ യാത്ര തുടർന്നു. പ്രഭാതം കൃഷിയിടങ്ങളെ സ്പർശിച്ച് അധികനേരം കഴിഞ്ഞിട്ടില്ലെങ്കിൽ കൂടി കർഷകർ പണിയിൽ വ്യാപൃതരായി കഴിഞ്ഞിരുന്നു. ഒരു തുണ്ട് ഭൂമിപോലും പാഴാക്കാതെയുള്ള അവരുടെ അത്യദ്ധ്വാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന കൃഷിയിടത്തിൽ നെല്ലും ഗോതമ്പും ചോളവുമടക്കം നിരപ്പായ ഇടങ്ങളിൽ തേയിലയും കൃഷി ചെയ്യുന്നു. പാട ശേഖരങ്ങളോട് ചേർന്ന് നിരപ്പായ ഇടങ്ങളിലെ തേയില കൃഷി എനിക്ക് പുതുമയുള്ള കാഴ്ചയായിരുന്നു.
പത്തുമണിയോടെ ബംഗാളിലെ സിലിഗുരി പട്ടണത്തിലെ ന്യൂജല്പൈഗുരി എന്ന സ്റെഷനിൽ വണ്ടിയിറങ്ങി. ഇന്ത്യയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങളെ രാജ്യത്തെ മറ്റു മേഖലകളുമായി ബന്ധപ്പെടുത്തുന്ന പ്രധാന സ്റ്റെഷൻ ആണിത്. ഡാർജിലിംഗ് ജില്ലയിൽ സ്ഥിതിചെയ്യുന്ന സിലിഗുരി പട്ടണം, പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമാണ്.  റെയിൽ ഗതാഗതം ഇല്ലാത്ത സിക്കിം എന്ന സംസ്ഥാനത്തെക്കുള്ള പ്രവേശന കവാടം കൂടിയാണ് ഈ പട്ടണം. 124 കി.മി ആണ് സിലിഗുരിയിൽനിന്നും സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ങ്ടോക്കിലേക്കുള്ള ദൂരം. മലനിരകൾക്കിടയിലെ കുത്തനെയുള്ള പാതയിലൂടെ ഏറ്റവും ചുരുങ്ങിയത് 4 മണിക്കൂർ യാത്ര ചെയ്താലേ അവിടെ എത്തിച്ചേരൂ. നിരവധി ബസുകളും ഷെയർ വാഹനങ്ങളും അവിടേക്ക് ലഭ്യമാണ്. സ്റ്റെഷനു മുന്നിൽ തന്നെ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. തിരക്കൊഴിഞ്ഞ ഒരു വാഹനത്തിലെ മുൻനിരയിൽ തന്നെ ഞാൻ സ്ഥാനംപിടിച്ചു. നാന്നൂറ് രൂപയാണ് ഒരാൾക്ക്‌ ഗാങ്ങ്ടോക്കിലേക്കുള്ള നിരക്ക്. വാഹനത്തിൽ എട്ടുപേർ തികയുന്നതിനുള്ള കാത്തിരിപ്പ് പൂർത്തിയായതോടെ വിസ്മയം നിറച്ചുകൊണ്ട് യാത്രയുടെ ആനന്ദം കടന്നുവന്നു. പട്ടണം പിന്നിട്ടതോടെ പൊടുന്നനെ പച്ചപ്പിലേക്കാണ് എറിയപ്പെട്ടത്‌. ഡാർജിലിംഗ് ജില്ലയിലെ മഹാനന്ദ വന്യജീവി സാങ്കേതത്തിലൂടെയാണ് പിന്നീടുള്ള യാത്ര. പാതയുടെ ഇരുവശവും വ്യാപിച്ചു കിടക്കുന്ന നിബിഡ വനമല്ലാതെ മറ്റൊന്നും തന്നെ കാഴ്ച്ചയിൽ ഉണ്ടാവില്ല. കാടിന്റെ മർമ്മരങ്ങളും ഇളക്കങ്ങളും, മൂക്കിലേക്ക് അരിച്ചുകയറുന്ന തണുപ്പും അനുഭവിച്ചുകൊണ്ട്‌ യാത്ര തുടരുമ്പോൾ കാഴ്ചകളിൽ രൂപാന്തരം വരുത്തികൊണ്ട് ദൂരെ ഇരുണ്ട പച്ചപ്പ്‌ പുതച്ച മലനിരകൾ പ്രത്യക്ഷപ്പെട്ടു. വനാതിർത്തി പിന്നിട്ട് എത്തുന്നത് ചെങ്കുത്തായ മലനിരകൾക്കു കീഴെയുള്ള വീതികുറഞ്ഞ പാതയിലേക്കാണ്. എതിരെ മറ്റൊരു വാഹനം വന്നാൽ കടന്നുപോവാൻ ബുദ്ധിമുട്ടുള്ളയത്ര ഞെരുങ്ങിയ പാതയാണ്. പാതയുടെ കീഴെ കുത്തനെയുള്ള ചെരിവിലൂടെ റ്റീസ നദി പുളഞൊഴുകുന്നു. മറ്റൊരു വാഹനത്തിനെ മറികടക്കുംബോഴോ, എതിരെയുള്ള വാഹനത്തിനു സ്ഥലം കൊടുക്കുമ്പോഴോ, വാഹനത്തിന്റെ ചക്രത്തിൽ തട്ടി ഉരുളൻകല്ലുകൾ താഴെ അഗാധതയിലേക്ക് വീഴുന്നത് കാണാം. സാഹസികത പകരുന്ന സന്തോഷവും ഭയവും ഇടകലരുന്ന ആ മുഹൂർത്തങ്ങളിൽ ഇടയ്ക്ക് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചിരുന്നു. മലകളുടെ ചെരിവുകളിൽ നിന്നുള്ള അനേകം നീരൊഴുക്കുകൾചേർന്ന് നദിയെ പുഷ്ടിപ്പെടുത്തുന്നു.
മലനിരകളുടെ വിശാലതയിലൂടെ സഞ്ചരിക്കവേ വലിയൊരു പാലത്തിനു സമീപമെത്തി. പതഞ്ഞൊഴുകുന്ന നദിക്കു കുറുകെ വലിയ കമാനങ്ങളുമായി നിലകൊള്ളുന്ന മനോഹരമായ പാലം. ഭൂട്ടാനിലെക്കും ഗുവാഹട്ടിയിലേക്കും നീളുന്ന പാതകൾ ആ പാലത്തിൽ നിന്നുമാണ് ആരംഭിക്കുന്നത്. പാലത്തിലേക്ക് കയറാതെ ഞങ്ങളുടെ യാത്ര തുടർന്നു. ഹരിയാന സ്വദേശികളായ രണ്ട് കുടുംബമാണ് എന്റെ സഹയാത്രികർ. നാല് മുതിർന്നവരും നാല് കുട്ടികളും. ഇതിൽ സ്ത്രീകളും കുട്ടികളും യാത്ര സഹജമായ ചർദ്ദിൽ തുടങ്ങിയിരുന്നു. അവരുടെ ആവശ്യപ്രകാരം വണ്ടി നിർത്തേണ്ടി വരുന്നതിലുള്ള അസ്വസ്ഥത ഡ്രൈവറുടെ മുഖത്ത് സ്പഷ്ടവും പ്രകടവുമായിരുന്നു. സ്വതവേ കർക്കശ ഭാവമുള്ള അയാൾ, എത്രയുംപെട്ടെന്ന് ഞങ്ങളെ ഗാങ്ങ്ടോക്കിൽ എത്തിച്ചു തിരികെ മടങ്ങാനുള്ള വ്യഗ്രതയിലാണ്. സ്ഥലങ്ങളെപറ്റിയും അതിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളെ പറ്റിയുമുള്ള എന്റെ ചോദ്യങ്ങൾ അദ്ദേഹത്തെ അലോസരപ്പെടുത്തുന്നു എന്ന് തോന്നിയതിനാൽ ഞാൻ നിശബ്ദനായി. പശ്ചിമ ബംഗാളിലെ അവസാന പട്ടണമായ മെല്ലിയും പിന്നിട്ട് സിക്കിം സംസ്ഥാനത്തിലെ ആദ്യ പട്ടണമായ റാങ്ങ്പോ യിൽ എത്തിയതോടെ ഉച്ചഭക്ഷണം കഴിക്കാനായി വണ്ടി നിർത്തി.
ഭക്ഷണശാലകളും ചെറിയ കടകളുമുള്ള കൊച്ചുപട്ടണമാണ് റാങ്ങ്പോ.
ഞങ്ങൾക്ക് മുൻപേ എത്തിയ വാഹനങ്ങളിലെ യാത്രികർ ഭക്ഷണശാലകളിൽ ഇടം പിടിച്ചിരിക്കുന്നു. വൃത്തിയുള്ള ഭക്ഷണശാലയായിരുന്നു അത്. പതിഞ്ഞ മൂക്കും ചെറിയ കണ്ണുകളുമുള്ള ഉയരം കുറഞ്ഞ സുന്ദരികളാണ് ഭക്ഷണം വിളമ്പുന്നത്. ഡ്രൈവറുടെ ഗൌരവഭാവമെല്ലാം എവിടെയോ അപ്രത്യക്ഷമായിരിക്കുന്നു. തരുണീമണികളുമായി സരസ സല്ലാപം നടത്തുകയാണ് കക്ഷി. ഒടുവിൽ എനിക്ക് സമീപമുള്ള കസേരയിലേക്ക് ഇരുന്നുകൊണ്ട് അക്ഷമയോടെ വാച്ചിലേക്ക് നോക്കുകയും യാത്ര വൈകിയതിനെ കുറിച്ച് വേവലാതിപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. 90 കി.മി. ദൂരം ഞങ്ങൾ പിന്നിട്ടിരിക്കുന്നു, പക്ഷെ കൂടുതൽ ദുർഘടമായ തുടർയാത്രയിൽ മണ്ണിടിച്ചിലോ ഗതാഗത കുരുക്കോ ഉണ്ടാവാനുള്ള സാദ്ധ്യതയേറെയാണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു സുന്ദരി എനിക്ക് മുന്നിൽ പ്രത്യക്ഷീഭവിച്ചുകൊണ്ട് അവിടെത്തെ പ്രത്യേകതയാർന്ന ചിക്കൻ വിഭവങ്ങളെ കുറിച്ച് വിവരിക്കാൻ തുടങ്ങി. പക്ഷെ പരിസമാപ്തി മുൻകൂട്ടി പ്രവചിക്കനാവാത്ത ദീർഘയാത്രയെ കരുതി ഞാൻ തല്ക്കാലത്തേക്ക് സസ്യാഹാരിയായി.  പച്ചിരി ചോറും ഇലക്കറികളും എനിക്ക് മുൻപിൽ നിരന്നു. ഏതാനും സ്ത്രീകൾ ചേർന്ന് നടത്തുന്ന ഭക്ഷണ ശാലയാണത്. പതിവായി  യാത്രികരോടൊപ്പം എത്തുന്നതിനാൽ ഡ്രൈവർക്ക് ഭക്ഷണം സൌജന്യമാണ്.മുന്നിലെ ഭക്ഷണപാത്രത്തിനിടയിലേക്ക് നൂഴ്ന്നിറങ്ങുന്നതിനിടയിലാണ് എന്നെ അതിശയിപ്പിച്ച ഒരു കാഴ്ച കണ്ടത്. എതിർവശത്ത്‌ ഭക്ഷണം കഴിക്കുന്ന യുവാക്കളുടെ ഗ്ലാസ്സിലേക്ക്‌, ഒരു സുന്ദരി പതഞ്ഞൊഴുകുന്ന ബിയർ പകർന്നു നല്കുന്നു. അത്രമേൽ സാധാരണമായ ഒന്നെന്നവിധം കഴിക്കുന്നവർക്കൊ പകർന്നുനല്കുന്നവൾക്കോ ഭാവവ്യതിയാനമില്ല. ഞാൻ വീണ്ടും സൂക്ഷിച്ചുനോക്കി മദ്യം തന്നെയെന്ന് ഉറപ്പ് വരുത്തി. കുടിയന്മാരുടെ കൂട്ടത്തിനിടയിലൂടെ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് ഒരു വിചിത്ര യന്ത്രം കണക്കെ നീങ്ങുന്ന പെണ്‍കുട്ടിയെ നോക്കികൊണ്ട്‌ അതിശയത്തോടെ തുറന്ന വായയുമായി മിഴിച്ചിരുന്ന എന്നോട് ഡ്രൈവറാണ് കാര്യങ്ങൾ വ്യക്തമാക്കിയത്. മദ്യത്തിന് നികുതിയില്ലാത്ത സംസ്ഥാനമാണ് സിക്കിം. അതിനാൽ തന്നെ ഏതു പെട്ടികടയിലും ലഭിക്കത്തക്കവിധം അത് സുലഭമാണ് താനും. ഔപചാരികവും ഹാനികരമല്ലാത്തതുമായ ആ കാഴ്ച വാസ്തവത്തിൽ എന്നെ ഏറെ ആശ്ചര്യപ്പെടുത്തി.

ഭക്ഷണശേഷം യാത്ര തുടർന്നു. യാത്രയിലുടനീളം ടീസ നദി, അതിന്റെ സാന്നിദ്ധ്യം പ്രകടിപ്പിച്ചുകൊണ്ട് നമ്മെ പിന്തുടരും. ഇടുങ്ങിയ പാതയുടെ വലതുവശത്ത്‌ ചെങ്കുത്തായ മലനിരകളും ഇടതുവശത്തെ ശൂന്യതയ്ക്കു താഴെ അതിവേഗം പ്രവഹിക്കുന്ന നദിയും. നദിയുടെ മറുകരയിൽ മലന്ജെരുവുകളിൽ ഒറ്റപ്പെട്ട തുറസ്സായ ഗ്രാമങ്ങൾ ഉണ്ട്. അവിടെ കൃഷിയിടങ്ങളും പുൽത്തകിടികളും പൂന്തോട്ടങ്ങളും കാണാം. അവയ്ക്കിടയിലൂടെ ആട്ടിടയന്മാർ മലനിരകളിലെ മേച്ചിൽപ്പുറങ്ങളിലേക്ക് തങ്ങളുടെ കന്നുകാലികളുമായി കയറിപ്പോവുന്നു. കാഴ്ചകളിൽ വ്യാപൃതനായി ഇരിക്കെ മൂന്നുമണിയോടെ ഗാങ്ങ്ടോക്കിൽ എത്തിച്ചേർന്നു. മറ്റുള്ളവർക്ക് അതൊരു കൊച്ചു പട്ടണമായി തോന്നുമെങ്കിലും സിക്കിം എന്ന ചെറിയ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമാണ്, ബുദ്ധമതത്തിലെ ഒരു പ്രധാനതീർത്ഥാടന കേന്ദ്രം കൂടിയായ ഗാങ്ങ്ടോക്. ചുറ്റും പച്ചപ്പ്‌ നിറഞ്ഞ മലനിരകളാൽ തടവിലാക്കപ്പെട്ട മനോഹര പട്ടണം. വാഹനങ്ങളുടെ ബാഹുല്യം മൂലം വീർപ്പുമുട്ടുന്ന ടാക്സി സ്റ്റാന്റിലേക്കാണ് എത്തിയത്. എം. ജി . മാർകെറ്റ് എന്ന പ്രധാനതെരുവിന് ചുറ്റുമായി പരന്നുകിടക്കുന്ന കൊച്ചു പട്ടണത്തിന്റെ വൃത്തിയാണ്, എന്നെ അതിശയിപ്പിച്ച പ്രധാന സംഗതി. മാലിന്യമോ കടലാസ്തുണ്ട് പോലുമോ കാണാൻ കഴിയാത്ത പ്രധാനതെരുവുകളിൽ ശുചിത്വം പ്രകടവും സ്പഷ്ടവുമായിരുന്നു. ഇതും ഒരു ഇന്ത്യൻ പട്ടണമാണല്ലോ എന്ന തിരിച്ചറിവ് വരുമ്പോൾ, മറ്റിടങ്ങളെ അപേക്ഷിച്ച് ഇത് ഇന്ത്യയ്ക്ക് തന്നെ ഒരു 'അപമാനം' ആണെന്ന് തീർച്ചപ്പെടുത്തേണ്ടിവരും.
സ്റ്റാന്റിൽ നിന്നും അധികം ദൂരെയല്ലാതെ കണ്ട ഒരു ഹോട്ടലിൽതന്നെ മുറിയെടുത്തു. 1000 രൂപമുതലാണ് മുറിവാടക തുടങ്ങുന്നത്.  നീണ്ട യാത്രയുടെ ക്ഷീണമെല്ലാം കഴുകികളഞ്ഞ്, അത് നല്കിയ മധുരതരമായ ഉന്മേഷത്തോടെ, വൃത്തിയായി കാണപ്പെട്ട പട്ടണത്തിലെ കാഴ്ചകളിലേക്ക് ഇറങ്ങി.
വൈദേശിക ഭാവത്തോടെ നിലകൊള്ളുന്ന മനോഹരമായ തെരുവാണ് എം.ജി. മാർകെറ്റ്. തിരക്കും സമ്പന്നതയുമുള്ള ഇന്ത്യയിലെ മറ്റു തെരുവുകൾക്ക്‌ അവകാശപ്പെടാൻ കഴിയാത്ത അനുപമ സൌന്ദര്യം ഇതിനുണ്ടെന്നു എനിക്ക് തോന്നി. ടൈലുകൾ പാകി മനോഹരമാക്കിയിരിക്കുന്ന പാതയെ രണ്ടായി തിരിച്ചുകൊണ്ട് നടുവിൽ വിദേശമാതൃകയിലുള്ള തെരുവ് വിളക്കുകളും അവയ്ക്ക് താഴെ പൂച്ചെടികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയ്ക്ക് ഇരുവശവും രണ്ടു ദിശയിലേക്കും അഭിമുഖീകരിക്കുന്ന ഇരിപ്പിടങ്ങൾ ഉണ്ട്.  പൂച്ചെടികളാലും ജലധാരകളാലും സുന്ദരമാക്കിയിരിക്കുന്ന പാതയിലെ ഇരിപ്പിടങ്ങളിൽ ഇരുന്നുകൊണ്ട് വിനോദ സഞ്ചാരികളാലും പട്ടണവാസികളാലും പുഷ്പിക്കുകയും വളർച്ച പ്രാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പട്ടണത്തെ നോക്കിയിരിക്കുക രസകരമാണ്. വാഹാനങ്ങളും പ്ലാസ്റ്റിക്കും അനുവദനീയമല്ല എന്നതാണ് ആ തെരുവിൽ ഏറ്റവും എന്നെ കൂടുതൽ ആകർഷിച്ചത്. ഇരുവശവും വലുതും ചെറുതുമായ വ്യാപാര സ്ഥാപനങ്ങളാലും ഭക്ഷണ ശാലകളാലും സമ്പന്നമാണിവിടം. എടുത്തുപറയേണ്ടത് മദ്യശാലകളെ കുറിച്ചാണ്. പട്ടണത്തിൽ ഒരു ആശുപത്രിയോ, മരുന്ന് കടയോ കണ്ടുപിടിക്കാൻ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം, പക്ഷെ ഒരു മദ്യശാല കണ്ടുപിടിക്കാൻ, ഒരാൾക്ക്‌ , അയാൾ പട്ടണത്തിൽ പുതിയതാണെങ്കിൽകൂടി യാതൊരുവിധ പരിശ്രമവും ആവശ്യമായിവരില്ല. എങ്കിൽപോലും മദ്യത്തിന്റെ അസാധാരണമായ ഈ ധാരാളിത്തത്തിലും,  മദ്യപിച്ച് സന്തുലനം നിലനിർത്താൻ കഴിയാതെ ആടിയുലഞ്ഞ് നടക്കുന്നവരെയോ, ബോധം നശിച്ചു വഴിയിൽ കിടന്നുറങ്ങുന്നവരെയോ കാണാൻ കഴിയില്ല. അതൊക്കെ എന്റെ നാടിനു മാത്രം അവകാശപ്പെട്ട അസുലഭ കാഴ്ചകളാണ്.
പിറ്റേന്നത്തെ യാത്രയ്ക്കായി ചില ട്രാവൽ ഏജെൻസികളിൽ കയറി അന്വേഷണം നടത്തി. നഗരത്തിനു ചുറ്റുമുള്ള കാഴ്ചകളായിരുന്നു പിറ്റെന്ന് ലക്ഷ്യമിട്ടത്. മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിലൂടെ, ഒരുപകൽ നീളുന്ന യാത്രയ്ക്ക് രണ്ടായിരം രൂപ മുതലാണ്‌ പല ഏജെൻസികളും ആവശ്യപ്പെട്ടത്. പട്ടണത്തിൽനിന്നുള്ള ദൂരം താരതമ്യം ചെയ്‌താൽ അത് അന്യായമാണ് താനും. അതിനാൽ വാഹനം ബുക്ക്‌ ചെയ്യാൻ എന്ന വ്യാജേനെ പല ഓഫിസുകളിലും കയറിയിറങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളും അവയുടെ പ്രത്യേകതകളും അവിടെക്കുള്ള വഴികളുടെ രേഖാചിത്രങ്ങളും ശേഖരിക്കുകയുണ്ടായി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഭാവനാത്മകമായ  ഒരു യാത്ര പദ്ധതിയും രൂപപ്പെടുത്തികൊണ്ട്  ടാക്സി സ്റ്റാന്റിലെത്തി. അൽപനേരം നീണ്ട വിലപേശലിനൊടുവിൽ 1300 രൂപയ്ക്ക് എനിക്കൊരു സാരഥിയെ കിട്ടി. ബിരെൻ എന്ന് പേരുള്ള ഒരു മധ്യവയസ്കൻ. ഇരുപത്തിയഞ്ചു വർഷമായി ടാക്സി ജീവിതമാർഗ്ഗമാക്കിയ ഒരു മനുഷ്യൻ. ഉയരം കുറഞ്ഞ ശരീരവും പതിഞ്ഞ മൂക്കുകളും നരച്ചതെങ്കിലും പ്രകാശമാനമായ മിഴികളുമുള്ള ടിബറ്റൻ മുഖച്ഛായയുള്ള   ഒരു സാധു മനുഷ്യൻ. എല്ലാറ്റിലുമുപരി ഊഷ്മളമായ മഞ്ഞു കണിക പോലുള്ള അദ്ദേഹത്തിന്റെ പുഞ്ചിരി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. രാവിലെ 8 മണിക്ക് യാത്ര ആരംഭിക്കാം എന്ന വ്യവസ്ഥയിൽ ഞങ്ങൾ പിരിഞ്ഞു.

ചക്രവാളത്തിൽ സന്ധ്യയുടെ നിറവിശേഷങ്ങൾ പ്രകടമായിരുന്നു. വിദേശികളും സ്വദേശികളുമായ സഞ്ചാരികളോടൊപ്പം പട്ടണവാസികളും തെരുവിൽ നിറഞ്ഞുകഴിഞ്ഞു. വിനോദസഞ്ചാരം തന്നെയാണ് ആ പട്ടണത്തെയും അവിടെത്തെ ജനങ്ങളുടെ ജീവിതത്തെയും വൈവിദ്ധ്യമാർന്നതും, സമ്പുഷ്ടപൂർണ്ണമാക്കി മാറ്റുന്നതും.  ബുദ്ധമതത്തിൽ അധിഷ്ഠിതമാണെങ്കിൽപോലും, വൈദേശികമായ പരിതസ്ഥിതികളുടെ സ്വാധീനം ഉപേക്ഷിക്കാത്ത തലമുറയാണ് ഗാങ്ങ്ടോക്കിൽ ഇന്നുള്ളത്.  സന്ധ്യയോടെ, കാണാനും കാണപ്പെടാനുമാഗ്രഹിക്കുന്ന യൌവ്വന യുക്തങ്ങളായ തലമുറ തെരുവിൽ പ്രത്യക്ഷപ്പെട്ടു. മലകളിലൂടെ കയറിമറിഞ്ഞെത്തിയ തണുത്ത കാറ്റ് തെരുവുകൾക്കിടയിലെ ഇടം മുഴുവൻ നിറച്ചതോടെ തണുപ്പിന്റെ ശക്തി പെരുകിവന്നു. കൈകൾ കോട്ടിനുള്ളിൽ തിരുകി, തണുപ്പിനാൽ ശരീരം മുന്നോട്ടാഞ്ഞുകൊണ്ടാണ് ഞാൻ നടന്നുനീങ്ങിയത്.

തിരക്കിന്റെ അസാധാരണമായ ലയാനുഭൂതിയിൽനിന്നും വലിയൊരു കെട്ടിട സമുച്ചയത്തിലേക്ക് കയറി. പല നിലകളിലായി വസ്ത്രങ്ങളും പഴങ്ങളും പച്ചക്കറികളും, നിത്യജീവിതത്തിൽ ആവശ്യമുള്ളതെല്ലാം ലഭിക്കുന്ന വലിയൊരു വ്യാപാര സമുച്ചയമായിരുന്നു അത്. അൽപനേരം അവിടെ ചുറ്റി നടന്നു. അതിന്റെ ഏറ്റവും മുകൾനിലയിൽ കയറിയാൽ പട്ടണം മുഴുവൻ വ്യക്തമായി കാണാം. ഇരുട്ടിന്റെ ബീജങ്ങൾ പൊട്ടിമുളച്ച് തഴച്ചു വളർന്നുകിടക്കുന്ന ടെറസ്സിൽനിന്ന് നോക്കിയപ്പോൾ ചെറുതും വലുതുമായ വെളിച്ചങ്ങളിൽ ആണ്ടുകിടക്കുന്ന പട്ടണം മനോഹരമായി കാണപ്പെട്ടു. ശാന്തമായ മലനിരകളെ വീക്ഷിച്ച് അൽപനേരം നിന്നപ്പോഴാണ്, രാത്രിയുടെ ഊഷ്മളത നുകർന്നുകൊണ്ട് പ്രണയ ചേഷ്ടകളിൽ ഏർപ്പെട്ടിരിക്കുന്ന യുവത്വങ്ങളെ ശ്രദ്ധയിൽപ്പെട്ടത്. ഇരുട്ടിലെ വികാരങ്ങളിൽ നിറഞ്ഞുനില്ക്കുന്ന അവരെ അവരുടെ വഴിക്കുവിട്ട് ഞാൻ പുറത്തേക്ക് നടന്നു. അത്താഴശേഷം, ലഹരിനുരയുന്ന തെരുവിലൂടെ ശാന്തമായ രാത്രിയിലേക്ക്‌ പെയ്യുന്ന നിലാവിന്റെ നേർത്ത രേഖകളിലൂടെ മുറിയിലേക്ക് നടന്നു.


ഇരുട്ടിൽ നിന്നും അടർന്നുവീഴാൻ തുടങ്ങുന്ന ശാന്തമായ പുലരിയിൽ പട്ടണം നിർജനമായിരുന്നു. പുകമഞ്ഞിന്റെ മേഘങ്ങൾ തെരുവുകളിലേക്ക്‌ ഇറങ്ങിയിരിക്കുന്നു. തൊട്ടടുത്തുള്ള ആളുകളെപോലും അദൃശ്യമാക്കികൊണ്ട് മൂടൽമഞ്ഞ് തെരുവിൽ നിറഞ്ഞു. ചായയും കുടിച്ച് വിറച്ചുകൊണ്ട് തിരികെ മുറിയിലെത്തി യാത്രയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങി.  ക്യമെറയുമായി ടാക്സി സ്റ്റാൻഡിൽ എത്തിയപ്പോൾ പ്രകാശിക്കുന്ന കണ്ണുകളും പ്രദീപ്തമായ പുഞ്ചിരിയുമായി ബിരെൻ തയ്യാറായിരുന്നു. സന്തോഷത്തിന്റെ പ്രസരണ കേന്ദ്രമാണ് ആ മനുഷ്യൻ എന്നെനിക്ക് തോന്നി. കടും പച്ച കുന്നുകൾക്ക് ഇടയിലൂടെ മേഘങ്ങളെ മുട്ടിയുരുമ്മുന്ന പാതയിലൂടെ ആ യാത്ര ആരംഭിച്ചു.
സസ്യജാലങ്ങൾ ആർത്തുല്ലസിച്ച് വളരുന്ന കാടിനും അഗാധമായ താഴ്വരയ്ക്കും ഇടയിലുള്ള ചുരം പാതയിലൂടെയാണ് യാത്ര. അനേകമടി താഴ്ചയിൽ പടർന്നുകിടക്കുന്ന താഴ്വരയും ഗ്രാമങ്ങളും. അവയ്ക്ക്മേൽ മൂടൽമഞ്ഞിന്റെ പുതപ്പ് വീണുകിടക്കുന്നു.


താഷി വ്യൂ പോയിന്റിലേക്കായിരുന്നു ആദ്യ യാത്ര. 6000 അടി ഉയരത്തിൽ നിന്നും ചുറ്റുപാടുമുള്ള പ്രകൃതിയിലേക്ക് മിഴിനീട്ടുമ്പോൾ കാഴ്ചകൾക്കെന്നപോലെ അവ ആത്മാവിൽ സൃഷ്ടിക്കുന്ന വികാരങ്ങൾക്കും അതിരുകളില്ല എന്ന് നാം തിരിച്ചറിയും. ചുറ്റും നീണ്ടു കിടക്കുന്ന പച്ച പുതച്ച കുന്നുകളെയും താഴ്വരകളെയും മറച്ചുകൊണ്ട്‌ മഞ്ഞിന്റെ കനത്ത മേഘങ്ങൾ ഒഴുകുന്നു. വിടരുന്ന പുലരിയിൽ മഞ്ഞിൽ അമർന്നുകിടക്കുന്ന പ്രകൃതിയിലേക്ക് നോക്കിനിന്നുകൊണ്ട് ശാന്തതയുടെ പ്രതാപത്തിൽ അഭയം പ്രാപിക്കുക രസകരമാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ മൂന്നാം സ്ഥാനമുള്ള  കാഞ്ചൻ ജംഗ പർവ്വതം ഇവിടെ നിന്നും ദൃശ്യമാണ്. പക്ഷെ പുലർകാലത്തെ കനത്ത മൂടൽമഞ്ഞ്  ആ കാഴ്ച എനിക്ക് അപ്രാപ്യമാക്കി തീർത്തു. വ്യൂ പോയിന്റിൽ പ്രവേശിക്കുന്നതിന് പ്രത്യേകം ഫീസോ മറ്റു ചാർജുകളോ ഒന്നുംതന്നെയില്ല. സൂര്യോദയമാണ് ഇവിടെ നിന്നുള്ള ഏറ്റവും മനോഹരമായ കാഴ്ച എന്ന് ബിരേൻ പറഞ്ഞു. പുലർച്ചെ അഞ്ചു മണിക്കെങ്കിലും എത്തിയെങ്കിൽ മാത്രമേ ചക്രവാളത്തിന്റെ അതിരുകൾക്ക് പിന്നിൽ നിന്നും പ്രവഹിക്കുന്ന ആദ്യ കിരണങ്ങളുടെ സുന്ദരകാഴ്ച കാണാൻ കഴിയുകയുള്ളൂ. കാഴ്ചയിൽ ലയിച്ചുനിൽക്കെ തൊട്ടടുത്തുള്ള ബിരേനെനെ പോലും അവ്യക്തമാക്കികൊണ്ട് കനത്ത മൂടൽമഞ്ഞ് ഞങ്ങളെ വലയം ചെയ്തു. തരംഗങ്ങൾ പോലെ കിടക്കുന്ന മലനിരകൾ ഇടയ്ക്ക് മഞ്ഞിനിടയിലൂടെ പ്രത്യക്ഷമായിരുന്നു. നിമിഷങ്ങൾക്കിടയിൽ അവ വീണ്ടും മഞ്ഞിൽ മറഞ്ഞു. കൂടുതൽ സമയം കളയാതെ യാത്ര തിരിച്ചു.

ഗണേഷ് ടോക്  എന്ന ക്ഷേത്രത്തിലേക്കാണ് പിന്നീട് പോയത്. കുന്നിൻമുകളിലെ വൃക്ഷപടർപ്പുകൾക്കിടയിൽ അഗാധമായ താഴ്വരയെ നോക്കിനില്ക്കുന്ന ഗണപതി ക്ഷേത്രമാണത്. മനോഹരമായി അലങ്കരിച്ചിരിക്കുന്ന ഗണപതി വിഗ്രഹം. ക്ഷേത്രത്തോട് ചേർന്ന് ഒരു ഗോപുരവുമുണ്ട്. 360 ഡിഗ്രിയിൽ താഴ്വര കാഴ്ചകളിലേക്ക് തുറക്കുന്ന ഗോപുരത്തിന് മുകളിലെത്തിയതോടെ സ്വർഗ്ഗീയമായ ആനന്ദമായിരുന്നു അനുഭവപ്പെട്ടത്. താഴെ ഗ്രാമങ്ങൾക്കുമേൽ പുതച്ചിരുന്ന മൂടൽമഞ്ഞു സൂര്യപ്രകാശമേറ്റ് ചിതറി തെറിക്കുന്നു.  അതോടെ താഴ്വരയിലെ കാഴ്ചകൾ കൂടുതൽ വ്യക്തമായി തീർന്നു. ക്ഷേത്രത്തിനു ചുറ്റും തഴച്ചുവളരുന്ന മരങ്ങളിൽ പക്ഷികളുടെ ധാരാളിത്തം. കാടിന്റെ നിഴലുകൾക്കും ഗന്ധത്തിനും ശബ്ദവീചികൾക്കുമിടയിൽ കുരുങ്ങി കിടക്കുകയാണ് ക്ഷേത്രം. വിശ്വാസം ഏതുമാവട്ടെ, അതിനാൽ വേർപെടുത്തപ്പെട്ട ഏതൊരു മനുഷ്യനും അത്രമേൽ ശാന്തതയാണ് ആ ക്ഷേത്രം പ്രദാനം ചെയ്യുന്നത്. സഞ്ചാരികളെ ലക്ഷ്യമാക്കികൊണ്ട് ഏതാനും കടകളും ഒരു ലഘുഭക്ഷണശാലയും അവിടെയുണ്ട്. പ്രഭാത ഭക്ഷണമായി ബ്രഡും ഓംലെറ്റും കട്ടൻ ചായയും കഴിച്ചു.  ഹിമാലയൻ സുവോളജിക്കൽ പാർക്കിലെക്കായിരുന്നു അടുത്ത യാത്ര. മൃഗശാല എന്ന പേരിൽ മൃഗങ്ങളെ ഇരുമ്പഴിക്കുള്ളിലാക്കി പീഡിപ്പിക്കുന്ന ഇടങ്ങളിലെക്കുള്ള യാത്രകൾ ഞാൻ ഒഴിവാക്കുകയാണ് പതിവ്. കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളുടെ അവസ്ഥയ്ക്കോ  അവകാശങ്ങൾക്കോ അവിടെ പ്രാധാന്യം ഇല്ല എന്നത് തന്നെയാണ് കാരണം. എന്നാൽ മൃഗശാലയെ കുറിച്ചുള്ള എന്റെ സങ്കല്പ്പങ്ങളെ തിരുത്തികുറിച്ച ഒരു പ്രദേശമാണ് ഗാങ്ങ്ടോക്കിലെ ഹിമാലയൻ സുവോളജിക്കൽ പാർക്ക്. സ്വാഭാവികമായ വനത്തിനുള്ളിൽ ഓരോ മൃഗങ്ങൾക്കും ആവശ്യമായ ആവാസ വ്യവസ്ഥ സൃഷ്ടിച്ചുകൊണ്ടാണ് അവയെ പാർപ്പിചിരിക്കുന്നത്. ഇരുമ്പ് കൂടുകൾ ഇല്ലാതെ കിടങ്ങുകളും വേലികളും കൊണ്ടാണ് സഞ്ചാരികളിൽ നിന്നും അവയെ വേർതിരിക്കുന്നത്. ഇവിടെ മനുഷ്യരാണ് പ്രദർശന വസ്തു എന്നെനിക്ക് തോന്നി. സ്വൈര്യമായി വിഹരിക്കുന്ന മൃഗങ്ങളെ വേലികൾക്ക് പുറമേ നിന്നും കണ്ടാസ്വദിക്കാം. ഹിമാലയൻ കരടികളും, മഞ്ഞു പുലിയും ടിബറ്റൻ ചെന്നായയും പുള്ളിപുലികളും മാനുകളും കൂടാതെ സിക്കിം സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമായ ചുവന്ന പാണ്ടയും അടക്കം പ്രകൃതി സ്നേഹികൾക്ക് ഒരു വിരുന്ന് തന്നെയാണവിടം. മുഴുവൻ കണ്ടുതീർക്കാൻ ഒരു ദിവസം വേണമെന്നിരിക്കെ ചുരുങ്ങിയ മണിക്കൂറിനുള്ളിൽ ഓട്ടപ്രദക്ഷിണം നടത്താൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ. അവസാന ദിവസത്തെ ഒരുപകൽ ഈ വന്യ ജീവി ഉദ്യാനത്തിന് വേണ്ടി മാറ്റി വയ്ക്കാം എന്ന കണക്കുകൂട്ടലിൽ അവിടെ നിന്നും അടുത്ത കാഴ്ചകയിലേക്ക് തിരിഞ്ഞപ്പോഴേക്കും ഉച്ചകഴിഞ്ഞിരിന്നു, സുവോളജിക്കൽ പാർക്കിൽ  2 മണിക്കൂർ ഞാൻ അധികം ചിലവഴിച്ചതിനാൽ യാത്ര പദ്ധതിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ആലോചിച്ച് തല പുകയ്ക്കുകയായിരുന്നു ബിരെൻ. അഞ്ചുമണിക്ക് പട്ടണത്തിൽ നിന്നും മറ്റൊരു യാത്ര  അദ്ദേഹം ഏറ്റെടുത്തതിനാൽ അതിനുമുന്പ് എന്നെ പട്ടണത്തിൽ എത്തിക്കുക അനിവാര്യമായിരുന്നു. എന്നാൽ എനിക്ക് കാണേണ്ട കാഴ്ചകൾ ഇനിയുമേറെ ഉണ്ട്‌താനും. കർത്തവ്യത്തിനും കൃത്യനിഷ്ടതയ്കും ജീവിതത്തിൽ ഒരുപാട് പ്രാധാന്യം നല്കുന്ന അദ്ദേഹത്തിന് അവയ്ക്കിടയിൽ രൂപപ്പെട്ട ഈ വൈരുദ്ധ്യത്തെ എങ്ങനെ മറികടക്കണം എന്ന് അറിയുമായിരുന്നില്ല.  കൂടുതൽ ചിന്തകളുടെ പിൻബലമില്ലാതെ 'ഫ്ലവർ ഷോ ' എന്റെ പട്ടികയിൽ നിന്നൊഴിവാക്കികൊണ്ട് ഞാൻ തന്നെ ആ അവസ്ഥയിൽനിന്നും അദ്ദേഹത്തിന് സ്വാതന്ത്യം നല്കി. തുറന്ന മനസ്സോടെയും ഉത്സാഹത്തോടെയുമായിരുന്നു അദ്ദേഹത്തിന്റെ സംസാരം. ഉച്ച ഭക്ഷണത്തിനായി ഇടയ്ക്ക് ഒരിടത്തിറങ്ങി. മലമുകളിലൂടെ നീളുന്ന തെരുവിന്റെ വക്കിൽ ഏകാന്തമായ കാവൽമാടം പോലെ നിലകൊള്ളുന്ന, മരപ്പലകകൾ കൊണ്ട് നിർമ്മിച്ച ചെറിയ ഭക്ഷണശാല. സിക്കിമിലെ ഉൾഗ്രാമങ്ങളിൽ വീടുകളും കടകളുമെല്ലാം കോണ്‍ക്രീറ്റ് ഒഴിവാക്കി മരപ്പലകകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഭക്ഷണശാലയുടെ പകുതിഭാഗം തെരുവിലേക്കും മറുപകുതി അഗാധമായ കൊക്കയിലെക്കും തള്ളി നില്ക്കുന്ന രീതിയിലാണ്. പാറ തുരന്ന് കുറ്റികൾനാട്ടി താങ്ങി നിർത്തിയിരിക്കുകയാണ് കെട്ടിടത്തിനെ. കുന്നിൻ ചെരുവിലൂടെ സദാ ചുറ്റിനടക്കുന്ന കാറ്റിന്, ഏകാന്തമായി നിലകൊള്ളുന്ന ഈ ഭക്ഷനശാലയെ, താഴെ അഗാധതയിലേക്ക്‌ ചുഴറ്റി എറിയാൻ വലിയ പരിശ്രമം ഒട്ടുംതന്നെ വേണ്ടിവരില്ല എന്നെനിക്ക് തോന്നി.  പച്ചിരി ചോറും ഇലക്കറികളും അടങ്ങിയ രുചിയേറിയ ഭക്ഷണത്തിനു മുന്നിൽ കെട്ടിടത്തിന്റെ നിലനില്പ്പിനെ കുറിച്ചുള്ള ഭയമെല്ലാം വീണുപോയിരിന്നു. സംതൃപ്തിയോടെ അവിടെനിന്നിറങ്ങി. പട്ടണത്തിൽ നിന്നും 22 കി.മി ദൂരെ സ്ഥിതി ചെയ്യുന്ന രുംതെക് ബുദ്ധ വിഹാരത്തിലേക്കാണ് പിന്നീട് പോയത്. എ. ഡി. 1700 ഇൽ സ്ഥാപിച്ച വിഹാരം സിക്കിമിലെ ഏറ്റവും പഴയതും പ്രധാനപ്പെട്ടതുമായ മൊണാസ്ട്രിയാണ്. ഉച്ചവെയിലിന്റെ നിശബ്ദതയിൽ മയങ്ങി കിടക്കുന്ന കുന്നിൻചെരുവിലാണ്‌ ബുദ്ധവിഹാരം സ്ഥിതിചെയുന്നത്‌. വേനൽക്കാലത്തെ കത്തുന്ന വെയിലിലും ഉഷ്ണത്തിന് അവിടം അപരിചിതമായിരുന്നു.  ഒഴുകിപ്പോകുന്ന മേഘങ്ങൾക്കും അവയ്ക്ക് താഴെ മാറ്റമില്ലാതെ തുടരുന്ന മലനിരയ്ക്കുമിടയിലുള്ള മൌന മേഖലയിൽ ചക്രവാളത്തെയും മലകളെയും ഭേദിച്ചുകൊണ്ട് ആകാശത്തേക്ക് തല ഉയർത്തിനില്ക്കുന്ന മനോഹര ദേവാലയം. ഹരിതാഭമായ മലനിരകൾക്കിടയിൽ വിസ്തൃതമായികൊണ്ട് അവയുടെ ഭാഗമെന്നോണം ഇഴുകി ചേർന്നുകിടക്കുകയാണത്. വിസ്താരമേറിയ മുറ്റം കഴിഞ്ഞാൽ പിന്നീട് അഗാധമായ താഴ്വരയാണ്. എതിർവശത്ത് ദൂരെയായി കാണുന്ന മലനിരകളിലൂടെ വളഞ്ഞു പുളഞ്ഞു നീളുന്ന പാതയും  അതിലൂടെ ഉറുംബിനെപോലെ നീങ്ങുന്ന വാഹനങ്ങളും കാണാം.  ബുദ്ധമന്ദിരം സ്തൂപാകൃതി കൈകൊണ്ടതാണ്. ബുദ്ധ സന്യാസിമാരും സഞ്ചാരികളും  തങ്ങളുടെ ലോകങ്ങളിൽ മുങ്ങി നടന്നു പോവുന്ന മുറ്റം പിന്നിട്ട് അകത്തേക്ക് കയറി. വശ്യമായ പുഞ്ചിരിയും നീട്ടിപിടിച്ച തൊഴുകൈയ്യുമായി കവാടത്തിൽ നിന്നിരുന്ന വിദ്യാർഥി ഭിക്ഷു അകത്തേക്ക് വഴികാണിച്ചശേഷം അടുത്ത സന്ദർശകനെ സ്വീകരിക്കാനായി കവാടത്തിലേക്ക് നടന്നു. എല്ലായിടത്തും അലഞ്ഞലഞ്ഞെത്തുന്ന നിശബ്ദതയിൽ മുങ്ങിമരിക്കുന്ന വലിയൊരു പ്രാർത്ഥനാമുറി. തണുപ്പ് തളം കെട്ടിയ മുറിയിൽ ഇരിക്കുമ്പോൾ ഭൂമിയുടെ ഹൃദയമിടിപ്പ് പോലും കാതുകളിൽ പതിക്കുന്നതായി തോന്നി. പദ്മാസനത്തിൽ ധ്യാനാവിഷ്ഠനായ ബുദ്ധന്റെ സുവർണ്ണ പ്രതിമയാണ് അവിടെ നമ്മെ സ്വാഗതം ചെയ്യുക.  ആഗ്രഹങ്ങൾ നിറഞ്ഞ ബാഹ്യപ്രപഞ്ചത്തിന്റെ വിശാലതയിൽനിന്നും ബോധി സത്വത്തിന്റെ ചൈതന്യാന്തർ ഭാഗത്തേക്ക് നയിക്കുന്ന അനവധി ബിംബങ്ങളും ചിത്രങ്ങളും നിറഞ്ഞ മുറിയിലൂടെ സ്വപ്നാടകനെപോലെ ഞാൻ നടന്നു.കമഴ്ന്ന് കിടന്ന് നിശബ്ദമായി ജപമാല ഉരുവിടുന്ന ഭക്തർ. കുറച്ചു സഞ്ചാരികളും അകത്തുണ്ട്. നിശബ്ദതയിൽ ആണ്ടിരിക്കുമ്പോൾ ബുദ്ധ തത്വങ്ങൾ ഒന്നൊന്നായി മുന്നിൽ തെളിഞ്ഞു. ചിന്തകളൊഴിഞ്ഞു ശാന്തമായ മനസ്സുമായി പ്രാർത്ഥനാ മുറിയിൽ  നിന്നും പുറത്തിറങ്ങി. സന്ദർശകരെ സഹായിക്കാനായി കവാടത്തിൽ നില്ക്കുന്ന നൊർബു യുവ ബുദ്ധസന്യാസിയെ പരിചയപ്പെട്ടു.  ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കുന്ന യുവാവ്. പത്തൊന്പത് വയസ്സായ  ആ ഭിക്ഷു തന്റെ ഏഴാമത്തെ വയസ്സിലാണ് സന്യാസിയാവനായി അവിടെ എത്തിച്ചേർന്നത്.  ദേവാലയത്തിന് പുറകിലായി ബുദ്ധതത്വങ്ങൾ പഠിപ്പിക്കുന്ന വിദ്യാലയവും വിദ്യാർഥി ഭിക്ഷുക്കൾക്ക് താമസിക്കുന്നതിനുള്ള വലിയൊരു കെട്ടിടവും ഉണ്ട്. ബുദ്ധമന്ദിരത്തിലെ പ്രദക്ഷിണ വഴികളിലൂടെ  യുവസന്യാസിയോടൊപ്പം അലഞ്ഞുനടന്നു. ഓരോ വിദ്യാർത്ഥിയും ഊഴം അനുസരിച്ച് പ്രാർത്ഥന മുറിക്കു പുറത്ത് സന്ദർശകരെ സഹായിക്കാനായി ഓരോ ദിവസം ചിലവിടുന്നു. തൃഷ്ണയെ കൈവെടിഞ്ഞുകൊണ്ട്, ഭൌതികമായ എല്ലാറ്റിൽനിന്നും അടർന്നുമാറാൻ ആവശ്യപ്പെടുന്ന നിർവാണ സിദ്ധാന്തത്തെ കുറിച്ച് അവനോടു സംസാരിച്ചു.  എന്നാൽ അത്  അഭ്യസിക്കുന്ന യുവതലമുറയിലെ ഭിക്ഷുക്കൾക്ക് മൊബൈൽഫോണ്‍ അടക്കമുള്ള കാര്യങ്ങൾ നിഷിദ്ധമല്ല എന്നത് എന്നെ ഏറെ അതിശയിപ്പിച്ചു. സുഖഭോഗങ്ങളുടെ കാര്യത്തിൽ സന്യാസികളുടെ ജീവിതം ഏറെ വിശാലവും സ്വാതന്ത്ര്യവുമാണ് ഇന്ന്. കൊച്ചു ബുദ്ധസന്യാസികളുടെ കയ്യിൽപോലും മൊബൈൽ ഫോണ്‍ അനിവാര്യമായ സംഗതി ആയിതീർന്നിരിക്കുന്നു. വാരാന്ത്യങ്ങളിൽ പട്ടണത്തിലെത്തി സിനിമ അടക്കമുള്ള വിനോദങ്ങളിലും ഏർപ്പെടുന്നുണ്ട് ഇന്നത്തെ തലമുറയിലെ ഭിക്ഷുക്കൾ. ഈ വൈരുദ്ധ്യത്തെ കുറിച്ച് സന്യാസിയോട് ചോദിച്ചെങ്കിലും ബുദ്ധിസത്തിലേക്ക് പുതുതലമുറയെ ആകർഷിക്കുവാനും തത്വചിന്തകളെ സ്വാദിഷ്ടമാക്കുവാനും, മായ മോഹങ്ങൾ നിറഞ്ഞ ഭൌതിക ലോകത്തിന്റെ ഘനാകർഷണത്തെ ഒഴിവാക്കാൻ കഴിയാതെ ആയിരിക്കുന്നു  എന്ന തിരിച്ചറിവിൽ കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കി. തത്വചിന്തയിൽ അധിഷ്ഠിതമായ ബുദ്ധമതത്തെ കുറിച്ചും ബുദ്ധനിൽ നിന്ന് ആ ചിന്തകൾ മനുഷ്യന്റെ സാംസ്കാരിക മണ്ഡലത്തിലേക്ക് എത്തിയപ്പോൾ സംഭവിച്ച മാറ്റങ്ങളെ കുറിച്ചും ആലോചിച്ചുകൊണ്ട്‌ അവിടെ നിന്നിറങ്ങി. യാത്ര തുടരവേ തിരിഞ്ഞുനോക്കി, മലനിരകൾക്കിടയിൽ ആകാശത്തേക്ക് ഉയർന്നുനില്ക്കുന്ന ബുദ്ധവിഹാരം ഒരിക്കൽകൂടി ദൃശ്യമായി. നിരർത്ഥകമായ ഈ ലോകത്തിനുനടുവിലും പ്രകൃതിയിൽ നിന്നുണ്ടായതാണെന്നും പ്രകൃതിയുടെ ഭാഗമാണെന്നും പ്രകടിപ്പിച്ചുകൊണ്ട്, തത്വചിന്തകൾ ഒന്നോന്നായി പെറുക്കി എടുത്ത് മറ്റുള്ളവരുടെ ഹൃദയത്തിൽപാകി നില കൊള്ളുകയാണ് ആ മഹാ ക്ഷേത്രം.
 സമയം മൂന്ന് മണിയോടടുത്തിരിക്കുന്നു. എന്റെ ഒരു ദിവസം നീണ്ട യാത്രയ്ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട്,  പട്ടണത്തിൽനിന്നും മൂന്ന് കി.മി. ദൂരെയുള്ള ബാക്തോന്ഗ് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടു. പച്ചപ്പിനാൽ ആവരണം ചെയ്യപ്പെട്ട മലനിരകളിൽ ഇടതൂർന്നു വളരുന്ന മരങ്ങൾക്കും പാറകൾക്കും ഇടയിലൂടെ കുത്തനെ പതിക്കുന്ന കനമേറിയ പ്രവാഹം. ഹിമാവൃതമായ താഴ്വരകളിൽ രൂപംകൊള്ളുന്ന ചെറിയ പ്രവാഹം, മലനിരകൾക്കു മുകളിലുള്ള കാടുകളിൽനിന്നും ഉറവകൊള്ളുന്ന നീർചാലിലേക്ക് ലയിക്കുമ്പോൾ ശക്തിയേറിയ പ്രവാഹമായി രൂപാന്തരപ്പെടുകയാണ്. ആഴങ്ങളെ പിളർന്നുകൊണ്ട് അത് താഴ്വരയിലേക്ക് പതിക്കുന്നു. കേരളത്തിലെ ചുരം പാതകളിൽ യാത്ര ചെയ്തിട്ടുള്ളഏതൊരാളും  ഇതിലും ശക്തിയേറിയ അനവധി നീർച്ചാലുകൾ കണ്ടിട്ടുണ്ടാവും. പക്ഷെ ജലത്തിന്റെ ധാരാളിത്തം ഇല്ലെങ്കിൽകൂടി സാന്ദ്രഗംഭീരമായ സൌന്ദര്യം ഈ ജലധാരയ്ക്ക് സ്വന്തമാണ്. ശക്തിയേറിയ പ്രവാഹത്തിനാൽ പാറക്കല്ലുകളെ മിനുസമേറിയ ഉരുളൻകല്ലുകളാക്കി മാറ്റികൊണ്ട് ഒഴുകുന്ന ഈ ജലശബ്ദം ഒഴിവാക്കിയാൽ അന്തരീക്ഷം തീർത്തും നിശബ്ദമാണ്. മലമുകളിൽനിന്നും കുത്തനെ പതിക്കുന്ന ജലപ്രവാഹമാണ് നിശബ്ദമായ പ്രകൃതിയുടെ രാവുകളെയും പകലുകളെയും ഒരുപോലെ ജീവിപ്പിക്കുന്നത്‌. വർഷങ്ങൾ നീണ്ട പ്രവാഹത്തിന്റെ പ്രഹരമേറ്റ്‌ മിനുസപ്പെട്ട ഉരുളൻകല്ലുകൾ സൂര്യപ്രകാശമേറ്റ് തിളങ്ങുന്നു. അല്പം ജലം കൈകുമ്പിളിലെടുത്ത് മുഖം കഴുകി. മരവിപ്പിക്കുന്ന തണുപ്പ്. ഹിമാവൃതമായ താഴ്വരകളിൽ ഉത്ഭവിച്ച്, വെളിച്ചം കടക്കാത്ത കാടുകളിലൂടെ പ്രവഹിച്ച്, പ്രകൃതിയെ ഉണർത്തിയും , താഴെ താഴ്വരകളിലെ കൃഷിയിടങ്ങൾക്ക് ഉണർവേകിയും തുടരുന്ന തീരാത്ത ജലയാത്രയുടെ വിസ്മയത്തിൽ ലയിച്ച് ഞാൻ ഇരുന്നു. സമയത്തിന്റെ കടന്നുകയറ്റത്തെ കുറിച്ച് സൂചന നല്കികൊണ്ട് നൊർബു എനിക്കരികിലെത്തി. ആഹ്ലാദവും നിരാശയും കൂടികലർന്നു നിറയപ്പെട്ട മനസ്സുമായി മടക്കയാത്ര.

പട്ടണത്തിൽ എത്തിയശേഷം ക്ഷണത്തിൽ മാർക്കെറ്റ് തെരുവിലേക്ക് നടന്നു. പ്രധാന തെരുവീഥിയിൽ ആളുകളെകൊണ്ട് നിറഞ്ഞു തുടങ്ങിയിരുന്നു. പിറ്റേ ദിവസത്തെ യാത്രയ്ക്കായി ചില ട്രാവൽ എജെൻസികളിൽ കയറി ഇറങ്ങി. യുംതങ്ങ് വാലി' എന്ന മനോഹര താഴ്വരയാണ് ലക്‌ഷ്യം. പട്ടണത്തിൽനിന്നും 150 കി. മി. ദൂരെ ടിബറ്റൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന താഴ്വരയിലേക്ക് ദുർഘടമായ മലമ്പാതയിലൂടെ ഒരു പകൽ മുഴുവൻ യാത്ര ചെയ്യണം. അവിടെക്കുള്ള യാത്ര അനുമതിക്കായി തിരിച്ചറിയൽ രേഖയും ഫോട്ടോയും മുൻകൂറായി ട്രാവൽ ഏജെന്റിനെ ഏൽപ്പിക്കേണ്ടതുണ്ട്. സിക്കിമിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുൻനിരയിലാണ് യുംതങ്ങ് വാലി. ഒട്ടനവധി ഷെയർ ടാക്സികൾ, ട്രാവൽ എജെൻസികൾ മുഖേനെ പട്ടണത്തിൽനിന്നും ദിനംപ്രതി സർവിസ് നടത്തുന്നുണ്ട്. യുംതങ്ങ് താഴ്വരയിൽ താമസ സൗകര്യം ലഭ്യമല്ലാത്തതിനാൽ, പട്ടണത്തിൽ നിന്നും രാവിലെ പുറപ്പെടുന്ന വാഹനങ്ങൾ വൈകുന്നേരത്തോടെ ലചുങ്ങ് എന്ന ഗ്രാമത്തിലെത്തി പിറ്റേന്ന് പുലർച്ചെ താഴ്വരയിലേക്ക് യാത്ര തുടരുകയാണ് പതിവ്. ലചുങ്ങ് ഗ്രാമത്തിൽ നിന്നും കൂടുതൽ ദുർഘടമായ പാതയിലൂടെ 2 മണിക്കൂർ യാത്ര ചെയ്ത് താഴ്വരയിലെത്താം. ഗ്രാമത്തിലെ താമസവും ഭക്ഷണവും, വാഹനകൂലിയും ഉൾപ്പെടെ 1500 രൂപയാണ് ഒരാൾ നല്കേണ്ടത്.
ഷെയർ വാഹനത്തിൽ ഡ്രൈവറുടെ സീറ്റിനോട് ചേർന്ന് മുൻ  നിരയിലെ യാത്രയാണ് ഞാൻ ആഗ്രഹിച്ചത്‌. പക്ഷെ ഏകനായ സഞ്ചാരിക്ക് മുൻനിരയിലെ സീറ്റ് നല്കാനാവില്ല എന്ന നിലപാടായിരുന്നു പല ട്രാവൽ എജെൻസികൾക്കും. ഡ്രൈവർക്കൊപ്പം രണ്ടു പേർക്ക് യാത്ര ചെയ്യാമെന്നിരിക്കെ, അത്  രണ്ടു പേരുൾപ്പെടുന്ന സഞ്ചാരികൾക്കോ ദമ്പതികൾക്കോ മാത്രം നല്കാൻ കഴിയുകയുള്ളൂ എന്നായിരുന്നു പലർക്കും. കൂടുതൽ തുക വാഗ്ദാനം ചെയ്തിട്ടും പ്രയോജനം ലഭിച്ചില്ല. നിരാശ കലർന്ന ഭാവത്തോടെ പല ഒഫിസുകളുടെയും പടിഇറങ്ങി. അതീവ ദുർഘടമായ പാതയിലൂടെ പിൻനിരയിൽ ഇരുന്നു യാത്ര ചെയ്യാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല എന്നത് മാത്രമല്ല കൂടുതൽ വ്യക്തമായും അനായാസമായും ചിത്രങ്ങൾ പകർത്താൻ വേണ്ടി കൂടിയാണ് മുൻനിരയിലെ യാത്രയ്ക്ക് മുൻ‌തൂക്കം നല്കിയത്.  ഒടുവിൽ എന്തുവേണ്ടു എന്നറിയാതെ നില്പ്പായി. എന്റെ തീരുമാനത്തിന് പരിവർത്തനം ഉണ്ടാക്കുന്നതിനുമുൻപുതന്നെ മറ്റുള്ളവരാൽ നിഷേധിക്കപ്പെട്ട എന്റെ ആഗ്രഹത്തെ അംഗീകരിക്കാൻ ഒരു ട്രാവൽ എജെൻസി ഉടമസ്ഥൻ സന്നദ്ധനായി. 300 രൂപ അധികം നല്കിയാണ് മുൻനിരയിലെ യാത്ര തരപ്പെടുത്തിയത്. തിരിച്ചറിയൽ രേഖയും ഫോട്ടോയും മുൻ‌കൂർ തുകയും നല്കിയതോടെ, രാവിലെ ഒൻപതു മണിക്ക് മാർക്കറ്റ്‌ തെരുവിൽനിന്നും 1 കി. മി. ദൂരെയുള്ള മറ്റൊരു ടാക്സി സ്റ്റാൻഡിൽ എത്താനുള്ള നിർദ്ദേശം ലഭിച്ചു.

പട്ടണത്തിനുമേൽ രാത്രി പടർന്നുകയറി അതിനെ വിഴുങ്ങി കഴിഞ്ഞിരിക്കുന്നു. അത്താഴം കഴിച്ചശേഷം വിശ്രമത്തിന്റെ ആഹ്ലാദത്തോടെ ഞാൻ മുറിയിലേക്ക് നടന്നു. രാത്രിയിലെ ഓരോ നിമിഷവും ഞാൻ ഒരു പുതു സന്തോഷത്തിലായിരുന്നു. പിറ്റേന്നത്തെ ദീർഘയാത്രയെ കുറിച്ചുള്ള ചിന്തകളിൽ അപാരമായി ആഹ്ലാദിതമായികൊണ്ടാണ്  ഉറങ്ങാൻ കിടന്നത്.


പുലർച്ചെ ഉണർന്നെഴുന്നേറ്റു. രണ്ടു ദിവസം കഴിഞ്ഞേ പട്ടണത്തിലേക്ക് തിരിച്ചെത്തു എന്നുള്ളതിനാൽ മുറിയൊഴിഞ്ഞ ശേഷം ക്യാമറയും അത്യാവശ്യ സാധങ്ങളും മാത്രം എടുത്ത് ബാഗ് ലോക്ക് ചെയ്ത് റിസപ്ഷനിൽ ഏല്പ്പിച്ചു. പ്രാതൽ കഴിച്ചശേഷം തണുത്ത പ്രഭാതത്തിലെ പരുക്കൻ തെരുവിലൂടെ  ടാക്സി സ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു.  വാഹനങ്ങളുടെ ചെകിടടപ്പിക്കുന്ന ഹോണ്‍ ശബ്ദമാണ് അവിടെ എന്നെ സ്വാഗതം ചെയ്തത്. രണ്ടു നിലയുള്ള കെട്ടിടത്തിന്റെ മുകളിലും താഴെയുമായി വാഹനങ്ങൾ നിരന്നു കിടക്കുന്നു. സഞ്ചാരികളുടെയും വാഹങ്ങളുടെയും ബാഹുല്യം മൂലം ശ്വാസം മുട്ടുന്ന ഒരിടം. തുളച്ചു കയറുന്ന ശബ്ദത്തോടെ യാത്രികരുമായി വാഹനം കടന്നു പോവുമ്പോഴേക്കും, മുകൾ നിലയിൽനിന്നും കാലിയായ മറ്റൊരു വാഹനം അവിടെ സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കും. നിരന്നു കിടക്കുന്ന വാഹനങ്ങൾക്കിടയിലൂടെ, ട്രാവൽ ഓഫീസിൽ നിന്നും ലഭിച്ച കടലാസുമായി നടന്നു. എനിക്ക് പോവേണ്ട വാഹനത്തിന്റെ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അതിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. പൊക്കമുള്ള അല്പം കൂനുള്ള ഒരു യുവാവ് യാത്രികരുടെ കയ്യിലെ കടലാസ് പരിശോധിച്ച് ഓരോരുത്തരെയും ഓരോ വാഹനങ്ങളിലേക്ക് കയറ്റുന്നത് കാണുകയുണ്ട്ടായി. അയാളുടെ സഹായത്താൽ എനിക്ക് കയറേണ്ട വാഹനത്തിനു സമീപമെത്തി.  ഏതാനും യാത്രികർ വാഹനത്തിലുണ്ട്. ഭാര്യയും ഭർത്താവും 2 കുട്ടികളുമുള്ള ഒരു കുടുംബം മധ്യ നിരയിലെ സീറ്റിൽ ഇടം പിടിച്ചിരിട്ടുണ്ട്. വ്യസനകരമായ സന്ദർഭമായിരുന്നു എനിക്കത്. പത്തുപേർക്ക് യാത്രചെയ്യാവുന്ന വാഹനത്തിലെ ഏറ്റവും പിന്നിലെ ഇരിപ്പിടമാണ് എനിക്കുള്ളത് എന്നാണ് യുവാവ് പറഞ്ഞത്. ദേഷ്യം കൊണ്ട് തികച്ചും ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു ഞാൻ. 300 രൂപ അധികം നല്കിയതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കപ്പെട്ടെങ്കിലും, യുവാവ് വഴങ്ങിയില്ല. വാദപ്രതിവാദങ്ങൾ നീണ്ടു. അനർഗളമായി സംസാരിക്കാൻ ഭാഷ തടസ്സമായിരുന്നു എങ്കിൽ കൂടി പരിമിതമായ ഭാഷ പരിജ്ഞാനത്തിൽ വാക്പോര് ഏറെ നേരം നീണ്ടുനിന്നു. മറ്റു യാത്രക്കാർ അക്ഷമാരാവാൻ തുടങ്ങി.  ട്രാവൽ എജെന്റിനെ ഫോണിൽ വിളിച്ചു ഉടനെ അവിടെ എത്താൻ ആവശ്യപ്പെട്ടു. അയാൾ വരാതെ വാഹനം മുന്നോട്ടെടുക്കാൻ അനുവദിക്കില്ല എന്ന് അറിയിച്ചുകൊണ്ട്‌ വാഹനത്തിനു മുന്നിൽ നിലയുറപ്പിച്ചു. കുടുംബസമേതം യാത്ര ചെയ്യുന്ന വ്യക്തി എനിക്കരികിലെത്തി അനുനയിപ്പിക്കാൻ ശ്രമം നടത്തി. അപ്പോഴാണ് അവർക്കും മുൻസീറ്റ്‌ വാഗ്ദാനം നല്കിയതും ഇവിടെ എത്തിച്ചേർന്നപ്പോൾ കബളിക്കപ്പെട്ടതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിഞ്ഞത്. പക്ഷെ വിട്ടുകൊടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. 10 മിനിട്ടുകൾക്കുള്ളിൽ എജെന്റ് സ്ഥലത്തെത്തി. തുടർന്ന്കൂടുതൽ തീഷ്ണമായ വാദ പ്രതിവാദങ്ങൾ അവർ തമ്മിലായി നടന്നു. അരമണിക്കൂർ നീണ്ട വാക്പോരിനു വിരാമമിട്ടുകൊണ്ട് മുൻസീറ്റിൽ ഇരിക്കാനുള്ള നിർദ്ദേശം എനിക്ക് ലഭിച്ചു.

കയ്പ്പേറിയ കടുത്ത പദങ്ങൾ യുവാവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞുകൊണ്ട് ഞാൻ വാഹനത്തിലേക്ക് കയറി. ഹൃദയത്തിൽ ഉറഞ്ഞുകൂടിയ രോഷത്തിന് മറ്റൊരു ബഹിർഗമന മാർഗ്ഗവും ഞാൻ കണ്ടില്ല. എതിർഭാഗത്തു നിന്നുള്ള പ്രതികരണം ബോധപൂർവ്വം പ്രതിരോധിച്ചുകൊണ്ട് മാതൃ ഭാഷയിലായിരുന്നു എന്റെ വാക്കുകൾ. ഉള്ളിലെ തീ അണഞ്ഞിട്ടില്ലെങ്കിൽകൂടി കണ്ണുകളിൽ പുഞ്ചിരിയുടെ വശ്യതയോടെ മിത സ്വരത്തിലുള്ള എന്റെ തെറിവാക്കുകൾ അവനു തീർത്തും അപരിചിതമായിരുന്നു. ഒരു സ്വപ്നത്തിലെന്നവണ്ണം മിഴിച്ചുകൊണ്ട്  എന്റെ വാക്കുകൾ കേട്ടുനിന്ന അവനെ കുറിച്ചോർത്ത് ഗൂഡമായി ആഹ്ലാദിച്ചുകൊണ്ട്  വല്ലാത്തൊരു ആത്മനിർവൃതിയോടെ ഞാൻ വാഹനത്തിൽ കയറി. പിൻ നിരയിലെ ഇരിപ്പിടത്തിൽ നിന്നും നീണ്ടുവന്ന കൈകൾ എന്റെ തോളിൽ തട്ടികൊണ്ട് ചോദ്യമെറിഞ്ഞു "കേരളത്തിൽ എവിടെയാണ് സ്ഥലം ?" മലയാളത്തിലുള്ള അപ്രതീക്ഷിതമായ ചോദ്യം കേട്ട് സന്തോഷത്തോടെ തിരിഞ്ഞു നോക്കിയെങ്കിലും ചോദ്യകർത്താവിന്റെ ഭാര്യയെയും കുട്ടികളെയും കൂടെ കണ്ടപ്പോൾ ആ വാക്കുകൾ  ഒരു പ്രഹരം പോലെയാണെനിക്ക് തോന്നിയത്. സ്ത്രീയുടെ സാമീപ്യത്തിൽ തെറി പറഞ്ഞതോർത്തു  ഞാൻ ലജ്ജിച്ചു. അവരോടു മലയാളത്തിൽ തന്നെ മാപ്പ് പറഞ്ഞു. ഡല്ഹി സ്വദേശിയായ ഭാര്യക്ക് മലയാളം തീരെ അറിയില്ല എന്ന വിവരം  എനിക്ക് കുറച്ചൊന്നുമല്ല ആശ്വാസമേകിയത്. കോഴിക്കോട് സ്വദേശിയായ ഹരികുമാർ മെർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്. കുടുംബസമേതം ആന്റമാനിൽ താമസിച്ച് ജോലി ചെയ്യുന്നു. അപ്രതീക്ഷിതമായി ലഭിച്ച സൌഹൃദത്തിന്റെ തുടിപ്പ് ഇരുവരിലും പ്രത്യക്ഷമായിരുന്നു. ഭാര്യയും അഞ്ചും ഏഴും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുമായാണ് അദ്ദേഹത്തിന്റെ ദീർഘയാത്ര. അഞ്ചു പേരടങ്ങുന്ന മറ്റൊരു ഉത്തരെന്ദ്യൻ സംഘവും ഞങ്ങൾക്കൊപ്പമുണ്ട്. അങ്ങനെ പത്തു സഞ്ചാരികളുമായി ഞങ്ങളുടെ യാത്ര ആരംഭിച്ചു.
പച്ച പുതച്ച കുന്നുകൾക്കിടയിലൂടെയുള്ള യാത്ര ഇടയ്ക്ക്  ഇരുണ്ട മഴക്കാടുകൾക്കിടയിലൂടെയായി. കേരളത്തേക്കാൾ ഹരിതാഭമായ മറ്റൊരു സംസ്ഥാനമില്ല എന്ന എന്റെ ചിന്തകളെ തിരുത്തിക്കുറിക്കുന്നതായിരുന്നു ആ യാത്ര. വസന്തകാലത്ത് എവിടെയും പച്ചപ്പ്‌ മാത്രമാണ് സിക്കിമിൽ കാണാൻ കഴിയുക. വളഞ്ഞുകൊണ്ട് മുകളിലേക്ക് നീളുന്ന പാതയുടെ ഒരുവശം ഇരുണ്ട മഴക്കാടുകളാണ്. എതിർവശത്ത്‌ താഴെയായി ടീസ നദി പുളഞ്ഞോഴുകുന്നു. മഴകാടുകളിൽനിന്നും ഉറവകൊള്ളുന്ന നീർച്ചാലുകൾ പാതയെ മുറിച്ചുകൊണ്ട് കുത്തനെയുള്ള പാറകളിലൂടെ ഒഴുകി, വെള്ളച്ചാട്ടമായി പരിണമിച്ചുകൊണ്ട് താഴെ നദിയിലേക്ക് പതിക്കുന്നു. ഇത്തരത്തിലുള്ള അനേകം വെള്ളച്ചാട്ടങ്ങൾ യാത്രയിലുടനീളം കാണാം. ഓർക്കിഡുകളാലും  അപൂർവ്വ പുഷ്പങ്ങളാലും സമ്പുഷ്ടമാണ് ഇവിടെത്തെ മഴകാടുകൾ. വനഗന്ധം പകർന്നുനല്കുന്ന ലഹരിയിൽ യാത്ര തുടരവേ ജനവാസം കുറഞ്ഞ ഗ്രാമങ്ങൾ കണ്ടുതുടങ്ങി. താഴ്വാരങ്ങൾക്കിടയിൽ ഒറ്റപ്പെട്ട വീടുകളും സമൃദ്ധിയുടെ അനുഗ്രങ്ങൾ ചൊരിയുന്ന കൃഷിയിടങ്ങളും.  മരം കൊണ്ടുള്ള വീടുകളാണ് ഭൂരിഭാഗവും. ലോകത്തിലെ മറ്റെല്ലാത്തിൽനിന്നും ഒറ്റപ്പെട്ട നിലയിലാണ് വീടുകൾ. ജീവിതത്തിന്റെ മാധുര്യവും കയ്പ്പും ലോകത്തിന്റെ മറ്റൊരു പുറംചട്ടയ്ക്കകത്ത്‌ ജീവിച്ച് തീർക്കുന്നവർ.
ഗോതമ്പും ചോളവും ബാർലിയുമെല്ലാം വിളയുന്ന ഓരോ ഉഴവുചാലിലും ഫലഭൂയിഷ്ഠതയുടെ നിശ്വാസങ്ങൾ പ്രകടമാണ്.
ഇന്ത്യ-ടിബറ്റ്‌ അതിർത്തിയിൽ പോലീസിന്റെ വാഹന പരിശോധനയുണ്ടായിരുന്നു. ഡ്രൈവറുടെ കൈവശമുള്ള യാത്രികരുടെ വിവരങ്ങൾ അടങ്ങിയ കടലാസ് പരിശോധിച്ചശേഷമേ യാത്രാനുമതി ലഭിക്കുകയുള്ളൂ. പത്തുമിനിട്ടിനകം ഞങ്ങളുടെ യാത്ര തുടർന്നു.
ഉച്ചഭക്ഷണത്തിനായി മംഗൻ എന്ന ഗ്രാമത്തിൽ വാഹനം നിർത്തി. പതിവുപോലെ ഭക്ഷണത്തോടൊപ്പം മദ്യവും സുലഭം. ഹരികുമാറിന്റെ ക്ഷണം ഞാൻ സ്നേഹപൂർവ്വം നിരസിച്ചു. കാഴ്ചകളിൽ സ്വയം നഷ്ടപ്പെട്ടുകൊണ്ട് യാത്ര തുടരവേ വൈകിട്ട് ആറുമണിയോടെ ലാചുങ്ങ് എന്ന  മനോഹര ഗ്രാമത്തിലെത്തിചേർന്നു. താഴ്വരയിലെക്കുള്ള യാത്രയിലെ അവസാന ഗ്രാമമാണ് ലാചുങ്ങ്.
രാത്രി അവിടെ താമസിച്ചശേഷം പിറ്റേന്ന് പുലർച്ചെയാണ് യുംതങ്ങ് താഴ്വരയിലേക്ക് പുറപ്പെടുന്നത്. ഗ്രാമത്തിൽ നിന്നും 24 കി. മി അകലെയാണ് യുംതങ്ങ് താഴ്വര. ആപ്രികൊട്ട് മരങ്ങൾ അതിരിടുന്ന അരുവിയുടെ തീരത്തുള്ള അതി സുന്ദരമായ പ്രദേശത്താണ് യാത്ര അവസാനിച്ചത്‌. മഞ്ഞു മൂടികിടക്കുന്ന ഹിമാലയം തന്നെയാണ് ഗ്രാമത്തിൽ നിന്നുള്ള എറ്റവും മനോഹരമായ കാഴ്ച. ചക്രവാളത്തിന്റെ അതിരുകൾക്ക് പിന്നിൽ സൂര്യൻ മറയാൻ തുടങ്ങുന്ന നിമിഷത്തിലാണ് ഞങ്ങൾ അവിടെ എത്തിയത്. വെളുത്ത് തിളങ്ങുന്ന മലനിരകളിൽ ആ കിരങ്ങൾ വിശ്രമിക്കുന്ന മനോഹരമായ കാഴ്ച കണ്ടുകൊണ്ടാണ് വാഹനമിറങ്ങിയത്. ബാഗുകളും ലഗ്ഗേജുകളും എടുക്കാതെ ആ കാഴ്ച ക്യാമറയിലും മൊബൈലിലും പകർത്തുന്ന തിരക്കിലായിരുന്നു ഏവരും. സൂര്യരശ്മികൾ പ്രതിഫലിച്ചു കടന്നുപോവുന്നത് നോക്കിനിന്നശേഷം ബാഗുകളുമായി താമസ സ്ഥലത്തേക്ക് നടന്നു. വലിയൊരു വേലിക്കെട്ടിനുള്ളിൽ മരത്തടികളാൽ തീർത്ത നാലുവീടുകൾ. പണ്ടെങ്ങോ കണ്ടുമറന്ന കലണ്ടർ ചിത്രം പോലെ സുന്ദരമായ പ്രകൃതിയും മനോഹരമായ വീടുകളും. വിശാലമായ മുറ്റം മുതൽ അരുവിയുടെ അരികു വരെ ആപ്രികൊട്ട് മരങ്ങൾ പൂവിട്ടുനില്ക്കുന്നു. യുംതങ്ങ് താഴ്വരയിലെക്കുള്ള സഞ്ചാരികളെ ലക്ഷ്യമിട്ട് നിരവധി വീടുകൾ ഗ്രാമത്തിൽ പണിതീർത്തിട്ടുണ്ട്. ടിബറ്റൻ മുഖച്ഛായയുള്ള സുമുഖനായൊരു യുവാവ് ഞങ്ങൾക്കരികിലെത്തി. വീടുകളുടെ ഉടമസ്ഥനാണ്. തോളറ്റം കഴിഞ്ഞു നീണ്ടുകിടക്കുന്ന സ്വർണ്ണ നിറമാർന്ന നീളൻ തലമുടി  സ്ത്രീകളുടേതെന്നപോലെ പിന്നിയിട്ടിരിക്കുന്നു. ചാരനിറമാർന്ന ചെറിയ കണ്ണുകളിൽ സഞ്ചാരികളെ കണ്ടതിന്റെ തിളക്കമുണ്ട്. സഞ്ചാരികളുടെ വിവരങ്ങളടങ്ങിയ കടലാസ് ഡ്രൈവറുടെ കയ്യിൽനിന്നും  വാങ്ങി പരിശോധിക്കുന്നതിനിടയിൽ  സഹായിയായ മറ്റൊരു ചെറുപ്പക്കാരനും എത്തി. വീടിനോട് ചേർന്നുള്ള  ഭക്ഷണശാലയും മദ്യശാലയും അപ്പോഴാണ്‌ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.  ഹരികുമാറിന്റെ കണ്ണുകളിൽ ഉത്സാഹത്തിന്റെ മിന്നലാട്ടം. കുട്ടികളെ സൂക്ഷിക്കാൻ ഭാര്യയ്ക്ക് നിർദ്ദേശം നല്കികൊണ്ട് ഹരികുമാർ തിടുക്കത്തിൽ അവിടെകയറി "നില്പ്പൻ" അടിച്ച് തിരിച്ചെത്തി.

ഓരോ സംഘത്തിനും ഏതൊക്കെ മുറി നല്കണമെന്ന് സ്വർണ്ണതലമുടിക്കാരൻ  നിർദേശിച്ചതനുസരിച്ച് സഹായി ഞങ്ങൾക്ക് മുൻപേ നടന്നു. മലമുകളിൽ നിന്നും തണുത്ത കാറ്റ് വീശിയിരുന്നതിനാൽ തണുപ്പ് അസഹ്യമായിരുന്നു. എത്രയും പെട്ടെന്ന് മുറിക്കുള്ളിൽ എത്തിപ്പെടാൻ തിടുക്കപ്പെട്ട് ഞങ്ങൾ ചെറുപ്പക്കാരനെ പിന്തുടർന്നു. രണ്ടു മുറികൾ വീതമുള്ള മനോഹരമായ വീട്. ആധുനിക ടോയിലെറ്റ്‌ സൌകര്യങ്ങൾ ഉൾപ്പെടെ എല്ലാം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. 8 മണിയോടെ അത്താഴം കഴിക്കാൻ ഭക്ഷണശാലയിൽ എത്തിച്ചേരണം എന്നറിയിച്ചുകൊണ്ട്‌ സഹായി മടങ്ങി.  ഹരികുമാറിനും എനിക്കും ഒരേ വീടുതന്നെയാണ് ലഭിച്ചത്.



ചൂടുവെള്ളത്തിലെ കുളി ദീർഘയാത്രയുടെ ക്ഷീണമെല്ലാം കഴുകി കളഞ്ഞു. എട്ടുമണിയോടെ ഓരോരുത്തരായി ഭക്ഷനശാലയിലെത്തി. ചോറും ചിക്കൻ കറിയും മായിരുന്നു അത്താഴം. പുലർച്ചെ 6 മണിക്ക് താഴ്വരയിലേക്കുള്ള യാത്ര ആരംഭിക്കും എന്ന് ഡ്രൈവർ മുന്നറിയിപ്പ് തന്നിരുന്നു. ഓരോരുത്തരും അവരവരുടേതായ രീതിയിൽ തണുപ്പിനെ പഴിച്ചുകൊണ്ട് വിറയ്ക്കുന്ന കാലടികളോടെ മുറിയിലേക്ക് നടന്നു.
പുറത്ത് ശക്തമായ കാറ്റുണ്ട്. ജാലകത്തിൽ വന്നടിക്കുന്ന കാറ്റ് എന്തോ മന്ത്രിക്കുന്നത് കേൾക്കാം. ഇരുട്ട് നിറഞ്ഞ മുറിയുടെ ജാലക ചില്ലിലേക്ക് പുറത്തെ നിരത്തിൽ കത്തുന്ന തീനാളങ്ങൾ മങ്ങിയ വെളിച്ചമയച്ചിരുന്നതു കണ്ടാണ്‌ ജനൽ തുറന്നത്. അരുവിയുടെ തീരത്ത് തീകൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. സ്വർണ്ണതലമുടിക്കാരനും കൂടെ രണ്ടു ചെറുപ്പക്കാരും അതിനരികിലുണ്ട്. ഭക്ഷണശാലയിൽ വച്ച് കണ്ട സഹായികൾ ആണ് കൂടെയുള്ളതെന്ന് ഞാൻ ഊഹിച്ചു. ഞാൻ മുറി പൂട്ടി അവർക്കരികിലേക്ക് നടന്നു. മദ്യപാന സദസ്സ് ആയിരുന്നു എന്ന് വ്യക്തമായത് അവർക്കരികിൽ എത്തിയപ്പോഴാണ്. നിലാവെളിച്ചത്തിൽ അവരുടെ മുഖങ്ങൾ വ്യക്തമായി നിർവചിക്കപ്പെട്ടിരുന്നു. എന്നെ അവര്ക്കിടയിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്തു. എനിക്ക് നേരെ നീട്ടിയ ഗ്ലാസ് ഞാൻ പുഞ്ചിരിച്ചുകൊണ്ടുതന്നെ നിരസിച്ചു. ബിയർ എങ്കിലും കുടിക്കണമെന്നായി അവർ. ലഹരി കഴിക്കില്ലെന്നും ആണ്ടിലൊരിക്കലുള്ള വൈൻ സേവ മാത്രമാണ് ആകെയുള്ള ലഹരി എന്നും വെളിപ്പെടുത്തിയത് അവരെ ഒഴിവാക്കണമെന്ന ലക്ഷ്യത്തോടെ തന്നെയാണ്. ഉത്സാഹത്തള്ളിച്ചയാൽ മിന്നുന്ന കണ്ണുകളോടെ, സഹായിയായ ചെറുപ്പക്കാരൻ മദ്യശാലയിലേക്ക്‌ ഓടി. വെളുത്ത വൈൻ നിറഞ്ഞ കുപ്പിയും കയ്യിലേന്തി അവൻ തിടുക്കത്തിൽ തിരിച്ചെത്തി.

"ആപ്രികൊട്ട് കൊണ്ടുണ്ടാക്കിയതാണ് നാട്ടിൽ കിട്ടില്ല"  ഗ്ലാസിലേക്ക് പകർന്ന്  എനിക്ക് നേരെ നീട്ടികൊണ്ട് സ്വർണ്ണ തലമുടിക്കാരൻ പറഞ്ഞു. അത്രമേൽ രുചിയേറിയതും വീര്യം കൂടിയതുമായ വൈൻ മുൻപൊരിക്കലും ഞാൻ കഴിച്ചിട്ടില്ലായിരുന്നു. വൈൻ  നുണഞ്ഞു കൊണ്ട് അവർക്കൊപ്പമിരുന്നു.
ലഹരി തലയ്ക്കു പിടിച്ചതോടെ സ്വർണ്ണ തലമുടിക്കാരൻ പാട്ടുപാടാൻ തുടങ്ങി. പഴയ ഹിന്ദി ചിത്രത്തിലെ വിഷാദ ഗാനം അവൻ ഭംഗിയായി പാടി. ശാന്തമായ രാത്രിയിലേക്ക്‌ പെയ്തിറങ്ങിയ സംഗീതം ആസ്വദിച്ചുകൊണ്ട്‌ നിശ്ചലരായി ഞങ്ങൾ അവനുചുറ്റുമിരുന്നു. അരുവിയുടെ തീരത്തെ പാറയിൽ ചാരി ഇരിക്കുമ്പോൾ മലനിരകളിൽ നിന്നും വീശുന്ന മഞ്ഞുകാറ്റിന്റെ സീല്ക്കാരം വ്യക്തമായി കേൾക്കാം. രാത്രിയുടെ വിശാലതയിൽ മിന്നിത്തിളങ്ങുന നക്ഷത്രങ്ങളെ നോക്കികൊണ്ട്‌ വലിയപാറയിൽ കിടന്നു. സംഗീതവും വീഞ്ഞും പകരുന്ന ലഹരി. തണുത്ത കാറ്റിൽ വിറച്ചുകൊണ്ട്, ആളികത്തുന്ന തീയ്ക്കരികിലേക്ക് ഞങ്ങൾ ചേർന്നിരുന്നു. തീയ്ക്കു ചുറ്റും യുവാക്കളുടെ മുഖം ചുവന്നു തുടുത്തു. മുഖമില്ലാത്ത വിസ്മയകരമായ നൃത്തം പോലെ തീയാളികൊണ്ടിരുന്നു.  പുക ചുരുളുകൾ ഞങ്ങളെ വലയം ചെയ്തു. രാത്രിയേറെ വൈകുംവരെ ആപ്രികൊട്ട് മരങ്ങൾക്ക്കീഴെ മദ്യപാനം തുടർന്നു. യാത്രകളിൽ പുതിയ അനുഭവങ്ങൾ സുലഭമാണ്, പക്ഷെ മറ്റൊരിക്കൽപോലും അനുഭവഭേദ്യമാവാത്ത അത്ര മനോഹരമായ രാത്രി ഇനി ഉണ്ടാവുമോ എന്നറിയില്ല. നേരമ്പോക്കുകൾ നീണ്ടുപോയി. എനിക്ക് വിശ്രമിക്കാനുള്ള സമയം കഴിഞ്ഞിരിക്കുന്നു. ഊഷ്മളമായൊരു സൌഹൃദാലിംഗനത്തോടെ നല്ല രാത്രി നേർന്നുകൊണ്ട് ഞങ്ങൾ പിൻവാങ്ങിയപ്പോഴേക്കും ചന്ദ്രൻ ചക്രവാളത്തിന്റെ അതിരിലേക്ക്‌ നീന്തിയിറങ്ങിയിരുന്നു. ഒരുമണി കഴിഞ്ഞപ്പോഴാണ് മുറിയിലെത്തിയത്. നിദ്രയുടെ അഗാധതയിലേക്ക്‌ വഴുതി വീണു.
അഞ്ചുമണിക്ക് തന്നെ ഉണർന്നു. അഞ്ചരയോടെ ഞാൻ യാത്രയ്ക്ക് തയ്യാറായി പുറത്തിറങ്ങി. ഹരികുമാറിന്റെ മുറിയിൽ നിന്നും ആളനക്കമൊന്നും തന്നെ കേൾക്കുന്നില്ല. മറ്റുളവർ എത്തുന്നതിന് മുൻപ് ഗ്രാമത്തെ ആവുന്നത്ര നടന്നു കാണുക എന്ന ലക്ഷ്യത്തോടെ ഞാൻ [പുറത്തേക്ക് നടന്നു. അഞ്ചര മണി ആയിട്ടുള്ളൂ എങ്കിൽ പോലും രാവിന്റെ നിഴലുകളെ എല്ലാം അപ്രത്യക്ഷമാക്കികൊണ്ട് സൂര്യ രശ്മികൾ പടർന്നുകഴിഞ്ഞിരുന്നു. ഹിമം മൂടിയ മലനിരകളുടെ പശ്ചാത്തലത്തിൽ ശാന്തമായ ചെരിവുകളുള്ള സുന്ദരമായ ഗ്രാമം അപ്പോഴും ഉറക്കം വിട്ടുണർന്നിട്ടില്ലായിരുന്നു. ജലാശയത്തിനരികിലൂടെ കുന്നിൻമുകളിലേക്ക് നീളുന്ന പാതയിൽ നിന്നുകൊണ്ട് ചുറ്റിലുമുള്ള ഗ്രാമ ഭംഗി വീക്ഷിച്ചു. വെളുത്ത പൂക്കൾ നിറഞ്ഞു നില്ക്കുന്ന ആപ്രികൊട്ട് മരങ്ങളുടെ നീണ്ട നിരകൾക്കിടയിലൂടെ കുന്നിൻ മുകളിലേക്ക് നീളുന്ന മണ്‍പാത. ഫലഭൂയിഷ്ടതയാർന്ന ചുവന്ന മണ്ണിനെ പുണർന്നു കിടക്കുന്ന പച്ചപ്പ്‌. കോണ്ക്രീറ്റ് തൂണുകൾക്കുമേൽ ഉയർന്നു നില്ക്കുന്ന വിരലിലെണ്ണാവുന്ന മരവീടുകൾ. മരത്തടികളാൽ തീർത്ത ചെറിയ വീടുകളോരോന്നും ഗോതമ്പ് പാടങ്ങളാലും പൂന്തോട്ടങ്ങളാലും ചുറ്റപ്പെട്ടതാണ്. അത്രമേൽ സുഭിക്ഷതയോടും സന്തോഷത്തോടും കൂടിയ കൃഷീ വല ജീവിതം നയിക്കുന്ന ഗ്രാമീണർ. വിസ്മയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ട്‌ ഗ്രാമവീഥിയിലൂടെ നടക്കുന്നതിനിടെ താഴെ വാഹനത്തിൽ നിന്നും നിർത്താതെയുള്ള ഹോണ്‍ മുഴങ്ങുന്നത് കേട്ടപ്പോഴാണ് സമയ പരിമിതിയെ കുറിച്ച് ബോധവാനായത്. തിടുക്കത്തിൽ കുന്നിറങ്ങി താമസ സ്ഥലത്ത് എത്തി. ഹരികുമാറും കുടുംബവും വാഹനത്തിൽ ഇടംപിടിച്ചിട്ടുണ്ട്, ഉത്തരെന്ദ്യൻ സംഘം എത്തിയിട്ടില്ല. പത്തുമിനിറ്റ് നീണ്ട കാത്തിരിപ്പിനൊടുവിൽ അവരും എത്തിച്ചേർന്നതോടെ ഞങ്ങളുടെ യാത്ര ആരംഭിച്ചു.

പ്രകൃതി ദൃശ്യങ്ങൾ ചുറ്റും ചലിച്ചുകൊണ്ടിരിന്നു. കുന്നുകൾ കയറിയിറങ്ങിയുള്ള യാത്രയിൽ രണ്ടു മണിക്കൂർ കൊണ്ടാണ് 24 കി. മി. പിന്നിട്ട് കടൽനിരപ്പിൽ നിന്നും പതിനൊന്നായിരത്തി എണ്ണൂറ്  അടിഉയരത്തിൽ സ്ഥിതി ചെയുന്ന മനോഹര താഴ്വരയിൽ എത്തിയത്.

ഏതൊരു വിനോദസഞ്ചാര കേന്ദ്രത്തിലും കാണുന്നതുപോലെ, കച്ചവട സ്ഥാപനങ്ങളും ഭക്ഷണശാലകളും നിറഞ്ഞ തിരേക്കേറിയ തെരുവിലാണ് യാത്ര അവസാനിച്ചത്‌. സീറോ പോയിന്റ് എന്നറിയപ്പെടുന്ന മഞ്ഞുറഞ്ഞു കിടക്കുന്ന മലമുകളിലെക്കുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് സഞ്ചാരികൾ. മഞ്ഞിൽ ധരിക്കുവാനുള്ള കാലുറകളും, കൈയ്യുറകളും പ്രത്യേക കൊട്ടുകളും അവിടെ വാടകയ്ക്ക് ലഭിക്കും. യുംതങ്ങ് താഴ്വര കണ്ടശേഷം സീറോ പോയിന്റിലേക്ക് പോവാം എന്ന ധാരണയിൽ ഞങ്ങൾ പ്രാതൽ കഴിക്കാൻ കയറി. ബ്രഡും ഓംലെറ്റുമല്ലാതെ മറ്റൊന്നും ലഭ്യമായിരുന്നില്ല. ഭക്ഷണം കഴിച്ചശേഷം താഴ്വരയിലേക്ക് നടന്നു. കച്ചവട സ്ഥാപനങ്ങൾ നിറഞ്ഞ തെരുവ് അവസാനിക്കുന്നത് താഴ്വരയിലാണ്.
 ആകാശത്തെ തൊട്ടുരുമ്മി നില്ക്കുന്ന മഞ്ഞുമൂടിയ മലനിരകൾക്കുതാഴെ സദാസമയവും കാറ്റ് ഒഴുകിനടക്കുന്ന പുല്മേട്‌ അതാണ്‌ യുംതങ്ങ് താഴ്വര.  മലകൾക്ക് മുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന മേഘങ്ങൾ നിമിഷനെരത്തെക്ക് നമ്മെ മറച്ചുകളയും. സമതലം മുഴുവൻ മഞ്ഞ നിറത്തിലുള്ള പൂക്കളാൽ നിറയപ്പെട്ടിരുന്നു. വലിയ പാറക്കല്ലുകൾ ചിതറികിടക്കുന്ന, പുല്ലും പൂക്കളും നിറഞ്ഞ ശാന്തമായ താഴ്വരയിൽ അസംഖ്യം യാക്കുകൾ മേഞ്ഞു നടക്കുന്നു. പൂക്കളുടെ താഴ്വര എന്ന വിളിപേരുകൂടി ഈ താഴ്വരയ്ക്കുണ്ട്. ജൂണ്‍ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ താഴ്വാരം പൂക്കൾ കൊണ്ട് നിറയും. അപൂർവ്വങ്ങളായ അനേകം ഹിമാലയൻ പൂക്കൾ  അവിടെ കണ്ടെത്തിയതായി രേഘപ്പെടുത്തിയിട്ടുണ്ട്. മഞ്ഞു വീണുതുടങ്ങുമ്പോൾ അതിജീവനത്തിന്റെ ബീജം മണ്ണിൽ ഒളിപ്പിച്ചുകൊണ്ട് അവ മണ്ണടിയും, മറ്റൊരു പൂക്കാലത്തിനായി. താഴ്വരയെ വലതു വശത്തുള്ള മലനിരകളിൽ നിന്നും വേർതിരിച്ചുകൊണ്ട് വിശാലമായ നദി ഒഴുകുന്നുണ്ട്. ചുറ്റുപാടുമുള്ള പച്ച നിഴല്പാടുകളെ വ്യാപിപ്പിക്കുന്ന, നേർത്ത കണ്ണാടിപോലെ ശാന്തമായി ഒഴുകുന്ന നദി. താഴ്വരയെ തഴുകി കടന്നുപോവുന്ന, സ്ഫടികം പോലെ തെളിഞ്ഞ ജലാശയത്തിന് ആഴം തീരെ കുറവാണ്. നൂറ്റാണ്ടുകൾ നീണ്ട പ്രവാഹത്താൽ മിനുസപ്പെട്ട ഉരുളൻകല്ലുകൾ നിറഞ്ഞ നദിയുടെ അലകൾക്കിടയിലൂടെ, അതിനെ മുറിച്ചുകടന്നുകൊണ്ട് യാക്കുകൾ എതിർവശത്തെ മലഞ്ചെരുവിലേക്ക് നീങ്ങുന്നത്‌ ഞങ്ങൾ കൌതുകത്തോടെ നോക്കി നിന്നു. മരങ്ങൾക്കിടയിൽ മറഞ്ഞുപോയ ഒറ്റപ്പെട്ട മരവീടുകൾ കാണാം. ഹരികുമാറിന്റെ മുതിർന്ന മകൾ ഈ സമയം കൊണ്ട് ഞാനുമായി ചങ്ങാത്തത്തിലായി കഴിഞ്ഞിരുന്നു. എനിക്കൊപ്പം ഓടിക്കളിച്ചുകൊണ്ട് പൂക്കൾക്കിടയിലൂടെ, അവയുടെ ദളങ്ങൾ തട്ടി തെറിപ്പിച്ചുകൊണ്ടു പൂമ്പാറ്റയെ പോലെ ആകൊച്ചു പെണ്‍കുട്ടി പാറി നടന്നു.  ഉല്ലാസപൂർണ്ണമായ പ്രകൃതിയിൽ ചുറ്റും വിരിഞ്ഞുനില്ക്കുന്ന പലതരം പൂക്കളെ കണ്ടുനിൽക്കുമ്പോൾ പ്രകൃതിക്ക് മുൻപിൽ മനുഷ്യൻ എത്ര നിസ്സാരനാണ്‌ എന്ന സത്യം മനസിലാക്കി. എത്രവലിയ മഹാ സൌധങ്ങൾ പണികഴിപ്പിച്ചാലും ഇതുപോലൊന്ന് മനുഷ്യന് അസാധ്യമായിരിക്കും തീർച്ച. ആ പ്രകൃതി വിസ്മയത്തിനു മുന്നിൽ തലകുനിച്ചു നില്ക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ. കാറ്റിനു മുഖംകൊടുത്ത് ശാന്തമായ പ്രകൃതിയിലൂടെ നടക്കുമ്പോൾ എന്റെ വാക്കുകളും ചിന്തകളും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.


വസ്ത്രങ്ങൾ വാടകയ്ക്കു ലഭിക്കുന്ന കടയിലെത്തിയ ഞങ്ങളുടെ സംഘത്തിലുള്ളവരെല്ലാംതന്നെ തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാക്കെറ്റുകളും കാലുറകളും വാങ്ങി. ജാക്കെറ്റ്‌ ധരിക്കാതെ തണുപ്പിനെ ആവോളം  ആസ്വദിക്കാൻ തീരുമാനിച്ചുകൊണ്ട് ഞാൻ കാലുറകൾ മാത്രം ധരിച്ചു കടയിൽ നിന്നിറങ്ങി. ഏതു സാമഗ്രികൾക്കും  രണ്ടു മണിക്കൂർ നേരത്തേക്ക് 100 രൂപയാണ് വാടക. താഴ്വരയിൽ നിന്നും 20 കി. മി. അകലെയാണ് സീറോ പോയിന്റ്. അരമണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ഞങ്ങൾ അവിടെ എത്തിചേർന്നു. മഞ്ഞിന്റെ വിതാനമല്ലാതെ കണ്മുന്നിൽ മറ്റൊന്നുമില്ല. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മഞ്ഞിന്റെ വിശാലത.  വാഹങ്ങളും സഞ്ചാരികളും വേണ്ടതിലധികമുണ്ട്. മഞ്ഞു മൂടിയ മലനിരകളിലൂടെ മുകളിലേക്ക് കയറാൻ ശ്രമിച്ചു പരാജയപ്പെടുന്നവർ, മഞ്ഞുകൊണ്ടു ശില്പങ്ങളുണ്ടാകുന്നവർ, മുട്ടറ്റം താഴ്ന്നുപോയ മഞ്ഞിൽ നിന്നും പുറത്തുകടക്കാനാവാതെ വിഷമിക്കുന്നവർ ഇങ്ങനെ മഞ്ഞിനെ ആസ്വദിക്കാൻ എത്തിയവർ ഒരുപാടുണ്ട്. മലയിടുക്കളിലൂടെ മഞ്ഞ് ഉരുകി ഒലിച്ചുകൊണ്ടിരിക്കുന്നു. നദിയെ തേടിയെന്നവണ്ണം  അത് മഞ്ഞിനിടയിലൂടെ വേഗത്തിൽ പുളഞൊഴുകുകയാണ്. ആ തെളിനീർച്ചാലിന്റെ മർമര ശബ്ദം പ്രകൃതിയുടെ ശാന്തതയെ നോവിച്ചുകൊണ്ട് കാതുകളിലേക്കെത്തുന്നു. ഓക്സിജന്റെ അളവ് കുറവായതിനാൽ പ്രായംചെന്ന ചില സഞ്ചാരികൾക്ക് തലവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതായി പറഞ്ഞു. 15500 അടി ഉയരത്തിലുള്ള പ്രദേശത്ത് പലർക്കും ഹൈ ആൾറ്റിറ്റ്യൂഡ്‌ സിക്നെസ് പിടിപെടാനുള്ള സാധ്യതയുണ്ട് .ഹരികുമാറിന്റെ ഇളയ മകൾക്ക് ശ്വസിക്കുവാനുള്ള പ്രയാസം അനുഭവപ്പെട്ടതിനാൽ വാഹനത്തിൽ നിന്നും പുറത്തിറങ്ങാതെ അവർ അതിനുള്ളിൽതന്നെ കഴിച്ചുകൂട്ടി. ഒരുമണിക്കൂറോളം അവിടെ ചെലവഴിച്ചശേഷം ഞങ്ങളുടെ മടക്കയാത്ര ആരംഭിച്ചു. നീലാകാശത്തിലൂടെ വെളുത്ത മേഘങ്ങൾ അതിവേഗത്തിൽ പറക്കുന്നു. ലാച്ചുങ്ങിൽ എത്തിയപ്പോൾ രണ്ടു മണിയോടടുത്തിരുന്നു. ഉച്ച ഭക്ഷണം കഴിച്ചശേഷം സ്വർണ്ണതലമുടിക്കാരനോട് യാത്ര പറഞ്ഞുകൊണ്ട് വാഹനത്തിൽ കയറി. കാടുകളും പുൽമേടുകളും നീർച്ചാലുകളും താണ്ടി, സന്ധ്യയുടെ നിറവും മണവും അനുഭവിച്ചുകൊണ്ട്‌ മടക്കയാത്ര. രാത്രി ഏതാണ്ട് പത്തുമണിയോടുകൂടിയാണ് പട്ടണത്തിൽ എത്തിയത്. ദീർഘ യാത്രയുടെ ക്ഷീണത്തോടെ ഹോട്ടൽ മുറിയുടെ ഇരുട്ടിൽ കിടന്നുകൊണ്ട്  ഗ്രാമത്തിൽ ഞാൻ കാണുകയുണ്ടായ നിറങ്ങളും രൂപങ്ങളും, ഉൾകൊണ്ട അത്ഭുതകരമായ അനുഭവങ്ങളും അയവിറക്കി കിടക്കുന്നതിനിടയിൽ നിദ്രയിലേക്ക് വീണു . അതിന്റെ ഉള്ളിലേക്ക് ഊളിയിട്ടു.

നിറഞ്ഞ പകൽ. ബിരേനെ വിളിച്ചുകൊണ്ട് പട്ടണത്തിൽനിന്നും 20 കി.മി. അകലെയുള്ള ഫംബൊങ്ങ് എന്ന വന്യജീവി സങ്കേതത്തിലേക്ക് യാത്രതിരിച്ചു.  സിക്കിമിലെ എന്റെ അവസാന ദിനമായിരുന്നു അത്.  എന്നെ ജീവിപ്പിക്കുന്ന യാത്രകളിലെ മറ്റൊരു അദ്ധ്യായത്തിനുകൂടി വിരാമമാവുകയാണ്.  ചുവന്ന പാണ്ടയെ തേടിയുള്ള യാത്ര ദീർഘകാലമായി എന്റെ സ്വപ്നമായിരുന്നു. സ്വപ്നങ്ങളുടെ പാത പിന്തുടരുന്ന യാത്രകളിൽ ഒന്നുകൂടി സഫലമാവുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു ഞാൻ. സിക്കിമിന്റെ സംസ്ഥാന മൃഗമായ ചുവന്ന പാണ്ടയെ ഗാങ്ങ്ടോക്കിലെ ഹിമാലയൻ സുവോളജിക്കൽ പാർക്കിൽ എളുപ്പത്തിൽ കാണാൻ സാധിക്കുമെങ്കിൽകൂടി കാനനത്തിന്റെ ഹരിതരസങ്ങളിൽ അവയെ  കണ്ടുപിടിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് ഫാംബൊങ്ങ് വന്യജീവി സങ്കേതത്തിലേക്ക്  യാത്ര തിരിച്ചത്.  രാത്രി പെയ്ത മഴയുടെ അവശേഷിപ്പുകൾ  പ്രകടമായിരുന്നു.  മഴത്തുള്ളികൾ നനവുചാർത്തിയ വനവീഥിയിലൂടെ, ബിരെനുമൊന്നിച്ച്  വനത്തിനുള്ളിലേക്ക് കടക്കുമ്പോൾ സാന്ദ്രമായ നിശബ്ദത ശ്വസിച്ചു നില്ക്കുകയായിരുന്നു മരങ്ങൾ. മനുഷ്യരക്തത്തിന്റെ ഗന്ധമേറ്റ്‌ പാഞ്ഞടുക്കുന്ന അട്ടകളെ അവഗണിച്ചുകൊണ്ട് നടക്കുമ്പോൾ ഞങ്ങൾ പരസ്പരം കൂടുതൽ സംസാരിച്ചിരുന്നില്ല. വനനിയമങ്ങൾ പാലിച്ചുകൊണ്ട്‌ കാര്യമാത്ര പ്രസക്തങ്ങളായ വാക്കുകൾ മാത്രം പതിഞ്ഞ സ്വരത്തിൽ പങ്കുവച്ചുകൊണ്ട് നിഴലുകൾക്കിടയിൽ ചലിക്കുന്ന രണ്ടു നിഴലുകളായി നിശബ്ദതയിലേക്ക് അലിഞ്ഞു ചേർന്നു. ഏകാന്തതയിൽ നിന്നും ഏകാന്തതയിലേക്ക് നീളുന്ന പാതകൾ. തൊട്ടടുത്തു നടക്കുന്ന വ്യക്തിയെ പോലും അപ്രത്യക്ഷനാക്കികൊണ്ട് ഇടയ്ക്ക്‌ മൂടൽ മഞ്ഞിന്റെ ആക്രമണം ശക്തമായി. മുളങ്കാടിനുള്ളിലെ നേർത്ത അനക്കം ബിരെൻ എന്റെ ശ്രദ്ധയിൽപ്പെടുത്തി.  സന്തോഷ പാരവശ്യം കൊണ്ട് നിറഞ്ഞ ഹൃദയത്തോടെ ചുവന്ന പാണ്ടയെ ക്യാമെറയിൽ പകർത്തുമ്പോൾത്തുമ്പോൾ അത്രമേൽ ഓമനത്വം തുളുമ്പുന്ന ഒരുജീവിയെയും ഒരിക്കൽ പോലും കണ്ടിരുന്നില്ല എന്ന സത്യം ഞാൻ മനസ്സിലാക്കുകയായിരുന്നു. ജൈവ വൈവിദ്ധ്യത്താൽ സമ്പന്നമാണ് അവിടം. പുലി, റെഡ് പാണ്ട, കരടി ..മുതൽ അസംഘ്യം പക്ഷികളും അപൂർവ്വ സസ്യങ്ങളും വരെ അവിടെ കാണാം.  നടത്തം തുടരവേ പക്ഷെ അപ്രതീക്ഷിതമായി മഴ ചാറാൻ തുടങ്ങി. ക്യാമറ നനയുന്നതിനാൽ ഞാൻ അസ്വസ്ഥനായിരുന്നു. മുന്നോട്ട് പോവുന്തോറും മഴ അധികമധികം കനംവച്ചു. തുടർയാത്ര അസാധ്യമായി തീർന്നു. നിരാശയുടെ നിഴൽപ്പാട് അവശേഷിപ്പിച്ചുകൊണ്ട് ഞങ്ങൾ തിരികെ നടന്നു, അല്ല ഓടുകയായിരുന്നു. തിരികെ പട്ടണത്തിലേത്തി, മഴയിൽ കുതിർന്ന തെരുവിലൂടെ ഹോട്ടൽ മുറിയിലെത്തി വിശ്രമിച്ചു. നനഞ്ഞ പട്ടണത്തിലൂടെ സായാഹ്നത്തിൽ നടത്തിയ അലസനടത്തതോടെ എന്റെ യാത്ര അവസാനിച്ചു. പിറ്റേന്ന് രാവിലെ ഷെയർ വാഹനത്തിൽ ന്യൂ ജൽപായ്ഗുരി സ്റെഷനിലേക്ക്. ഒരു യാത്രയുടെ സാക്ഷാത്കാരം നല്കിയ മന:സംതൃപ്തി, ആത്മാവിന്റെ അഗാതതയിൽ കഴിയുന്ന എല്ലാ ചിന്തകളെയും വികാരങ്ങളെയും വിളിച്ചുണർത്തിയിരിക്കുന്നു. 

Comments

Popular posts from this blog

പ്രശാന്തതയുടെ ചിറകടികൾ...

കുതിരമുഖി എന്ന സുന്ദരി